ആത്മീയ ഗോവണി നവനാൾ (Spiritual Staircase Novena)
ഒൻപതാം ദിവസം
ഒൻപത് ദിവസത്തിലൂടെയുള്ള യാത്ര ഇവിടെ
സമാപിക്കുകയാണ്.
തിരുനാളിലേക്ക് നാം പ്രവേശിക്കുകയാണ്.
സ്വർഗ്ഗീയ സദസ്സിന്റെ ജ്വലിക്കുന്ന തീച്ചൂളയിലേക്ക് നാം ഇന്ന് നേരിട്ട് പ്രവേശിക്കുന്നു.
പ്രധാന മാലാഖമാരായ വിശുദ്ധ മിഖായേലിന്റെയും വിശുദ്ധ ഗബ്രിയേലിന്റെയും വിശുദ്ധ റഫായേലിന്റെയും മഹത്തായ തിരുനാളാണ്.
പ്രവചനങ്ങൾ അവസാനിക്കും, അറിവ് ഇല്ലാതാകും; എന്നാൽ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.
അവർ പരസ്പരം വിളിച്ചു പറഞ്ഞു: “സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”.
ദിവ്യബലിയിൽ നാം ഈ ഗീതം ആലപിക്കുമ്പോൾ രണ്ടു ലോകങ്ങൾക്കിടയിലുമുള്ള തിരശ്ശീല കീറി മാറുകയാണ്.
ഈ ഭൂമിയിൽ ഓരോ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുമ്പോഴും അപ്പത്തിന്റെയും വീഞ്ഞിന്റെയും മീതെ വൈദികൻ കൈകൾ വിരിക്കുന്നതിന് തൊട്ടു മുമ്പ് നമ്മുടെ ബലഹീനമായ സ്വരങ്ങളെ ഇതേ സെറാഫുകളുടെ ഗീതത്തോടൊപ്പം ചേർക്കാൻ സഭ നമ്മോട് ആവശ്യപ്പെടുന്നില്ലേ?
നാം ഈ ലോകത്ത് തനിച്ചല്ല നടന്നു കൊണ്ടിരിക്കുന്നത് എന്ന് ഈ ഒൻപത് ദിവസങ്ങൾ നമ്മെ കൃത്യമായി തമ്പുരാൻ ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്.
ദൈവസിംഹാസനത്തിന്റെ പാദങ്ങളിൽ വിശുദ്ധ സെറാഫുകൾക്കൊപ്പം നിന്നുകൊണ്ട് നമ്മുടെ ഹൃദയത്തിലെ അഗ്നിയെ ശാന്തമായി ഒന്ന് പരിശോധിക്കേണ്ടേ?
പ്രിയമുള്ളവരെ, നമ്മുടെ ആത്മീയ യാത്രയുടെ ഒൻപതാമത്തേതും അവസാനത്തേതുമായ ദിവസത്തിലേക്ക് നാം ഇതാ ദൈവകൃപയാൽ പ്രവേശിക്കുകയാണ്.
യാക്കോബിന്റെ ആ സ്വർഗ്ഗീയ കോവണിയുടെ ഏറ്റവും അവസാന പടിയിൽ നാം കാലെടുത്തു വയ്ക്കുകയാണ്.
കാവൽ മാലാഖമാരെയും പ്രധാന മാലാഖമാരെയും പ്രാഥമികന്മാരെയും നാം പിന്നിട്ടു.
ബലവാന്മാരുടെയും താത്വികന്മാരുടെയും അധീശന്മാരുടെയും ആത്മീയ പോരാട്ടങ്ങളിലൂടെയും ഭരണക്രമങ്ങളിലൂടെയും നാം കയറിവന്നു.
ഭദ്രാസനന്മാരുടെ വിശുദ്ധ സങ്കേതത്തിലേക്ക് നാം പ്രവേശിച്ചു.
ഇന്നലെ ക്രോവേന്മാരുടെ ദൈവീക ജ്ഞാനത്തിന്റെ പ്രകാശത്തിൽ നാം നിന്നു.
ഇന്നിതാ നമ്മുടെ അവസാന ചുവടുവയ്പ്പാണ്.
കേവല ബുദ്ധിയുടെ വെളിച്ചമെല്ലാം ഇവിടെ അപ്രാപ്യമായ ഒരു തേജസ്സിന് മുമ്പിൽ വഴിമാറുകയാണ്.
സ്വർഗ്ഗീയ സദസ്സിന്റെ ജ്വലിക്കുന്ന തീച്ചൂളയിലേക്ക് നാം ഇന്ന് നേരിട്ട് പ്രവേശിക്കുന്നു.
സൃഷ്ടിയുടെ ഏറ്റവും ആദ്യത്തേതും പരമോന്നതവുമായ വൃന്ദത്തിന്റെ മുമ്പിലാണ് നാം ഇന്ന് നിൽക്കുന്നത്.
അത് മറ്റാരുമല്ല, സ്രാപ്പേന്മാർ അല്ലെങ്കിൽ സെറാഫുകൾ.
ഹെബ്രായ ഭാഷയിൽ ‘സെറാഫ്’ എന്നാൽ വെറുമൊരു ചിറകുള്ള ദൂതൻ എന്നല്ല അർത്ഥം.
അതിന്റെ നേർഭാഷണം ഇങ്ങനെയാണ്: ‘ജ്വലിക്കുന്നവൻ’ അല്ലെങ്കിൽ ‘അഗ്നിമയനായവൻ’. വിശുദ്ധ തോമസ് അക്വിനാസ് തന്റെ ‘സുമ്മാ തിയോളജിയായിൽ’ പ്രപഞ്ചത്തിന്റെ പരമോന്നത പദവി എന്തുകൊണ്ടാണ് ഈ വൃന്ദത്തിന് നൽകിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെയാണ്.
ഇന്നലെ നാം ധ്യാനിച്ച ക്രോവേന്മാർ ജ്ഞാനത്തിലൂടെയും സത്യത്തിലൂടെയും ദൈവത്തിന്റെ ബുദ്ധിയെയാണ് പ്രതിഫലിപ്പിക്കുന്നത്.
എന്നാൽ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം പതിമൂന്നാമത്തെ അധ്യായത്തിൽ വിശുദ്ധ പൗലോസ് അപ്പോസ്തലൻ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇങ്ങനെയാണ്.
“പ്രവചനങ്ങൾ അവസാനിക്കും, ഭാഷാവരങ്ങൾ നിലയ്ക്കും, അറിവ് ഇല്ലാതാകും; എന്നാൽ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല”.
ദൈവത്തിന്റെ സ്വന്തം ഹൃദയത്തെയാണ് സ്രാപ്പേന്മാർ പ്രതിഫലിപ്പിക്കുന്നത്.
ദൈവത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നത് ഇവരാണ്. കാരണം അവരുടെ അസ്തിത്വം മുഴുവനും നിർമ്മലവും മാറ്റമില്ലാത്തതുമായ ജ്വലിക്കുന്ന ദൈവസ്നേഹമാണ്.
മഹാനായ വിശുദ്ധ ഗ്രിഗറി പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: “സ്രാപ്പേന്മാർക്കും ദൈവത്തിന്റെ അനിർമ്മിതമായ മഹത്വത്തിനുമിടയിൽ വേറൊന്നുമില്ല, യാതൊരു മറയുമില്ല, മറ്റൊരു മധ്യസ്ഥനുമില്ല.
പരിശുദ്ധ ത്രിത്വത്തിന്റെ അനന്തമായ സ്നേഹാഗ്നിക്ക് നേർക്കുനേരെയാണ് അവർ വസിക്കുന്നത്.
ദൈവത്തിന്റെ വിശുദ്ധ സ്നേഹത്താൽ അവർ അത്ര മേൽ നിറഞ്ഞിരിക്കുന്നതിനാൽ അവർ സ്നേഹമുള്ളവരായിരിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് നിരന്തരമായ ആരാധനയുടെ ഒരു ജീവിക്കുന്ന അഗ്നിജ്വാലയായി തന്നെ അവർ മാറിയിരിക്കുകയാണ്”.
ഏശയ്യാ പ്രവാചകന്റെ പുസ്തകം ആറാം അധ്യായത്തിൽ പ്രവാചകനെ വിറപ്പിച്ചു നിർത്തിയ ആ സ്വർഗ്ഗീയ ദൈവാലയ ദർശനം നാം കാണുന്നില്ലേ?
“ഉയർന്നുനിൽക്കുന്ന സിംഹാസനത്തിൽ കർത്താവ് ഉപവിഷ്ടനായിരിക്കുന്നത് ഞാൻ കണ്ടു.
അവിടുത്തെ അങ്കി ദൈവാലയത്തിൽ നിറഞ്ഞു നിന്നിരുന്നു.
അവിടുത്തേക്ക് മീതെ സെറാഫുകൾ (സ്രാപ്പേന്മാർ) നിന്നിരുന്നു.
ഓരോരുത്തർക്കും ആറുവീതം ചിറകുകൾ ഉണ്ടായിരുന്നു.
രണ്ടു ചിറകുകൾ കൊണ്ട് അവർ മുഖം മൂടിയിരുന്നു, രണ്ടു ചിറകുകൾ കൊണ്ട് പാദങ്ങളും മൂടി, രണ്ടു ചിറകുകൾ കൊണ്ട് അവർ പറന്നുനിന്നു.
അവർ പരസ്പരം വിളിച്ചു പറഞ്ഞു: ‘സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; ഭൂമി മുഴുവൻ അവിടുത്തെ മഹത്വത്താൽ നിറഞ്ഞിരിക്കുന്നു’”.
പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന സൃഷ്ടികൾ ദൈവത്തിന്റെ മുൻപിൽ എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കൂ.
രണ്ടു ചിറകുകൾ കൊണ്ട് അവർ മുഖം മൂടുന്നു.
ആത്മീയ നിർമ്മലതയാൽ ജ്വലിച്ചു നിൽക്കുന്ന പരമോന്നത ബുദ്ധികളായിരുന്നിട്ടും ദൈവത്തിന്റെ അനന്തവും അഗ്രാഹ്യവുമായ രഹസ്യത്തിന്റെ മുമ്പിൽ ഭയഭക്തിയോടെ അവർ തലകുനിക്കുകയാണ്.
രണ്ടു ചിറകുകൾ കൊണ്ട് അവർ പാദങ്ങൾ മൂടിയിരുന്നു.
സർവ്വശക്തന്റെ മുൻപിൽ സൃഷ്ടിയുടെ സമ്പൂർണ്ണമായ എളിമയുടെ അടയാളമാണിത്.
മറ്റു രണ്ടു ചിറകുകൾ കൊണ്ട് അവർ പറക്കുന്നു.
ഒരൊറ്റ നിമിഷം പോലും മടിക്കാതെ ദൈവഹിതം ഉടനടി നിറവേറ്റാനുള്ള സന്നദ്ധതയാണത്.
അവരുടെ നിലയ്ക്കാത്ത ആ പ്രഘോഷണം ശ്രദ്ധിക്കാം: “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”.
ഈ ഭൂമിയിൽ ഓരോ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുമ്പോഴും അപ്പത്തിന്റെയും വീഞ്ഞിന്റെയും മീതെ വൈദികൻ കൈകൾ വിരിക്കുന്നതിനു തൊട്ടുമുമ്പ് നമ്മുടെ ബലഹീനമായ സ്വരങ്ങളെ ഇതേ സെറാഫുകളുടെ ഗീതത്തോടൊപ്പം ചേർക്കാൻ സഭ നമ്മോട് ആവശ്യപ്പെടുന്നില്ലേ?
വിശുദ്ധ കുർബാനയുടെ ആമുഖ പ്രാർത്ഥനയിൽ വൈദികൻ പ്രഘോഷിക്കുന്നുണ്ട്.
ആകയാൽ മാലാഖമാരോടും പ്രധാന മാലാഖമാരോടും ഭദ്രാസനന്മാരോടും അധീശന്മാരോടും സ്വർഗ്ഗീയ സൈന്യത്തിന്റെ എല്ലാ വൃന്ദങ്ങളോടും ഒത്ത് അവിരാമം പ്രാർത്ഥിച്ചുകൊണ്ട് അങ്ങേ മഹത്വത്തിന്റെ ഗീതം ഞങ്ങൾ ആലപിക്കുന്നു.
“സൈന്യങ്ങളുടെ കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”.
ദിവ്യബലിയിൽ നാം ഈ ഗീതം ആലപിക്കുമ്പോൾ രണ്ടു ലോകങ്ങൾക്കിടയിലുമുള്ള തിരശ്ശീല കീറി മാറുകയാണ്.
നാം ഓരോരുത്തരും സ്രാപ്പേന്മാരോടൊപ്പം നിന്നുകൊണ്ട് നിത്യതയുടെ അതിരിലേക്ക് കണ്ണുനട്ട് ദൈവത്തിന്റെ കുഞ്ഞാടിനെ നോക്കി ആരാധിക്കുകയാണ്.
ഏശയ്യായുടെ അതേ ദർശനത്തിൽ തന്നെ ആ ദൈവീക വിശുദ്ധിക്ക് മുൻപിൽ തന്റെ സ്വന്തം ജീവിതത്തിന്റെ തകർച്ച കണ്ടുകൊണ്ട് പ്രവാചകൻ ഭയന്നുവിറച്ച് നിലവിളിക്കുന്നുണ്ട്.
“എനിക്ക് ദുരിതം! ഞാൻ നശിച്ചുപോയി. എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ള ഒരു മനുഷ്യനാണ്; അശുദ്ധമായ അധരങ്ങളുള്ള ഒരു ജനതയുടെ മധ്യത്തിലാണ് ഞാൻ വസിക്കുന്നത്”.
തുടർന്ന് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാമല്ലോ.
ആ സെറാഫുകളിൽ ഒരുവൻ അവനെ മർദ്ദിച്ചില്ല, ശിക്ഷിച്ചില്ല.
മറിച്ച് അവൻ സ്വർഗ്ഗീയ അൾത്താരയിലേക്ക് പറന്നുചെന്ന് ഒരു സുവർണ്ണ കൊടിൽ കൊണ്ട് ഒരു തീക്കനലെടുത്ത് അവൻ ഏശയ്യായുടെ അധരങ്ങളിൽ ആ കനൽ സ്പർശിച്ചുകൊണ്ട് പറഞ്ഞു: “ഇത് നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു; നിന്റെ അകൃത്യം നീങ്ങിപ്പോയി, നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു”.
ആദിമ സഭാപിതാക്കന്മാർ ആ തീക്കനലിൽ ദർശിച്ചത് പരിശുദ്ധ കുർബാനയുടെ അതിമനോഹരമായ ഒരു പ്രവചന ദർശനത്തെയാണ്.
നാം അൾത്താരയിലേക്ക് കടന്നുവന്ന് യേശുക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും നമ്മുടെ നാവിൽ സ്വീകരിക്കുമ്പോൾ സ്രാപ്പേന്മാരുടെ കയ്യിലെ ആ തീക്കനലിനേക്കാൾ എത്രയോ മഹത്തായ ഒന്നാണ് നാം സ്വീകരിക്കുന്നത്!
ആ അഗ്നിയെ തന്നെയാണ് നാം സ്വീകരിക്കുന്നത്.
ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം 49-ാമത്തെ തിരുവചനത്തിൽ, “ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്; അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എത്രയോ ആഗ്രഹിക്കുന്നു” എന്ന് പ്രഖ്യാപിച്ച സാക്ഷാൽ യേശുക്രിസ്തുവിനെ തന്നെയാണ് നാം സ്വീകരിക്കുന്നത്.
ദൈവസ്നേഹം എന്നത് വെറുമൊരു ഉപരിപ്ലവമായ വികാരമല്ലെന്ന് സെറാഫുകൾ നമ്മെ പഠിപ്പിക്കുകയാണ്.
സ്നേഹം എന്നത് വിശുദ്ധീകരിക്കുന്ന ഒരു തീജ്വാലയാണ്.
അത് നമ്മുടെ മന്ദതയെ ചുട്ടുചാമ്പലാക്കുന്നു.
നമ്മുടെ സ്വാർത്ഥതയെ ദഹിപ്പിച്ചു കളയുന്നു.
സുവിശേഷത്തിന്റെ ധീരമായ സന്ദേശവാഹകരാകാൻ തക്കവിധം നമ്മുടെ അശുദ്ധമായ അധരങ്ങളെ അത് ശുദ്ധീകരിക്കുന്നു.
ഈ ഒൻപതു ദിവസത്തെ ആത്മീയ യാത്ര പൂർത്തിയാകുമ്പോൾ സെറാഫുകളുടെ ഈ പരമോന്നത വൃന്ദം നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന പുണ്യം അത് മറ്റൊന്നുമല്ല, പുണ്യങ്ങളുടെ രാജ്ഞിയായ നിർമ്മലവും ദഹിപ്പിക്കുന്നതുമായ ദൈവസ്നേഹമാണ്.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ സ്നേഹത്തെ കൃത്യമായി നിർവ്വചിക്കുന്നുണ്ട്.
“ദൈവത്തെ ദൈവത്തിന്റെ സ്വന്തം നന്മയ്ക്കായി സകലത്തിനും ഉപരിയായി സ്നേഹിക്കുകയും ദൈവത്തോടുള്ള സ്നേഹത്തെ പ്രതി സഹോദരങ്ങളെ നമ്മെപ്പോലെ തന്നെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവീക പുണ്യമാണ് സ്നേഹം”.
ആ വാക്കുകൾ ശ്രദ്ധിക്കുക: “ദൈവത്തിന്റെ സ്വന്തം നന്മയ്ക്കായി”.
എത്രയോ തവണ നമ്മൾ ദൈവത്തെ നമ്മുടെ ആവശ്യങ്ങൾ നേടിത്തരുന്ന ഒരു മെഷീനെപ്പോലെയാണ് കാണുന്നത്!
പണം ആവശ്യമുള്ളപ്പോൾ നമ്മൾ പ്രാർത്ഥിക്കുന്നു; രോഗം വരുമ്പോൾ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു; പരാജയഭീതി വരുമ്പോൾ വിജയത്തിനായി പ്രാർത്ഥിക്കുന്നു.
ദൈവത്തെ സ്നേഹിക്കുന്നത് അവിടുന്ന് നമുക്ക് തരുന്ന ദാനങ്ങളെ പ്രതിയോ അല്ലെങ്കിൽ നമ്മുടെ സുഖസൗകര്യങ്ങളെ പ്രതിയോ മാത്രമാണ്.
ലാഭേച്ഛയോടെയുള്ള ആ കപട ഭക്തിയെ സ്രാപ്പേന്മാർ നിലത്തെറിഞ്ഞുടയ്ക്കും.
സ്രാപ്പേന്മാർ ദൈവത്തെ സ്നേഹിക്കുന്നത് അവിടുന്ന് ദൈവമായിരിക്കുന്നതുകൊണ്ട് മാത്രമാണ്.
അവിടുന്ന് അനന്തമായ നന്മയായതുകൊണ്ടും സകല ആരാധനകൾക്കും യോഗ്യനായതുകൊണ്ടും അനന്തമായ സൗന്ദര്യമായതുകൊണ്ടും മാത്രമാണ് അവർ അവിടുത്തെ ആരാധിക്കുന്നത്.
യാതൊരു പ്രതിഫലവുമില്ലെങ്കിലും യാതൊരു ആശ്വാസങ്ങളുമില്ലെങ്കിലും നമ്മുടെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കപ്പെടാൻ സർവ്വേശ്വരൻ യോഗ്യനാണ്.
ദൈവത്തോടുള്ള ആ സ്നേഹത്താൽ നമ്മുടെ ഹൃദയം ജ്വലിക്കാൻ തുടങ്ങിയാൽ ചുറ്റുമുള്ള സഹോദരങ്ങളെ പഴയതുപോലെ നമുക്ക് കാണാൻ പറ്റത്തില്ലെന്നേ!
“ഇയാളിൽ നിന്ന് എനിക്ക് എന്ത് നേടാം?” എന്ന് ചിന്തിക്കുന്നത് അവസാനിപ്പിച്ച്,
“ഈ മനുഷ്യനിൽ എനിക്ക് ക്രിസ്തുവിനെ എങ്ങനെ കണ്ടു സ്നേഹിക്കാൻ പറ്റും?”
എന്ന് നാം ചോദിക്കാൻ തുടങ്ങും.
ആ സ്നേഹം നമ്മുടെ ദാമ്പത്യത്തെയും കുടുംബജീവിതത്തെയും ദൗത്യങ്ങളെയും നമ്മുടെ രഹസ്യ ചിന്തകളെയും നവീകരിക്കും.
അത് ഉള്ളിലെ തണുത്തുറഞ്ഞ വിദ്വേഷങ്ങളെയും പകയെയും ചുട്ടുചാമ്പലാക്കും.
തണുത്തുവിറങ്ങലിച്ച ഏകാന്തത നിറഞ്ഞ ഈ ലോകത്തിലേക്ക് സ്വർഗ്ഗീയ സ്നേഹത്തിന്റെ ചൂടു പകരുന്ന ഒരു അഗ്നിത്തറയായി നമ്മുടെ ഹൃദയത്തെ ഇത് മാറ്റിമറിക്കും.
ഒൻപതു ദിവസത്തിലൂടെയുള്ള യാത്ര ഇവിടെ സമാപിക്കുകയാണ്.
തിരുനാളിലേക്ക് നാം പ്രവേശിക്കുകയാണ്.
ആ സ്വർഗ്ഗീയ കോവണിയുടെ ഒൻപത് പടവുകളും നാം കയറിത്തീർത്തിരിക്കുന്നു.
പ്രധാന മാലാഖമാരായ വിശുദ്ധ മിഖായേലിന്റെയും വിശുദ്ധ ഗബ്രിയേലിന്റെയും വിശുദ്ധ റഫായേലിന്റെയും മഹത്തായ തിരുനാളാണ്.
നാം ഈ ലോകത്ത് തനിച്ചല്ല നടന്നു കൊണ്ടിരിക്കുന്നത് എന്ന് ഈ ഒൻപതു ദിവസങ്ങൾ നമ്മെ കൃത്യമായി തമ്പുരാൻ ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്.
നമ്മുടെ കാവൽ മാലാഖ അനുദിന ജീവിതത്തിന്റെ ശാന്തമായ വഴികളിൽ നമ്മുടെ കാലടികളെ കാക്കുന്നില്ലേ?
പ്രധാന മാലാഖമാർ വീരോചിതമായ അനുസരണത്തിലേക്കും വിശ്വാസത്തിലേക്കും നമ്മെ ക്ഷണിക്കുന്നില്ലേ?
പ്രാഥമികന്മാർ നമ്മുടെ സമൂഹങ്ങളെ നീതിയിലേക്ക് നയിക്കുന്നില്ലേ?
ബലവാന്മാർ ശത്രുവിന്റെ അന്ധകാര ശക്തികളെ തടഞ്ഞു നിർത്തുന്നില്ലേ?
താത്വികന്മാർ നമ്മുടെ മാനുഷിക ബലഹീനതകളിലേക്ക് അമാനുഷിക ആത്മധൈര്യം ചൊരിയുന്നില്ലേ?
അധീശന്മാർ ആത്മനിയന്ത്രണത്തിന്റെ ആത്മീയ സ്വാതന്ത്ര്യം നമുക്ക് നേടിത്തരുന്നില്ലേ?
ഭദ്രാസനന്മാർ നമ്മുടെ ഹൃദയത്തെ ദൈവത്തിനായുള്ള സമാധാനത്തിന്റെ ആലയമാക്കാൻ നമ്മെ പഠിപ്പിക്കുന്നില്ലേ?
ക്രോവേന്മാർ ദൈവീക സത്യത്തിന്റെ വെളിച്ചത്താൽ നമ്മുടെ മനസ്സിനെ നിറയ്ക്കുന്നില്ലേ?
സ്രാപ്പേന്മാർ ദൈവസ്നേഹത്തിന്റെ അഗ്നിയാൽ ജ്വലിക്കാൻ നമ്മുടെ ആത്മാക്കളെ വിളിച്ചുണർത്തുന്നില്ലേ?
ആത്മീയ മന്ദതയുടെ ചെളിയിലേക്ക് ഇനി തിരികെ താഴേക്കിറങ്ങി പോകരുത്.
തുറക്കപ്പെട്ട സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉറപ്പിച്ചു നിർത്താം.
സ്വർഗ്ഗത്തിന്റെ ഈ സൈന്യത്തോടൊപ്പം ചേർന്ന് വെളിച്ചത്തിന്റെ മക്കളായി നമുക്ക് ജീവിക്കാം.
ദൈവസിംഹാസനത്തിന്റെ പാദങ്ങളിൽ വിശുദ്ധ സെറാഫുകൾക്കൊപ്പം നിന്നുകൊണ്ട് നമ്മുടെ ഹൃദയത്തിലെ അഗ്നിയെ ശാന്തമായി ഒന്ന് പരിശോധിക്കേണ്ടേ?
ദൈവവുമായുള്ള എന്റെ ബന്ധം വെറുമൊരു കാര്യസാധ്യത്തിനായുള്ള ഇടപാടാണോ?
അവിടുന്ന് തരുന്ന നന്മകളെ പ്രതി മാത്രമാണോ ഞാൻ അവിടുത്തെ സ്നേഹിക്കുന്നത്, അതോ അവിടുത്തെ അനന്തമായ നന്മയെ പ്രതി മാത്രം അവിടുത്തെ ആരാധിക്കാൻ ഞാൻ സമയം കണ്ടെത്താറുണ്ടോ?
അടുത്തതായി, എന്റെ ആത്മീയ ജീവിതം തണുത്തുറഞ്ഞതും നിർജ്ജീവവുമായ ഒന്നാണോ?
എന്റെ വിശ്വാസത്തിന്റെ തീക്കനൽ ചാരമായി മാറിയത് എവിടെയാണ്?
അടുത്തത്, വിശുദ്ധ കുർബാനയിലൂടെ എന്നിലേക്ക് വരുന്ന ആ ദൈവീക സ്നേഹാഗ്നി എന്റെ പ്രിയപ്പെട്ട പാപങ്ങളെയും എന്റെ ഉള്ളിലെ പകയെയും സ്വാർത്ഥതകളെയും ദഹിപ്പിച്ചു കളയാൻ ഞാൻ വിട്ടു കൊടുക്കുന്നുണ്ടോ?
പ്രിയമുള്ളവരെ, ദൈവത്തെ മുഖാഭിമുഖം ദർശിക്കുവാൻ ദൈവം നമുക്ക് പലപ്പോഴും പല രീതിയിലും അവസരം നൽകിയിട്ടുണ്ട്.
ഈ ശരീരം ദൈവാത്മാവിന്റെ ആലയമാണ്.
ആ ആലയത്തെ ദൈവാത്മാവിന്റെ ആലയമാക്കി തന്നെ മുന്നോട്ട് കൊണ്ടു പോകുവാൻ നമുക്ക് പരിശ്രമിക്കാം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


Leave a Reply