ആത്മീയ ഗോവണി നവനാൾ (Spiritual Staircase Novena)
നാലാം ദിവസം: ബലവാന്മാർ
സിനിമകളിലൊക്കെ കാണുന്നതുപോലെ കട്ടിലുകൾ പറക്കുന്നതിലോ വിചിത്ര ശബ്ദങ്ങളിലോ അല്ല ആത്മീയ പോരാട്ടം നടക്കുന്നത്.
ശത്രു വളരെ തന്ത്രപരമായാണ് നമ്മുടെ ചിന്തകളിലേക്ക് മന്ത്രണവുമായി കടന്നുവരുന്നത്.
നമ്മെപ്പറ്റി അപവാദം പറയുന്ന സഹപ്രവർത്തകനോ, നമ്മുടെ വിശ്വാസത്തെ പരിഹസിക്കുന്ന ബന്ധുമിത്രങ്ങളോ, ക്രൈസ്തവ ധാർമ്മികതയെ തള്ളിപ്പറയുന്ന സംസ്കാരമോ അല്ല നമ്മുടെ യഥാർത്ഥ ശത്രു.
എന്നിട്ട് നമ്മൾ അത്ഭുതപ്പെട്ടു പറയുകയാ: “എന്തുകൊണ്ടാ എന്റെ പ്രാർത്ഥനകൾ വരണ്ടുപോകുന്നത്?
എന്തുകൊണ്ടാ മനസ്സിൽ സ്വസ്ഥതയില്ലാത്തത്?
എന്തുകൊണ്ടാ ചില പഴയ പാപങ്ങളുടെ ചങ്ങലകളിൽ നിന്ന് എനിക്ക് മോചനം കിട്ടാത്തത്?
പൈശാചിക ലോകം എന്നത് കെട്ടുകഥയാണെന്നോ, മനഃശാസ്ത്രപരമായ ചില തോന്നലുകൾ മാത്രമാണെന്നോ പറഞ്ഞ് അതിനെ പൂർണ്ണമായും തള്ളിക്കളയുക.
ഈ രണ്ട് തെറ്റായ ധാരണകളെയും തിരുസഭ വെറുതെ ഇങ്ങനെ കീറിക്കളയുന്നുണ്ട്.
ഭയാനകമായ ഒരു യാഥാർത്ഥ്യം ഇതാണ്: അവർ മാലാഖമാരായിരുന്നു, പക്ഷേ അവര് വീണുപോയി.
നമ്മുടെ ആത്മാവിനു ചുറ്റും, നമ്മുടെ കുടുംബത്തിന് ചുറ്റും, വിശുദ്ധ കത്തോലിക്കാ സഭയ്ക്ക് ചുറ്റും സ്വർഗ്ഗീയ കോട്ട കെട്ടി കാവൽ നിൽക്കുന്നത് ഈ ബലവാന്മാരാണ്.
ഒരു തെറ്റായ ചിന്ത പ്രവർത്തിയായി മാറുന്നതിനു മുമ്പ് തന്നെ ആ കെണിയുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ വൃന്ദം നമ്മെ സഹായിക്കും എന്നാണ് പറയുന്നത്.
മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്തതും എന്നാൽ അതിമാരകവുമായ ആത്മീയ പോരാട്ടത്തിന്റെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു ഗണമാണ് ബലവാന്മാർ.
പ്രിയമുള്ളവരെ, ആത്മീയയാത്രയുടെ നാലാം ദിനത്തിലേക്ക് നമുക്ക് സന്തോഷത്തോടു കൂടെ, പ്രത്യാശയോടുകൂടെ പ്രവേശിക്കാം.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നാം ആദ്യത്തെ അടിസ്ഥാന ശ്രേണിയിലൂടെയാണ് സഞ്ചരിച്ചത്.
നമ്മോടൊപ്പം നടക്കുന്ന കാവൽ മാലാഖമാർ, രക്ഷാകര ചരിത്രത്തിന്റെ സന്ദേശവാഹകരായ മുഖ്യദൂതന്മാർ, സമൂഹങ്ങൾക്ക് കാവൽ നിൽക്കുന്ന പ്രാഥമികന്മാർ. മനുഷ്യരെയും അവരുടെ ഭൗമീക ജീവിതത്തെയും നേരിട്ട് പരിപാലിക്കുന്ന മാലാഖമാരാണ് ഇവരൊക്കെ.
ഇന്ന് നാം വലിയൊരു ചുവടുവയ്ക്കുകയാണ്. പ്രപഞ്ചത്തിന്റെ ക്രമത്തെയും ഭരണത്തെയും കാത്തുസൂക്ഷിക്കുന്ന രണ്ടാം ശ്രേണിയിലേക്ക്.
അതിൽ ആറാമത്തെ മാലാഖ വൃന്ദം—ബലവാന്മാർ.
ആധുനിക വിശ്വാസികൾ അത്യന്തം ഗൗരവത്തോടെ മനസ്സിലാക്കേണ്ട ഒരു മാലാഖ വൃന്ദം സ്വർഗ്ഗത്തിൽ ഉണ്ട് എങ്കിൽ അത് ബലവാന്മാരുടെ വൃന്ദമാണ്.
കാരണം മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്തതും എന്നാൽ അതിമാരകവുമായ ആത്മീയ പോരാട്ടത്തിന്റെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു ഗണമാണ് ബലവാന്മാരുടെ ഈ വിശുദ്ധ വൃന്ദം.
സഭ ഇവരെപ്പറ്റി വിശ്വാസത്തോടെ പ്രഘോഷിക്കുന്നത് ഇങ്ങനെയാണ്: “പാതാള ശക്തികളെ തടഞ്ഞു നിർത്തുന്ന സ്വർഗ്ഗീയ കോട്ട.”
പിശാചിനെക്കുറിച്ചും പൈശാചിക ശക്തികളെക്കുറിച്ചും ചിന്തിക്കുമ്പോൾ ഇന്നത്തെ ലോകം രണ്ട് അപകടകരമായ അതിരുകളിലാണ് ചെന്നു നിൽക്കാറുള്ളത്.
ഒന്നുകിൽ ഭയവും ഭാവനയും തലയ്ക്കു പിടിച്ച് എല്ലാറ്റിനും പിന്നിൽ പിശാചാണെന്ന് കരുതി ജീവിക്കുക.
അല്ലെങ്കിൽ ഇന്നത്തെ യുക്തിവാദ ലോകത്ത് ഏറ്റവും സാധാരണമായതുപോലെ, പൈശാചിക ലോകം എന്നത് കേവലം മധ്യകാല കെട്ടുകഥയാണെന്നോ, മനഃശാസ്ത്രപരമായ ചില തോന്നലുകൾ മാത്രമാണെന്നോ പറഞ്ഞ് അതിനെ പൂർണ്ണമായും തള്ളിക്കളയുക.
ഈ രണ്ട് തെറ്റായ ധാരണകളെയും ദൈവവചനത്തിന്റെ പ്രകാശത്താൽ തിരുസഭ വെറുതെ ഇങ്ങനെ കീറിക്കളയുന്നുണ്ട്.
എഫേസോസുകാർക്ക് എഴുതിയ ലേഖനം ആറാം അധ്യായത്തിലെ പന്ത്രണ്ടാമത്തെ തിരുവചനത്തിൽ പൗലോസ് അപ്പസ്തോലൻ അതീവ ഗൗരവത്തോടെ നമുക്ക് നൽകുന്ന ഒരു മുന്നറിയിപ്പുണ്ട്.
”എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കും എതിരായിട്ടാണ് പടവെട്ടുന്നത്.”
പൗലോസിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക. നമ്മുടെ പോരാട്ടം മനുഷ്യർക്കെതിരെയേ അല്ല.
നമ്മെപ്പറ്റി അപവാദം പറയുന്ന സഹപ്രവർത്തകനോ, നമ്മുടെ വിശ്വാസത്തെ പരിഹസിക്കുന്ന ബന്ധുമിത്രങ്ങളോ, ക്രൈസ്തവ ധാർമ്മികതയെ തള്ളിപ്പറയുന്ന സംസ്കാരമോ അല്ല നമ്മുടെ യഥാർത്ഥ ശത്രു.
തിരശ്ശീലയ്ക്ക് പിന്നിലിരുന്നുകൊണ്ട് അഹങ്കാരവും ജഡികാഭിലാഷങ്ങളും ദേഷ്യവും ഭിന്നതയും നിരാശയും നമ്മുടെയൊക്കെ ഹൃദയങ്ങളിൽ വിതയ്ക്കുന്ന ആ പുരാതന ശത്രു, അവനാ നമ്മുടെ യഥാർത്ഥത്തിലുള്ള ശത്രു.
ഭയാനകമായ ഒരു യാഥാർത്ഥ്യം ഇതാണ്: തീർച്ചയായും ഈ പിശാചുക്കളെ പിശാചുക്കളായിട്ടല്ലല്ലോ ദൈവം സൃഷ്ടിച്ചത്.
അവർ മാലാഖമാരായിരുന്നു, പക്ഷേ അവര് വീണു പോയി. അങ്ങനെ വീണു പോയ ദൂതന്മാർക്ക് അവരുടെ അതിശക്തമായ ആത്മീയ ബുദ്ധിയും ശക്തിയും നഷ്ടപ്പെട്ടിട്ടില്ല.
സാത്താനും അവന്റെ ദുഷ്ട സൈന്യത്തിനും മനുഷ്യജീവിതത്തെ ആക്രമിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നെങ്കിൽ നമ്മളിൽ ഒരാൾക്ക് പോലും ഒരു പത്ത് സെക്കൻഡ് പിടിച്ചുനിൽക്കാൻ സാധിക്കത്തില്ല.
പ്രകൃതിയെ മാറ്റിമറിക്കാനും മനുഷ്യന്റെ ബുദ്ധിയെ തകിടം മറിക്കാനും സമൂഹങ്ങളെ നിമിഷനേരം കൊണ്ട് സർവ്വനാശത്തിലേക്ക് തള്ളിയിടാനും അവർക്ക് സാധിക്കുമായിരുന്നു.
എന്തുകൊണ്ടാ അവർക്ക് അതിന് കഴിയാത്തത് എന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ?
തോമസ് അക്വിനാസ് തന്റെ ‘സുമ തിയോളജിയ’യിൽ ഇതിന് നേരിട്ട് മറുപടി നൽകുന്നുണ്ട്.
മനുഷ്യവംശത്തിനും നരകത്തിന്റെ ദുഷ്ടതയ്ക്കും ഇടയിൽ ഒരു പ്രതിരോധ മതിലായി നിൽക്കാൻ സർവ്വശക്തനായ ദൈവം മാലാഖമാരുടെ ഒരു പ്രത്യേക വൃന്ദത്തെ നിയോഗിച്ചിരിക്കുന്നു; അതാണ് ബലവാന്മാർ.
മഹാനായ വിശുദ്ധ ഗ്രിഗറി എഴുതിച്ചേർക്കുന്നത് ഇങ്ങനെയാണ്: “പൈശാചിക ലോകത്തിന്റെ ചങ്ങല പിടിച്ചിരിക്കുന്നത് ഈ ബലവാന്മാരാണ്.”
നമ്മുടെ ആത്മാവിനു ചുറ്റും, നമ്മുടെ കുടുംബത്തിന് ചുറ്റും, വിശുദ്ധ കത്തോലിക്കാ സഭയ്ക്ക് ചുറ്റും സ്വർഗ്ഗീയ കോട്ട കെട്ടി കാവൽ നിൽക്കുന്നത് ഈ ബലവാന്മാരാണ്.
അലറുന്ന സിംഹത്തെപ്പോലെ വരുന്ന ദുഷ്ടശക്തിയോട് അവൻ കൽപ്പിക്കുന്നു: “ഇതുവരെ നിനക്ക് വരാം, എന്നാൽ ഇതിനപ്പുറത്തേക്ക് ഒരടി മുന്നോട്ടു വയ്ക്കാൻ ഞാൻ നിന്നെ അനുവദിക്കത്തില്ല.”
നമ്മിലേക്ക് എത്തുന്ന ഓരോ പ്രലോഭനവും ബലവാന്മാരുടെ ഈ വൃന്ദത്താൽ തടയപ്പെട്ട്, ഫിൽറ്റർ ചെയ്ത്, ലഘൂകരിച്ച്, ദുർബലമാക്കിയതിനു ശേഷമാണ് അത് നമ്മിലേക്ക് വരുന്നത്.
അതുകൊണ്ടാണ് വിശുദ്ധ പൗലോസ് അപ്പസ്തോലൻ കൊറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം പത്താം അധ്യായം പതിമൂന്നാമത്തെ വചനത്തിൽ നാം ഇങ്ങനെ വായിക്കുന്നത്:
”നിങ്ങളുടെ ശക്തിക്കതീതമായ ഒരു പ്രലോഭനവും നിങ്ങളെ നേരിടാൻ ദൈവം അനുവദിക്കുകയില്ല; മറിച്ച്, അതിനെ അതിജീവിക്കാൻ അവിടുന്ന് കൃപ നൽകും.”
പ്രിയമുള്ളവരെ, നമ്മുടെ അനുദിന പോരാട്ടങ്ങളിൽ ഈ ബലവാന്മാരുടെ വൃന്ദം നമ്മെ എങ്ങനെയാണ് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം.
സിനിമകളിലൊക്കെ കാണുന്നതുപോലെ കട്ടിലുകൾ പറക്കുന്നതിലോ വിചിത്ര ശബ്ദങ്ങളിലോ അല്ല ആത്മീയ പോരാട്ടം നടക്കുന്നത്; മറിച്ച്, നമ്മുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും ഉള്ളറകളിലാണ് യഥാർത്ഥത്തിൽ പോരാട്ടം നടക്കുന്നത്.
ശത്രു വളരെ തന്ത്രപരമായാണ് നമ്മുടെ ചിന്തകളിലേക്ക് മന്ത്രണവുമായി കടന്നുവരുന്നത്.
ആദ്യം അവൻ അമിത ആത്മവിശ്വാസം തന്ന് നമ്മെ പാപത്തിലേക്ക് വീഴ്ത്തുന്നു: “ഇത് ചെയ്തോളൂ, ദൈവത്തിന് വലിയ കരുണയാണല്ലോ, പിന്നീട് കുമ്പസാരിച്ചാൽ മതിയല്ലോ.”
പിന്നീട് പാപത്തിൽ വീണു പോയ ആ നിമിഷം തന്നെ അവൻ നിരാശയിലേക്ക് കളം മാറ്റി ചവിട്ടും: “നീ വെറുമൊരു കപടഭക്തനാ, ദൈവത്തിന് നിന്നെ മടുത്തു, ഇനി രക്ഷയില്ല, എല്ലാം ഉപേക്ഷിച്ചേക്ക്.”
തുടർന്ന് പകയിലൂടെ അവൻ നമ്മെ ആക്രമിക്കുകയാണ്. ആളുകൾ ചെയ്ത തെറ്റുകളുടെ കണക്കുകൾ മനസ്സിൽ സൂക്ഷിക്കുക, പഴയ മുറിവുകൾ വീണ്ടും വീണ്ടും ഓർത്തെടുക്കുക, ഉള്ളിൽ വിദ്വേഷത്തിന്റെ വിഷം വളർത്തുക…
പ്രിയമുള്ളവരെ, ഇങ്ങനെയുള്ള സമയത്ത് ബലവാന്മാരുടെ വിശുദ്ധ വൃന്ദം ആത്മീയ ജാഗ്രതയും ദൈവീക വിവേകവും നൽകിക്കൊണ്ട് നമ്മെ സഹായിക്കാനായിട്ട് കടന്നു വരും എന്നാണ് പറയുന്നത്.
നാം ഈ ബലവാന്മാരെ വിളിച്ചപേക്ഷിക്കുമ്പോൾ നമ്മുടെ ചിന്തകളിലെ ഇരുട്ടിലേക്ക് അവർ വെളിച്ചം വീശും.
ഒരു തെറ്റായ ചിന്ത പ്രവർത്തിയായി മാറുന്നതിനു മുമ്പ് തന്നെ ആ കെണിയുടെ മുഖംമൂടി അഴിച്ചു മാറ്റാൻ ഈ വൃന്ദം നമ്മെ സഹായിക്കും എന്നാണ് പറയുന്നത്.
ശത്രു എറിഞ്ഞു തരുന്ന ആഹാരത്തിനുള്ളിലെ ചൂണ്ടക്കൊളുത്ത് തിരിച്ചറിയാൻ ഈ വൃന്ദം നമ്മുടെ ആത്മാവിന് മുന്നറിയിപ്പ് നൽകും എന്നാണ് പറയുന്നത്.
അവർ നമ്മുടെ ഇഷ്ടത്തിന് പകരമായി യുദ്ധം ചെയ്യുകയല്ല; മറിച്ച്, ശത്രുവിന്റെ സ്വരം തിരിച്ചറിഞ്ഞ്, വിശ്വാസത്തിന്റെ പരിച ഉയർത്തിപ്പിടിച്ച്, മരുഭൂമിയിൽ ക്രിസ്തു പറഞ്ഞതുപോലെ, “സാത്താനേ, ദൂരെ പോകൂ” എന്ന് ധൈര്യത്തോടെ പറയാനുള്ള ആത്മീയ തെളിച്ചം അവര് നമുക്ക് നൽകും.
പ്രിയമുള്ളവരെ, ഈ ബലവാന്മാരുടെ ഈയൊരു വൃന്ദം ഇന്ന് നമ്മുടെ ഹൃദയത്തിൽ നിന്ന് ആവശ്യപ്പെടുന്ന പുണ്യം എന്താണെന്ന് നോക്കാം.
അത് വേറൊന്നുമല്ല, ആത്മീയ ജാഗ്രതയും നിയോഗങ്ങളുടെ വിശുദ്ധിയുമാണ്.
പുരാതനകാലത്ത് കോട്ടമതിലുകളുള്ള ഒരു നഗരം പണിയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട പടയാളി വില്ലാളിയോ സേനാപതിയോ ആയിരുന്നില്ല; മറിച്ച്, മതിലിനു മുകളിൽ കാവൽ നിൽക്കുന്ന കാവൽക്കാരനായിരുന്നു.
കാവൽക്കാരൻ ഉറങ്ങിപ്പോയാൽ ഒരു യുദ്ധം പോലും ചെയ്യാതെ ആ നഗരം ശത്രുവിന്റെ കയ്യിലാകും.
ഇന്ന് പല ക്രൈസ്തവരും തങ്ങളുടെ ആത്മാവിന്റെ കോട്ടവാതിലുകൾ മലർക്കെ തുറന്നിട്ടുകൊണ്ടാണ് ജീവിക്കുന്നത്.
മൊബൈൽ ഫോണുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മലിനമായ ചിത്രങ്ങളും ചിന്തകളും യാതൊരു നിയന്ത്രണവുമില്ലാതെ നമ്മിലേക്ക് ഇങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുകയാണ്.
ദൈവനിന്ദയും വിശുദ്ധിയില്ലായ്മയും ജഡികാഭിലാഷങ്ങളും നിറഞ്ഞ സിനിമകളിലും പരിപാടികളിലും മണിക്കൂറുകളോളം നാം മുഴുകുന്നില്ലേ?
ഒരു മടിയുമില്ലാതെ പരദൂഷണങ്ങളിലും വ്യർത്ഥമായ പരാതികളിലും പരസ്പരം താറടിച്ചു കാണിക്കുന്ന സംഭാഷണങ്ങളിലും നാം പങ്കുചേരാറില്ലേ?
എന്നിട്ട് നമ്മൾ അത്ഭുതപ്പെട്ടു പറയുകയാ: “എന്തുകൊണ്ടാ എന്റെ പ്രാർത്ഥനകൾ വരണ്ടുപോകുന്നത്?
എന്തുകൊണ്ടാ മനസ്സിൽ സ്വസ്ഥതയില്ലാത്തത്?
എന്തുകൊണ്ടാ ചില പഴയ പാപങ്ങളുടെ ചങ്ങലകളിൽ നിന്ന് എനിക്ക് മോചനം കിട്ടാത്തത്?”
പ്രിയമുള്ളവരെ, നാം നമ്മുടെ കോട്ടവാതിൽ തുറന്നിട്ടിട്ട് ഭവനത്തിൽ കള്ളൻ കയറിയല്ലോ എന്ന് പരിതപിക്കുകയാണ്.
കോട്ടവാതിലുകളിൽ ഉണർന്നു കാവൽ നിൽക്കാൻ ബലവാന്മാരുടെ വൃന്ദം നമ്മെ ഓർമ്മിപ്പിക്കുകയാണ്.
കണ്ണുകളുടെ കാവൽ, നാവിന്റെ കാവൽ, ഹൃദയത്തിന്റെ കാവൽ എന്നിവ പാലിക്കാൻ അവർ നമ്മെ വെല്ലുവിളിക്കുകയാണ്.
വിശുദ്ധി എന്നത് ശാന്തമായ ഒഴുക്കിലൂടെയുള്ള വെറുമൊരു നീന്തലല്ല; ജാഗ്രതയുള്ളവർക്ക് മാത്രം വിജയം ലഭിക്കുന്ന അനുദിന പോരാട്ടമാണ് എന്ന് അവർ നമ്മെ പഠിപ്പിക്കുന്നു.
പ്രിയമുള്ളവരെ, നമുക്കൊരു ആത്മപരിശോധന—ബലവാന്മാരുടെ വിശുദ്ധ വൃന്ദത്തിന്റെ സാന്നിധ്യത്തിൽ നമ്മുടെ ആത്മീയ പ്രതിരോധങ്ങളെ നമുക്കൊന്നു ശാന്തമായി പരിശോധിക്കേണ്ടേ?
എന്റെ ജീവിതത്തിൽ തുറന്നിട്ടിരിക്കുന്ന ഏതെങ്കിലും കോട്ടവാതിലുകൾ ഞാൻ അനുവദിച്ചിട്ടുണ്ടോ?
(നിയന്ത്രണമില്ലാത്ത ഫോൺ ഉപയോഗം, തെറ്റായ സൗഹൃദങ്ങൾ, മനസ്സിൽ കൊണ്ടുനടക്കുന്ന പക, അല്ലെങ്കിൽ പാപസാഹചര്യങ്ങളിലേക്ക് വീണ്ടും വീണ്ടും വീണു പോകുന്ന അവസ്ഥ)
ഒരു പ്രലോഭനം കാണുമ്പോൾ പാപത്തിന്റെ ചൂട് എത്രത്തോളമുണ്ട് എന്ന് അറിയാൻ ഞാൻ അതിനോട് തർക്കിച്ച് അതിനു ചുറ്റും കറങ്ങി നടക്കാറുണ്ടോ?
ചുരുക്കിപ്പറഞ്ഞാൽ, ഞാൻ മനഃപൂർവ്വം ഒന്നും കാണുന്നില്ല, എങ്കിലും എന്നിലേക്ക് വരുന്നത് ഞാൻ കുറച്ചുനേരം കാണുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടുള്ള ചില ന്യായീകരണങ്ങളൊക്കെ നടത്തി, ചിലതിന്റെയൊക്കെ പിന്നാലെ, അതിലേക്ക് വീഴുന്നില്ല, അതിന്റെ ചുറ്റും നടക്കുന്ന ഒരു പ്രവണത നമ്മുടെ ഉള്ളിലുണ്ടോ?
അതേ പോലെ തന്നെ എന്റെ മനസ്സിനും എന്റെ വീടിനും എന്റെ മക്കൾക്കും ആത്മീയ സംരക്ഷണം ലഭിക്കുന്നതിനായി ദൈവത്തിന്റെ ആത്മീയ ആയുധങ്ങളും വിശുദ്ധ മാലാഖമാരുടെ സംരക്ഷണവും യാചിച്ചുകൊണ്ട് ഞാൻ അനുദിനം പ്രാർത്ഥിക്കാറുണ്ടോ?
പ്രിയമുള്ളവരെ, യുദ്ധം ചെയ്യേണ്ടതുണ്ട്. അതിന് നാം തുനിഞ്ഞിറങ്ങുക തന്നെ വേണം.
കണ്ണുകളെയും നാവിനെയും ചിന്തകളെയും നമുക്ക് ദൈവത്തിന്റെ പ്രത്യേകമായ കൃപയാൽ നിയന്ത്രിച്ച്, “കർത്താവേ, ബലവാന്മാരുടെ ആ വലിയൊരു സംരക്ഷണം ആസ്വദിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ എന്നെ അനുഗ്രഹിക്കണമേ” എന്ന് പ്രാർത്ഥിക്കാം.
നമുക്കൊന്നിച്ച് കർത്താവിന്റെ ആ വലിയൊരു ശക്തിയിൽ ആശ്രയിച്ചുകൊണ്ട് നമ്മുടെ യാത്ര മുന്നോട്ട് നയിക്കാം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമേൻ.


Leave a Reply