ഇതൊരു സോഷ്യൽ മീഡിയ വീഡിയോ കാണുന്നതുപോലെയല്ല; മറിച്ച്, ദൈവവുമായുള്ള ഒരു ധ്യാനമായി സ്വീകരിക്കുക.

ദിവസവും ഏതാനും മിനിറ്റുകൾ നാം ഇതിനായി മാറ്റിവയ്ക്കുക.

മുഖ്യദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവരുടെ തിരുനാൾ ആഘോഷിക്കുകയാണ്.

വരാൻ പോകുന്ന ഒൻപത് ദിവസങ്ങളിൽ സമാനതകളില്ലാത്ത ഒരു വിശുദ്ധ നൊവേനയിലേക്ക് നാം പ്രവേശിക്കുകയാണ്.

​ആരാണ് ശരിക്കും ഈ മാലാഖമാർ?

ഞാനോ നിങ്ങളോ ഒരിക്കലും ഒരു മാലാഖയായി മാറില്ല. മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരാരും മാലാഖമാരായി മാറിയിട്ടുമില്ല.

അതിശയിപ്പിക്കുന്ന ശക്തിയും നിർമ്മലതയും ഗാംഭീര്യവുമുള്ള അരൂപികൾ—ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവർ.

അവിടുന്ന് മൂന്ന് വിശുദ്ധ ശ്രേണികളിലായി ഒൻപത് വൃന്ദങ്ങളെ ക്രമീകരിച്ചു.

​മാലാഖമാർ ഇതിനകം ദൈവത്തിന്റെ അൾത്താരയ്ക്ക് ചുറ്റും നിന്ന് ധൂപം അർപ്പിച്ചുകൊണ്ട് തങ്ങളുടെ നിത്യമായ ഗീതം ആലപിക്കുകയാണ്.

ആ ഗീതം നമുക്ക് സുപരിചിതമാണ്: “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”.

നമുക്കും അവരുടെ സ്വരത്തോടൊപ്പം ചേരാം. ദൈവത്തോട് തൊട്ടടുത്തു നിന്ന് ഈ അസുലഭമായ ഒരു തിരുനാൾ ആഘോഷിക്കാൻ നമുക്ക് പരിശ്രമിക്കാം.

​പ്രിയമുള്ളവരെ, സെപ്റ്റംബർ 29 ആഗോള കത്തോലിക്കാ സഭ മുഖ്യദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവരുടെ തിരുനാൾ ആഘോഷിക്കുകയാണ്.

ഈ തിരുനാൾ ആഘോഷത്തിന്റെ ഒരുക്കഭാഗമായി നവനാൾ പ്രാർത്ഥനയിലൂടെ ഒൻപത് മാലാഖമാരെ പറ്റി ധ്യാനിക്കാനും, ആ മാലാഖമാരുടെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് ഈ തിരുനാൾ ആഘോഷിക്കുവാനും നാം ഒന്ന് പരിശ്രമിക്കുകയാണ്.

​ഉല്പത്തി പുസ്തകം 28-ാം അധ്യായം 11-ാമത്തെ തിരുവചനം മുതൽ യാക്കോബിനുണ്ടായ ഒരു സ്വർഗ്ഗീയ ദർശനത്തെപ്പറ്റി നാം വായിക്കുന്നുണ്ട്.

അതിങ്ങനെയാണ്: സൂര്യൻ അസ്തമിച്ചപ്പോൾ അവൻ വഴിയിൽ ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്ത് തലയ്ക്കുകീഴെ വച്ച് അവൻ ഉറങ്ങാൻ കിടന്നു. ആ സമയത്ത് അവനൊരു സ്വർഗ്ഗീയ ദർശനം ഉണ്ടായി. ഭൂമിയിൽ ഉറപ്പിച്ചിരിക്കുന്ന ഒരു ഗോവണി; അതിന്റെ അറ്റം ആകാശത്ത് മുട്ടിയിരുന്നു. ദൈവദൂതന്മാർ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടേയിരുന്നു.

അവൻ പറഞ്ഞു: “തീർച്ചയായും കർത്താവ് ഈ സ്ഥലത്തുണ്ട്; അത് ഞാൻ അറിഞ്ഞില്ല”. ഭയത്തോടെ അവൻ നിലവിളിച്ചു പറഞ്ഞു: “ഈ സ്ഥലം എത്ര വിശുദ്ധമാണ്! ഇത് ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല; സ്വർഗ്ഗത്തിന്റെ കവാടമാണ് ഈ പ്രദേശം”.

​പ്രിയമുള്ളവരെ, വരാൻ പോകുന്ന ഒൻപത് ദിവസങ്ങളിൽ മുഖ്യദൂതന്മാരായ മാലാഖമാരുടെ തിരുനാളിലേക്ക് നയിക്കുന്ന ഈ ദിനങ്ങളിൽ നമുക്ക് ആ സ്വർഗ്ഗീയ ഗോവണിയിലേക്ക് കാലെടുത്തു വെക്കാം.

സമാനതകളില്ലാത്ത ഒരു വിശുദ്ധ നൊവേനയിലേക്ക് നാം പ്രവേശിക്കുകയാണ്—മാലാഖമാരുടെ ഒൻപത് വൃന്ദങ്ങളിലൂടെയുള്ള ആത്മീയ വളർച്ചയുടെ ഒൻപത് നാളുകൾ.

​പ്രിയമുള്ളവരെ, ആരാണ് ശരിക്കും ഈ മാലാഖമാർ?

ആധുനിക തെറ്റിദ്ധാരണകളെ മാറ്റി വെയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഇന്നത്തെ ലോകത്തിൽ മാലാഖമാരെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ ബാലിശമായി മാറിയിട്ടില്ലേ?

വെറുമൊരു അലങ്കാരപ്പാവകളായോ, കുട്ടികളുടെ കാർട്ടൂൺ കഥാപാത്രങ്ങളായോ, അല്ലെങ്കിൽ ആഗ്രഹങ്ങൾ സാധിച്ചുതരുന്ന ചില മാന്ത്രിക ശക്തികളായോ മാത്രമാണ് ആധുനിക സംസ്കാരം ചിലപ്പോഴൊക്കെ മാലാഖമാരെ കാണുന്നത്.

​എന്നാൽ കത്തോലിക്കാ സഭ ഇതിനേക്കാൾ എത്രയോ മഹത്തായതും ഭയഭക്തി ഉണർത്തുന്നതുമായ ഒരു സത്യം നമ്മെ പഠിപ്പിക്കുന്നുണ്ട്.

കത്തോലിക്കാ സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥത്തിൽ ഖണ്ഡിക 328 വ്യക്തമായി പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്:

​വിശുദ്ധ തിരുവെഴുത്തുകൾ മാലാഖമാർ എന്നുവിളിക്കുന്ന അരൂപികളും അശരീരികളുമായ സത്തകളുടെ അസ്തിത്വം ഒരു വിശ്വാസസത്യമാണ്.

തിരുവചനത്തിന്റെ സാക്ഷ്യവും സഭാപാരമ്പര്യത്തിന്റെ ഐകകണ്ഠ്യമായ പ്രഖ്യാപനവും അത്ര മേൽ വ്യക്തവുമാണ്.

മരിച്ചുപോയ മനുഷ്യർ സ്വർഗ്ഗത്തിൽ ചെന്ന് ചിറകുകൾ മുളച്ച് മാലാഖമാരാകുകയല്ല ചെയ്യുന്നത്.

ഞാനോ നിങ്ങളോ ഒരിക്കലും ഒരു മാലാഖയായി മാറില്ല. മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരാരും മാലാഖമാരായി മാറിയിട്ടുമില്ല.

മാലാഖമാർ എന്നത് സൃഷ്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു തലമാണ്. അവർ പരിശുദ്ധമായ ആത്മീയ ബുദ്ധിയുള്ളവരാണ്. അതിശയിപ്പിക്കുന്ന ശക്തിയും നിർമ്മലതയും ഗാംഭീര്യവുമുള്ള അരൂപികൾ—ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവർ.

​വിശുദ്ധ പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽ ഒന്നാം അധ്യായം പതിനാറാമത്തെ തിരുവചനത്തിൽ ഇത് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്:

​”സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും—സിംഹാസനങ്ങളോ ആധിപത്യങ്ങളോ പ്രഭുത്വങ്ങളോ അധികാരങ്ങളോ ആകട്ടെ—എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്”.

​വിശുദ്ധ അഗസ്തീനോസ് ഇതിന് മനോഹരമായ ഒരു നിർവ്വചനം നൽകുന്നത് ഇങ്ങനെയാണ്.

മതബോധന ഗ്രന്ഥം 329-ൽ അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്:

​”മാലാഖ എന്നത് അവരുടെ പ്രകൃതിയുടെ (nature) പേരല്ല; മറിച്ച് അവരുടെ ദൗത്യത്തിന്റെ പേരാണ്.

അവരുടെ പ്രകൃതി എന്താണെന്ന് ചോദിച്ചാൽ അത് ‘അരൂപി’ എന്നാണ്. അവരുടെ ദൗത്യം എന്താണെന്ന് ചോദിച്ചാൽ അത് ‘ദൂതൻ’ അഥവാ ‘മാലാഖ’ എന്നാണ്.

സ്വഭാവത്താൽ അവർ ജീവിക്കുന്ന ദൈവത്തിന്റെ തിരുമുഖം എപ്പോഴും കണ്ടുകൊണ്ട് നിൽക്കുന്ന പരിശുദ്ധ അരൂപികളാണ്. ദൗത്യത്താൽ അവിടുത്തെ നിത്യമായ പരിപാലനയുടെ ശുശ്രൂഷകരും”.

​വിശുദ്ധ ഗ്രന്ഥത്തിൽ സ്വർഗ്ഗീയ സൈന്യങ്ങളെക്കുറിച്ച് പറയുമ്പോൾ പല പേരുകൾ നാം കാണാറുണ്ട്: സ്രാപ്പേന്മാർ, ക്രോവേന്മാർ, ഭദ്രാസനന്മാർ, അധീശന്മാർ, താത്വികന്മാർ, ബലവാന്മാർ, പ്രാഥമികർ, മുഖ്യദൂതന്മാർ, ദൈവദൂതന്മാർ.

​അഞ്ചാം നൂറ്റാണ്ടിൽ ദിവന്നാസ്യോസ് എന്ന ക്രിസ്തീയ ചിന്തകൻ ഈ തിരുവചന ഭാഗങ്ങൾ ക്രമീകരിക്കുകയും, പിന്നീട് സഭയുടെ തന്നെ വലിയ വേദപാരംഗതനായ വിശുദ്ധ തോമസ് അക്വീനാസ് തന്റെ ‘സുമ്മാ തിയോളജിയായിൽ’ ഇതിനെ ആഴത്തിൽ പഠിപ്പിക്കുകയും ചെയ്തു.

ദൈവം അരൂപികളുടെ ക്രമമില്ലാത്ത ഒരു കൂട്ടത്തെയല്ല സൃഷ്ടിച്ചത്; അവിടുന്ന് ക്രമത്തിന്റെയും സൗന്ദര്യത്തിന്റെയും ഐക്യത്തിന്റെയും ദൈവമാണ്.

അവിടുന്ന് മൂന്ന് വിശുദ്ധ ശ്രേണികളിലായി ഒൻപത് വൃന്ദങ്ങളെ ക്രമീകരിച്ചു. അതായത്, മൂന്ന് വിശുദ്ധ ശ്രേണികളിലായി മൂന്ന് ഗണങ്ങളായി ഒൻപത് വൃന്ദങ്ങളെ ക്രമിക്കാം:

​ഒന്നാം ശ്രേണി (ധ്യാനത്തിന്റെ വൃന്ദം): സ്രാപ്പേന്മാർ, ക്രോവേന്മാർ, ഭദ്രാസനന്മാർ. ദൈവസന്നിധിയിലേക്ക് നേരിട്ട് നോക്കി നിൽക്കുന്നവരാണ് ഈ മൂന്ന് ഗണത്തിലുള്ള മാലാഖമാർ.

​രണ്ടാം ശ്രേണി (പ്രപഞ്ച ഭരണത്തിന്റെ വൃന്ദം): അധീശന്മാർ, താത്വികന്മാർ, ബലവാന്മാർ. പ്രപഞ്ചത്തിന്റെ ക്രമത്തെ കാത്തു സൂക്ഷിക്കുകയും തിന്മയെ ചെറുക്കുകയും ചെയ്യുന്നവർ.

​മൂന്നാം ശ്രേണി (മനുഷ്യ ശുശ്രൂഷയുടെ വൃന്ദം): പ്രാഥമികർ, മുഖ്യദൂതന്മാർ, ദൈവദൂതന്മാർ. മനുഷ്യചരിത്രത്തെയും ഓരോ വ്യക്തികളെയും നേരിട്ട് സഹായിക്കുന്നവരാണ് ഈ ശ്രേണിയിലുള്ളവർ.

​ഈ ദൈവീക ക്രമം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഏറ്റവും ഉയർന്ന മാലാഖമാർ ദൈവത്തിന്റെ അനിർമ്മിതമായ വെളിച്ചത്തെയും സ്നേഹത്തെയും അതിന്റെ പൂർണ്ണതയിൽ സ്വീകരിക്കാം.

നമ്മുടെ ബലഹീനമായ മനുഷ്യബുദ്ധിക്ക് ആ വെളിച്ചം നേരിട്ട് താങ്ങാൻ കഴിയില്ലെന്നാണ് പറയുന്നത്. അതുകൊണ്ട്, ഒരു ശില്പി തീക്കനലിനെ പാകപ്പെടുത്തുന്നത് പോലെ ദൈവം ആ വെളിച്ചത്തെ ഓരോ മാലാഖ വൃന്ദങ്ങളിലൂടെയും കടത്തിവിട്ട്, ഒടുവിൽ നമ്മുടെ തൊട്ടരികിൽ നിൽക്കുന്ന കാവൽ മാലാഖയിലൂടെ സൗമ്യമായി നമ്മിലേക്ക് എത്തിക്കുകയാണ്.

​ഈ ഒൻപത് ദിവസങ്ങളുടെയും ലക്ഷ്യം എന്ന് പറയുന്നത് ആത്മീയ ഉയർച്ചയാണ്.

എന്തിനാണ് ഈ ആത്മീയ യാത്ര നാം നടത്തുന്നത്?

കാരണം മാലാഖമാർ വെറും കൗതുക വസ്തുക്കളല്ല. ദൈവീക പൂർണ്ണതയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണ് ഓരോ മാലാഖ വൃന്ദവും.

അവർ ദൈവത്തിന്റെ ഓരോ പ്രത്യേക ഗുണത്തെ വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ ഓരോ ഗുണവും നമ്മുടെ ഹൃദയങ്ങളിൽ ഓരോ പുണ്യങ്ങൾ ഉണർത്താൻ നമ്മെ ആഹ്വാനം ചെയ്യുന്നു.

​ആ ശ്രേണികളിലൂടെ നമുക്കൊന്ന് കടന്നുപോകാം:

​മൂന്നാം ശ്രേണി (1 മുതൽ 3 വരെയുള്ള ദിവസങ്ങൾ): നമുക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന കാവൽ മാലാഖമാർ, മുഖ്യദൂതന്മാർ, പ്രാഥമികന്മാർ എന്നിവരിൽ നിന്ന് നാം തുടങ്ങാം.

എളിയ ശുശ്രൂഷ, ദൈവഹിതത്തോടുള്ള ധീരമായ അനുസരണം, പൊതുനന്മയ്ക്കായുള്ള നിലനിൽപ്പ് എന്നിവ അവർ നമ്മെ പഠിപ്പിക്കുന്നു.

​രണ്ടാം ശ്രേണി (4 മുതൽ 6 വരെയുള്ള ദിവസങ്ങൾ): ആത്മീയ പോരാട്ടത്തിന്റെ തലത്തിലേക്ക് നാം ഉയരുകയാണ്.

ബലവാന്മാർ, താത്വികന്മാർ, അധീശന്മാർ.

മനസ്സിലെ പൈശാചിക പ്രലോഭനങ്ങളെ ചെറുക്കുവാനും, ആത്മധൈര്യം നേടാനും, സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനുമുള്ള ആത്മീയ ആയുധങ്ങൾ അവർ നമുക്ക് നൽകും.

​ഒന്നാം ശ്രേണി (7 മുതൽ 9 വരെയുള്ള ദിവസങ്ങൾ): ഒടുവിൽ സ്വർഗ്ഗീയ സന്നിധിയുടെ ഉള്ളറകളിലേക്ക് നാം പ്രവേശിക്കുകയാണ്.

ഭദ്രാസനന്മാർ, ക്രോവേന്മാർ, സ്രാപ്പേന്മാർ.

ശാന്തമായ ഹൃദയസമാധാനം കണ്ടെത്താനും, ദൈവീക സത്യങ്ങൾ ധ്യാനിക്കാനും, ദൈവത്തിന്റെ അഗ്നിയാൽ ജ്വലിക്കാനും അവർ നമ്മെ സഹായിക്കും.

​ഈ നൊവേന നാം എങ്ങനെയാണ് ചെയ്യാൻ പോകുന്നത്?

വരാനിരിക്കുന്ന ഒൻപത് ദിവസങ്ങളിൽ ദിവസവും ഏതാനും മിനിറ്റുകൾ നാം ഇതിനായി മാറ്റി വെയ്ക്കുക.

ഇതൊരു സോഷ്യൽ മീഡിയ വീഡിയോ കാണുന്നത് പോലെയല്ല; മറിച്ച് ദൈവവുമായുള്ള ഒരു ധ്യാനമായി സ്വീകരിക്കുക.

ഓരോ വിചിന്തനത്തിന് ശേഷവും ആ മാലാഖ വൃന്ദം നമ്മെ ഓർമ്മിപ്പിക്കുന്ന പുണ്യത്തിന്റെ വെളിച്ചത്തിൽ നാം ആത്മപരിശോധന നടത്തുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്യും.

​നമ്മുടെ ഹൃദയം നമുക്ക് ഇതിനുവേണ്ടി മലർക്കെ തുറന്നിടാം.

അനുദിന ആകുലതകൾക്കും രാഷ്ട്രീയ ബഹളങ്ങൾക്കും ജീവിതഭാരങ്ങൾക്കും അപ്പുറത്തേക്ക് കണ്ണുകളുയർത്താം.

നാം കാണാത്ത ആ ആത്മീയ ലോകം നാം കാണുന്ന ഈ ലോകത്തേക്കാൾ എത്രയോ യാഥാർത്ഥ്യമാണ്!

നമ്മുടെ തൊട്ടരികിലാണ് അവ ഉള്ളതെന്ന് പൂർണ്ണമായും വിശ്വസിക്കാം.

​മാലാഖമാർ ഇതിനകം ദൈവത്തിന്റെ അൾത്താരയ്ക്ക് ചുറ്റും നിന്ന് ധൂപം അർപ്പിച്ചുകൊണ്ട് തങ്ങളുടെ നിത്യമായ ഗീതം ആലപിക്കുകയാണ്.

ആ ഗീതം നമുക്ക് സുപരിചിതമാണ്: “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”. നമുക്കും അവരുടെ സ്വരത്തോടൊപ്പം ചേരാം.

ആ സ്വർഗ്ഗീയ പടികൾ നമുക്കും കയറിത്തുടങ്ങാം.

​പ്രിയമുള്ളവരെ, യാക്കോബിനുണ്ടായ ദർശനം—ഒരു ഗോവണി; അതിന്റെ ചുവട് ഭൂമിയിൽ ഉറപ്പിച്ചിരിക്കുന്നു, മുകൾഭാഗം സ്വർഗ്ഗത്തെ സ്പർശിച്ചിരിക്കുന്നു.

പ്രിയമുള്ളവരെ, ഈ ഗോവണിക്ക് എത്ര ചവിട്ടുപടികൾ ഉണ്ട് എന്ന് വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നില്ല. പക്ഷേ ഈ മാലാഖമാരുടെ വൃന്ദങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് വെറുതെ ഒന്ന് അനുമാനിക്കാം: ഒൻപത് ചവിട്ടുപടികളുള്ള ഗോവണി. അത് ഭൂമിയിൽ ഉറപ്പിച്ചിരിക്കുന്നു.

ആയതിനാൽ നാം ആദ്യം ധ്യാനിക്കുന്നത്, തീർച്ചയായും ഇത് മുകളിൽ നിന്ന് താഴേക്കുള്ള ഒരു യാത്രയല്ല; മറിച്ച് താഴെ, നമ്മുടെ തൊട്ടരികിൽ നിന്ന് സ്വർഗ്ഗത്തിലേക്കുള്ള ഒരു യാത്രയാണ്.

​ആയതിനാൽ നാം യാത്ര ആരംഭിക്കുന്നത് നമ്മുടെ തൊട്ടരികിലുള്ള നമ്മളുടെ ഓരോരുത്തരുടെയും കാവൽ മാലാഖയിൽ നിന്നാണ്.

നമ്മുടെ തൊട്ടരികിലുള്ള കാവൽ മാലാഖയിൽ നിന്ന് യാത്ര ആരംഭിച്ച്, മുഖ്യദൂതന്മാരെ ധ്യാനിച്ച്, പ്രാഥമികരിലൂടെ ബലവാന്മാരിലേക്ക് പ്രവേശിച്ച്, താത്വികന്മാരും അധീശന്മാരും ഭദ്രാസനന്മാരും കടന്ന് ക്രോവേന്മാരിലേക്കും തുടർന്ന് സ്രാപ്പേന്മാരിലേക്കും പ്രവേശിച്ച് ദൈവത്തിന്റെ തൊട്ടടുത്ത് ചെന്നെത്തുന്ന ഒരു ആത്മീയ യാത്ര.

ഈ യാത്രയിൽ നമുക്ക് ഭക്തിപൂർവ്വം പങ്കു ചേരുവാൻ പരിശ്രമിക്കാം.

​29-ാം തീയതി മുഖ്യദൂതന്മാരുടെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം അത് ഭൂമിയിൽ നിന്നാവരുത് ആഘോഷിക്കേണ്ടത്; മറിച്ച് ദൈവത്തോട് തൊട്ടടുത്തു നിന്ന് ഈ അസുലഭമായ ഒരു തിരുനാൾ ആഘോഷിക്കാൻ നമുക്ക് പരിശ്രമിക്കാം.

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading