ആത്മീയ ഗോവണി നവനാൾ (Spiritual Staircase Novena)
അഞ്ചാം ദിനം – താത്വികന്മാർ
വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച ഓരോ പെട്ടെന്നുള്ള രോഗസൗഖ്യത്തിന്റെ പിന്നിലും, സാധ്യതകളെല്ലാം തകിടം മറിച്ച് പ്രാർത്ഥനകൾക്ക് ലഭിച്ച ഓരോ ഉത്തരങ്ങൾക്ക് പിന്നിലും, മനുഷ്യബുദ്ധിക്ക് അസാധ്യമെന്നു തോന്നിയ ഓരോ വഴിത്തിരിവുകൾക്ക് പിന്നിലും ദൈവത്തിന്റെ അനിർമ്മിതമായ ശക്തിയെ പ്രകൃതിയിലേക്ക് ഒഴുക്കിക്കൊണ്ട് ഈ സ്വർഗ്ഗീയ വൃന്ദം പ്രവർത്തിക്കുന്നുണ്ടായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കുമ്പോൾ, മക്കൾ നല്ല നിലയിൽ ജീവിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവത്തെ സ്തുതിക്കാൻ നമുക്കെല്ലാവർക്കും സാധിക്കും.
എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഒരു ഇടിവാളുപോലെ ജീവിതത്തിലേക്ക് ഒരു മാറാരോഗം കടന്നുവരുമ്പോൾ, കൊടിയ ഏകാന്തത മനസ്സിനെ വല്ലാതെ ഞെരുക്കുമ്പോൾ, ദൈവം പതിനായിരം മൈലുകൾക്ക് അകലെയാണെന്ന് തോന്നിപ്പിക്കുന്ന വിധം ആത്മാവിൽ ചില അസ്വസ്ഥതകൾ ഇങ്ങനെ അഗ്നി പോലെ പെയ്തിറങ്ങുമ്പോൾ അവിടെയാണ് താത്ത്വികന്മാരുടെ വൃന്ദം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതും ഇവരുടെ ശുശ്രൂഷയിലൂടെയാണ്. കടൽ രണ്ടായി പിളർന്നതും, ആകാശത്തു നിന്ന് അഗ്നി ഇറങ്ങിയതും, അപ്പസ്തോലന്മാർ കൈകൾ വെച്ചപ്പോൾ രോഗികൾ സൗഖ്യപ്പെടുകയും ചെയ്തത് സർവ്വശക്തനായ ദൈവത്തിന്റെ ശക്തി ഇവരിലൂടെ പ്രകടമായതു കൊണ്ടാണ്.
കഠിനമായ സഹനങ്ങൾക്കിടയിലും പതറാതെ പിടിച്ചുനിൽക്കാനുള്ള വലിയ കരുത്ത്.
കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി താഴേക്ക് വീഴുമ്പോഴും, “യേശുവേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു, ഞാൻ പിന്മാറത്തില്ല, ഞാൻ വിട്ടുവീഴ്ച ചെയ്യത്തില്ല, ഞാൻ നിരാശയിലേക്ക് കൂപ്പുകുത്തുകയുമില്ല.”
പ്രിയമുള്ളവരെ, നമ്മുടെ ആത്മീയ യാത്രയുടെ മധ്യഭാഗത്ത് നാം എത്തിനിൽക്കുകയാണ്.
രണ്ടാം ശ്രേണിയുടെ ഹൃദയ ഭാഗത്തിലേക്ക് നാം കാലെടുത്തു വെക്കുകയാണ്.
ആ സ്വർഗ്ഗീയ കോവണിയിലൂടെയുള്ള നമ്മുടെ ആത്മീയ ആരോഹണത്തിന്റെ അഞ്ചാം ദിനം. ഇന്നലെ നാലാം ദിനത്തിൽ പൈശാചിക ലോകത്തിന്റെ ദുഷ്ടതകളെ തടഞ്ഞു നിർത്തുന്ന മുൻനിര കാവൽക്കാരായ ബലവാന്മാരോടൊപ്പമാണ് നാം നിന്നത്.
ഇന്ന് നാം രണ്ടാം ശ്രേണിയുടെ മധ്യഭാഗത്തേക്ക് ചുവടു വെച്ചുകൊണ്ട് അഞ്ചാമത്തെ മാലാഖ വൃന്ദത്തെ നാം കണ്ടുമുട്ടുന്നു; അത് മറ്റാരുമല്ല, താത്ത്വികന്മാർ.
ഇവരെ ‘ശാക്തീകന്മാർ’ എന്നുകൂടെ വിളിക്കാറുണ്ട്. ഇതിന്റെ ഇംഗ്ലീഷ് വാക്ക് എന്ന് പറയുന്നത് ‘Virtues’ എന്നാണ്.
ആധുനിക ഭാഷയിൽ പുണ്യം അല്ലെങ്കിൽ ‘Virtue’ എന്നു കേൾക്കുമ്പോൾ സൗമ്യതയോ മര്യാദയോ അല്ലെങ്കിൽ ശാന്തമായ ചില നല്ല പെരുമാറ്റങ്ങളോ ഒക്കെയാണ് നമ്മുടെ മനസ്സിലേക്ക് വരുന്നത്.
എന്നാൽ വിശുദ്ധ ഗ്രന്ഥത്തിന്റെയും കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെയും ഭാഷയിൽ, ലത്തീനിലെ ‘Virtus’, ഗ്രീക്കിലെ ‘Dynamis’ എന്നീ വാക്കുകളിൽ നിന്നാണ് ഈ പേര് രൂപപ്പെട്ടു വരുന്നത്.
ഈ പദങ്ങളുടെ യഥാർത്ഥ അർത്ഥം അമാനുഷികമായ കരുത്ത്, അപാരമായ ശക്തി, അത്ഭുതകരമായ ദൈവീക ഊർജ്ജം എന്നാണ്.
ദൈവീക ശക്തിയുടെ സ്വർഗ്ഗീയ ഉപകരണങ്ങളാണ് താത്ത്വികന്മാരുടെ ഈ വൃന്ദം എന്നാണ് നാം മനസ്സിലാക്കേണ്ടത്.
വേറൊരു വാക്കിൽ പറഞ്ഞാൽ, ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതും, ഭൗതിക പ്രപഞ്ചത്തിന്റെ താളത്തെ ക്രമീകരിക്കുന്നതും, മനുഷ്യന്റെ ബലഹീനതകളിലേക്ക് അചഞ്ചലമായ ആത്മീയ സ്ഥൈര്യം പകർന്നു നൽകുന്നതും ഇവരുടെ ശുശ്രൂഷയിലൂടെയാണ്.
സഭയുടെ വിശ്വാസമനുസരിച്ച് അത്ഭുതങ്ങളുടെയും പ്രപഞ്ച ക്രമത്തിന്റെയും വാഹകർ എന്ന് നമുക്ക് ഇവരെ വിളിക്കാൻ പറ്റും.
താത്ത്വികന്മാരുടെ ഈ വൃന്ദത്തിന്റെ പ്രത്യേകമായ ദൗത്യം എന്താണെന്ന് ചോദിച്ചാൽ, മഹാനായ വിശുദ്ധ ഗ്രിഗറി പറഞ്ഞു വെച്ചിരിക്കുന്നത് ഇങ്ങനെയാണ്: “ഭൂമിയിൽ ബാഹ്യമായ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാൻ ദൈവം സാധാരണയായി ഉപയോഗിക്കുന്ന സ്വർഗ്ഗീയ ശുശ്രൂഷകരാണ് ഈ താത്ത്വികന്മാർ.”
മോശ ചെങ്കടലിനു മീതെ തന്റെ വടി നീട്ടിയപ്പോൾ കടൽ രണ്ടായി പിളർന്നതും, കർമ്മല മലയിൽ ഏലിയാ പ്രാർത്ഥിച്ചപ്പോൾ ആകാശത്തു നിന്ന് അഗ്നി ഇറങ്ങിയതും, ബാബിലോണിലെ എരിയുന്ന തീച്ചൂളയിലേക്ക് വലിച്ചെറിയപ്പെട്ട മൂന്ന് യുവാക്കൾക്ക് ഒരു രോമം പോലും കരിയാതെ അതിനുള്ളിൽ നടന്നു നീങ്ങാനായതും, അപ്പസ്തോലന്മാർ കൈകൾ വെച്ചപ്പോൾ രോഗികൾ സൗഖ്യപ്പെടുകയും മുടന്തർ തുള്ളിച്ചാടുകയും ചെയ്തത് സർവ്വശക്തനായ ദൈവത്തിന്റെ ആ അളവറ്റ ശക്തി ഇവരിലൂടെ പ്രകടമായതു കൊണ്ടാണ്.
അതെ, അവിടെ ദൈവം പ്രവർത്തിച്ചത് ഈ താത്ത്വികന്മാരിലൂടെയായിരുന്നു.
വിശുദ്ധ തോമസ് അക്വീനാസ് വളരെ വ്യക്തമായിട്ട് പറയുന്നുണ്ട്: പ്രകൃതിയുടെ സാർവ്വത്രികമായ പ്രവർത്തനങ്ങൾ ഈ വൃന്ദത്തെയാണ് ഭരമേൽപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ താളം—അതായത് സൂര്യന്റെ ഉദയം, ഋതുക്കളുടെ മാറ്റം, നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങളുടെ സന്തുലിതാവസ്ഥ എന്നിവയെല്ലാം കാത്തുസൂക്ഷിക്കുന്നത് ഇവരാണ്.
തന്റെ മഹത്വം വെളിപ്പെടുത്താനായി പ്രകൃതി നിയമങ്ങളെ മാറ്റിനിർത്തിക്കൊണ്ട് ദൈവം ഒരത്ഭുതം പ്രവർത്തിക്കാൻ തിരുമനസ്സാകുമ്പോൾ, ആ ദൈവീക കൽപ്പന നടപ്പിലാക്കാൻ അയക്കുന്നത് ഈ മാലാഖ വൃന്ദത്തെയാണ്.
അതിന്റെ ആഴമൊന്ന് ചിന്തിച്ചു നോക്കിയേ, വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച ഓരോ പെട്ടെന്നുള്ള രോഗസൗഖ്യത്തിന്റെ പിന്നിലും, സാധ്യതകളെല്ലാം തകിടം മറിച്ച് പ്രാർത്ഥനകൾക്ക് ലഭിച്ച ഓരോ ഉത്തരങ്ങൾക്ക് പിന്നിലും, മനുഷ്യബുദ്ധിക്ക് അസാധ്യമെന്നു തോന്നിയ ഓരോ വഴിത്തിരിവുകൾക്ക് പിന്നിലും ദൈവത്തിന്റെ അനിർമ്മിതമായ ശക്തിയെ പ്രകൃതിയിലേക്ക് ഒഴുക്കിക്കൊണ്ട് ഈ സ്വർഗ്ഗീയ വൃന്ദം പ്രവർത്തിക്കുന്നുണ്ടായിരുന്നു.
പ്രിയമുള്ളവരെ, ഈ സ്വർഗ്ഗീയ ഗണത്തിന്റെ നമ്മുടെ ജീവിതത്തിലേക്കുള്ള ഇടപെടൽ ഒന്നാലോചിച്ചു നോക്കിയേ.
ഈ അമാനുഷികമായ ഇടപെടലുകളും അത്ഭുതങ്ങളും തൽക്കാലത്തേക്ക് അവിടെയൊന്നു നിൽക്കട്ടെ.
പ്രിയമുള്ളവരെ, ഈ കടൽ പിളർക്കുന്നതിനേക്കാളും രോഗങ്ങൾ സൗഖ്യപ്പെടുത്തുന്നതിനേക്കാളും വലിയ മറ്റൊരു അത്ഭുതമുണ്ട്.
ആ വലിയ അത്ഭുതം എന്താണ് എന്നാൽ, കഠിനമായ സഹനങ്ങൾക്കിടയിലും പതറാതെ പിടിച്ചുനിൽക്കാനുള്ള വലിയ കരുത്ത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കുമ്പോൾ, മക്കൾ നല്ല നിലയിൽ ജീവിച്ചു കൊണ്ടിരിക്കുമ്പോൾ, ശരീരത്തിന് നല്ല ആരോഗ്യം ഉണ്ടായിരിക്കുമ്പോൾ പ്രാർത്ഥിക്കാൻ നമുക്കൊക്കെ എളുപ്പമാണ്, ദൈവത്തെ സ്തുതിക്കാൻ നമുക്കെല്ലാവർക്കും സാധിക്കും.
എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഒരു ഇടിവാളുപോലെ ജീവിതത്തിലേക്ക് ഒരു മാറാരോഗം കടന്നുവരുമ്പോൾ, കുടുംബബന്ധങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആകെ തകർന്നു തരിപ്പണമാകുമ്പോൾ, കൊടിയ ഏകാന്തത മനസ്സിനെ വല്ലാതെ ഞെരുക്കുമ്പോൾ, ദൈവം പതിനായിരം മൈലുകൾക്ക് അകലെയാണെന്ന് തോന്നിപ്പിക്കുന്ന വിധം ആത്മാവിൽ ചില അസ്വസ്ഥതകൾ ഇങ്ങനെ അഗ്നി പോലെ പെയ്തിറങ്ങുമ്പോൾ അവിടെയാണ് താത്ത്വികന്മാരുടെ വൃന്ദം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
കൊറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം പന്ത്രണ്ടാം അധ്യായത്തിൽ വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ ശരീരത്തിലുള്ള ഒരു മുള്ളിനെ പറ്റി നാം വായിച്ചു കേൾക്കുന്നില്ലേ?
ആ മുള്ളിന്റെ വേദന സഹിക്കാൻ കഴിയാതെ അത് എടുത്തു മാറ്റണമേ എന്ന് മൂന്നുതവണ അപ്പസ്തോലൻ കർത്താവിനോട് പ്രാർത്ഥിക്കുന്നുണ്ട്.
അപ്പോൾ കർത്താവ് അവന് നൽകിയ അമർത്ത്യമായ ഒരു മറുപടി ഇതായിരുന്നു: “നിനക്ക് എന്റെ കൃപ മതി; എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്തി പ്രകടമാകുന്നത്.”
പ്രിയമുള്ളവരെ, അവിടെ രേഖപ്പെടുത്തിയിരിക്കുന്ന “എന്റെ ശക്തി”—ഇത് വേറെയൊന്നുമല്ല, വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഉപയോഗിച്ചിരിക്കുന്ന യവനപദം ‘Dynamis’ എന്നാണ്, അഥവാ താത്ത്വികന്മാരുടെ വൃന്ദത്തിന്റെ അതേ വിശുദ്ധ ഗ്രന്ഥ നാമം.
നമ്മുടെ സ്വാഭാവികമായ ഊർജ്ജം തീർന്നു പോകുമ്പോൾ, നമ്മുടെ ഉള്ളിലെ സഹനശേഷി വറ്റി വരണ്ട് ഇല്ലാതാകുമ്പോൾ, നമ്മുടെ ഇച്ഛാശക്തി പൂർണ്ണമായും തകർന്നു പോകുമ്പോൾ ശക്തികളുടെ ഈ വൃന്ദം, താത്ത്വികന്മാരുടെ ഈ വൃന്ദം നമ്മുടെ ആത്മാവിലേക്ക് അമാനുഷികമായ ആത്മധൈര്യം പകർന്നു നൽകുകയാണ്.
ജീവിതം മടുത്ത് മരിക്കാൻ ആഗ്രഹിച്ച് കാട്ടുചെടിയുടെ തണലിൽ കിടന്നുറങ്ങിയ ഏലിയാ പ്രവാചകന്റെ അരികിലേക്ക് വന്ന്, “എഴുന്നേറ്റു ഭക്ഷിക്കുക, നിനക്ക് വളരെ ദൂരം യാത്ര ചെയ്യാനുണ്ട്” എന്ന് പറഞ്ഞ് അവനെ ബലപ്പെടുത്തിയ മാലാഖമാരാണ് ഇവർ.
ഗെത്സെമൻ തോട്ടത്തിൽ യേശു കഠിന വേദനയാൽ ചോര വിയർത്തു പ്രാർത്ഥിച്ചപ്പോൾ പീഡാനുഭവത്തിന്റെ പാനപാത്രം കുടിക്കാനായി അവിടുത്തെ മനുഷ്യ സ്വഭാവത്തെ ബലപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന അതേ മാലാഖമാർ.
പ്രിയമുള്ളവരെ, താത്ത്വികന്മാരുടെ ഈ വൃന്ദം ഇന്ന് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന പുണ്യം എന്താണെന്ന് പരിശോധിക്കാം.
അത് പ്രധാന പുണ്യങ്ങളിൽ ഒന്നായ വിശുദ്ധ ആത്മധൈര്യമാണ് (Holy Fortitude).
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 1808 വായിക്കുന്നത് ഇങ്ങനെയാണ്: “പ്രതിസന്ധികളിൽ സ്ഥൈര്യവും നന്മയുടെ അന്വേഷണത്തിൽ സ്ഥിരതയും ഉറപ്പുനൽകുന്ന ധാർമ്മിക പുണ്യമാണ് ധൈര്യം.
പ്രലോഭനങ്ങളെ ചെറുത്തു തോൽപ്പിക്കാനും ധാർമ്മിക ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള മനക്കരുത്ത് അത് പ്രധാനം ചെയ്യുന്നു.”
ആത്മധൈര്യം എന്നാൽ എന്തല്ല എന്ന് ഇവിടെ നമുക്ക് മനസ്സിലാക്കണം. ഭയം തോന്നാതിരിക്കലല്ല അത്. വേദനയൊന്നും അറിയാത്തതുപോലെ അഭിനയിക്കുന്ന വികാരമില്ലായ്മയുമല്ല. മറിച്ച്, കുരിശിന്റെ മുഴുവൻ ഭാരവും ശരീരത്തിലും മനസ്സിലും അനുഭവപ്പെടുമ്പോഴും, പരീക്ഷണങ്ങളുടെ ഭയം ഉള്ളിൽ വല്ലാതെ അസ്വസ്ഥതകൾ നൽകുമ്പോഴും, കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി താഴേക്ക് വീഴുമ്പോഴും ഉള്ളിൽ നിന്ന് ഇങ്ങനെ പറയുന്നതാണ് ആത്മധൈര്യം.
എങ്ങനെ?
“യേശുവേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു, ഞാൻ പിന്മാറത്തില്ല, ഞാൻ വിട്ടുവീഴ്ച ചെയ്യത്തില്ല, ഞാൻ നിരാശയിലേക്ക് കൂപ്പുകുത്തുകയുമില്ല.”
ഇന്ന് പല ക്രൈസ്തവരും ആത്മീയ മടുപ്പിലേക്ക് വീണുപോവുകയാണ്.
ആത്മീയ മടുപ്പ് എന്ന് പറയുമ്പോൾ കുരിശിന്റെ ഭാരം കൂടുമ്പോൾ വിശുദ്ധിയെ ഉപേക്ഷിക്കുന്ന ആത്മാവിന്റെ ഒരുതരം ക്ഷീണം.
കാൽവരിയില്ലാത്ത ഒരു ക്രൈസ്തവ ജീവിതമാണ് നമ്മളൊക്കെ ആഗ്രഹിക്കുന്നത്.
ദുഃഖവെള്ളിയില്ലാത്ത ഒരു ഉയിർപ്പ് ഞായറാണ് നാം ഉള്ളിൽ അറിയാതെ കൊതിക്കുന്നത്.
പ്രകാശത്തിന്റെ പരിചകളോടും ജ്വലിക്കുന്ന ദൃഢനിശ്ചയത്തോടും കൂടി താത്ത്വികന്മാരുടെ വൃന്ദം ഇന്ന് നമ്മുടെ മുമ്പിൽ ഇങ്ങനെ നിൽക്കുകയാണ്.
നാം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ക്രിസ്തുവിന്റെ പടയാളികളാണെന്ന് അവർ നമ്മെ ഓർമ്മിപ്പിക്കുന്നു.
താൽക്കാലികമായ കൊടുങ്കാറ്റുകൾക്കപ്പുറത്തേക്ക് കണ്ണുകളുയർത്താനും, നമ്മുടെ പ്രത്യാശയെ നിത്യതയിൽ നങ്കൂരമിടുവാനും, അവസാനം വരെ പതറാതെ പിടിച്ചു നിൽക്കാനും അവർ നമ്മെ വെല്ലുവിളിക്കുന്നു.
പ്രിയമുള്ളവരെ, താത്ത്വികന്മാരുടെ ഈ വിശുദ്ധ വൃന്ദത്തിന്റെ സാന്നിധ്യത്തിൽ നമ്മുടെ ആത്മീയ കരുത്തിനെ നമുക്കൊന്ന് പരിശോധിക്കണ്ടേ?
ആദ്യമായി, എന്റെ ജീവിതത്തിൽ എവിടെയാണ് ഞാൻ എല്ലാം ഉപേക്ഷിച്ച് പിന്മാറാൻ തുടങ്ങുന്നത്?
എന്റെ പ്രാർത്ഥനാ ജീവിതത്തിലോ, ദാമ്പത്യ ജീവിതത്തിലോ, ഒരു പഴയ തെറ്റായ ശീലത്തിനെതിരെയുള്ള പോരാട്ടത്തിലോ, അതോ ചുമക്കാൻ പ്രയാസമുള്ള ഒരു കുരിശു യാതനയിലോ?
അടുത്തതായി, കർത്താവിനോട് ആത്മധൈര്യമെന്ന അമാനുഷിക ദാനത്തിനായി യാചിക്കുന്നതിനു പകരം സ്വന്തം മാനുഷിക ശക്തിയിലും വാശിയിലും അഹങ്കാരത്തിലും മാത്രം ആശ്രയിച്ചാണോ ഞാൻ ഈ പ്രതിസന്ധികളെ നേരിടാൻ നോക്കുന്നത്?
അവസാനമായി, എന്റെ കുരിശിന്റെ ഭാരത്തെക്കുറിച്ച് ഞാൻ എപ്പോഴും പരാതിപ്പെടുകയാണോ, അതോ ആത്മാക്കളുടെ രക്ഷയ്ക്കായി കാൽവരിയിലെ ക്രിസ്തുവിനോട് ചേർത്ത് എന്റെ സഹനങ്ങളെ ഞാൻ കാഴ്ച വെയ്ക്കുകയാണോ?
പ്രിയമുള്ളവരെ, ഞാൻ നിസ്സാരക്കാരനല്ലന്നെ, ഞാൻ എന്റെ കർത്താവിന്റെ പ്രിയപ്പെട്ടവനാണ്.
ആ ഒരു ബോധ്യത്തോട് കൂടെ, ആ ഒരു ആത്മധൈര്യത്തോട് കൂടെ ഈ വൃന്ദത്തിന്റെ സാന്നിധ്യം ആസ്വദിച്ചുകൊണ്ട് നമുക്ക് ജീവിക്കാനായിട്ട് പരിശ്രമിക്കാം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമേൻ.


Leave a Reply