വിശുദ്ധ ആൻഡീസിലെ വിശുദ്ധ തെരേസാ: ഈശോയെ പ്രണയിച്ച ചിലിയിലെ യുവതി

ചിലിയിലെ സാന്റിയാഗോ നഗരത്തിൽ എല്ലാവർക്കും അവൾ “ജുവാനിറ്റ” ആയിരുന്നു. പ്രസന്നമായ പുഞ്ചിരിയും ജീവിതോത്സാഹവും നിറഞ്ഞ ഒരു പെൺകുട്ടി. കായികവിനോദങ്ങൾ ഇഷ്ടമായിരുന്നു. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുമായിരുന്നു. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുമായിരുന്നു. 1900 ജൂലൈ 13-ന് സമ്പന്നമായ ഒരു കുടുംബത്തിലാണ് അവൾ ജനിച്ചത്. സുഖസൗകര്യങ്ങളും സാമൂഹിക അംഗീകാരവും നിറഞ്ഞ ഒരു ജീവിതം അവളെ കാത്തിരിക്കുകയാണെന്ന് എല്ലാവരും കരുതി.

എന്നാൽ ദൈവം അവൾക്കായി മറ്റൊരു കഥ എഴുതിയിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ ജുവാനിറ്റയുടെ ഹൃദയം ഈശോയ്ക്കായിരുന്നു. 1910 സെപ്റ്റംബർ 11-ന് അവൾ ആദ്യ കുർബാന സ്വീകരിച്ച ദിവസം അവളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അന്നുമുതൽ ഈശോ അവൾ പഠിച്ച ഒരു മതപഠനക്ലാസ്സിലെ ദൈവം മാത്രമായിരുന്നില്ല ; അവളുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറി. അവളുടെ ഓരോ ദിവസവും, ഓരോ പ്രാർത്ഥനയും, ഓരോ ത്യാഗവും അവനുവേണ്ടിയായി.

ഈശോയോടുള്ള സ്നേഹം മനുഷ്യരോടുള്ള അവളുടെ പെരുമാറ്റത്തിലും തെളിഞ്ഞു. വീട്ടിലെ ജോലിക്കാരെ അവൾ ഒരിക്കലും താഴ്ന്നവരായി കണ്ടില്ല. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹത്തോടെയും ആദരവോടെയും അവരോട് പെരുമാറി. ദരിദ്രരായ കുട്ടികൾക്ക് മതബോധനം നടത്തി. സഹായം ആവശ്യമുള്ളവരുടെ കൈപിടിച്ചു. കാരണം അവൾക്ക് അറിയാമായിരുന്നു—ഈശോയെ സ്നേഹിക്കുക എന്നത് അവൻ സൃഷ്ടിച്ച ഓരോ മനുഷ്യനെയും സ്നേഹിക്കുകയാണെന്ന്.

എന്നാൽ വീട്ടിലെ ജീവിതം എല്ലായ്പ്പോഴും സന്തോഷകരമായിരുന്നില്ല. സാമ്പത്തിക നഷ്ടങ്ങൾ കുടുംബത്തെ പ്രതിസന്ധിയിലാക്കി. ഒരു സഹോദരൻ വിശ്വാസത്തിൽനിന്ന് അകന്നു. മറ്റൊരാൾ അശ്രദ്ധമായ ജീവിതം നയിച്ചു. കുടുംബത്തിൽ നിരാശയും സംഘർഷങ്ങളും വർധിച്ചു.

ആ പ്രതിസന്ധികൾക്കിടയിൽ ജുവാനിറ്റ ഒരു സമാധാനദൂതയായി മാറി. അവളുടെ പ്രാർത്ഥനയും സ്നേഹവും ക്ഷമയും കുടുംബത്തിന് ആശ്വാസവും പ്രത്യാശയും നൽകി.

പ്രായം കൂടുന്തോറും അവളുടെ ഹൃദയത്തിൽ മറ്റൊരു തീ ജ്വലിച്ചു. ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യോ , വിശുദ്ധ കൊച്ചുത്രേസ്യോ, പരിശുദ്ധ ത്രിത്വത്തിൻ്റെ വിശുദ്ധ എലിസബത്ത് എന്നിവരുടെ ആത്മീയഗ്രന്ഥങ്ങൾ വായിച്ചപ്പോൾ പ്രാർത്ഥന ദൈവത്തോടുള്ള സ്നേഹസംഭാഷണമാണെന്ന് അവൾ തിരിച്ചറിഞ്ഞു. അവരെപ്പോലെ പൂർണ്ണമായും ക്രിസ്തുവിന് സ്വന്തമാകണമെന്ന് അവളുടെ ആത്മാവ് ആഗ്രഹിച്ചു.

ഒരു ദിവസം അവൾ തന്റെ ഹൃദയത്തിന്റെ രഹസ്യം തുറന്നു പറഞ്ഞു:

“ക്രിസ്തു എന്റെ ഹൃദയം പൂർണ്ണമായും കീഴടക്കിക്കഴിഞ്ഞു.”

ആ നിമിഷം മുതൽ അവളുടെ ജീവിതം ഒരേയൊരു ലക്ഷ്യത്തിലേക്ക് നീങ്ങി.

എങ്കിലും ആ വഴി എളുപ്പമായിരുന്നില്ല. തിരുഹൃദയ സന്യാസിനിയാകണമോ, അതോ കർമ്മലീത്താ സന്യാസിനിയാകണമോ എന്ന ആശയക്കുഴപ്പം അവൾക്കുണ്ടായിരുന്നു. സന്യാസജീവിതം സ്വീകരിക്കാനുള്ള അവളുടെ തീരുമാനമറിഞ്ഞപ്പോൾ കുടുംബാംഗങ്ങൾ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അമ്മ പലവിധത്തിൽ അവളുടെ മനസ്സുറപ്പ് പരീക്ഷിച്ചു. സഹോദരന്മാർ വീട്ടിൽ തന്നെ തുടരാൻ അഭ്യർഥിച്ചു.

പക്ഷേ ജുവാനിറ്റ ഒരിക്കലും തർക്കിച്ചില്ല. പുഞ്ചിരിയോടെയും ശാന്തതയോടെയും അവൾ പറഞ്ഞു: ദൈവം വിളിക്കുന്നുണ്ടെങ്കിൽ അവിടുന്ന് വഴിയും തുറന്നുതരും.

അവസാനം അവൾ ആൻഡീസിലെ കർമ്മലീത്താ മഠം സന്ദർശിച്ചു. അവിടുത്തെ സന്യാസിനികളുടെ ലാളിത്യവും സന്തോഷവും സഹോദരസ്നേഹവും അവളുടെ എല്ലാ സംശയങ്ങളും മാറ്റിക്കളഞ്ഞു.

1919 മെയ് 7-ന് അവൾ മഠത്തിൽ പ്രവേശിച്ചു. അവിടെ അവൾക്ക് പുതിയൊരു പേര് ലഭിച്ചു— ഈശോയുടെ സിസ്റ്റർ തെരേസാ

മഠജീവിതം ലളിതമായിരുന്നു. പ്രാർത്ഥനയും മൗനവും അധ്വാനവും സഹോദരസ്നേഹവും നിറഞ്ഞ ദിനങ്ങൾ. അതോടൊപ്പം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും അവൾ എഴുതിയ കത്തുകൾ അനേകരുടെ ജീവിതത്തിൽ വെളിച്ചമായി. ദൈവത്തിൽ വിശ്വസിക്കാനും സന്തോഷത്തോടെയും നന്ദിയോടെയും ജീവിക്കാനും അവൾ അവരെ പ്രോത്സാഹിപ്പിച്ചു.

എന്നാൽ ദൈവം അവൾക്കായി ഒരുക്കിയിരുന്നത് ഇതിലും മഹത്തായൊരു സമ്മാനമായിരുന്നു.

1920-ലെ വലിയ ആഴ്ചയിൽ സിസ്റ്റർ തെരേസ ഗുരുതരമായി രോഗബാധിതയായി. തന്റെ ജീവിതം അവസാനിക്കുകയാണെന്ന് മനസ്സിലാക്കിയ അവൾ രോഗശയ്യയിൽ കിടന്നുകൊണ്ട് തന്നെ നിത്യവ്രതം ചെയ്തു. പുഞ്ചിരിയോടെയും അതിയായ സമാധാനത്തോടെയും അവൾ തന്റെ ജീവിതം മുഴുവൻ ഈശോയ്ക്ക് സമർപ്പിച്ചു.

1920 ഏപ്രിൽ 12-ന്, വെറും 19-ാം വയസ്സിൽ, ബാല്യംമുതൽ സ്നേഹിച്ച തന്റെ ദിവ്യവരനെ നേരിൽ കാണാൻ അവൾ നിത്യതയിലേക്ക് യാത്രയായി.

അവളുടെ ഭൂമിയിലെ ജീവിതം വളരെ ചെറുതായിരുന്നു. എന്നാൽ ആ ജീവിതത്തിന്റെ പ്രകാശം ഇന്നും അണഞ്ഞിട്ടില്ല.

ഇന്ന് ചിലിയിലും ലാറ്റിൻ അമേരിക്കയിലുമുള്ള ആയിരക്കണക്കിന് തീർഥാടകർ ആൻഡീസിലുള്ള വിശുദ്ധ തെരേസയുടെ തീർഥാടനകേന്ദ്രത്തിലെത്തി അവളെപ്പോലെ ഈശോയുമായുള്ള സൗഹൃദവും സമാധാനവും സന്തോഷവും കണ്ടെത്തുന്നു.

1993-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ, സഭ ലോകത്തോട് പ്രഖ്യാപിച്ചത് ഇതായിരുന്നു: ഈശോയെ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ച ഈ യുവ കർമ്മലീത്താ സന്യാസിനി ഇന്ന് ലോകത്തിനാകെ വിശുദ്ധിയുടെ പ്രകാശമാണ്.

വിശുദ്ധി എന്നത് ദീർഘായുസ്സല്ല; ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്ന ജീവിതമാണ്. ഈശോയ്ക്ക് പൂർണ്ണമായി സമർപ്പിക്കപ്പെട്ട ഒരു ഹൃദയത്തിന് ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് ആൻഡീസിലെ വിശുദ്ധ തെരേസയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading