ലെല്ലിസിലെ വിശുദ്ധ കമില്ലസ് : സ്വന്തം നിഴൽപോലും മറ്റുള്ളവർക്ക് ദാനമായി നൽകിയ വിശുദ്ധൻ

ചില മനുഷ്യരുടെ ജീവിതം ഒരു സുവിശേഷമാണ്. അവർ പറയുന്ന വാക്കുകളേക്കാൾ ശക്തമായി അവരുടെ ജീവിതം സംസാരിക്കും. അത്തരത്തിൽ ലോകത്തെ ഇന്നും പ്രചോദിപ്പിക്കുന്ന ഒരു ജീവിതമാണ് വിശുദ്ധ കമില്ലസ് ദെ ലെല്ലിസിന്റെത്.

1550-ലെ വിശുദ്ധ ജൂബിലി വർഷത്തിൽ, പെന്തക്കോസ്ത് തിരുനാളിൽ , ഇറ്റലിയിലെ അഡ്രിയാറ്റിക് കടൽത്തീരത്തുള്ള ബുക്കിയാനിക്കോ എന്ന ചെറു ഗ്രാമത്തിൽ ഒരു കുഞ്ഞ് ജനിച്ചു. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഏകമകനായിരുന്നു അവൻ. മാതാപിതാക്കൾ അവന് കമില്ലസ് എന്ന് പേരിട്ടു. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാൽ ഈ കുഞ്ഞ് ഒരുനാൾ ലോകമെമ്പാടുമുള്ള രോഗികളുടെ മധ്യസ്ഥനും കത്തോലിക്കാ സഭയുടെ മഹാനായ വിശുദ്ധനുമായി മാറുമെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല.

സൈനികനായിരുന്ന പിതാവിന്റെ ധീരതയും ഉറച്ച മനസ്സും കമില്ലസിന് പാരമ്പര്യമായി ലഭിച്ചു. എന്നാൽ ചെറുപ്പത്തിലേ ജീവിതം അവനെ കഠിനമായി പരീക്ഷിച്ചു. മാതാപിതാക്കൾ രണ്ടുപേരും മരണമടഞ്ഞു. അനാഥനായ കമില്ലസിന് ലോകത്ത് തുണയായി ആരുമില്ലാതെയായി. അതിനിടയിൽ കാലിൽ വന്ന ഒരു മുറിവ് ഒരിക്കലും പൂർണമായി ഭേദമായില്ല. ജീവിതകാലം മുഴുവൻ ആ മുറിവ് അവന്റെ കൂട്ടുകാരനായി.

ചികിത്സ തേടി അവൻ റോമിലെത്തി. മുറിവ് സുഖപ്പെടുമായിരുന്നു; ശ്രദ്ധിക്കാത്തതിനാൽ പല തവണ മുറിവ് തുറക്കുകയും വിണ്ടും വച്ചുകെട്ടുകയും ചെയ്തു വന്നു . എന്നാൽ ശരീരത്തിലെ മുറിവിനേക്കാൾ അപകടകാരിയായ മറ്റൊരു മുറിവ് അവന്റെ ജീവിതത്തിൽ രൂപപ്പെട്ടു—ചൂതാട്ടാസക്തി. സമ്പാദിച്ചതെല്ലാം ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തി. ചിലപ്പോൾ ധരിച്ചിരുന്ന വസ്ത്രംപോലും പന്തയം വെച്ച് നഷ്ടപ്പെടുത്തിയ ദിവസങ്ങളുണ്ടായിരുന്നു.

ഒരു പുതിയ ജീവിതം തേടി അവൻ സൈന്യത്തിൽ ചേർന്നു. യുദ്ധഭൂമിയിൽ ധൈര്യത്തോടെ പോരാടി. പക്ഷേ യുദ്ധത്തിൽ നേടിയതെല്ലാം ചൂതാട്ടമേശയിൽ നഷ്ടമായി. ഒടുവിൽ ഭക്ഷണത്തിനായി ഭിക്ഷ ചോദിക്കേണ്ട അവസ്ഥയിലെത്തി.

അങ്ങനെ ജീവിതം തകർന്നുപോയ ഒരു ദിവസം, ഒരു കപ്പുചിൻ ആശ്രമത്തിൽ കെട്ടിടപ്പണിക്കാരനായി ജോലി ലഭിച്ചു. അതായിരുന്നു അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം.

ഒരു ദിവസം ഒരു ആശ്രമത്തിൽ നിന്ന് മറ്റൊന്നിലേക്ക് നടന്നു പോകുമ്പോൾ ദൈവം അവനെ കണ്ടുമുട്ടി. അത് ഒരു സാധാരണ നിമിഷമായിരുന്നില്ല. ദൈവത്തിന്റെ കൃപ അവന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. വഴിമധ്യേ മുട്ടുകുത്തി അവൻ പൊട്ടിക്കരഞ്ഞു. തന്റെ ഭൂതകാലത്തെ ഓർത്ത് പശ്ചാത്തപിച്ചു. അന്നുമുതൽ ജീവിതം മുഴുവൻ ദൈവത്തിനായി സമർപ്പിക്കാമെന്ന് തീരുമാനിച്ചു.

കപ്പുചിൻ സന്യാസസഭയിൽ ചേരാൻ അവൻ ആഗ്രഹിച്ചു. എന്നാൽ ഓരോ തവണയും പ്രവേശിക്കാൻ തുടങ്ങുമ്പോഴും കാലിലെ പഴയ മുറിവ് വീണ്ടും തുറന്നു. മൂന്നു തവണ ശ്രമിച്ചു; മൂന്നു തവണയും മടങ്ങേണ്ടിവന്നു. പരാജയമായി തോന്നിയ ആ അനുഭവങ്ങൾ യഥാർത്ഥത്തിൽ ദൈവത്തിന്റെ പദ്ധതിയായിരുന്നു. കാരണം ദൈവം അവനെ ആശ്രമത്തിൻ്റെ . ചുമരുകൾക്കുള്ളിലല്ല, മനുഷ്യവേദനയുടെ നടുവിലേക്കാണ് വിളിച്ചിരുന്നത്.

റോമിലേക്ക് തിരിച്ചെത്തിയ കമില്ലസ് ആശുപത്രികളിൽ സേവനം ആരംഭിച്ചു.

അന്നത്തെ ആശുപത്രികൾ ഇന്നത്തെപ്പോലെ ആയിരുന്നില്ല. ശുചിത്വമില്ല, പരിചരണമില്ല, രോഗികളെ ആശ്വസിപ്പിക്കാൻ ആരുമില്ല. മരണമുഖത്തുള്ളവർ പലപ്പോഴും ഒറ്റയ്ക്കായിരുന്നു. ഈ കാഴ്ചകൾ കമില്ലസിന്റെ ഹൃദയം തകർത്തു.

അദ്ദേഹം രോഗികളെ കഴുകി വൃത്തിയാക്കി. ഭക്ഷണം കൊടുത്തു. മുറിവുകൾ കെട്ടി. മരണാസന്നരായവരുടെ കൈ പിടിച്ച് പ്രാർത്ഥിച്ചു. അവസാന നിമിഷങ്ങളിൽ അവർ ഒറ്റപ്പെട്ടവരല്ലെന്ന് അവരെ ബോധ്യപ്പെടുത്തി.

കാരണം, ഓരോ രോഗിയിലും അദ്ദേഹം ക്രിസ്തുവിനെ കണ്ടു.

മറ്റുള്ളവർ മഹാമാരിയെ ഭയന്ന് ഓടിപ്പോയപ്പോൾ കമില്ലസ് രോഗികളുടെ അരികിലേക്ക് ഓടി. പ്ലേഗ് ബാധിച്ചവരെ ആരും തൊടാൻ മടിച്ചപ്പോൾ അദ്ദേഹം അവരെ സ്വന്തം കൈകളിൽ എടുത്തു. അദ്ദേഹത്തോടൊപ്പം സേവനം ചെയ്ത പലരും രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരിക്കെ മരണത്തിനു കീഴടങ്ങി. എങ്കിലും കമില്ലസ് പിന്നോട്ടു നോക്കിയില്ല.

രോഗികളെ ശുശ്രൂഷിക്കാൻ ജീവിതം സമർപ്പിക്കുന്ന ഒരു സമൂഹം കമില്ലസ് ആരംഭിച്ചു. പിന്നീട് അവർ കമില്ലിയൻ സന്യാസികൾ എന്ന പേരിൽ അറിയപ്പെട്ടു. അവരുടെ കറുത്ത വസ്ത്രത്തിനുമുകളിൽ ധരിച്ചിരുന്ന വലിയ ചുവന്ന കുരിശ് ഇന്നും ലോകമെമ്പാടുമുള്ള ആശുപത്രികളിൽ സ്നേഹത്തിന്റെ അടയാളമായി നിലകൊള്ളുന്നു.

കമില്ലസ് തന്റെ സഹോദരന്മാരോട് ഒരു കാര്യം മാത്രം പഠിപ്പിച്ചു:

“രോഗിയെ ഒരു രോഗിയായി കാണരുത്. അവനിൽ ക്രിസ്തുവിനെ കാണുക.”

അതിനാൽ ഓരോ ആശുപത്രിമുറിയും അദ്ദേഹത്തിന് ദൈവാലയമായിരുന്നു. ഓരോ രോഗിയുടെ കിടക്കയും ഒരു ബലിപീഠമായിരുന്നു. രോഗിയെ പരിചരിക്കുന്നത് അദ്ദേഹത്തിന് ഒരു ജോലി മാത്രമല്ല; വിശുദ്ധ കുർബാന അർപ്പിക്കുന്നതുപോലെ വിശുദ്ധമായ ഒരു ആരാധനയായിരുന്നു.

സ്വന്തം ശരീരം രോഗങ്ങളാൽ തകർന്നിരുന്നെങ്കിലും അദ്ദേഹം വിശ്രമിച്ചില്ല. കാലിലെ മുറിവ്, ഹെർണിയ, ശരീരത്തിലെ വേദനകൾ, ദുർബലമായ ആരോഗ്യം—ഇവയൊന്നും അദ്ദേഹത്തെ രോഗി സേവനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല. ഭക്ഷണം കഴിക്കാനും ഉറങ്ങാനും പോലും സമയം കണ്ടെത്താതെ അദ്ദേഹം രോഗികൾക്കൊപ്പം ജീവിച്ചു.

റോമിലെ തെരുവുകളിൽ കിടന്നിരുന്ന ദരിദ്രരെയും രോഗികളെയും അദ്ദേഹം സ്വന്തം കൈകളാൽ എടുത്തുയർത്തി. തന്റെ മേലങ്കി അവരെ പുതപ്പിച്ചു. “ഇവർ ദരിദ്രരല്ല; ക്രിസ്തുവിന്റെ ശരീരാംഗങ്ങളാണ്,” എന്ന് അദ്ദേഹം പറയുമായിരുന്നു. ദരിദ്രർക്കായി വസ്ത്രങ്ങൾ തുന്നുന്ന തയ്യൽക്കാരോട് അദ്ദേഹം പറയുമായിരുന്നു: “നിങ്ങൾ സാധാരണ വസ്ത്രങ്ങളല്ല തുന്നുന്നത്; യേശുവിന് ധരിക്കാനുള്ള വിശുദ്ധ വസ്ത്രങ്ങളാണ്.”

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു സംഭവം ഇന്നും ഹൃദയത്തെ സ്പർശിക്കുന്നു.

ഒരു ദിവസം കൊടുംവെയിലിൽ ഒരു പുതിയ ശിഷ്യനോടൊപ്പം അദ്ദേഹം നടന്നു പോകുകയായിരുന്നു. സൂര്യന്റെ ചൂടിൽ ശിഷ്യൻ. വലയുന്നത് കണ്ടപ്പോൾ കമില്ലസ് പറഞ്ഞു:

“സഹോദരാ, എന്റെ പിന്നിൽ നടന്നോളൂ. ഞാൻ ഉയരമുള്ളവനാണ്. എന്റെ നിഴൽ നിന്നെ വെയിലിൽ നിന്ന് രക്ഷിക്കും.”

അതിനുശേഷം സൂര്യന്റെ ദിശ അനുസരിച്ച് അദ്ദേഹം തന്റെ നടപ്പ് മാറ്റി, തന്റെ നിഴൽ മുഴുവൻ നവശിഷ്യന്റെ മേൽ വീഴുന്നുവെന്ന് ഉറപ്പാക്കി.

ആ ദിവസം സ്വന്തം നിഴൽപോലും മറ്റൊരാൾക്ക് സമ്മാനിക്കാൻ കഴിഞ്ഞതിൽ കമില്ലസ് അതിയായ സന്തോഷം അനുഭവിച്ചു.

അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശുദ്ധി.

നാല്പത് വർഷം രോഗികൾക്കുവേണ്ടി കത്തിജ്വലിച്ച ആ ജീവിതം ഒടുവിൽ സ്വർഗ്ഗീയ ആരാധനയിൽ തിരിയാകാൻ സമയമായി. 1614 ജൂലൈ 14-ന്, അറുപത്തിനാലാം വയസ്സിൽ, “എന്റെ യഥാർത്ഥ നാട് സ്വർഗ്ഗമാണ്” എന്ന് പറയാറുണ്ടായിരുന്ന കമില്ലസ് ദൈവസന്നിധിയിലേക്ക് യാത്രയായി.

അദ്ദേഹത്തിന്റെ മരണവാർത്ത റോമിൽ കാട്ടുതീ പോലെ പടർന്നു. ജനങ്ങൾ അന്നുതന്നെ അദ്ദേഹത്തെ വിശുദ്ധനായി ആദരിച്ചു. പിന്നീട് സഭയും അതിന് അംഗീകാരം നൽകി. 1742-ൽ പോപ്പ് ബെനഡിക്ട് പതിനാലാമൻ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1746 ജൂൺ 29-ന് അതേ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു..

1886-ൽ പോപ്പ് ലിയോ പതിമൂന്നാമൻ, വിശുദ്ധ ജോൺ ഓഫ് ഗോഡിനൊപ്പം, വിശുദ്ധ കമില്ലസിനെ രോഗികളുടെ മദ്ധ്യസ്ഥനും കത്തോലിക്കാ ആശുപത്രികളുടെ സംരക്ഷകനുമായി പ്രഖ്യാപിച്ചു.

ഇന്നും റോമിലെ വിശുദ്ധ മേരി മഗ്ദലേന ദേവാലയത്തിൽ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകളും അഴുകാത്ത ഹൃദയവും ഭക്തിപൂർവ്വം വണങ്ങപ്പെടുന്നു.

വിശുദ്ധ കമില്ലസിന്റെ ജീവിതം നമ്മെ ഒരു വലിയ സത്യം പഠിപ്പിക്കുന്നു. വിശുദ്ധി അത്ഭുതങ്ങൾ ചെയ്യുന്നതിലല്ല; കഷ്ടപ്പെടുന്ന മനുഷ്യനിൽ ക്രിസ്തുവിനെ കാണുന്നതിലാണ്. മറ്റുള്ളവരുടെ വേദനയെ സ്വന്തം വേദനയായി ഏറ്റെടുക്കുന്നതിലാണ്.

സ്നേഹിക്കാൻ പഠിച്ച ഒരു ഹൃദയം ലോകത്തെ മാറ്റാൻ കഴിയും. സ്വന്തം നിഴൽപോലും മറ്റൊരാൾക്ക് ദാനമായി നൽകാൻ കഴിയുന്ന ഹൃദയമാണ് യഥാർത്ഥത്തിൽ വിശുദ്ധിയുടെ ഹൃദയം.

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading