എൻ്റെ ചെറുപ്പം മുതലേ തിടനാട് പള്ളിയിലെ കപ്യാരാണ് ജോസ് ചേട്ടൻ. ഒരു ഇടവക വികാരിയുടെ ടൈം ടേബിൾ തീരുമാനിക്കുന്നത് ഇടവകക്കാരാണ് എങ്കിൽ ഒരു കപ്യാരിൻ്റെ മൊത്തം ജീവിതം നിയന്ത്രിക്കുന്നത് ഇടവക ജനമാണ്. ഒരു ഉദാഹരണം പറഞ്ഞാൽ പതിനൊന്നു മണിക്ക് മനസമ്മതം ഉണ്ടെങ്കിൽ കപ്യാർ പത്തു മണിക്കെങ്കിലും പള്ളിയിൽ ഉണ്ടാവണം. ഈ പറഞ്ഞ സമയത്ത് നടന്ന മനസമ്മതങ്ങൾ സഭാ ചരിത്രത്തിൽ തീരെ കുറവാണ്. കോ ഓർഡിനേറ്റർ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ അവസാനം പള്ളിയിൽ നിന്ന് മടങ്ങിയ ആളായിരുന്നു ജോസ് ചേട്ടൻ. ആ മടക്കം സന്ധ്യാ മണി അടിക്കാനും വൈകുന്നേരം കുരിശ് വരയ്ക്കാനും വേണ്ടി തിരിച്ച് വരാൻ വേണ്ടിയാണ്. കൂദാശകൾ പരികർമ്മം ചെയ്ത വൈദികർക്ക് തന്നെ നന്ദി ലഭിക്കുന്നത് അപൂർവ്വമാണെങ്കിൽ ഒരു കപ്യാരച്ചനു നന്ദി ലഭിക്കുന്നത്…..

വെള്ളയും വെള്ളയും

ജോസ് ചേട്ടൻ്റെ കറുത്ത താടി പോലെ അദ്ദേഹത്തിൻ്റെ വെള്ള വസ്ത്രവും നമ്മുടെ ഉള്ളിൽ നിറയുന്നുണ്ട്. ഒരു ഈസ്റ്ററിന് ഞാനും അമ്മയും വെളുപ്പിന് ഒന്നരയ്ക്ക് ചെന്നപ്പോഴും ജോസ് ചേട്ടൻ്റെ അൾത്താരയിൽ എല്ലാം സെറ്റ്. അവസാന നിമിഷം ഓടി വന്ന് എല്ലാം ചെയ്യുന്ന ഒരാൾ ആയിരുന്നില്ല അദ്ദേഹം. മറിച്ച് എല്ലാം കാലേ കൂട്ടി ചെയ്യുന്ന ഒരാൾ.

സ്വയം ചെയ്യുക

കുറെ കപ്യാരുമാരെ പല പള്ളികളിൽ കണ്ടപ്പോഴാണ് ജോസ് ചേട്ടൻ്റെ സവിശേഷതകൾ തിരിച്ചറിയാൻ സാധിച്ചത്. ഒരിക്കലും തൻ്റെ ശുശ്രൂഷകൾ അദ്ദേഹം കുട്ടികളെ ഏല്പിച്ചില്ല. മറിച്ച് എല്ലാ ജോലികളും സമയമെടുത്തു ചെയ്തു. വൃത്തിയും വെടുപ്പും കുലീനതയും പരിസരത്തിന് ഉണ്ടെന്ന് ഉറപ്പു വരുത്തി. അൾത്താര ശുശ്രൂഷി എന്ന രീതിയിൽ വ്യാപരിച്ചപ്പോഴും നല്ല ഭക്തിപൂർവ്വം പ്രാർത്ഥനകൾ ചൊല്ലി. കൂവാത്ത മൈക്കും
വൃത്തിയുള്ള പരിസരവും
നമ്മൾ ഓർക്കാൻ സാധ്യതയില്ല. കാരണം എല്ലാം ചിട്ടയിൽ നടക്കുമ്പോൾ കാരണഭൂതർ വിസ്‌മരിക്കപ്പെടും.

ഉത്തരവാദിത്വം അറിയാവുന്നയാൾ

ഒരു തവണ രോഗീലേപനം കൊടുക്കാൻ വേണ്ടി പോയ വണ്ടിയിലെ വീട്ടുകാരൻ ഒരു സിനിമാ ഗാനം വണ്ടിയിൽ വെച്ചപ്പോൾ അദ്ദേഹത്തെ വഴക്കു പറഞ്ഞ തിരുത്തിയ ജോസ് ചേട്ടൻ്റെ ചിത്രം എൻ്റെ ഓർമയിൽ തെളിയുന്നു. അദ്ദേഹത്തിന് സ്വന്തം ഉത്തരവാദിത്വം നന്നായി അറിയാമായിരുന്നു. അൾത്താര ബാലനായിരുന്ന കാലഘട്ടങ്ങളിൽ അദ്ദേഹം ഒത്തിരി കാര്യങ്ങൾ ഞങ്ങളെയെല്ലാം പഠിപ്പിച്ചിട്ടുണ്ട്. ആ പരിസരത്തിന് ഒരു ഗൗരവം അദ്ദേഹം ഉറപ്പു വരുത്തിയിരുന്നു.

വർഷങ്ങളുടെ ശുശ്രൂഷ

ഒരു വികാരിയച്ചൻ തൻ്റെ ഇടവകയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ഓർമകൾ മാത്രം അവശേഷിപ്പിച്ച് മടങ്ങുന്നതു പോലെ ജോസു ചേട്ടനും തൻ്റെ ശുശ്രൂഷ അവസാനിപ്പിച്ചു. പുറത്തു നിന്ന് നോക്കുമ്പോൾ നമുക്കീ ശുശ്രൂഷ വളരെ എളുപ്പമായി തോന്നാം. എന്നാൽ സമയത്ത് മുമ്പ് എല്ലാം ചെയ്യുക എന്ന വലിയ കടമയിൽ സ്വന്തം ജീവിതത്തിൽ ചെയ്യേണ്ട അനേകം കാര്യങ്ങൾ വേണ്ടായെന്ന് വച്ചയാളാണ് ജോസ് ചേട്ടൻ. അദ്ദേഹത്തിൻ്റെ കൗമാരവും യൗവനവും മധ്യാഹ്‌നവും ഇടവക ജനത്തിന് അനേകം നൻമയ്ക്ക് കാരണമായി എന്നതിൽ സംശയമില്ല. അദ്ദേഹം അനേകം നൻമ പ്രവൃത്തികൾക്ക് സാക്ഷിയായിത്തീർന്നയാളാണ്. എത്ര വീടു വെഞ്ചരിപ്പുകൾ, വിവാഹങ്ങൾ, മരിച്ചടക്കുകൾ…. ആ ഓട്ടം ആരോഗ്യം അനുവദിക്കുന്നതു വരെ തുടർന്നു കൊണ്ടേയിരുന്നു. ആ ശുശ്രൂഷയ്ക്ക് പ്രതി സമ്മാനമായി ഒരു മകളെ ഈശോ ദൈവവിളി നൽകി അനുഗ്രഹിക്കുകയും ചെയ്തു. (സി. സിൽഹിയ DSFS) നിരവധി വൈദികർക്ക് അദ്ദേഹം കൂട്ടായി നിന്നു. എന്നെ പോലെയുള്ള അൾത്താര ബാലൻ മാർക്ക് മാർഗദർശിയായി നിന്നു. അനേകം തവണ കണ്ട തിടനാട് പള്ളിയുടെ അൾത്താര ജോസ് ചേട്ടൻ ഇനി സ്വർഗത്തിൽ നിന്ന് ദർശിക്കട്ടെ എന്ന പ്രാർത്ഥന നമുക്കും
ചൊല്ലാം.

“ഞാൻ ലക്ഷ്യത്തിലേക്ക്, ദൈവം ഒരുക്കിയ വിളിയുടെ സമ്മാനത്തിനായി, ഓടുന്നു.”
(ഫിലിപ്പി 3: 14)

✍ ജിൻസൺ ജോസഫ് മുകളേൽ CMF

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading