1794 ജൂലൈ 17. ഫ്രഞ്ച് വിപ്ലവത്തിന്റെ ഏറ്റവും ക്രൂരമായ ഘട്ടമായ “ഭീകരഭരണകാലം” (Reign of Terror) അവസാനത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ദിവസങ്ങൾ. പാരീസിലെ ഗില്ലറ്റിൻ വീണ്ടും ഒരു കൂട്ടം നിരപരാധികളുടെ രക്തത്തിനായി കാത്തുനിന്നു. എന്നാൽ അന്ന് മരണത്തിലേക്ക് നടന്നുചെന്ന പതിനാറ് സ്ത്രീകൾ ഭയത്തോടെയല്ല, മറിച്ച് പ്രാർത്ഥനയോടും സമാധാനത്തോടും പാട്ടോടുമായിരുന്നു.

അവർ 11 നിഷ്പാദുക കർമ്മലീത്താ സഭയിലെ സന്യാസിനികളും, മൂന്ന് സഹോദരിമാരും , രണ്ട് കർമ്മലീത്താ മൂന്നാം സഭയിലെ അംഗങ്ങളുമായിരുന്നു. ലോകം അവരെ ഇന്ന് “കോംപിയേൻ രക്തസാക്ഷികൾ” എന്ന പേരിൽ ആദരിക്കുന്നു.

ഫ്രാൻസിലെ കോംപിയേൻ കർമ്മലീത്താ മഠത്തിലാണ് അവർ ജീവിച്ചിരുന്നത്. എന്നാൽ 1792-ൽ ഫ്രഞ്ച് വിപ്ലവ സർക്കാർ രാജ്യത്തെ എല്ലാ വനിതാ സന്യാസമഠങ്ങളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സെപ്റ്റംബർ 12-ന് അവരുടെ മഠം പിടിച്ചെടുക്കുകയും, സന്യാസിനികളെ അവിടെനിന്ന് പുറത്താക്കുകയും ചെയ്തു.

അവരുടെ മദർ സുപ്പീരിയറായ മദർ തെരേസ അതിയായ വിവേകത്തോടെ സഹോദരിമാരെ നഗരത്തിലെ നാല് വ്യത്യസ്ത വീടുകളിലായി താമസിപ്പിച്ചു. സന്യാസവസ്ത്രം ധരിക്കുന്നത് നിയമവിരുദ്ധമായതിനാൽ അവർ സാധാരണക്കാരുടെ വസ്ത്രം ധരിക്കേണ്ടിവന്നു. എന്നിരുന്നാലും, അവർ തങ്ങളുടെ സന്യാസജീവിതവും പ്രാർത്ഥനയും ഉപേക്ഷിച്ചില്ല. വ്യത്യസ്ത സ്ഥലങ്ങളിൽ താമസിച്ചെങ്കിലും അവർ ഒരേ ആത്മാവോടെയും ഒരേ വിശ്വാസത്തോടെയും ദൈവത്തിന് സമർപ്പിതരായി ജീവിച്ചു.

എന്നാൽ അധികം താമസിയാതെ അവർ പിടിക്കപ്പെട്ടു. രാജ്യദ്രോഹികളെന്ന വ്യാജാരോപണം ചുമത്തി വിചാരണ നടത്തി മരണശിക്ഷ വിധിച്ചു. അവരുടെ യഥാർത്ഥ കുറ്റം ഒന്നുമാത്രമായിരുന്നു—ക്രിസ്തുവിനോടും സഭയോടും തങ്ങളുടെ സമർപ്പിതജീവിതത്തോടും അവർ വിശ്വസ്തരായിരുന്നു.

1794 ജൂലൈ 17-ന് അവർ മരണത്തിലേക്ക് യാത്ര തിരിച്ചു. ഗില്ലറ്റിനിലേക്കുള്ള ഓരോ ചുവടും പ്രാർത്ഥനയായിരുന്നു. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഗാനങ്ങൾ ആലപിച്ചു. ഓരോരുത്തരും വീണ്ടും തങ്ങളുടെ സന്യാസവ്രതങ്ങൾ പുതുക്കി. മരണത്തിന്റെ മുമ്പിലും അവരുടെ മുഖത്ത് ഭയമല്ല, ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയായിരുന്നു.

അവരിൽ ഏറ്റവും പ്രായം കൂടിയത് 78 വയസ്സുള്ള സിസ്റ്റർ ക്രൂശിതനായ ഈശോയുടെ മേരി ആയിരുന്നു. സിസ്‌റ്ററിനെ വധിക്കാനെത്തിയവരോട് അവൾ പറഞ്ഞ വാക്കുകൾ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുന്നു:

“എന്റെ സുഹൃത്തുക്കളേ, ഞാൻ നിങ്ങളോട് ക്ഷമിക്കുന്നു. ദൈവം എന്നോട് ക്ഷമിക്കണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ നിങ്ങളെ പൂർണഹൃദയത്തോടെ ക്ഷമിക്കുന്നത്.”

അത് കുരിശിൽ നിന്നുകൊണ്ട് തന്റെ ശത്രുക്കളെ ക്ഷമിച്ച യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രതിധ്വനിയായിരുന്നു.

വധശിക്ഷയ്ക്കുശേഷം അവരുടെ ശരീരങ്ങളും തലകളും അന്നേ ദിവസം കൊല്ലപ്പെട്ട മറ്റ് 128 പേരോടൊപ്പം പാരീസിലെ പിക്‌പ്യൂസ് സെമിത്തേരിയിലെ ആഴമേറിയ ഒരു മണൽക്കുഴിയിൽ സംസ്കരിച്ചു. അതുകൊണ്ട് അവരുടെ തിരുശേഷിപ്പുകളൊന്നും ഇന്ന് ലഭ്യമല്ല. എന്നാൽ അവരുടെ വിശ്വാസവും രക്തസാക്ഷിത്വവും ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.

1906 മെയ് 27-ന് വിശുദ്ധ പീയൂസ് പത്താമൻ മാർപാപ്പ അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പിന്നീട്, 2024 ഡിസംബർ 18-ന് ഫ്രാൻസിസ് മാർപാപ്പ അവരെ വിശുദ്ധരായി പ്രഖ്യാപിച്ചതോടെ കോംപിയേൻ രക്തസാക്ഷികളുടെ സാക്ഷ്യം സാർവത്രികസഭയുടെ അമൂല്യ പൈതൃകമായി.

അവരുടെ ജീവിതം നമ്മെ ഒരു മഹത്തായ സത്യം പഠിപ്പിക്കുന്നു: ലോകം ആയുധങ്ങളാൽ ജയിക്കാൻ ശ്രമിക്കുമ്പോൾ, ദൈവം സ്നേഹത്തിലൂടെയും ക്ഷമയിലൂടെയും വിശ്വാസത്തിലൂടെയും വിജയിക്കുന്നു. മരണത്തിന് അവരുടെ ശരീരങ്ങളെ നശിപ്പിക്കാൻ കഴിഞ്ഞെങ്കിലും, ക്രിസ്തുവിലുള്ള അവരുടെ വിശ്വാസത്തെ തകർക്കാൻ കഴിഞ്ഞില്ല.

കോംപിയേൻ വിശുദ്ധ രക്തസാക്ഷികളേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading