സഭാചരിത്രത്തിലെ ഏറ്റവും വിസ്മയജനകമായ വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ വെറോണിക്ക ജൂലിയാനി. ക്രിസ്തുവിനോടുള്ള സ്നേഹം അവൾക്ക് ഒരു വികാരം മാത്രമായിരുന്നില്ല; അത് അവളുടെ ശ്വാസവും ഹൃദയമിടിപ്പും ജീവിതം തന്നെയുമായിരുന്നു. ക്രൂശിതനായ ഈശോയുടെ സ്നേഹത്തിൽ അവൾ അത്രമേൽ ലയിച്ചു ചേർന്നു, ഒടുവിൽ ആ സ്നേഹത്തിന്റെ മുദ്രകൾ അവളുടെ ശരീരത്തിലും ഹൃദയത്തിലും പതിഞ്ഞു.

1660 ഡിസംബർ 27-ന് ഇറ്റലിയിലെ ഉർബിനോയ്ക്കടുത്തുള്ള മെർക്കാറ്റെല്ലോ സുൽ മെറ്റൗറോ ( Mercatello sul Metauro ) എന്ന കൊച്ചു ഗ്രാമത്തിലാണ് ഉർസുല ജൂലിയാനി ജനിച്ചത്. അഞ്ചു പെൺമക്കളിൽ ഇളയവളായിരുന്ന അവൾക്ക് ബാല്യം മുതൽ ദൈവസ്നേഹത്തിന്റെ മൃദുസ്പർശം അനുഭവപ്പെട്ടിരുന്നു. ലോകം അവൾക്കായി വിവാഹജീവിതത്തിന്റെ സ്വപ്നങ്ങൾ നെയ്തപ്പോൾ, അവളുടെ ഹൃദയം കേട്ടത് ഒരൊറ്റ വിളി മാത്രമായിരുന്നു—”എന്നെ പൂർണ്ണമായി അനുഗമിക്കൂ.” പിതാവും പ്രാദേശിക മെത്രാനും ആദ്യം അവളുടെ ആഗ്രഹത്തെ എതിർത്തു. എന്നാൽ കണ്ണീരിൽ കുതിർന്ന അവളുടെ പ്രാർത്ഥന ഒടുവിൽ അവരുടെ ഹൃദയങ്ങളെ മൃദുവാക്കി. അങ്ങനെ അവൾ പെറുജിയ്ക്കു സമീപമുള്ള ചിത്താ ദി കാസ്റ്റെല്ലോയിലെ ( Città di Castello) കപ്പുചിൻ മഠത്തിൽ പ്രവേശിച്ച്, “വെറോണിക്ക” എന്ന നാമം സ്വീകരിച്ചു. കാൽവരിയിലേക്കുള്ള വഴിയിൽ ക്രിസ്തുവിന്റെ തിരുമുഖം തുടച്ച വെറോണിക്കയെപ്പോലെ, ജീവിതകാലം മുഴുവൻ ക്രിസ്തുവിന്റെ വേദനയിൽ പങ്കുചേരാനായിരുന്നു ദൈവം അവളെ വിളിച്ചത്.

ഏറ്റവും ദരിദ്രമായ മഠമായിരുന്നു അവൾ തിരഞ്ഞെടുത്തത്. ദാരിദ്ര്യവും നിശ്ശബ്ദതയും പ്രാർത്ഥനയും അവൾ തന്റെ ഏറ്റവും വലിയ സമ്പത്താക്കി മാറ്റി. ക്രൂശിതനായ ക്രിസ്തുവിനോട് ഒന്നാകുക എന്നത് മാത്രമായിരുന്നു അവളുടെ ഏകമോഹം. ആത്മീയജീവിതം വളർന്നപ്പോൾ അത്ഭുതകരമായ മിസ്റ്റിക് അനുഭവങ്ങൾ അവളെ തേടിയെത്തി. ക്രിസ്തുവിന്റെ തിരുമുറിവുകളായ പഞ്ചക്ഷതം അവളുടെ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ആ മഹത്തായ അനുഗ്രഹം പോലും അവൾക്ക് പ്രശംസയല്ല, അപമാനവും സംശയവുമാണ് സമ്മാനിച്ചത്. അവളുടെ അനുഭവങ്ങൾ പരിശോധിക്കാൻ സഭാധികാരികൾ അവളെ അമ്പത് ദിവസത്തോളം പൂർണ്ണ ഏകാന്തതയിൽ പാർപ്പിച്ചു. എന്നാൽ വെറോണിക്ക പരാതിപ്പെട്ടില്ല; സ്വയം പ്രതിരോധിച്ചതുമില്ല. കാരണം, ക്രൂശിന്റെ വഴിയിലൂടെ മാത്രമേ ഉയിർപ്പിന്റെ മഹത്വത്തിലേക്ക് എത്താൻ കഴിയൂ എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.

ജൂലിയാനയുടെ പ്രാർത്ഥനകൾ അതിശയകരമായിരുന്നു: “കർത്താവേ, എന്നെ ക്രൂശിക്കണമേ! പാപികൾക്കു പകരമായി ഞാൻ തന്നെ അർപ്പിക്കുന്നു.” പാപികളുടെ രക്ഷയ്ക്കുവേണ്ടി സ്വന്തം ജീവിതം ബലിയർപ്പിക്കാൻ സന്നദ്ധയായ ആത്മാവായിരുന്നു അവൾ. അവളുടെ മിസ്റ്റിക് അനുഭവങ്ങളിൽ ഏറ്റവും വിസ്മയിപ്പിക്കുന്നത് ഹൃദയവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്. തന്റെ ആത്മീയ ദിനക്കുറിപ്പിൽ അവൾ എഴുതുന്നു—ഒരു ദിവസം ക്രിസ്തു തന്റെ ഹൃദയം എടുത്ത്, പകരം സ്വന്തം തിരുഹൃദയം അവൾക്കു നൽകി. പിന്നീട് മഠത്തിലെ സഹോദരിമാർ അവളുടെ നെഞ്ചിൽ ആ “രണ്ടാമത്തെ ഹൃദയത്തിന്റെ” ശക്തമായ മിടിപ്പ് കേട്ടതായി സാക്ഷ്യപ്പെടുത്തി. ദൈവസ്നേഹത്തിന്റെ അഗ്നിയിൽ ജൂലിയാനയുടെ ശരീരം ജ്വലിക്കുമ്പോൾ, കൈകൾ വെള്ളത്തിൽ മുക്കി തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ വെള്ളം പോലും ചൂടായി മാറുമായിരുന്നു. ഇന്നു കേൾക്കുമ്പോൾ ഇവയെല്ലാം അവിശ്വസനീയമായി തോന്നാം. എന്നാൽ വെറോണിക്ക ഒരിക്കലും അത്ഭുതങ്ങൾ അന്വേഷിച്ചിരുന്നില്ല; അവൾ അന്വേഷിച്ചത് ക്രിസ്തുവിനെ മാത്രമായിരുന്നു.

മരണശേഷം നടന്ന ഒരു സംഭവം എല്ലാവരെയും വിസ്മയിപ്പിച്ചു. നഗരത്തിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ വെറോണിക്കയുടെ ഹൃദയം പരിശോധിച്ചപ്പോൾ, അതിൽ അത്ഭുതകരമായി കുരിശ്, മുള്ളുകിരീടം, ആണികൾ, കുന്തം, ചുറ്റിക, ക്രിസ്തുവിന്റെ വിജയപതാക, ദൈവസ്നേഹത്തിന്റെയും അയൽസ്നേഹത്തിന്റെയും രണ്ട് ജ്വാലകൾ, വ്യസനമാതാവിന്റെ ഏഴ് വാളുകൾ, യേശുവിന്റെയും മറിയത്തിന്റെയും വിശുദ്ധനാമങ്ങളുടെ അടയാളങ്ങൾ എന്നിവ പതിഞ്ഞിരിക്കുന്നതായി കണ്ടെത്തി. അവളുടെ ജീവിതം മുഴുവൻ ഹൃദയത്തിൽ പതിഞ്ഞിരുന്നത് ക്രിസ്തുവായിരുന്നു; അതുകൊണ്ടാണ് വെറോണിക്കയുടെ ഹൃദയത്തിലും ക്രിസ്തുവിന്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടത്.

1727 ജൂലൈ 9-ന്, മുപ്പത്തിമൂന്ന് ദിവസത്തെ രോഗപീഡകൾക്കൊടുവിൽ, അവൾ തന്റെ പ്രിയതമനായ കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി. അവസാന നിമിഷങ്ങളിൽ വെറോണിക്ക പറഞ്ഞ വാക്കുകൾ ഇന്നും ആത്മാക്കളെ സ്പർശിക്കുന്നു: “സ്നേഹമാണ് എന്നെ അവിടുത്തെ അടുക്കൽ എത്തിച്ചത്! എല്ലാവരോടും പറയുക… എല്ലാവരോടും പറയുക!” സഭ അവളുടെ വിശുദ്ധജീവിതം അംഗീകരിക്കാൻ അധികം വൈകിയില്ല. 1804 ജൂൺ 18-ന് പാപ്പാ പിയൂസ് ഏഴാമൻ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. തുടർന്ന് 1839 മേയ് 26-ന് പാപ്പാ ഗ്രിഗറി പതിനാറാമൻ വെറോണിക്കയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. അങ്ങനെ ക്രിസ്തുസ്നേഹത്തിൽ ജ്വലിച്ച ആ സന്യാസിനി ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് മാതൃകയും ശക്തമായ മാധ്യസ്ഥയുമായി മാറി.

കാലങ്ങൾക്കുശേഷം, ചിത്താ ദി കാസ്റ്റെല്ലോയിലെ കപ്പുചിൻ മഠത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം അവളുടെ ഭൗതികശരീരത്തിന് കേടുപാടുകൾ വരുത്തി. എങ്കിലും അത്ഭുതകരമായി വെറോണിക്കയുടെ തലയോട്ടിയും അസ്ഥികളും സംരക്ഷിക്കപ്പെട്ടു. ഇന്ന് അവ, അവളുടെ യഥാർത്ഥ മുഖസാദൃശ്യം അനുസരിച്ച് നിർമ്മിച്ച മനോഹരമായ ഒരു മെഴുകുപ്രതിമയ്ക്കുള്ളിൽ ഭക്തിപൂർവ്വം സൂക്ഷിച്ചിരിക്കുന്നു. അനേകം തീർഥാടകർ ഇന്നും അവിടെയെത്തി, ക്രൂശിതനായ ക്രിസ്തുവിനോട് ഇത്രമേൽ ഐക്യപ്പെട്ട ആ വിശുദ്ധയുടെ മാധ്യസ്ഥം അപേക്ഷിക്കുകയും, അവളുടെ ജീവിതത്തിൽനിന്ന് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും അമൂല്യമായ പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു.

വിശുദ്ധി അസാധാരണ അത്ഭുതങ്ങളിലല്ല, മറിച്ച് സ്നേഹത്തോടെ വഹിക്കുന്ന കുരിശിലാണ് എന്നാണ് വിശുദ്ധ വെറോണിക്ക ജൂലിയാനി നമ്മെ പഠിപ്പിക്കുന്നത്, . ക്രിസ്തുവിന്റെ സ്നേഹം ഹൃദയത്തിൽ നിറയുമ്പോൾ മനുഷ്യഹൃദയം ദൈവഹൃദയമായി മാറുന്നു. അവളുടെ ജീവിതം നമ്മെയും ആ സ്നേഹത്തിന്റെ വഴിയിലേക്ക് ക്ഷണിക്കുന്നു—ക്രൂശിലൂടെ മഹത്വത്തിലേക്കും, സഹനത്തിലൂടെ വിശുദ്ധിയിലേക്കും, സ്നേഹത്തിലൂടെ ദൈവത്തിലേക്കും.

✍ ഫാ. ജയ്സൻ കുന്നേൽ MCBS

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading