വാഴ്‌ത്തപ്പെട്ട ഫ്രാൻസിസ് സേവ്യർ ട്രൂങ് ബ്യൂ ഡിയേപ്: ജനത്തിനുവേണ്ടി ജീവൻ അർപ്പിച്ച ഇടയൻ.
2026 ജൂലൈ 2-ന് വിശുദ്ധ കത്തോലിക്കാ സഭ ധന്യൻ ഫ്രാൻസിസ് സേവ്യർ ട്രൂങ് ബ്യൂ ഡിയേപ് എന്ന വിയറ്റ്നാമീസ് രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. ഇരുപതാം നൂറ്റാണ്ടിൽ ഔദ്യോഗികമായി രക്തസാക്ഷിയെന്ന് അംഗീകരിക്കപ്പെടുന്ന ആദ്യ വിയറ്റ്നാമീസ് വൈദികനാണ് ഫാ. ഫ്രാൻസീസ്.
1897 ജനുവരി 1-ന് വിയറ്റ്നാമിലെ ആൻ ജിയാങ് പ്രവിശ്യയിൽ ജനിച്ച ഫ്രാൻസീസ് ദൈവവിളി സ്വീകരിച്ച് പൗരോഹിത്യ പഠനം പൂർത്തിയാക്കി, 1924-ൽ ഫ്നോംപെനിൽ വച്ച് പട്ടം സ്വീകരിച്ചു. തുടർന്ന് മെക്കോങ് ഡെൽറ്റയിലെ ടാക് സെയ് ഇടവകയുടെ വികാരിയായി നിയമിതനായ അദ്ദേഹം അവിടെ 16 വർഷം വിശ്വസ്തതയോടെ സേവനം ചെയ്തു. ദരിദ്രരോടുള്ള പ്രത്യേക കരുതൽ, രോഗികളോടുള്ള അനുകമ്പ, പുതിയ ഇടവകകളുടെ സ്ഥാപനം, ദേവാലയ നിർമ്മാണം എന്നിവയിലൂടെ അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ട ഇടയനായി മാറി.
വിനയവും വിശ്വാസവും ശുശ്രൂഷാമനോഭാവവുമായിരുന്നു ഫാ. ഫ്രാൻസീസിൻ്റെ ജീവിതത്തിന്റെ മുഖമുദ്രകൾ.
രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള രാഷ്ട്രീയ അസ്ഥിരതയുടെ കാലത്താണ് അദ്ദേഹത്തിന്റെ ജീവിതം അതിന്റെ പരമോന്നത സാക്ഷ്യത്തിലേക്ക് എത്തിയത്. 1946 മാർച്ച് 12-ന് ഫ്രാൻസിസും തന്റെ 70-ലധികം വരുന്ന വിശ്വാസികളും ആയുധധാരികളാൽ ബന്ദികളാക്കപ്പെട്ടു. രക്ഷപ്പെടാൻ അവസരമുണ്ടായിരുന്നിട്ടും തന്റെ ജനത്തെ ഉപേക്ഷിക്കാൻ ഫ്രാൻസീസച്ചൻ തയ്യാറായില്ല. എല്ലാവരെയും വധിക്കുമെന്ന ഭീഷണി ഉയർന്നപ്പോൾ, തന്റെ ജനത്തിന്റെ ജീവൻ രക്ഷിക്കാനായി അദ്ദേഹം സ്വന്തം ജീവൻ സമർപ്പിച്ചു. ഈ ത്യാഗം ക്രിസ്തുവിന്റെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു: “സ്നേഹിതർക്കുവേണ്ടി ജീവൻ കൊടുക്കുന്നതിലും വലിയ സ്നേഹം ആർക്കുമില്ല” (യോഹന്നാൻ 15:13).
രക്തസാക്ഷിത്വത്തിനുശേഷം ടാക് സെയ് ദേവാലയം ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി മാറി. അവിടെ പ്രാർത്ഥിച്ച അനേകർ ആത്മീയ അനുഗ്രഹങ്ങളും രോഗശാന്തിയും ലഭിച്ചതായി സാക്ഷ്യപ്പെടുത്തുന്നു. 2024-ൽ പോപ്പ് ഫ്രാൻസിസ് ഫാ ഫ്രാൻസിസിൻ്റെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിച്ചു. തുടർന്ന് 2026 ജൂലൈ 2-ന് കർദിനാൾ ലൂയിസ് ആന്റോണിയോ ടാഗ്ലെ വത്തിക്കാന്റെ പ്രതിനിധിയായി എത്തി കാ മൗ പ്രവിശ്യയിലെ ടാക് സെയ് ദേവാലയത്തിൽ വച്ച് ഫ്രാൻസീസിനെ വാഴ്ത്തപ്പെട്ടവനായി ഉയർത്തി. ഈ ചരിത്രമുഹൂർത്തം വിയറ്റ്നാം സഭയ്ക്കും സാർവ്വത്രിക സഭയ്ക്കും വലിയ ആനന്ദത്തിന്റെ നിമിഷമായി മാറി.
വാഴ്ത്തപ്പെട്ട ഫ്രാൻസിസ് സേവ്യർ ട്രൂങ് ബ്യൂ ഡിയേപ് നമ്മെ പഠിപ്പിക്കുന്നത്, യഥാർത്ഥ ക്രൈസ്തവ ജീവിതം സ്നേഹത്തിലും ധൈര്യത്തിലും ആത്മത്യാഗത്തിലും അധിഷ്ഠിതമാണെന്നാണ്. അദ്ദേഹത്തിന്റെ മാതൃക പുരോഹിതരെയും വിശ്വാസികളെയും ദൈവത്തോട് വിശ്വസ്തതയോടെ ജീവിക്കാൻ പ്രചോദിപ്പിക്കുന്നു.
✍ ഫാ. ജയ്സൺ കുന്നേൽ mcbs


Leave a Reply