1901 ഏപ്രിൽ 6-ന് ഇറ്റലിയിലെ ടൂറിനിൽ ജനിച്ച പിയർ ജോർജിയോ ഫ്രസ്സാത്തി, വെറും 24-ാം വയസ്സിൽ, 1925 ജൂലൈ 4-ന് മരണമടഞ്ഞു. എങ്കിലും വളരെ ചെറുപ്പത്തിൽത്തന്നെ വിശുദ്ധിയുടെയും സേവനത്തിന്റെയും മാതൃകയായി ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹം സ്ഥാനം നേടി. കഴിഞ്ഞ വർഷം സെപ്റ്റംബർ 7-ന് റോമിൽ വച്ച് ലെയോ പതിനാലാമൻ മാർപാപ്പ, ബിയാറ്റോ കാർലോ അക്യൂട്ടിസിനൊപ്പം പിയർ ജോർജിയോയെയും വിശുദ്ധനായി പ്രഖ്യാപിച്ചു. പിയർ ജോർജിയോ ലോക യുവജനദിനത്തിന്റെ മധ്യസ്ഥനും “അഷ്ടഭാഗ്യങ്ങളുടെ മനുഷ്യൻ” എന്നും അറിയപ്പെടുന്നു.
1. അതിസമ്പന്നവും സ്വാധീനമുള്ളതുമായ കുടുംബം
അമ്മ അഡലെയ്ഡ് അമെറ്റിസ് ശ്രദ്ധേയയായ ഒരു ചിത്രകാരിയായിരുന്നു. പിതാവ് ആൽഫ്രെഡോ, പ്രശസ്ത ഇറ്റാലിയൻ പത്രമായ “ലാ സ്റ്റാമ്പ”യുടെ സ്ഥാപകനും ഡയറക്ടറും ആയിരുന്നു. കൂടാതെ അദ്ദേഹം ഒരു സെനറ്ററായും ജർമ്മനിയിലെ ഇറ്റാലിയൻ അംബാസഡറായും പ്രവർത്തിച്ചിട്ടുള്ള, ഇറ്റാലിയൻ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വ്യക്തിയായിരുന്നു.
2. ബാല്യകാലം മുതൽ കരുണയുടെ മനുഷ്യൻ
അജ്ഞേയവാദികളായ മാതാപിതാക്കളുടെ മകനായിരുന്നെങ്കിലും, ബാല്യകാലം മുതൽത്തന്നെ ഫ്രസ്സാത്തി ദരിദ്രരോടുള്ള അനുകമ്പ പ്രകടിപ്പിച്ചു. ഒരിക്കൽ വാതിൽക്കൽ ഭിക്ഷ ചോദിക്കാൻ വന്ന ഒരു അമ്മയുടെയും ചെരിപ്പില്ലാത്ത മകന്റെയും അവസ്ഥ കണ്ട ജോർജിയോ, തന്റെ സ്വന്തം ചെരിപ്പ് ഊരി ആ കുട്ടിക്ക് നൽകി.
3. വിശുദ്ധ കുർബാനയോടുള്ള സ്നേഹം ചെറുപ്പത്തിൽത്തന്നെ ആരംഭിച്ചു
കുട്ടിക്കാലത്തുതന്നെ പിയർ ജോർജിയോ മരിയൻ സൊഡാലിറ്റിയിലും അപ്പോസ്തലേറ്റ് ഓഫ് പ്രെയറിലും അംഗമായി. അക്കാലത്ത് അപൂർവമായിരുന്ന അനുദിന വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള പ്രത്യേക അനുമതിയും അദ്ദേഹം നേടിയെടുത്തു.
4. കൗമാരത്തിലെ ആത്മീയ വളർച്ച
കൗമാരപ്രായത്തിൽ അഗാധമായ ആത്മീയ ജീവിതം വളർത്തിയെടുത്ത പിയർ ജോർജിയോ, കത്തോലിക്കാ ആക്ഷൻ, യൂക്കരിസ്റ്റിക് ലീഗ്, അസോസിയേഷൻ ഓഫ് യങ് കോളേജ് വർഷിപ്പേഴ്സ് എന്നിവയിലും സജീവാംഗമായി.
5. സന്തോഷവും തമാശയും നിറഞ്ഞ വ്യക്തിത്വം
ആഴമായ ആത്മീയതയോടൊപ്പം വളരെ സന്തോഷവാനും തമാശക്കാരനുമായിരുന്നു ജോർജിയോ. നിരുപദ്രവകരമായ തമാശകൾ പറയുന്നതിൽ മുൻപന്തിയിലായിരുന്നതിനാൽ, സുഹൃത്തുക്കൾ പിയർ ജോർജിയോയെ സ്നേഹപൂർവം “ഇൽ ടെറോറെ” (Il Terrore – “ഭീകരൻ”) എന്നു വിളിച്ചിരുന്നു.
6. എഞ്ചിനീയറിംഗ് പഠനവും യുവജന കൂട്ടായ്മയും
ദരിദ്രരായ തൊഴിലാളികളോടൊപ്പം പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ മെക്കാനിക്കൽ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് പഠിക്കാൻ പിയർ ജോർജിയോ തീരുമാനിച്ചു. ടൂറിനിലെ പോളിടെക്നിക്കിൽ ചേർന്ന അദ്ദേഹം, ക്രിസ്തുവിനെ തങ്ങളുടെ സൗഹൃദത്തിന്റെ കേന്ദ്രമാക്കാൻ ആഗ്രഹിച്ച ഒരു യുവജന കൂട്ടായമ അവിടെ സ്ഥാപിച്ചു.
7. കണിശവും ലളിതവുമായ ജീവിതം
കണിശമായ ജീവിതം നയിച്ച അദ്ദേഹം, തന്റെ വ്യക്തിഗത ചെലവുകൾക്കായി മാതാപിതാക്കൾ നൽകിയ പണത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി. അനുദിന വിശുദ്ധ കുർബാനയും പതിവായ ദിവ്യകാരുണ്യാരാധനയും ആയിരുന്നു പിയർ ജോർജിയോയുടെ ശക്തിയുടെ ഉറവിടം.
8. ലൗറ ഇഡാൽഗോയുമായുള്ള ബന്ധം
സർവകലാശാലയിലെ പഠനകാലത്ത് പിയർ ജോർജിയോ ലൗറ ഇഡാൽഗോയെ കണ്ടുമുട്ടി. സാമൂഹിക പദവിയിലെ വ്യത്യാസം കാരണം ഈ ബന്ധം കുടുംബത്തിൽ വേണ്ടത്ര സ്വീകാര്യത നേടിയില്ല. ഇതേക്കുറിച്ച് പിയർ ജോർജിയോ ഒരു സുഹൃത്തിന് എഴുതി: “എന്റെ ആന്തരിക സംഘർഷത്തിൽ ഞാൻ സ്വയം ചോദിച്ചു, ഞാൻ എന്തിന് ദുഃഖിക്കണം?… ദൈവത്തിന് നന്ദി, എന്റെ വിശ്വാസം ഇപ്പോഴും ശക്തമാണ്… ഏതൊരു ത്യാഗവും അതിനുവേണ്ടി മാത്രം വിലയുള്ളതാണ്.”
9. ഡൊമിനിക്കൻ മൂന്നാം സഭയിലെ അംഗം
സർവകലാശാലാ വിദ്യാർത്ഥിയായിരിക്കെ, 1922-ൽ പിയർ ജോർജിയോ വിശുദ്ധ ഡോമിനിക്കിൻ്റെ മൂന്നാം സഭയിൽ വ്രതവാഗ്ദാനം ചെയ്തു. ക്രിസ്തുവിന്റെ രാജ്യവും സമാധാനവും സമൂഹത്തിൽ പ്രോത്സാഹിപ്പിച്ച മഹാനായ പ്രഭാഷകനോടുള്ള സ്നേഹത്തിനും അനുകരണത്തിനുമായി “ഫ്രെയ് ജെറോനിമോ സവനറോള” എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.
10. “സംശയാസ്പദരായ ചെറുപ്പക്കാർ” എന്ന കൂട്ടായ്മ
തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടൊപ്പം ഈ പേരിൽ ഒരു കൂട്ടായ്മ അദ്ദേഹം സ്ഥാപിച്ചു. “മക്കറോണി പോലെ കുറച്ചെങ്കിലും നല്ലവർ” എന്ന അവരുടെ തമാശ മുദ്രാവാക്യത്തിനു പിന്നിൽ, ആഴമായ അടിത്തറയിൽ സൗഹൃദം സ്ഥാപിക്കാനുള്ള അഗാധമായ ആഗ്രഹം ഒളിഞ്ഞിരുന്നു: “ദേശാതിർത്തികളോ കാലപരിധികളോ അറിയാത്ത, പ്രാർത്ഥനയിലെ ഐക്യത്തിന്റെ ഒരു ഉടമ്പടിയിൽ നമ്മൾ പ്രതിജ്ഞയെടുക്കണം.”
11. വിശുദ്ധ വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലൂടെ ദരിദ്രസേവനം
17-ാം വയസ്സിൽ അദ്ദേഹം ഈ സൊസൈറ്റിയിൽ അംഗമായി. തന്റെ ഒഴിവുസമയത്തിന്റെ ഭൂരിഭാഗവും ദരിദ്രരെയും ഭവനരഹിതരെയും രോഗികളെയും, ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് മടങ്ങിവന്ന സൈനികരെയും ശുശ്രൂഷിക്കാൻ അദ്ദേഹം ചെലവഴിച്ചു.
12. മുസ്സോളിനിക്കും ഫാസിസത്തിനുമെതിരെ ധീരമായി ശബ്ദമുയർത്തി
1919-ൽ കത്തോലിക്കാ വിദ്യാർത്ഥി പ്രസ്ഥാനത്തിലും ജനകീയ പാർട്ടിയിലും ചേർന്ന അദ്ദേഹം, സഭയുടെ സാമൂഹിക പ്രബോധനങ്ങളിലൂടെ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തെ ശക്തമായി എതിർത്തു. തൊഴിലാളികളുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഒരിക്കൽ പിയർ ജോർജിയോയെ റോമിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.
13. ദരിദ്രർക്കായി എല്ലാം നൽകാൻ തയ്യാറായ ഉദാരമനസ്സ്
സ്വന്തമായി ഉണ്ടായിരുന്നതെല്ലാം ദരിദ്രർക്കു നൽകുന്ന ശീലമായിരുന്നു ജോർജിയോയുടേത്. ഒരിക്കൽ ബസ് യാത്രയ്ക്കുള്ള പണം പോലും ദരിദ്രർക്കു നൽകി, പിന്നീട് ഭക്ഷണസമയത്ത് വീട്ടിലെത്താൻ ഓടിപ്പോകുമായിരുന്നു. കുടുംബംതന്നെ അദ്ദേഹത്തിന് ഭ്രാന്താണെന്നു കരുതിയിരുന്നു.
14. കായികതാരവും മലകയറ്റക്കാരനും
ഒരു കായികതാരവും സ്കീയറും മലകയറ്റക്കാരനുമായിരുന്ന അദ്ദേഹം ആൽപ്സ് പർവതനിരകളും ആവോസ്ത താഴ്‌വരയിലെ പർവതങ്ങളും കയറി. തന്റെ സുഹൃത്തുക്കളെ വിശുദ്ധ കുർബാനയ്ക്കും തിരുവചന വായനയ്ക്കും ജപമാല പ്രാർത്ഥനയ്ക്കും കൊണ്ടുപോകാനുള്ള അവസരം അദ്ദേഹം ഒരിക്കലും നഷ്ടപ്പെടുത്തിയില്ല.
15. മലകയറ്റം – ആത്മീയ വിദ്യാലയം
ക്രൈസ്തവ ജീവിതവും മലകയറ്റവും തമ്മിൽ പിയർ ജോർജിയോ മനോഹരമായ സാമ്യം കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം മലകയറുമ്പോൾ പ്രാർത്ഥനയും വിശ്വാസസംഭാഷണങ്ങളും പതിവായിരുന്നു.
16. “വേർസോ ലാൽറ്റോ” – ലോകപ്രശസ്തമായ ആത്മീയ മുദ്രാവാക്യം
തന്റെ അവസാനത്തെ മലകയറ്റത്തിനുശേഷം ഒരു ചിത്രത്തിന്റെ പുറകിൽ അദ്ദേഹം എഴുതിയ രണ്ട് വാക്കുകൾ ഇന്നും അനേകം യുവജനങ്ങൾക്ക് പ്രചോദനമാണ്: “Verso l’Alto” – “ഉയരങ്ങളിലേക്ക്.” ഈ വാക്യം ഇന്ന് വിശുദ്ധിയിലേക്കുള്ള യാത്രയുടെ പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു.
17. പോളിയോ ബാധിച്ച് മരണം
ദരിദ്രർക്കിടയിൽ ശുശ്രൂഷ ചെയ്യുന്നതിനിടെ, 1925 ജൂൺ അവസാനത്തിൽ പിയർ ജോർജിയോയ്ക്ക് പോളിയോ പിടിപെട്ടു. കടുത്ത തലവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടെങ്കിലും, അദ്ദേഹത്തിന് വെറും 24 വയസ്സേ ഉള്ളൂ എന്നും കരുത്തനായ യുവാവാണെന്നും കരുതി വീട്ടിൽ ആരും ആദ്യം അതത്ര ഗൗരവമായെടുത്തില്ല. അവസ്ഥ ഗുരുതരമായപ്പോൾ മാത്രമാണ് മാതാപിതാക്കൾ ശ്രദ്ധിച്ചത് – അപ്പോഴേക്കും വളരെ വൈകിയിരുന്നു. പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പ്രത്യേക സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. മരണശയ്യയിലും, സഹായം ആവശ്യമുള്ള ദരിദ്രരുടെ പേരുകൾ കുടുംബാംഗങ്ങളോട് പറഞ്ഞുകൊടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ. 1925 ജൂലൈ 4-ന് അദ്ദേഹം ദൈവസന്നിധിയിലേക്കു യാത്രയായി.
18. ശവസംസ്കാരവും കുടുംബത്തിന്റെ തിരിച്ചറിവും
രണ്ട് ദിവസങ്ങൾക്കുശേഷം നടന്ന ശവസംസ്കാര ചടങ്ങ്, മറ്റുള്ളവർക്കുവേണ്ടി ജീവിച്ച ഒരു യുവാവിനോടുള്ള സ്നേഹപ്രകടനമായി മാറി. തങ്ങളുടെ മകൻ യഥാർത്ഥത്തിൽ ആരായിരുന്നു, എത്രയോ പേർ അവനെ സ്നേഹിച്ചിരുന്നു, വീടിനു പുറത്ത് അവൻ എത്രമാത്രം നിസ്സങ്കോചം പ്രവർത്തിച്ചിരുന്നു എന്നൊക്കെ മാതാപിതാക്കൾ യഥാർത്ഥത്തിൽ അപ്പോഴാണ് തിരിച്ചറിഞ്ഞത്.
19. വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമായ പ്രഖ്യാപനം
1990 മേയ് 20-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ പിയർ ജോർജിയോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു, “അഷ്ടഭാഗ്യങ്ങളുടെ മനുഷ്യൻ” എന്നു വിശേഷിപ്പിച്ചു. പാപ്പ പറഞ്ഞു: “ഫ്രസ്സാത്തി ചെറുപ്പത്തിൽത്തന്നെ ഈ ലോകം വിട്ടുപോയെങ്കിലും, തന്റെ ജീവിതം മുഴുവൻ ഇരുപതാം നൂറ്റാണ്ടിൽ മായാത്ത അടയാളം പതിപ്പിച്ചു.” ടൂറിൻ കത്തീഡ്രലിലാണ് പിയർ ജോർജിയോയുടെ കബറിടം. കഴിഞ്ഞ വർഷം സെപ്റ്റംബർ 7-ന് റോമിൽ, ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ, കാർലോ അക്യൂട്ടിസിനൊപ്പം പിയർ ജോർജിയോയെയും വിശുദ്ധ പദവിയിലക്ക് ഉയർത്തി.
20. യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും മധ്യസ്ഥൻ
സഹോദരി ലൂസിയാന പിയർ ജോർജിയോക്കുറിച്ച് ഇങ്ങനെ എഴുതി: “ക്രിസ്തീയ യുവത്വത്തിന്റെ ഏറ്റവും മനോഹരമായ മാതൃകയായിരുന്നു പിയർ ജോർജിയോ — നിർമലൻ, സന്തോഷവാൻ, നന്മയോടും സൗന്ദര്യത്തോടും അതിയായ ആവേശമുള്ളവൻ.” ഇന്ന് വിശുദ്ധ പിയർ ജോർജിയോ ഫ്രസ്സാത്തി, യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും മലകയറ്റക്കാരുടെയും യുവജനപ്രസ്ഥാനങ്ങളുടെയും കത്തോലിക്കാ ആക്ഷന്റെയും ഡൊമിനിക്കൻ മൂന്നാം സഭാംഗങ്ങളുടെയും ലോക യുവജനദിനത്തിന്റെയും മധ്യസ്ഥ വിശുദ്ധനായി ആദരിക്കപ്പെടുന്നു.
പഠനത്തിൽ വലിയ മികവ് പുലർത്തിയിരുന്നില്ലെങ്കിലും, വിശുദ്ധിയിലേക്കുള്ള ജീവിതം ഏവർക്കും സാധ്യമാണെന്ന് പിയർ ജോർജിയോ തന്റെ ജീവിതം കൊണ്ട് തെളിയിച്ചു. “ഉയരങ്ങളിലേക്ക്” (Verso l’Alto) എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഇന്നും ഓരോ ക്രൈസ്തവനെയും വിശുദ്ധിയിലേക്കും ദൈവസ്നേഹത്തിന്റെ ഉയരങ്ങളിലേക്കും ക്ഷണിച്ചുകൊണ്ടിരിക്കുന്നു.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a Reply