കേരളത്തില്‍ ഇപ്പോള്‍ 7 ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. മാര്‍ച്ച് 10ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും മാര്‍ച്ച് 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും (വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു. മാര്‍ച്ച് 16ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വി.ആര്‍.ഡി.എല്‍. ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു.

സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ?

കോവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധനയ്ക്കായി എടുക്കുന്നത്. വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍ സ്റ്റെറൈല്‍ സ്വാബ് ഉപയോഗിച്ച് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡയത്തിലാണ് (വി.ടി.എം.) ശേഖരിക്കുന്നത്. ഇതിനെ ട്രിപ്പിള്‍ ലെയര്‍ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതില്‍ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐ.ഡി. നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്നു. ഇതിനോടൊപ്പം രോഗവിവരവും യാത്രാ വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പരും എന്നിവ നല്‍കണം.

ലാബിലേക്ക് അയക്കുന്നതെങ്ങനെ?

തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയക്കുന്നതെങ്കില്‍ ട്രിപ്പിള്‍ ലയര്‍ പാക്കിംഗാണ് ഉപയോഗിക്കുന്നത്. പൂനെ വൈറോളജി ലാബിലോ മറ്റോയുള്ള വിദൂര സ്ഥലത്താണ് അയക്കുന്നതെങ്കില്‍ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെര്‍മ്മോകോള്‍ ബോക്‌സിലാണ് അയക്കുന്നത്. രണ്ട് ദിവസം വരെ ഈ സാമ്പിളുകള്‍ ഉപയോഗിക്കാനാകും. വൈറോളജി ലാബിലെത്തിയാല്‍ ഈ സാമ്പിളുകള്‍ ഫ്രീസറിലേക്ക് മാറ്റും. കൂടുതല്‍ ദിവസങ്ങളില്‍ സൂക്ഷിക്കുന്നെങ്കില്‍ -80 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും.

കോവിഡ് ഇല്ലെന്ന് എങ്ങനെ സ്ഥിരീകരിക്കും

രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. എന്‍.ഐ.വി. പൂനയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളില്‍ നിന്ന് ആര്‍.എന്‍.എ.യെ വേര്‍തിരിക്കുന്നു. ഇതിന് 3 മുതല്‍ 4 മണിക്കൂര്‍ വേണം. ഇതിനെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. ഈ മെഷീനിലൂടെ 2 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുന്നതാണ്. കോവിഡ് ഇല്ലെങ്കില്‍ ഈ പരിശോധനയില്‍ തന്നെ അറിയാനാകും. ഇ-ജീന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാനാകും. സങ്കീര്‍ണമായ ഇത്തരത്തിലുള്ള 40 ഓളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബില്‍ 24 മണിക്കൂറിനുള്ളില്‍ ചെയ്യാന്‍ കഴിയുക.

കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കും

കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണ് രണ്ടാമത്തേത്. ഇ-ജീന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ രോഗം സ്ഥിരീകരിക്കാന്‍ ഒരു പരിശോധന കൂടി നടത്തണം. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേര്‍തിരിച്ച ആര്‍.എന്‍.എ.യെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. 3 മണിക്കൂറിനുള്ളില്‍ ഈ ഫലവും ലഭിക്കുന്നു. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്തിയാല്‍ കോവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.

എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്. എന്‍.ഐ.വി. പൂനെ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും നിലനിര്‍ത്തുന്ന തരത്തിലുള്ള സംവിധാനമാണ് എല്ലാ സെന്ററുകളിലും സജ്ജമാക്കിയിരിക്കുന്നത്.

അധികം വരുന്ന സാമ്പിളുകളില്‍ നിന്നും രോഗപകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് നശിപ്പിച്ച് കളയുന്നു.

രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതെങ്ങനെ?

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.

പരിശോധന തികച്ചും സൗജന്യം

ഒരു കോടിയോളം ചെലവഴിച്ചാണ് ഓരോ വൈറോളജി ലാബും സജ്ജമാക്കിയിരിക്കുന്നത്. 2500 ഓളം സാമ്പിള്‍ പരിശോധനകളാണ് കേരളത്തിലെ വൈറോളജി ലാബുകളില്‍ നടത്തിയത്. ആദ്യത്തെ 3 പോസിറ്റീവ് കേസുകളൊഴികെ 24 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് ഇവിടെതന്നെയാണ്. ചില ടെസ്റ്റുകള്‍ വീണ്ടും സ്ഥിരീകരിക്കാനായി എന്‍.ഐ.വി. പൂനെയിലേക്ക് അയച്ചിരുന്നു. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യമാണ്…

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading