ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് കുന്നംകുളം ആർത്താറ്റ് പള്ളിമുറ്റത്ത് തേക്കിൻ മരങ്ങളിൽ കെട്ടിത്തൂക്കിയ 19 നസ്രാണി യുവാക്കളുടെയും പരിശുദ്ധ മദ്ബഹായിൽ വച്ച് കൊലചെയ്യപ്പെട്ട ഒരു വൈദികന്റേയും ഓർമ്മ എല്ലാ വർഷവും നവംബർ 14, 15 തിയതികളിൽ പള്ളിയിൽ അന്നീദാ തിരുനാളായി ആചരിക്കാറുണ്ട്.
പുലിക്കോട്ടില്‍ യൌസേഫ് കത്തനാരായിരുന്നു (പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനി) അന്ന് ആര്‍ത്താറ്റ് പള്ളി വികാരി. 1789 ലാണ് ടിപ്പുസുല്‍ത്താന്‍ കൊച്ചി രാജ്യത്തേക്ക് ആക്രമിച്ച് കയറിയത്. 1789 ആണ്ട് ഒക്ടോബര്‍ മാസത്തിൽ കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് 29000 പദാതികളോടും , 10000 കുന്തക്കാരു മുതലായവരോടും 5000 കുതിരപ്പട്ടാളത്തോടും 20 പീരങ്കികളോടും കൂടി തെക്കോട്ടേക്ക് വന്ന് നവംബർ മാസത്തിൽ കൊച്ചി രാജ്യത്തു കടന്നു.

ഡിസംബര്‍ മാസം 14 തിയ്യതി സുല്‍ത്താന്‍ തൃശ്ശിവപേരൂര്‍ എത്തി. അയാളുടെ അശ്വസൈന്യം തിരുവിതാംകോട്ടെ അതിര്‍ത്തിക്ക് ഒരു നാഴികയ്ക്കകത്തുള്ള ദേശങ്ങളെ കൊള്ളയിട്ടു, ഇതിനുള്ളില്‍ കൊച്ചി തമ്പുരാന്റെ വക രാജ്യത്തു വളരെ നാശങ്ങള്‍ ചെയ്ത് 24 തിയ്യതി തലക്കാട്ടില്‍ പാളയമടിച്ചു. (കെ.പി. പത്പനാഭമേനോന്‍, കൊച്ചിരാജ്യചരിതം, മാതൃഭൂമി പതിപ്പ് 1989 പേജ് 568, 569)

ആര്‍ത്താറ്റ് എത്തിയ സൈന്യം ക്രിസ്ത്യാനികളെ മുസ്‌ലീം മതസ്ഥരാക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നവരെ അരിഞ്ഞു വീഴ്ത്തി. സ്വയരക്ഷയോര്‍ത്ത് ക്രിസ്ത്യാനികള്‍ പള്ളിയിലേക്ക് ഓടിക്കയറി, ടിപ്പുസുല്‍ത്താന്‍റെ സൈന്യങ്ങള്‍ പിന്തുടര്‍ന്ന് അവരെ വെട്ടി വീഴ്ത്തുവാന്‍ തുടങ്ങി. ക്രൂരമായ നരഹത്യ കണ്ട് പരിഭ്രാന്തനായ അന്നത്തെ വൃദ്ധപുരോഹിതന്‍ വി.മദ്ബഹയിലേക്ക് ഓടിക്കയറി. അവിടെ ഒരു സ്വര്‍ണ്ണ ചെപ്പിലടച്ച് വി.കുര്‍ബ്ബാന സുക്ഷിച്ചിരുന്നു. പട അവിടെ കയറി. കുര്‍ബ്ബാന നശിപ്പിച്ചു കളയുമോയെന്ന് ആ സാധു പുരോഹിതന്‍ ന്യായമായും സംശയിച്ചു. അധികം താമസിച്ചില്ല, സ്വയരക്ഷ പോലും കണക്കാക്കാതെ ആ വിശ്വാസ പരിപാലകന്‍ വി.വസ്തുകളെ വിഴുങ്ങി. വി.മദ്ബഹയില്‍ നിന്നും ഇറങ്ങി വരുന്ന പുരോഹിതനെ കണ്ട് “ആ കത്തനാരെ കൊല്ലു”എന്ന് ആക്രോശിച്ച് മതഭ്രാന്തനായ ടിപ്പു മദ്ബഹയിലേക്ക് ഓടിക്കയറി. നിമിഷനേരംകൊണ്ട്‌ ആ പിതാവിന്റെ ശിരസ്സ് നിലത്തു വീണുരുണ്ടു. രക്തം വീണ വിശുദ്ധ സ്ഥലം ദിവ്യബലി നടത്തുവാന്‍ നല്ലതല്ലെന്നു അന്നത്തെ മത പണ്ഡിതന്മാര്‍ വിധിയെഴുതി. അതിനാല്‍ ആ അഭി. പുരോഹിതന്‍ രക്തസാക്ഷിത്വം വരിച്ച സ്ഥലംമുതല്‍ വി. മദ്ബഹ ഛേദിച്ചു കളഞ്ഞു. ഇപ്പോളത്തെ മദ്ബഹയുടെ തൊട്ടു മുന്‍പില്‍ സാധാരണ പള്ളികളില്‍ നിന്നു വ്യത്യസ്തമായ ആകൃതി കാണുന്നത് ഇതുകൊണ്ടാണ് .

വി.മദ്ബഹയുടെ നീളം ‘29.3’ആയിരുന്നു, അതില്‍നിന്നും ‘ 9.11’ ഛേദിച്ചുകളഞ്ഞു ,ഇപ്പോളത്തെ നീളം ‘ 19.4 ‘ ആണ് .
ടിപ്പുസുല്‍ത്താന്‍റെ പടനായകര്‍ ആര്‍ത്താറ്റ് പള്ളിക്കും,വടക്കെ പടിപുര മാളികക്കും,വടക്കോട്ടുള്ള അങ്ങാടിക്കും,ചാട്ടുകുളങ്ങര അങ്ങാടിക്കും തീ വെച്ചു. ഇതിനെപ്പറ്റി ആര്‍ത്താറ്റ് പള്ളിപ്പാട്ടില്‍ പറയുന്നത് ഇങ്ങനെ:

“ദുഷ്ടരില്‍ ദുര്‍ഘട മുഖ്യശാന്‍
മഹമ്മദുവേദശ്രേഷ്ഠനാം നൃപന്‍
ദുഷ്ടന്‍ പട്ടാണി വന്നു
പന്തം കത്തിച്ചു ചുട്ടു പള്ളിയും”

അന്ന് രക്തസാക്ഷിത്വം വരിച്ച നസ്രാണി വീരന്മാരുടെ ഓര്‍മ്മ വൃശ്ചികം 2-ാം തിയ്യതി ആര്‍ത്താറ്റ് പള്ളിയില്‍ ആനീദോ (അന്നിച്ചാത്തം) ആയി ആചരിക്കുന്നു. അന്നേദിവസം 5 തരത്തിലുള്ള പലഹാരങ്ങള്‍ പള്ളിയില്‍ വഴിപാടായി വിശ്വാസികള് കൊണ്ടുവരുന്നു. 1. കായ വറുത്തത്, 2. ചീപ്പപ്പം, 3. ഉഴുന്നപ്പം, 4. എട്ടപ്പം, 5. ചക്കരപ്പം. ഈ പലഹാരങ്ങള്‍ അന്ന് പടയാളികള്‍ എങ്ങിനെയെല്ലാം നസ്രാണികളെ ദ്രോഹിച്ചു എന്നതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല സന്ധ്യയ്ക്ക് വിളക്കുമണിയായി 19 ഒറ്റമണിയും ഒരു ഇരട്ടമണിയും അങ്ങനെ 21 മണി മുഴക്കണമെന്നും പൂര്‍വ്വീകര്‍ നിശ്ചയിച്ചു. അത് ഇന്നും തുടര്‍ന്നു വരുന്നു. അന്നേ ദിവസം വി. കുര്‍ബാനയ്ക്കു ശേഷം ശവക്കോട്ടയിലേക്ക് കൊടിയും കുരിശും പുറപ്പെടുകയും ശവക്കോട്ടയിലും ആദ്യകാലങ്ങളില്‍ മൃതദേഹം സംസ്ക്കരിച്ചിരുന്ന സ്ഥലങ്ങളിലും വാഴ്ത്തിയ വെള്ളം തളിക്കുകയും ചെയ്യുന്നു….

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading