വിശുദ്ധ ഫ്രാൻസീസും സഹോദരന്മാരും തങ്ങൾ സ്വീകരിച്ച ദൈവവിളിയാൽ ക്രിസ്തുവിന്റെ കുരിശ് ഹൃദയത്തിൽ വഹിക്കുകയും ജീവിതത്തിൽ അനുഷ്ഠിക്കുകയും വാക്കുകളിലൂടെ പ്രസംഗിക്കുകയും ചെയ്തവരായിരുന്നു. അവരുടെ പ്രവൃത്തികളിലും ജീവിതശൈലിയിലും അവർ യഥാർത്ഥത്തിൽ ക്രൂശിതരായ മനുഷ്യരായിരുന്നു. ലോകത്തിന്റെ ബഹുമാനത്തെയും മനുഷ്യരുടെ പ്രശംസയെയുംക്കാൾ ക്രിസ്തുവിനെ പ്രതി അവഹേളനവും നിന്ദയും അവർ ആഗ്രഹിച്ചു. അവരെ അപമാനിക്കുമ്പോൾ അവർ സന്തോഷിച്ച ബഹുമാനിക്കപ്പെടുമ്പോൾ അവർ ദുഃഖിച്ചു. ഫ്രാൻസിസ്‌കൻ സഹോദരന്മാർ ലോകത്ത് തീർത്ഥാടകരെയും അന്യന്മാരെയും പോലെ സഞ്ചരിച്ചു. ക്രൂശിതനായ ക്രിസ്തുവിനെ ഒഴികെ മറ്റൊന്നും അവർ കൈവശം വെച്ചിരുന്നില്ല. അവർ ക്രിസ്തുവെന്ന സത്യവള്ളിയുടെ ശാഖകളായതിനാൽ അനേകം ആത്മാക്കളിൽ നല്ല ഫലങ്ങൾ ഉണ്ടാക്കി അവരെ ദൈവത്തിലേക്ക് നയിച്ചു.

ഫ്രാൻസിസ്‌ക്കൻ സന്ന്യാസസഭയുടെ ആരംഭകാലത്ത്, ദൈവം നൽകിയ കൃപപ്രകാരം നല്ല പ്രവൃത്തികൾ ചെയ്യാനായി വിശുദ്ധ ഫ്രാൻസിസ് സഹോദരൻ ബെർനാർഡിനെ ബൊളോഞ്ഞയിലേക്ക് അയച്ചു. വിശുദ്ധ അനുസരണയുടെ പേരിൽ ക്രൂശിന്റെ അടയാളം വരച്ച് ബെർനാർഡ് ബൊളോഞ്ഞയയിലേക്ക് പുറപ്പെട്ടു.

അവിടെ എത്തിയപ്പോൾ ബെർനാർഡിൻ്റെ വിചിത്രവും ദരിദ്രവുമായ വസ്ത്രധാരണം കണ്ടു തെരുവിലെ കുട്ടികൾ അവനെ പരിഹസിച്ചു. അവനെ ഭ്രാന്തനെന്നപോലെ പരിഗണിച്ചു . എല്ലാം അവഹേളനങ്ങളും ബെർനാർഡ് ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി സന്തോഷത്തോടെ സ്വീകരിച്ചു.

ബെർനാർഡ് മാർക്കറ്റിൽ ഇരുന്നപ്പോൾ കുട്ടികളും പുരുഷന്മാരും ചുറ്റികൂടി അവരിൽ ചിലർ അവന്റെ കുപ്പായം പിടിച്ച് വലിച്ചു, ചിലർ കല്ലെറിഞ്ഞു, ചിലർ മണ്ണ് വാരി എറിഞ്ഞു. ഇതെല്ലാം ബെർനാർഡ് മൗനത്തോടെയും സന്തോഷത്തോടെയും സഹിച്ചു. പല ദിവസങ്ങളും അവൻ അതേ സ്ഥലത്ത് മടങ്ങിവന്ന് അതേ അപമാനങ്ങൾ ഏറ്റുവാങ്ങി.

ഈ സഹനവും സ്ഥിരതയും കണ്ട ഒരു നിയമപണ്ഡിതൻ, “ഇയാൾ തീർച്ചയായും വലിയ വിശുദ്ധനാകും” എന്നു മനസ്സിൽ പറഞ്ഞു. അവൻ അടുത്തുചെന്ന് ബെർനാർഡിനോട് ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും ചോദിച്ചു. ബെർനാർഡ് വിശുദ്ധ ഫ്രാൻസിസിന്റെ നിയമാവലി (Rule) പുറത്തെടുത്ത് അവനു നൽകി. അത് വായിച്ച പണ്ഡിതൻ അതിലെ ഉന്നതമായ ആത്മീയ പരിപൂർണത കണ്ട് അത്ഭുതപ്പെട്ടു. അവൻ തന്റെ സുഹൃത്തുക്കളോട് പറഞ്ഞു: “ഇതാണ് ഞാൻ കണ്ട ഏറ്റവും പരിപൂർണമായ സന്ന്യാസജീവിതം. ഈ മനുഷ്യനും അവന്റെ സഹോദരന്മാരും ലോകത്തിലെ ഏറ്റവും പരിശുദ്ധരാണ്. ഇവനെ അപമാനിക്കുന്നവർ കുറ്റക്കാരാണ്; നാം ഇവനെ ദൈവത്തിന്റെ സത്യസുഹൃത്തെന്ന നിലയിൽ ബഹുമാനിക്കണം.”

പിന്നീട് അവൻ ബെർനാർഡിനോട് പറഞ്ഞു: “നിനക്കു ഈ നഗരത്തിൽ ദൈവത്തെ സേവിക്കാൻ ഒരു ആശ്രമം സ്ഥാപിക്കണമെന്നുണ്ടെങ്കിൽ, എന്റെ ആത്മരക്ഷയ്ക്കായി ഞാൻ സന്തോഷത്തോടെ സഹായിക്കാം.” ബെർനാർഡ് മറുപടി നൽകി: “ഈ നല്ല ചിന്ത നമ്മുടെ രക്ഷകനായ യേശുക്രിസ്തുവാണ് നിങ്ങളിൽ ഉണർത്തിയത്. ക്രിസ്തുവിന്റെ മഹത്വത്തിനായി ഞാൻ ഈ സഹായം സ്വീകരിക്കുന്നു.”

അങ്ങനെ ആ പണ്ഡിതൻ സന്തോഷത്തോടെയും സ്നേഹത്തോടെയും ബെർനാർഡിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവൻ വാഗ്ദാനം ചെയ്തതുപോലെ സ്വന്തം ചെലവിൽ ആശ്രമത്തിനുഉള സ്ഥലം ഒരുക്കി. ആ സമയത്ത് മുതൽ അവൻ സഹോദരൻ ബെർനാർഡിന് പിതാവുപോലെ ആയിരുന്നു

ബെർനാർഡിന്റെ പരിശുദ്ധ ജീവിതം കാരണം ജനങ്ങൾ അവനെ ഏറെ ബഹുമാനിച്ചു. അവനെ കാണാനും സ്പർശിക്കാനും കഴിയുന്നവർ തങ്ങളെ ഭാഗ്യവാന്മാരായി കരുതി. എന്നാൽ ലോകബഹുമാനം തന്റെ ആത്മാവിന്റെ രക്ഷയ്ക്ക് ഭീഷണിയാകുമോ എന്ന ഭയത്തോടെ, വിനീതനായ ഫ്രാൻസിസിന്റെ യഥാർത്ഥ ശിഷ്യനായ ബെർനാർഡ് വിശുദ്ധ ഫ്രാൻസിസിന്റെ അടുത്തേക്ക് മടങ്ങി ഇപ്രകാരം പറഞ്ഞു: “പിതാവേ, ബൊളോഞ്ഞയിൽ ആശ്രമം സ്ഥാപിച്ചിരിക്കുന്നു. അവിടെ താമസിക്കാനും അത് നിലനിർത്താനും മറ്റുസഹോദരന്മാരെ അയയ്ക്കുക. എനിക്ക് ഇനി അവിടെ പ്രയോജനമില്ല. ലഭിക്കുന്ന അമിത ബഹുമാനം എനിക്ക് ആത്മീയനഷ്ടം വരുത്തുമോ എന്നെനിക്ക് ഭയമുണ്ട്.”

ഇത് കേട്ട വിശുദ്ധ ഫ്രാൻസിസ്, ദൈവം സഹോദരൻ ബെർനാർഡിലൂടെ നടത്തിയ പ്രവർത്തനങ്ങൾക്ക് ദൈവത്തെ നന്ദി പറഞ്ഞു. പിന്നീട് അദ്ദേഹം മറ്റുസഹോദരന്മാരെ ബൊളോഞ്ഞയിലേക്കും ലൊംബാർഡിയിലേക്കും അയച്ചു. അങ്ങനെ വിവിധ ദേശങ്ങളിൽ അനേകം ഫ്രാൻസിസ്‌ക്കൻ ആശ്രമങ്ങൾ സ്ഥാപിക്കപ്പെട്ടു.

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading