മെയ് 8: വിശുദ്ധ മിഖായേൽ മാലാഖയുടെ പ്രത്യക്ഷീകരണ തിരുനാൾ.
492 മെയ് 8നാണ് ഇറ്റലിയിലെ പുഗ്ലിയ തീരത്തുള്ള ഗാർഗാനോ പർവതനിരയിൽ (ഇന്നത്തെ മോണ്ടെ സാന്റ് ആഞ്ചലോ) പ്രധാന ദൂതനായ മിഖായേൽ പ്രത്യക്ഷപ്പെട്ടത്. ആ വർഷം വസന്തകാലത്ത്, തെക്കൻ ഇറ്റലിയിലെ സിപോണ്ടിയം രൂപതയിൽ ഒരു കാള അതിന്റെ തൊഴുത്തിൽ നിന്ന് ഓടിപ്പോവുകയും പിന്നീട് ഗാർഗാനോ പർവതത്തിന്റെ ചരിവുകളിൽ കാണപ്പെടുകയും ചെയ്തു. ഗുഹകൾ നിറഞ്ഞ ഈ പർവ്വതം അക്കാലത്ത് മിത്ര, അപ്പോളോ എന്നീ രണ്ട് പുറജാതീയ ദേവന്മാരുടെ ആരാധനാ കേന്ദ്രമായിരുന്നു. അവിടെ ഒരു ഗുഹയുടെ പ്രവേശന കവാടത്തിന് മുന്നിൽ ആ കാള മുട്ടുകുത്തി നിൽക്കുന്നതായി കാണപ്പെട്ടു. അതിനെ ഉടമ കണ്ടെത്തിയെങ്കിലും കാള അവിടെ നിന്നും മാറാനോ തൊഴുത്തിലേക്ക് മടങ്ങാനോ വിസമ്മതിച്ചു. മണിക്കൂറുകളുടെ പ്രയത്നങ്ങൾക്കു ശേഷം, ദേഷ്യം സഹിക്കാനാവാതെ അതിന്റെ ഉടമ കാളയ്ക്ക് നേരെ ഒരു അമ്പ് എയ്തു. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, ആ അമ്പ് കാളയുടെ ദേഹത്ത് തട്ടി തെറിക്കുകയും തിരികെ വന്ന് ഉടമയുടെ കൈയിൽ തന്നെ മുറിവേൽപ്പിക്കുകയും ചെയ്തു.
വിവരമറിഞ്ഞ ബിഷപ്പ് ലോറന്റ് മൂന്ന് ദിവസത്തെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ഉത്തരവിട്ടു. ഇതിനൊടുവിൽ വെളുത്ത കുതിരപ്പുറത്ത് തേജസ്വിയായ ഒരു വീരൻ – വിശുദ്ധ മിഖായേൽ അദ്ദേഹത്തിന് പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു
ഗുഹയിൽ നടന്ന ആ അത്ഭുതത്തിന്റെ ഉറവിടം ഞാനാണ് ഇനി മുതൽ ഈ ഗുഹ ഭൂമിയിലെ എന്റെ വിശുദ്ധ മന്ദിരമായിരിക്കും.
എന്നാൽ ബിഷപ്പ് ലോറൻസ് ഈ വാർത്ത സ്ഥിരീകരിക്കാൻ വൈകുകയും ആ സമയത്ത് ശത്രുക്കൾ സിപോണ്ടിയം ഉപരോധിക്കുകയും ചെയ്തു. വീണ്ടും ഉപവാസങ്ങളും പ്രാർത്ഥനകളും നടന്നു. വിശുദ്ധ മിഖായേൽ ബിഷപ്പിന് വീണ്ടും പ്രത്യക്ഷപ്പെടുകയും ഉജ്ജ്വലമായ വിജയം വാഗ്ദാനം ചെയ്യുകയും ചെയ്തു. അടുത്ത ദിവസം കനത്ത കൊടുങ്കാറ്റ് ഉണ്ടാവുകയും ഉപരോധം നേരിട്ടിരുന്ന നാട്ടുകാർ തിരിച്ചടിക്കാൻ ശ്രമിച്ചപ്പോൾ ശത്രുക്കൾ ചിതറിപ്പോവുകയും ചെയ്തു.
ഇനി സമയം പാഴാക്കില്ലെന്ന് ഉറപ്പിച്ച ബിഷപ്പ് ലോറന്റ്, ഗുഹ വിശുദ്ധ മിഖായേലിനായി സമർപ്പിക്കുന്നതിന് അനുമതി തേടി ഗലാസിയസ് ഒന്നാമൻ മാർപ്പാപ്പയ്ക്ക് കത്തയച്ചു. എന്നാൽ സ്വർഗ്ഗീയ ദൂതന് അപ്പോഴും താമസം അനുഭവപ്പെട്ടു. മൂന്നാം തവണയും ലോറൻസിന് പ്രത്യക്ഷപ്പെട്ട മിഖായേൽ ദൂതൻ, താൻ ഗാർഗാനോ പർവതം തന്റെ പ്രിയപ്പെട്ട സങ്കേതമായി തിരഞ്ഞെടുത്തപ്പോൾ തന്നെ ആ ഗുഹ വിശുദ്ധീകരിച്ചു കഴിഞ്ഞുവെന്ന് വ്യക്തമാക്കി. പിന്നീട് അവിടെ ഒരു ഭൂഗർഭ ബസിലിക്ക നിർമ്മിക്കപ്പെട്ടു. നൂറ്റാണ്ടുകളായി നിരവധി മാർപ്പാപ്പമാരും രാജകുമാരന്മാരും വിശുദ്ധരും ഇവിടേക്ക് തീർത്ഥാടനം നടത്തിവരുന്നു.
Source: Sunil Vithayathil


Leave a Reply