കൊച്ചി: സ്നേഹിച്ചു വളർത്തിയ മക്കളെ പൂർണമായും ദൈവത്തിന്‍റെയും ദൈവജനത്തിന്‍റെയും ശുശ്രൂഷയ്ക്കായി പറഞ്ഞയയ്ക്കാൻ മനസൊരുക്കിയ മാതാപിതാക്കൾ പുതിയകാലത്തെ സമർപ്പിതവിചാരങ്ങൾക്കു പ്രചോദനമാകുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊരട്ടി കാടുകുറ്റി കൊല്ലംപറന്പിൽ വിൽസൻ-ലിസി ദന്പതികളാണു തങ്ങളുടെ മൂന്നു പെൺമക്കളെയും സമർപ്പിതശുശ്രൂഷയിലേക്കു കൈപിടിച്ചത്.
മക്കളായ ഹിത, ദിവ്യ, അനു എന്നിവർ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിൽ (എഫ്സിസി) അംഗങ്ങളായി സന്യാസജീവിതത്തിന്‍റെ ആനന്ദത്തിലാണ്. സ്കൂൾ പഠനത്തിൽ മികവിന്‍റെ ഉയരങ്ങൾ സ്വന്തമാക്കിയശേഷമാണു മൂവരും സന്യാസവിളി സ്വീകരിച്ചു സമർപ്പിത സഞ്ചാരം തുടങ്ങിയത്. രണ്ടു പേരും പ്രേഷിതപ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യമറിഞ്ഞു മിഷൻ മേഖലയിൽ സേവനം തെരഞ്ഞെടുത്തു.
2011ലായിരുന്നു മൂത്ത മകൾ സിസ്റ്റർ ഹിത തെരേസിന്‍റെ പ്രഥമ വ്രതവാഗ്ദാനം. എഫ്സിസിയുടെ ഭോപ്പാൽ അമല പ്രോവിൻസിന്‍റെ ഭാഗമായാണു സമർപ്പിതശുശ്രൂഷ. ഇൻഡോറിലെ സെമിലിയിൽ വില്ലേജുകളിലെ പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുകയാണു സിസ്റ്റർ ഹിത. നീറ്റ് പരീക്ഷയിൽ മികച്ച സ്കോർ ഉണ്ടായിരുന്നു.
രണ്ടാമത്തെ മകൾ സിസ്റ്റർ ദിവ്യ 2013 ഏപ്രിലിൽ പ്രഥമവ്രതവാഗ്ദാനം സ്വീകരിച്ചു. എഫ്സിസിയുടെ തൃശൂർ നവജ്യോതി പ്രോവിൻസിൽ അംഗമായ സിസ്റ്റർ ദിവ്യ, ജൂബിലി മിഷൻ ആശുപത്രിയിൽ അവസാനവർഷ നഴ്സിംഗ് പഠനത്തിലാണ്.
ചേച്ചിമാരുടെ വഴിയിൽ ഇളയ മകൾ അനു വിൽസനും സന്യാസവിളി സ്വീകരിക്കുന്പോഴും മാതാപിതാക്കൾ പിന്തിരിപ്പിച്ചില്ല. ദൈവത്തിന്‍റെയും മക്കളുടെയും ഇഷ്ടം നിറവേറട്ടെ എന്നായിരുന്നു വിൽസന്‍റെയും ലിസിയുടെയും നിഷ്കളങ്കമായ നിലപാട്. എഫ്സിസി അമല പ്രോവിൻസിനു വേണ്ടി കഴിഞ്ഞ മൂന്നിനു സിസ്റ്റർ അനു വ്രതവാഗ്ദാനം നടത്തി. സിസ്റ്റർ അനുവിനും സഹോദരിമാർക്കും ഇന്നലെ മാതൃ ഇടവകയായ കാടുകുറ്റി ഇൻഫന്‍റ് ജീസസ് പള്ളിയിൽ സ്വീകരണവും കൃതജ്ഞതാ ദിവ്യബലിയും ഉണ്ടായിരുന്നു.
മക്കളെ വിശ്വാസജീവിതത്തിന്‍റെ നിഷ്ഠകളിൽ വളർത്തുന്നതിൽ വിൽസനും ലിസിയും ശ്രദ്ധിച്ചിരുന്നുവെന്നു വികാരി ഫാ. ബൈജു കണ്ണന്പിള്ളി പറഞ്ഞു. സമർപ്പിതരുടെ ജീവിതലാളിത്യവും നന്മയും അടുത്തറിഞ്ഞു വളരാനും അവർക്ക് അവസരമുണ്ടായി. വിൽസന്‍റെ ആദ്യത്തെ വീട് പള്ളിക്കു മുന്പിൽ തന്നെയായിരുന്നു. ലിസി ഫ്രാൻസിസ്കൻ മൂന്നാം സഭയിലും പാരിഷ് കൗണ്‍സിലിലും അംഗമാണ്. വിൻസന്‍റെ സഹോദരി സിസ്റ്റർ ആൻ മരിയ ഹോളി ഫാമിലി സന്യാസിനിയാണ്.
പ്രായമായിക്കഴിയുന്പോൾ പരിചരിക്കാൻ ആരുണ്ടാകും എന്നു വിൽസനോടും ലിസിയോടും ചോദിച്ചാൽ ലളിതവും ഉറച്ച ബോധ്യങ്ങളിലുമുള്ള ഉത്തരമുണ്ട്. മക്കൾ തെരഞ്ഞെടുത്തതു ദൈവത്തിന്‍റെ വഴിയാണ്. ആ ദൈവം ഇതുവരെ ഞങ്ങളെ നയിച്ചു. ഇനിയും അതുണ്ടാകും.

Sijo Malayattoor

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading