ഡോമിനിക്കൻ സഭയുടെ സ്ഥാപകനും അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ പതിമൂന്നാം നൂറ്റാണിൽ ക്രൈസ്തവ ലോകത്തെ ഏറെ സ്വാധിനിനിക്കുകയും ചെയ്ത ഒരു സ്പാനീഷ് വൈദീകനായിരുന്നു ഡൊമിനിക് ഡി ഗുസ്മാൻ (1170- 1221) എന്നറിയപ്പെട്ടിരുന്ന വിശുദ്ധ ഡൊമിനിക്. ആഗസ്റ്റു മാസം എട്ടാം തീയതിതിരുസ്സഭ ഈ വലിയ വിശുദ്ധൻ്റെ ഓർമ്മത്തിരുനാൾ ആഘോഷിക്കുന്നു. ഓർഡർ ഓഫ് പ്രീച്ചേഴ്സ് (OP) എന്ന സന്യാസ സമൂഹം 1215-ൽ, ഡൊമിനിക് തുളൂസിൽ സ്ഥാപിച്ചു, 1216-ൽ ഹോണോറിയൂസ് മൂന്നാമൻ പാപ്പയിൽ നിന്ന് പുതിയ സഭയ്ക്കു അംഗീകാരം ലഭിച്ചു. അദ്ദേഹത്തിന്റെ വിപ്ലവകരമായ ദർശനം ധ്യാനാത്മക പ്രാർത്ഥനയെ സജീവമായ പ്രസംഗവുമായി സംയോജിപ്പിച്ചു, സുവിശേഷ ദാരിദ്ര്യത്തിനും സഞ്ചാര ശുശ്രൂഷയ്ക്കും പ്രതിജ്ഞാബദ്ധരായ ഉന്നത വിദ്യാഭ്യാസമുള്ള സന്യാസിമാരുടെ ഒരു പുതിയ സമുഹം സൃഷ്ടിച്ചു. ” ലൗദാരേ ബെനഡീച്ചരേ, പ്രെഡിക്കാര” (സ്തുതിക്കുക, അനുഗ്രഹിക്കുക, പ്രസംഗിക്കുക- to praise, to bless to preach ) എന്നതാണ് ഡൊമിനിക്കൻ സഭുടെ മുദ്രാവാക്യം . പ്രാർത്ഥനയിൽ ദൈവത്തെ സ്തുതിക്കുക, കൂദാശകളിലൂടെ ദൈവജനത്തെ അനുഗ്രഹിക്കുക, എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കുക ഇതാണ് ത്രിവിധദൗത്യങ്ങൾ

ആധികാരികമായ പ്രസംഗം ആഴത്തിലുള്ള ധ്യാനാത്മക പ്രാർത്ഥനയിൽ നിന്ന് മാത്രമേ ഒഴുകാൻ കഴിയൂ എന്ന് ഡൊമിനിക് വിശ്വസിച്ചു. “വാളിനേക്കാൾ പ്രാർത്ഥന കൊണ്ട് സ്വയം ആയുധമാക്കുക; നല്ല വസ്ത്രങ്ങളേക്കാൾ വിനയം ധരിക്കുക.” എന്ന് അദ്ദേഹം കൂടെക്കൂടെപറുമായിരുന്നു “ഒരു വിദ്യാർത്ഥി എന്ന നിലയിൽ, പുസ്തകങ്ങളിൽ നിന്നല്ല, പ്രാർത്ഥനയിൽ നിന്നാണ് അദ്ദേഹം കൂടുതൽ ജ്ഞാനം പഠിച്ചത്. പ്രസംഗത്തിലൂടെയോ അത്ഭുതങ്ങളിലൂടെയോ ഉള്ളതിനേക്കാൾ പ്രാർത്ഥനയിലൂടെയാണ് അദ്ദേഹം കൂടുതൽ ആത്മാക്കളെ നേടിയത്” എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തീയ ആത്മീയതയ്ക്ക് ഡൊമിനിക്കിന്റെ ഏറ്റവും സവിശേഷമായ സംഭാവന അദ്ദേഹത്തിന്റെ ” പ്രാർത്ഥനയുടെ ഒമ്പത് വഴികൾ ആണ് “

സഭാപിതാക്കന്മാരായ വി. അഗസ്റ്റിൻ, വി. ആംബ്രോസ്, വി. ഗ്രിഗറി , വി. ജോൺ ക്രിസോസ്താം തുടങ്ങിയ വിശുദ്ധ ഗുരുക്കന്മാരും പ്രാർത്ഥനയെക്കുറിച്ച് ദീർഘമായി പ്രഭാഷണം നടത്തിയിട്ടുണ്ട്. അവർ അതിനെ പ്രോത്സാഹിപ്പിക്കുകയും വിവരിക്കുകയും അതിന്റെ ആവശ്യകതയും മൂല്യവും ചൂണ്ടിക്കാണിക്കുകയും അതിനാവശ്യമായ മനോഭാവങ്ങൾ, അതിന്റെ വഴിയിൽ നിൽക്കുന്ന തടസ്സങ്ങൾ എന്നിവ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡോമിനിക്കൻ സഭാംഗങ്ങളായ വി തോമസ് അക്വിനാസും വി. ആൽബർട്ടും പ്രാർത്ഥനയുടെ സദ്‌ഗുണങ്ങളെക്കുറിച്ചും ദൈവത്തിലേക്ക് കൂടുതൽ ഭക്തിയോടെ ഉയരാൻ ആത്മാവ് ശരീരാവയവങ്ങളെ ഉപയോഗിക്കുന്ന പ്രാർത്ഥനാരീതിയെപ്പറ്റി മനോഹരമായി എഴുതിയിട്ടുണ്ട് . വിശുദ്ധ ഡോമിനിക്ക് ചിലപ്പോൾ വിശുദ്ധ പൗലോസിനെപ്പോലെ പ്രാർത്ഥനാസമയത്തു ആനന്ദത്താൽ ആഹ്ലാദിക്കുകയും ദാവീദിനെപ്പോലെ ആത്മാവിന്റെ ആർത്തുല്ലസിക്കുകയും ചെയ്തിരുന്നു. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും പല വിശുദ്ധരുടെയും മാതൃക പിൻചെന്ന് ശരീരംകൊണ്ടും ആത്മാവുകൊണ്ടും പ്രാർത്ഥിക്കുന്ന രീതി ഭക്തി ഉണർത്താൻ ഏറെ സഹായിക്കുന്നു.

ഒന്നാമത്തെ പ്രാർത്ഥനാ രീതി

അഗാധമായ കുമ്പിടൽ

ക്രൂശിതരൂപത്തിനു മുമ്പിലൂടെ നാം കടന്നുപോകുമ്പോൾ നമുക്കുവേണ്ടി സ്വയം താഴ്ന്നവനായ ഈശോയെ സ്മരിച്ചു ക്രൂശിതരൂപത്തിനു മുമ്പിൽ അഗാധമായി കുമ്പിടുകും പരിശുദ്ധ ത്രിത്വത്തിൻ്റെ സ്തുതിക്കായി പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാർത്ഥന ചൊല്ലുകയും ചെയ്യുക.

രണ്ടാമത്തെ രീതി.

സാഷ്ടാംഗം പ്രണമിച്ചു പ്രാർത്ഥിക്കുക

ജ്ഞാനികൾ ശിശുകിടന്ന” ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു.

(മത്തായി 2 : 11) ഈ മനോഭാവത്തോടെപ്രാർത്ഥിക്കുക . ദൈവവും മനുഷ്യനും ആയവനെ നമ്മളും കണ്ടെത്തിയതിനാൽ അവൻ്റെ ദാസിയായ അമ്മ മറിയത്തോടൊപ്പം നമുക്കും പ്രാർത്ഥിക്കാം. സങ്കീർത്തകൻ പറയുന്നതുപോലെ “വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്‍റെ മുന്‍പില്‍ മുട്ടുകുത്താം.”

(സങ്കീ 95 : 6)

മൂന്നാമത്തെ രിതി

പരിഹാരം ചെയ്യുക

സാഷ്ടാംഗപ്രണാമത്തിനു ശേഷം നിലത്തുനിന്നു എണീറ്റു സ്വയം ശിക്ഷണത്തിനായി ഇരുമ്പു ചങ്ങലകൊണ്ട് ഡൊമിനിക് സ്വയം അടിച്ചിരുന്നു. സ്വന്തം പാപങ്ങൾക്കു പരിഹാരമായോ മറ്റുള്ളവരുടെ പാപങ്ങൾക്കു പരിഹാരമായോ ആണ് ഇപ്രകാരം ചമ്മട്ടിയടി നടത്തിയിരുന്നത്

നാലാമത്തെ രീതി

മുട്ടുകുത്തി നമസ്ക്കരിക്കൽ

അൾത്താരയുടെ മുമ്പിലോ ക്രൂശിതരൂപത്തിനു മുമ്പിലോ നിൽക്കുമ്പോൾ വിശുദ്ധ ഡൊമിനിക് കുരിശിൽ കിടക്കുന്ന ഈശോയെ നോക്കി പല തവണ മുട്ടുകുത്തി നമസ്കരിക്കുമായിരുന്നു. രാത്രി ജപത്തിനു ശേഷം വിശുദ്ധൻ അർദ്ധരാത്രിവരെ ചിലപ്പോൾ നൂറുതവണ മുട്ടുകുത്തി ക്രൂശിതനെ നമസ്ക്കരിക്കുമായിരുന്നു. ഇതിനായി കുഷ്ഠരോഗിയുടെയും പ്രഥമ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിൻ്റെയും മാതൃകൾ ആണ് ഡൊമിനിക് നമുക്കു തരുന്നത്. കുഷ്ഠരോഗി ഈശോയുടെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചുതുപോലെ”അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.” (മര്‍ക്കോ‌ 1 : 40) അല്ലെങ്കിൽ എസ്തപ്പാനോസ് മരണത്തിനു മുമ്പുപ്രാർത്ഥിച്ചപോലുള്ളള്ള മനോഭാവം:” അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതു പറഞ്ഞ് അവന്‍ മരണ നിദ്രപ്രാപിച്ചു.”(അപ്പ. പ്രവ 7 : 60)

അഞ്ചാമത്തെ രീതി

ധ്യാനനിമഗനായി നിൽക്കുക

വിശുദ്ധ ഡൊമിനിക് ആശ്രമത്തിൽ ആയിരുന്നപ്പോൾ ബലിപീഠത്തിന് മുന്നിൽ

ഒന്നിലും ചാരിയിരിക്കുകയോ ഒന്നിന്റെയും സഹായമില്ലാതയോ മണിക്കൂറുകൾ നിൽക്കുമായിരുന്നു. ചിലപ്പോൾ അദ്ദേഹത്തിന്റെ കൈകൾ ഒരു തുറന്ന പുസ്തകം പോലെ നെഞ്ചിനു മുന്നിൽ നീട്ടിപ്പിടിക്കുമായിരുന്നു; ദൈവത്തിന്റെ സാന്നിധ്യത്തിൽ വായിക്കുന്നതുപോലെ അദ്ദേഹം വളരെ ബഹുമാനത്തോടും ഭക്തിയോടും കൂടി നിൽക്കുമായിരുന്നു. പ്രാർത്ഥനയിൽ ആഴത്തിൽ മുഴുകിയിരുന്ന അദ്ദേഹം ദൈവത്തിന്റെ വാക്കുകൾ ധ്യാനിക്കുന്നതായി കാണപ്പെട്ടു, മധുരസ്വരത്തിൽ അവ സ്വയം ആവർത്തിക്കുന്നതായി തോന്നുമായിരുന്നു

ആറാമത്തെ രീതി

കൈകൾ കുരിശാകൃതിയിൽ വിരിച്ചു പിടിച്ചുള്ളപ്രാർത്ഥന

ആത്മാർത്ഥമായ മധ്യസ്ഥപ്രാർത്ഥനയാണ് ഇതു സൂചിപ്പിക്കുന്നത്. വിശുദ്ധ ഡൊമിനിക് തന്റെ ഇരു കൈകളും ഒരു കുരിശാകൃതിയിൽ വിരിച്ച് പിടിച്ച് കഴിയുന്നത്ര നിവർന്നു നിന്ന് ചിലപ്പോൾ പ്രാർത്ഥിക്കുമായിരുന്നു. ഇതിനു അടിസ്ഥാനമായി സ്വീകരിച്ചത് ഹെബ്രായ ലേഖനത്തിലെ ഈ തിരുവചനമായിരുന്നു :”തന്‍റെ ഐഹിക ജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍റെ ദൈവഭയംമൂലം അവന്‍റെ പ്രാര്‍ഥന കേട്ടു.”(ഹെബ്രാ 5 : 7) ഡൊമിനിക്, ഇത്തരത്തിലുള്ള പ്രാർത്ഥന പതിവായി ഉപയോഗിച്ചിരുന്നില്ല, മറിച്ച് ദൈവിക പ്രചോദനത്താൽ തന്റെ പ്രാർത്ഥനയാൽ എന്തോ വലിയ അത്ഭുതം സംഭവിക്കാൻ പോകുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നപ്പോഴാണ് ഇപ്രകാരം പ്രാർത്ഥിച്ചിരുന്നത്. തൻ്റെ സഹോദരന്മാർ ഇതുപോലെ പ്രാർത്ഥിക്കുന്നത് അദ്ദേഹം വിലക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ല.

ഏഴാമത്തെ രീതി

സ്വർഗ്ഗത്തിലേക്കു കരങ്ങൾ ഉയർത്തിയുള്ള പ്രാർത്ഥന

ഡൊമിനിക് പ്രാർത്ഥിക്കുമ്പോൾ മുറുക്കിപ്പിടിച്ച വില്ലിൽ നിന്ന് ആകാശത്തേക്ക് എയ്ത ഒരു അമ്പുപോലെ അവൻ സ്വർഗത്തിലേക്ക് എത്തുന്നതായി പലപ്പോഴും കാണപ്പെട്ടു. തലയ്ക്ക് മുകളിൽ കൈകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തിയുള്ള പ്രാർത്ഥന .

“അങ്ങയുടെ ശ്രീകോവിലിലേക്കു കൈകള്‍ നീട്ടി ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ യാചനയുടെ സ്വരം ശ്രവിക്കണമേ! “(സങ്കീ 28 : 2). ഈ തിരുവചനമായിരുന്നു ഈ പ്രാർത്ഥനാ രീതി യുടെ അടിസ്ഥാനം.

എട്ടാമത്തെ രീതി

ചിന്തനീയമായ വായന

ഭക്തിയും കൃപയും നിറഞ്ഞ മറ്റൊരു മനോഹരമായ പ്രാർത്ഥനാരീതിയും ഡൊമിനിക്കിന് ഉണ്ടായിരുന്നു. യാമപ്രാർത്ഥനകൾക്കു ഭക്ഷണത്തിനുശേഷം അദ്ദേഹം മുറിയിലോ പള്ളിയിലോ തനിച്ചായിരുന്ന സമയത്ത് അന്നു ശ്രവിച്ച ദൈവവചനങ്ങളെപ്പറ്റിയും ആത്മീയ ചിന്തകളെപ്പറ്റി ആഴത്തിൽ ധ്യാനിക്കുകയും ചെയ്തിരുന്നു. നിശബ്ദമായി ഇരുന്നു തന്റെ മുമ്പിലുള്ള പുസ്തകം തുറക്കുകയും, ആദ്യം കുരിശടയാളം വരച്ച് വായന ആരംഭിക്കും ചെയ്യും . കർത്താവ് തന്നോട് സംസാരിക്കുന്നത് കേട്ടതുപോലെ വിശുദ്ധൻ്റെ മനസ്സിൽ ആനന്ദം തോന്നിയിരുന്നതായി മറ്റു സഹോദരന്മാർ സാക്ഷ്യപ്പെടുത്തുന്നു. സങ്കീർത്തകൻ പറയുന്നതുപോലെ,”കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്‍റെ ജനത്തിനു സമാധാനം അരുളും; ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്നതന്‍റെ വിശുദ്ധര്‍ക്കുതന്നെ.”

(സങ്കീ 85 : 8 ഇതായിരുന്നു ഈ പ്രാർത്ഥനാ രീതിയുടെ അടിസ്ഥാനം

ഒൻപതാമത്തെ രീതി

യാത്രയിൽ പ്രാർത്ഥിക്കുക

ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് പോകുമ്പോഴും, പ്രത്യേകിച്ച് ഏകാന്തമായ സ്ഥലത്ത് ആയിരിക്കുമ്പോഴും ഡൊമിനിക് ഈ പ്രാർത്ഥനാരീതി പിന്തുടരാറുണ്ടായിരുന്നു. ഈ യാത്രയിൽ ഉടനീളം കുരിശിന്റെ അടയാളത്താൽ മുദ്രിതമായി സ്വയം ദൈവസംരക്ഷണം ഏറ്റുവാങ്ങിയിരുന്നു അദ്ദേഹം

ഈ തരത്തിലുള്ള പ്രാർത്ഥനയിലൂടെ തിരുവെഴുത്തുകളുടെ പൂർണ്ണതയും ദൈവവചനങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യത്തിന്റെ കാതലായ അറിവും, തീക്ഷ്ണമായി പ്രസംഗിക്കാനുള്ള ശക്തിയും ധൈര്യവും മറഞ്ഞിരിക്കുന്ന കാര്യങ്ങൾ അറിയാൻ പരിശുദ്ധാത്മാവുമായുള്ള ഒരു അടുപ്പവും സ്വന്തമാക്കിയിരുന്നു.

പ്രാർത്ഥന അപ്പസ്തോലിക പ്രവർത്തനങ്ങളുടെ അടിസ്ഥാനം ആണെന്ന് വിശുദ്ധ ഡൊമിനിക്ക് വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് പ്രധാന വാക്കുകൾ: “വാളല്ല , പ്രാര്‍ഥന ആണു ആയുധം; ആഡംബര വസ്ത്രമല്ല, വിനയം ആണു വേഷം.” ആത്മീയ സമരത്തിന്‍റെ ആയുധം പ്രാർത്ഥനയും, ക്രിസ്തീയരെ അളക്കുന്നതിന്‍റെ അളവുകോൽ വിനയമാണെന്ന് ഡൊമിനിക്കിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു

ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading