ഏതാണ്ട് രണ്ടാം നൂറ്റാണ്ട് ആരംഭം മുതൽ ആദിമ ക്രൈസ്തവർ സ്ലീവാ ആരാധന മുദ്രയായി ഉപയോഗിച്ച് തുടങ്ങിയതിന് തെളിവുണ്ട്. അപ്പസ്തോലിക് കോൺസ്റ്റിറ്റ്യൂഷൻ 3, 17 ഉം ബർണബാസിന്റെ ലേഖനം 11, 12 അധ്യായങ്ങളും രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ വിശ്വാസ സമർത്ഥക കൃതികളും (Apologia 1:55-60) ഇതു ശരി വയ്ക്കുന്നുണ്ട്. വീടിനകത്തും പുറത്തുപോകുമ്പോഴും വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുന്നതിന് മുമ്പും കുളിക്കുന്നതിനുമുമ്പും ഭക്ഷണത്തിന് മുമ്പും ശേഷവും ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കു മുമ്പും ആദിമ ക്രൈസ്തവർ നെറ്റിയിൽ കുരിശു വരച്ചിരുന്നതായി ആദ്യകാല സഭാപണ്ഡിതനായ തെർതുല്യൻ സാക്ഷിക്കുന്നുണ്ട്. ആദിമ സഭാ പിതാക്കന്മാർ ക്രിസ്ത്യാനികളെ ‘സ്ലീവായുടെ ആരാധകർ’ എന്ന് വിശേഷിപ്പിക്കുകയും സ്ലീവായിൽ നിന്ന് ശക്തി സ്വീകരിച്ച് വിശ്വാസം ഊർജ്ജസ്വലതിയോടെ ജീവിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു
കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ സ്ലീവാ അടയാളത്താലുള്ള വിജയം
എഡി. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻറ്റൈൻ ചക്രവർത്തി തൻറെ ശത്രുവായ മാക്സെൻസിയൂസിനെതിരെ സ്ലീവായുടെ അടയാളത്താൽ വിജയം നേടിയെന്ന് സഭാ ചരിത്രകാരനായ യുസേബിയുസ് (+331) രേഖപ്പെടുത്തുന്നു. വരാൻ പോകുന്ന യുദ്ധത്തിൽ താൻ പരാജിതനാകുമെന്ന് ഓർത്ത് സങ്കടപ്പെട്ട ചക്രവർത്തി ആകാശത്തെ ഒരു കുരിശടയാളം കണ്ടു. അതിൽ ഗ്രീക്ക് അക്ഷരത്തിൽ “ഈ അടയാളത്തിൽ നിങ്ങൾ വിജയിക്കു”മെന്ന് എഴുതിയിരുന്നു. എന്നാൽ ആ ദർശനത്തിന്റെ അർത്ഥം ചക്രവർത്തിക്കും മനസ്സിലായില്ല. അന്ന് രാത്രി ഈശോ ഒരു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആകാശത്തിൽ കണ്ട അടയാളത്തിന്റെ ഒരു പകർപ്പ് ഉണ്ടാക്കുവാൻ ചക്രവർത്തിയോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ക്രിസ്തു ( christos) എന്ന ഗ്രീക്ക് പദത്തിൻ്റെ കി(X), റോ (P) എന്ന ആദ്യ രണ്ട് അക്ഷരങ്ങൾ ഉപയോഗിച്ച് ക്രിസ്റ്റോഗ്രാം ( Christogram) ഉണ്ടാക്കി. ആ ചിഹ്നം യുദ്ധത്തിന്റെ മുൻനിരയിൽ പിടിക്കാനും സൈനികരുടെ കവചത്തിൽ മുദ്ര കുത്താനും ചക്രവർത്തി കൽപ്പിച്ചു. റോമിന് പുറത്തുള്ള മിൽവിയൻ (Milvian) പാലത്തിലെ യുദ്ധത്തിൽ (AD 312) അദ്ദേഹത്തിന് വൻവിജയം ലഭിച്ചു. ഈ വിജയത്തിൻ്റെ ഓർമ്മയ്ക്കായി ക്രിസ്റ്റഗ്രാം ചിഹ്നം റോമൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നമായി പ്രഖ്യാപിച്ചു. AD 313 – ലെ മിലാൻ ഉടമ്പടിയിലൂടെ ക്രൈസ്തവ സഭയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കുകയും 321 ലെ കൽപ്പന പ്രകാരം ഞായറാഴ്ച അവധി ദിനമാക്കുകയും ചെയ്തു.
സ്ലീവാ കണ്ടെത്തൽ
തന്റെ മകനായ കോൺസ്റ്റൻ്റയിന്റെ കുരിശടയാളത്താലുള്ള വിജയം അമ്മയായ ഹെലേനയ്ക്ക് മിശിഹായുടെ കുരിശ് കണ്ടെത്തലിന് വഴിയൊരുക്കി. കുരിശ് കണ്ടെത്തൽപരമായ നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും അതിൽ മൂന്ന് ഐതിഹ്യങ്ങൾ സഭ ഔദ്യോഗികമായി അംഗീകരിച്ചവയാണ്.
a. പ്രോട്ടോണിക്കാ ഐതിഹ്യം
വിശുദ്ധ പത്രോസിന്റെ പ്രസംഗങ്ങൾ കേട്ട് മാനസാന്തരപ്പെട്ട റോമൻ ചക്രവർത്തി ക്ലോഡിയസിന്റെ (AD 41-54) ഭാര്യ പ്രോട്ടോണിക്ക മിശിഹായുടെ കുരിശ് കണ്ടെത്തുന്നതിന് തൻ്റെ 3 കുട്ടികളുമായി ജെറുസലേം സന്ദർശിച്ചു. ജെറുസലേമിലെ മെത്രാൻ ആയിരുന്ന യാക്കോബിനെ കണ്ട് രക്ഷകന്റെ കുരിശും കാൽവരിയും കബറിടവും കാണിക്കാൻ അവർ ആവശ്യപ്പെട്ടു. ആ നാളുകളിൽ എല്ലാം ഈ വിശുദ്ധ സ്ഥലങ്ങൾ യഹൂദരുടെ കൈവശമായിരുന്നു അവരിൽനിന്ന് അനുവാദം വാങ്ങി അവർ കല്ലറയിൽ പ്രവേശിച്ചു. 3 കുരിശുകൾ അവർ കല്ലറയിൽ കണ്ടു. ഇതിലേതാണ് മിശിഹായുടെ കുരിശ് എന്ന് സന്ദേഹിച്ചു നിൽക്കുമ്പോൾ ഒരു കാരണവുമില്ലാതെ പ്രോട്ടോണിക്കായുടെ മകൾ മരിച്ചുവീണു. ഇതിൽ ദൈവകരം തിരിച്ചറിഞ്ഞ അവൾ പ്രാർത്ഥനാപൂർവ്വം കുരിശുകൾ മൃതദേഹത്തെ സ്പർശിച്ചു. മിശിഹായുടെ കുരിശിന്റെ സ്പർശനത്താൽ ബാലിക ജീവൻ പ്രാപിച്ചു. പ്രോട്ടോണിക്കാ ആ കുരിശെടുത്ത് സംരക്ഷണത്തിനായി യാക്കോബ് മെത്രാനെ ഏൽപ്പിച്ചു. പ്രോട്ടോണിക്കാ ഒരു സാങ്കല്പിക കഥാപാത്രമാണ് കാരണം ക്ലോഡിയസിന് പ്രോട്ടോണിക്ക എന്ന പേരിൽ ഒരു ഭാര്യയില്ല. ആദ്യ വിജയം എന്നർത്ഥം വരുന്ന പ്രോട്ടോ നിക്കെ (Proto Nike ) എന്ന ഗ്രീക്ക് പദത്തിൻ്റെ വ്യക്തിവത്കരണം ആയിരിക്കാം പ്രോട്ടോണിക്ക എന്ന പേര്.
b . മക്കാരിയൂസ് ഐതിഹ്യം
എഡി 325 ലെ നിഖ്യാസൂനഹദോസിൻ്റെ സമയത്ത് കോൺസ്റ്റൻ്റയിൻ ചക്രവർത്തി വിശുദ്ധ കല്ലറയേയും കുരിശിനെയും കുറിച്ച് അന്വേഷിക്കാൻ ജെറുസലേമിലെ മെത്രാൻ മക്കാരിയൂസിനോട് ആവശ്യപ്പെട്ടു. അതിനായി ഹെലേനാ രാജ്ഞിയെ ജറുസലേമിലേക്ക് അയച്ചു മക്കാരിയൂസും ഹെലനയും ഉപവസിച്ചു പ്രാർത്ഥിച്ചപ്പോൾ കർത്താവിൻ്റെ കല്ലറയ്ക്ക് മുകളിൽ വീനസിന്റെ ക്ഷേത്രം നിൽക്കുന്നതായി ദർശനം ലഭിച്ചു. പിന്നീട് ക്ഷേത്രം നശിപ്പിച്ചപ്പോൾ കല്ലറയിൽ നിന്ന് മൂന്ന് കുരിശുകൾ കണ്ടെത്തി. അതിൽനിന്ന് മിശിഹായുടെ കുരിശ് തിരിച്ചറിയാൻ ആ പ്രദേശത്തെയും ഗുരുതര രോഗമുള്ള ഒരു സ്ത്രീയുടെ ശരീരത്തിൽ കുരിശുകൾ തൊടുവിക്കുവാൻ മക്കാരിയോസ് അഭ്യർത്ഥിച്ചു മിശിഹായുടെ കുരിശിന്റെ സ്പർശനമേറ്റപ്പോൾ രോഗി അത്ഭുതകരമായി സുഖം പ്രാപിച്ചു. ഈ കുരിശിന്റെ ഒരു ഭാഗം റോമിലേക്ക് കൊണ്ടുപോയി ബാക്കി ഭാഗം സംരക്ഷണത്തിനായി മക്കാരിയൂസിനെ ഏൽപ്പിച്ചു.
C . കുര്യാക്കോസ് ഐതിഹ്യം
ഈശോയുടെ കുരിശ് കണ്ടെത്താൻ ഹെലേനാ രാജ്ഞിയെ റോമിലെ മെത്രാനായ യൗസേബിയോസിനൊപ്പം ജെറുസലേമിലേക്ക് കോൺസ്റ്റന്റൈൻ ചക്രവർത്തി അയച്ചു. ജറുസലേമിലെത്തി അനേകം യഹൂദരോട് മിശിഹായുടെ കുരിശിനെ കുറിച്ച് അന്വേഷിച്ചു. എന്നാൽ അധികം തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല. ‘ഒരുനാൾ കുരിശിനെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്ന’ തൻ്റെ മുത്തച്ഛൻ്റെ മുന്നറിയിപ്പ് പ്രകടമാക്കിയ യൂദായിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു. പക്ഷേ കാര്യമായി ഒന്ന് ലഭിച്ചില്ല. തൽഫലമായി അവനെ തടവിലാക്കി പട്ടിണിക്കിട്ടു. അവസാനം മിശിഹായുടെ കുരിശ് കാണിച്ചു തരാമെന്ന് അവൻ സമ്മതിച്ചു. സൈനിക അകമ്പടിയോടുകൂടെ പോകുമ്പോൾ കുരിശ് അടക്കാൻ ചെയ്ത സ്ഥലത്തുനിന്ന് സുഗന്ധം പരക്കാൻ അവൻ തീഷ്ണമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് സുഗന്ധമുള്ള ഒരു സ്ഥലം അവൻ്റെ ശ്രദ്ധയിൽപ്പെട്ടു. അവിടെ സ്ഥലം കുഴിക്കുവാൻ അവൻ ആവശ്യപ്പെട്ടു അവിടെ അവർ കുഴിച്ചെടുത്ത 3 കുരിശുകൾ ഹെലേനായുടെ പക്കൽ കൊണ്ടുവന്നു. അപ്പോൾ ഒരു യുവാവിന്റെ മൃതസംസ്കാര പ്രദക്ഷിണം ആ വഴി വന്നു. മൃതദേഹത്തിൽ ഒന്നിന് പുറകെ ഒന്നായി യൂദാ കുരിശുകൾ സ്പർശിച്ചു. മിശിഹായുടെ കുരിശിന്റെ ശക്തിയാൽ രോഗി ജീവൻ പ്രാപിച്ചു. സാറൂഗിലെ ജേക്കബ് ഈ ഐതിഹ്യം സിറിയയിൽ പ്രസംഗിച്ചിട്ടുണ്ട്. ഐതിഹ്യത്തിലെ യൂദാ ഒരു ചരിത്രപുരുഷൻ ആയിരിക്കണമെന്നില്ല. കാരണം യഹൂദനും യൂദായ്ക്കും സുറിയാനി പദം ഒന്നുതന്നെയാണ്. ഒരുപക്ഷേ യഹൂദൻ എന്ന പദം യൂദായായി തെറ്റിദ്ധരിച്ചതാകാം.
സ്ലീവായുടെ പുകഴ്ചയുടെ തിരുനാൾ
കോൺസ്റ്റന്റൈൻ ചക്രവർത്തി നിർമ്മിച്ച കാൽവരി മലയിലെ മർത്തീരിയും (Martherium) ദേവാലയത്തിന്റെയും കർത്താവിൻ്റെ കബറടത്തിന് മുകളിലുള്ള അനസ്താസിസ് (Anasthasis) ദേവാലയത്തിന്റെയും കൂദാശയോടനുബന്ധിച്ചാണ് ജെറുസലേമിൽ കുരിശിന്റെ പുകഴ്ത്തിയുടെ തിരുനാൾ ആരംഭിച്ചത്. എ. ഡി. 335 സെപ്റ്റംബർ 13ന് കുരിശ് കണ്ടെത്തിയ ദിവസമാണ് മേൽ വിവരിച്ച ദേവാലയങ്ങളുടെ കൂദാശ നടന്നത്. സെപ്റ്റംബർ 14 ന് കാൽവരിയിൽ കുരിശ് ഉയർത്തി ആരാധനയ്ക്കായി പ്രതിഷ്ഠിച്ചു. അതിനെ തുടർന്ന് ഈ ബസിലിക്കയുടെ കൂദാശയുടെ ഓർമ്മയെന്നവണ്ണം ആസൂത്രണം ചെയ്ത ഒരാഴ്ചത്തെ ആഘോഷങ്ങൾ സ്വാഭാവികമായും കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആയി തീർന്നു. അങ്ങനെ എല്ലാ പൗരസ്ത്യ സഭകളിലും സെപ്റ്റംബർ 14 സ്ലീവായുടെ പുകഴ്ചയുടെ തിരുനാളായി മാറി. ഏഴാം നൂറ്റാണ്ട് മുതൽ ലത്തീൻ സഭയിലും ഈ തിരുനാൾ ആഘോഷിക്കാൻ ആരംഭിച്ചു.
ഉപസംഹാരം
സ്ലീവാ എന്ന സുറിയാനി വാക്കിൻ്റെ അർത്ഥം ക്രൂശിക്കപ്പെട്ടവൻ എന്നാണല്ലോ. കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്തവൻ എന്നാണ് ഈ വാക്കിൻ്റെ ആന്തരാർത്ഥം. ഈശോമിശിഹായുടെ മരണോത്ഥാനങ്ങളിലൂടെ രക്ഷയുടെ വാതിൽ വീണ്ടും നമുക്കായി തുറക്കപ്പെട്ടു. ത്രിത്വൈക ദൈവം മനുഷ്യകുലവുമായി വീണ്ടും ഐക്യത്തിലേക്ക് എത്തിച്ചേർന്നു. ഈ ഐക്യം പുനസ്ഥാപിക്കുന്നതിൽ മിശിഹായുടെ സ്ലീവാ മരണത്തിന് വലിയ പ്രസക്തിയുണ്ട്. അവസാനത്തുള്ളി രക്തം വരെ അനുസരണം ഉള്ളവനായി പിതാവിനെ സമർപ്പിച്ച ഈശോയെ മഹത്വപ്പെടുത്തുവാൻ പിതാവായ ദൈവം തീരുമാനിച്ചു. അതാണ് മിശിഹായുടെ ഉത്ഥാനം എന്ന മഹാ രഹസ്യം. സഭയുടെ യുഗത്തിൽ സ്ലീവാ ഒരേസമയം ക്രൂശിനെയും ഉത്ഥിതനെയും പ്രതീകവൽക്കരിക്കുന്നു. ചുരുക്കത്തിൽ സ്ലീവായുടെ പുകഴ്ചയിലൂടെ ഒരേസമയം ഈശോയുടെ മരണോത്ഥാനങ്ങളാണ് നമ്മൾ അനുസ്മരിക്കുന്നത്. ഈശോയുടെ ജനനത്തിൽ എന്നപോലെ അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലും പിതാവായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും ഒന്നുചേരുന്നു. ചുരുക്കത്തിൽ ത്രിത്വൈക ദൈവത്തിന്റെ ആവിഷ്കരണമാണ് സ്ലീവായുടെ പുകഴ്ചയിൽ നാം അനുഭവിക്കുന്നത്.


Leave a Reply