ദമെത്രിയൂസ് ഒന്നാമന്‍

1 നൂറ്റിയന്‍പത്തൊന്നാമാണ്ട് സെല്യൂക്കസിന്റെ മകന്‍ ദമെത്രിയൂസ് റോമായില്‍ നിന്നു കുറെ ആളുകളോടുകൂടെ ജലമാര്‍ഗം കടല്‍ത്തീരത്തുള്ള ഒരു നഗരത്തിലെത്തി അവിടെ ഭരണം തുടങ്ങി.2 അവന്‍ പിതാക്കന്‍മാരുടെ രാജധാനിയില്‍ പ്രവേശിച്ചപ്പോള്‍, അവന് ഏല്‍പിച്ചുകൊടുക്കാന്‍വേണ്ടി പട്ടാളം അന്തിയോക്കസിനെയും ലിസിയാസിനെയും പിടികൂടി.3 ഇതറിഞ്ഞരാജാവു പറഞ്ഞു: അവരുടെ മുഖം കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ.4 അതനുസരിച്ച് സൈന്യം അവരെ വധിച്ചു; ദമെത്രിയൂസ് സിംഹാസനാരൂഢനായി.5 ഇസ്രായേലിലെ നിയമനിഷേധകരും അധര്‍മികളുമായ എല്ലാവരും അവനോടു ചേര്‍ന്നു. പ്രധാന പുരോഹിതനാകാന്‍ മോഹിച്ച അല്‍കിമൂസ് ആയിരുന്നു അവരുടെ നേതാവ്.6 അവര്‍ ജനങ്ങള്‍ക്കെതിരേ രാജസന്നിധിയില്‍ ഇപ്രകാരം കുറ്റാരോപണം നടത്തി. യൂദാസും സഹോദരന്‍മാരും കൂടി അങ്ങയുടെ മിത്രങ്ങളെ നശിപ്പിക്കുകയും ദേശത്തുനിന്നു ഞങ്ങളെ തുരത്തുകയും ചെയ്തിരിക്കുന്നു. അങ്ങ് വിശ്വസ്തനായ ഒരാളെ അയച്ചാലും.7 അവന്‍ ചെന്ന് ഞങ്ങള്‍ക്കും അങ്ങയുടെ രാജ്യത്തിനും യൂദാസ് എത്രയോ നാശങ്ങള്‍ വരുത്തിയെന്നു മനസ്‌സിലാക്കി, അവരെയും അവരുടെ പിണിയാളുകളെയും ശിക്ഷിക്കട്ടെ.8 തന്റെ സുഹൃത്തുക്കളിലൊരുവനും നദിക്ക് അക്കരെയുള്ള പ്രദേശത്തെ ഭരണാധിപനുമായ ബക്കിദെസിനെ രാജാവ് തിരഞ്ഞെടുത്തു. അവന്‍ രാജ്യത്ത് സുസമ്മതനും രാജാവിനോടു വിശ്വസ്തനുമായിരുന്നു.9 ഇസ്രായേല്യരോടു പ്രതികാരംചെയ്യുന്നതിനുളള കല്‍പനയുമായി രാജാവ് അവനെ അയച്ചു. അധര്‍മിയായ അല്‍കിമൂസിനെ മഹാപുരോഹിതനായി നിയമിച്ച് അവനെയും കൂട്ടത്തില്‍ വിട്ടു.10 അവര്‍ വലിയൊരു സൈന്യവുമായി യൂദാദേശത്തെത്തി. യൂദാസിനോടും സഹോദരന്‍മാരോടും സഖ്യം ചെയ്യാമെന്ന വ്യാജസന്‌ദേശവുമായി ബക്കിദെസ് ദൂതന്‍മാരെ അയച്ചു.11 എന്നാല്‍, അവരുടെ വാക്കുകള്‍ക്ക് യൂദാസും കൂട്ടരും ഒരു വിലയും കല്‍പിച്ചില്ല. കാരണം, വലിയ ഒരു സൈന്യത്തോടുകൂടിയാണ് ബക്കിദെസ് വന്നിരിക്കുന്നതെന്ന് അവര്‍ മനസ്‌സിലാക്കിയിരുന്നു.12 ന്യായമായ വ്യവസ്ഥകള്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഒരു സംഘം നിയമജ്ഞര്‍ അല്‍കിമൂസിന്റെയും ബക്കിദെസിന്റെയും അടുത്തുചെന്നു.13 ഇസ്രായേല്യരില്‍ ഹസിദേയരാണ് സമാധാനാഭ്യര്‍ഥനയുമായി ആദ്യം ചെന്നത്.14 അവര്‍ പറഞ്ഞു: അഹറോന്റെ വംശപരമ്പരയില്‍പ്പെട്ട ഒരു പുരോഹിതനാണല്ലോ സൈന്യവുമായി വന്നിരിക്കുന്നത്.15 അവന്‍ നമ്മെ ദ്രോഹിക്കുകയില്ല. അല്‍കിമൂസ് സമാധാനപ്രിയനായി അവരോടു സംസാരിച്ചു. നിങ്ങളെയോ നിങ്ങളുടെ സ്‌നേഹിതന്‍മാരെയോ ഞങ്ങള്‍ ഒരിക്കലും ഉപദ്രവിക്കുകയില്ല എന്ന് അവന്‍ അവരോടു ശപഥം ചെയ്തു.16 അവര്‍ അവനെ വിശ്വസിച്ചു. പക്‌ഷേ, അവന്‍ ഒറ്റദിവസംകൊണ്ട് അവരില്‍ അറുപതുപേരെ പിടിച്ചു കൊന്നുകളഞ്ഞു.17 അങ്ങയുടെ വിശുദ്ധരുടെ ശരീരങ്ങള്‍ അവര്‍ ജറുസലെമിനു ചുറ്റും ചിതറിച്ചു. അവരുടെ രക്തം അവിടെയെല്ലാം ചൊരിഞ്ഞു. അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്ന് എഴുതപ്പെട്ടിരുന്ന വചനം അനുസരിച്ചുതന്നെ.18 അവരെക്കുറിച്ചുള്ള ഭയവും സംഭ്രാന്തിയും ജനത്തിനിടയില്‍ വ്യാപിച്ചു. അവര്‍ പറഞ്ഞു: സത്യവും നീതിയും ഇല്ലാത്തവരാണ് ഇവര്‍. ശപഥം ചെയ്തുറപ്പിച്ച ഉടമ്പടി ഇവര്‍ ലംഘിച്ചിരിക്കുന്നു.19 ഇതിനകം ബക്കിദെസ് ജറുസലെമില്‍ നിന്ന് ബത്‌സയ്ത്തില്‍ പോയി പാളയമടിച്ചു. തന്റെ പക്ഷം ചേര്‍ന്നവരില്‍ വളരെപ്പേരെയും ജനങ്ങളില്‍ ചിലരെയും അവന്‍ സൈന്യമയച്ചു പിടിച്ചുകൊന്ന് ഒരു വലിയ കുഴിയിലെറിഞ്ഞു.20 അവന്‍ രാജ്യം അല്‍ക്കിമൂസിനെ ഏല്‍പിച്ചു, സഹായത്തിന് ഒരു സേനയെയും നിര്‍ത്തി. ബക്കിദെസ് രാജസന്നിധിയിലേക്കു മടങ്ങി.21 അല്‍കിമൂസ് പ്രധാനപുരോഹിതനാകാന്‍ കിണഞ്ഞു പരിശ്രമിച്ചു.22 ജനത്തെ അലട്ടിയിരുന്നവര്‍ അവനോടു ചേര്‍ന്നു. യൂദാദേശം അവര്‍ കീഴടക്കി. ഇസ്രായേലിനു കനത്തനാശം വരുത്തുകയും ചെയ്തു.23 അല്‍കിമൂസും അനുയായികളും ഇസ്രായേല്‍ക്കാരോടു ചെയ്ത ദ്രോഹങ്ങള്‍ യൂദാസ് കണ്ടു. അതു വിജാതീയര്‍ ചെയ്തതിനെക്കാള്‍ അധികമായിരുന്നു.24 യൂദായില്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് കൂറുമാറിയ ആളുകളോടു യൂദാസ് പ്രതികാരം ചെയ്തു. നഗരവാസികള്‍ നാട്ടിന്‍പുറത്തേക്കു കടക്കാതെ പ്രതിരോധവും ഏര്‍പ്പെടുത്തി.25 യൂദാസും കൂട്ടരും ശക്തിയാര്‍ജ്ജിച്ചുവരുകയാണെന്നും അവരെ എതിരിടാന്‍ തനിക്കു സാധ്യമല്ലെന്നും അല്‍കിമൂസ് മനസ്‌സിലാക്കി. അതിനാല്‍ അവന്‍ രാജാവിന്റെ അടുക്കലെത്തി, അവര്‍ക്കെതിരേ ദുരാരോപണങ്ങള്‍ നടത്തി.

നിക്കാനോര്‍ യൂദായില്‍

26 തന്‍മൂലം, രാജാവ് യഹൂദരെ നശിപ്പിക്കാനുള്ള കല്‍പനയുമായി തന്റെ പ്രഗദ്ഭസൈന്യാധിപന്‍മാരില്‍ ഒരുവനും ഇസ്രായേലിന്റെ ബദ്ധശത്രുവുമായ നിക്കാനോറിനെ അയച്ചു. നിക്കാനോര്‍ ഒരു വലിയ സൈന്യവുമായി ജറുസലെമില്‍ ചെന്നു.27 അവന്‍ യൂദാസിനും സഹോദരന്‍മാര്‍ക്കും വഞ്ചനാപരമായ ഈ സമാധനസന്‌ദേശമയച്ചു:28 നമ്മള്‍ തമ്മില്‍യുദ്ധം ഉണ്ടാകാതിരിക്കട്ടെ. നിങ്ങളെ സൗഹാര്‍ദപൂര്‍വം സന്ദര്‍ശിക്കാന്‍ കുറച്ചുപേരുമായി ഞാന്‍ വരാം. അവര്‍ യൂദാസിന്റെ അടുത്തെത്തി.29 അവര്‍ പരസ്പരം സമാധാനാശംസകള്‍ നേര്‍ന്നു. എന്നാല്‍, വൈരി യൂദാസിനെ പിടികൂടാന്‍ ഒരുങ്ങിയിരുന്നു.30 ചതിക്കണമെന്ന ഉദ്‌ദേശ്യത്തോടെയാണ് നിക്കാനോര്‍ വന്നിരിക്കുന്നതെന്നു യൂദാസ് ഗ്രഹിച്ചു. അവന്‍ ഭയപ്പെട്ട് നിക്കാനോറിനെ വീണ്ടും കാണാന്‍ വിസമ്മ തിച്ചു.31 തന്റെ തന്ത്രം പുറത്തായെന്ന് അറിഞ്ഞപ്പോള്‍ അവനുമായി ഏറ്റുമുട്ടുന്നതിനു നിക്കാനോര്‍ കഫര്‍സലാമയിലേക്കു പോയി.32 അവന്റെ സൈന്യത്തിലെ അഞ്ഞൂറോളം പേര്‍ നിലംപതിച്ചു. ശേഷിച്ചവര്‍ നഗരത്തിലേക്കു പലായനം ചെയ്തു.33 ഇതുകഴിഞ്ഞ് നിക്കാനോര്‍ സീയോന്‍മലയിലേക്കു പോയി. ദേവാലയത്തില്‍നിന്നു ചില പുരോഹിതന്‍മാരും ജനപ്രമാണികളും അവനെ സൗഹാര്‍ദപൂര്‍വം സ്വീകരിക്കാനും രാജാവിനുവേണ്ടി അര്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്ന ദഹനബലി കാണിക്കാനുംവേണ്ടി പുറത്തേക്കുവന്നു.34 എന്നാല്‍ അവന്‍ അവരെ പരിഹസിക്കുകയും നിന്ദിക്കുകയും ധിക്കാരപൂര്‍വം ദുഷിച്ചുസംസാരിക്കുകയും ചെയ്തു.35 അവന്‍ രോഷാകുലനായി ശപഥംചെയ്തു: ഇപ്രാവശ്യം യൂദാസും സൈന്യവും എന്റെ കൈയില്‍ ഏല്‍പിക്കപ്പെടുന്നില്ലെങ്കില്‍ ഞാന്‍ സുരക്ഷിതനായി മടങ്ങിവരുമ്പോള്‍ ഈ ആലയം അഗ്‌നിക്കിരയാക്കും. അനന്തരം, അവന്‍ ക്രുദ്ധനായി ഇറങ്ങിപ്പോയി.36 ഇതുകേട്ട പുരോഹിതന്‍മാര്‍ അകത്തേക്കുകയറി, ബലിപീഠത്തിനും ശ്രീകോവിലിനും അഭിമുഖമായി നിന്നു വിലപിച്ചുകൊണ്ടു പറഞ്ഞു: അങ്ങയുടെ നാമത്തില്‍ അറിയപ്പെടാന്‍ ഈ ആലയത്തെ അങ്ങ് തിരഞ്ഞെടുത്തു.37 അങ്ങയുടെ ജനത്തിനു പ്രാര്‍ഥിക്കാനുംയാചിക്കാനുമുള്ള ആലയമായിട്ടുതന്നെ.38 ഇവനോടും ഇവന്റെ സൈന്യത്തോടും പ്രതികാരം ചെയ്യുക. അവരെല്ലാവരും വാളിനിരയാകട്ടെ. അവരുടെ ദൈവദൂഷണങ്ങള്‍ അങ്ങ് ഓര്‍ക്കുക. അവര്‍ ഇനി നിമിഷനേരം ജീവിക്കാതിരിക്കട്ടെ.39 നിക്കാനോര്‍ ജറുസലെമില്‍നിന്നു ബേത്‌ഹോറോണിലെത്തി പാളയമടിച്ചു. സിറിയന്‍പട്ടാളം അവനോടു ചേര്‍ന്നു.40 യൂദാസ് മൂവായിരം സൈനികരോടുകൂടി അദാസായിലും പാളയമടിച്ചു. അവന്‍ പ്രാര്‍ഥിച്ചു:41 ഒരിക്കല്‍ രാജദൂതന്‍മാര്‍ ദൈവദൂഷണം പറഞ്ഞപ്പോള്‍ അവിടുത്തെ ദൂതന്‍ നൂറ്റിയെണ്‍പത്തയ്യായിരം അസീറിയാക്കാരെ വധിച്ചുവല്ലോ.42 അതുപോലെ ഇന്ന് ഈ സൈന്യത്തെ ഞങ്ങളുടെ മുന്‍പില്‍വച്ചു നശിപ്പിക്കുക. നിക്കാനോര്‍ അവിടുത്തെ ആലയത്തിനെതിരായി ദൂഷണം പറഞ്ഞുവെന്ന് എല്ലാവരും അറിയട്ടെ. അവന്റെ ദുഷ്ടതയ്ക്കനുസൃതമായി അവനെ വിധിക്കണമേ!43 ആദാര്‍മാസം പതിമൂന്നാംദിവസം ഇരുസൈന്യവും ഏറ്റുമുട്ടി. നിക്കാനോറിന്റെ സൈന്യം പരാജയമടഞ്ഞു. അവന്‍ തന്നെയാണ് ആദ്യം നിലംപതിച്ചത്.44 നിക്കാനോര്‍ കൊല്ലപ്പെട്ടതു കണ്ടപ്പോള്‍ സൈന്യം ആയുധങ്ങള്‍ ഉപേക്ഷിച്ച് ഓടിപ്പോയി.45 അദാസായില്‍നിന്നു ഗസാറാവരെ ഒരു ദിവസത്തെ ദൂരം യഹൂദര്‍ അവരെ പിന്തുടര്‍ന്നു. അപ്പോഴുംയുദ്ധകാഹളം മുഴക്കിക്കൊണ്ടിരുന്നു.46 ചുറ്റുമുള്ള ഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ പുറത്തുവന്ന്, ഓടിപ്പോയ ശത്രുക്കളെ തടഞ്ഞ് അവരെ അനുധാവനം ചെയ്തിരുന്നവരുടെ നേരേ തിരിച്ചോടിച്ചു. അങ്ങനെ അവരെല്ലാവരും വാളിനിരയായി. ഒരുവന്‍ പോലും ശേഷിച്ചില്ല.47 യഹൂദര്‍ അവരെ കൊള്ളയടിച്ചു. നിക്കാനോറിന്റെ ശിരസ്‌സും അവന്‍ ധിക്കാരപൂര്‍വം നീട്ടിയ വലത്തുകൈയും ഛേദിച്ച് ജറുസലെമിനു തൊട്ടുവെളിയില്‍ കൊണ്ടുവന്ന് പ്രദര്‍ശനത്തിനുവച്ചു.48 ജനങ്ങള്‍ ആനന്ദതുന്ദിലരായി. ആദിവസം അവര്‍ ആഹ്‌ളാദപൂര്‍വം കൊണ്ടാടി.49 ആണ്ടുതോറും ആദാര്‍മാസം പതിമൂന്നാംദിവസം ഇതിന്റെ ഓര്‍മ ദിനമായി ആഘോഷിക്കണമെന്ന് അവര്‍ നിശ്ചയിച്ചു.50 അങ്ങനെ യൂദാദേശത്തു കുറെക്കാലത്തേക്കു സ്വസ്ഥത കൈവന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading