Mathavinte Vanakkamasam – May 26

മാതാവിന്റെ വണക്കമാസം – മെയ്  26

Mathavinte Vanakkamasam May 26

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം

ഇരുപത്തി ആറാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”
(ലൂക്ക 1:38).

പ. കന്യകയുടെ സ്വര്‍ഗ്ഗാരോപണം
💙💙💙💙💙💙💙💙💙💙💙💙

ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ വാക്കുകളില്‍ പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമുക്കു കാണുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും പരോക്ഷമായ പല വസ്തുതകളുണ്ട്. പ.കന്യകയുടെ അമലോത്ഭവം തന്നെ സ്വര്‍ഗ്ഗാരോപണത്തിന് ഏറ്റവും വലിയ തെളിവാണ്.

പിതാവായ ദൈവത്തിന്‍റെ ഓമല്‍കുമാരിയും പുത്രനായ ദൈവത്തിന്‍റെ മാതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയും അമലമനോഹരിയുമായ പ.കന്യകയുടെ ശരീരം മറ്റു മനുഷ്യശരീരം പോലെ മണ്ണൊട് മണ്ണിടിഞ്ഞ് കൃമികള്‍ക്ക് ആഹാരമായിത്തീരുക ദൈവമഹത്വത്തിനു ചേര്‍ന്നതല്ല. പ.കന്യക അവളുടെ അമോലോത്ഭവം നിമിത്തം മരണനിയമത്തിനു പോലും വിധേയയല്ല. അതിനാല്‍ തീര്‍ച്ചയായും അവളുടെ പുത്രനും ലോകപരിത്രാതാവുമായ ഈശോമിശിഹാ പുനരുത്ഥാനം ചെയ്തതുപോലെ മേരിയും മരണശേഷം പുനരുത്ഥാനം ചെയ്തു സ്വപുത്രനോടുകൂടി സ്വര്‍ഗ്ഗീയ മഹത്വം അനുഭവിച്ചു എന്ന് പറയാം.

അവള്‍ പരിത്രാണത്തിന്‍റെ പ്രഥമ ഫലവും പരിപൂര്‍ണമാതൃകയുമാണ്. ഈശോമിശിഹായുടെ പുനരുത്ഥാനം കൊണ്ടുമാത്രം നമ്മുടെ പുനരുത്ഥാനത്തിനുള്ള പ്രത്യാശ പൂര്‍ണമായിരിക്കുകയില്ല. മറിച്ച് പ.കന്യകയുടെ പുനരുത്ഥാനവും നമുക്ക് ഒരിക്കല്‍ ലഭിക്കാനുള്ള പുനരുത്ഥാനത്തിന് കൂടുതല്‍ ഉറപ്പു നല്‍കുന്നു.

പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമ്മുടെ ഓരോരുത്തരുടേയും സ്വര്‍ഗ്ഗാരോപണത്തിന്‍റെ മാതൃകയും പ്രതീകവുമാണ്. കന്യകയുടെ മരണത്തിനു ശേഷം മൂന്നാം ദിവസം അവള്‍ സ്വര്‍ഗ്ഗീയ മാലാഖവൃന്ദം സഹിതം സ്വര്‍ഗ്ഗീയഭവനത്തിലേക്ക് എടുക്കപ്പെട്ടു. ഈശോമിശിഹായും സകല‍ സ്വര്‍ഗ്ഗവാസികളും പ.കന്യകയെ സ്വീകരിച്ച് സ്വര്‍ഗ്ഗത്തിലേക്ക് ആനയിച്ചപ്പോള്‍ ആ നാഥ അനുഭവിച്ച പരമാനന്ദം വര്‍ണ്ണനാതീതമാണ്.

മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണവും ആധുനിക ലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കുന്നു. മനുഷ്യമഹത്വം പദാര്‍ത്ഥത്തിന്‍റെ മേന്മയിലല്ല; ഇന്നത്തെ ഭൗതിക വാദത്തിനെതിരായുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം. ഇന്നത്തെ ഭൗതിക വാദികളോടു തിരുസ്സഭ ഇപ്രകാരം പ്രഖ്യാപിക്കുന്നു. നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ആത്മീയ ദൃഷ്ടികള്‍ ഉയര്‍ത്തുവിന്‍, അവിടെ മഹത്വപൂര്‍ണ്ണമായ രണ്ടു ശരീരങ്ങള്‍ നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും.

ഒന്നാമത്തേത് ലോകപരിത്രാതാവായ ക്രിസ്തുനാഥന്‍റേത്. മറ്റൊന്ന് അമല മനോഹരിയായ മറിയത്തിന്‍റേത്. മാതാവിന്‍റെ പദാര്‍ത്ഥ ലോകത്തില്‍ നിന്നുള്ള വിമോചന ദിനമാണ് നമ്മുടെ മാതൃഭൂമി നൂറ്റാണ്ടുകളായി നീണ്ടുനിന്ന പാരതന്ത്ര്യത്തില്‍ നിന്നു രാഷ്ട്രീയമായി സ്വാതന്ത്ര്യം പ്രാപിച്ചത്. ദൈവപരിപാലനയുടെ നിഗൂഢരഹസ്യങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നു. നമ്മുടെ മാതൃഭൂമിയുടെ ആദ്ധ്യാത്മിക വിമോചനം സ്വര്‍ഗ്ഗാരോപിതയായ നാഥ വഴി വേണമെന്നുള്ളതാണ് .

സംഭവം
💙💙💙

പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ജീവിതകാലമത്രയും തീക്ഷ്ണതയുള്ള ഒരു മരിയ ഭക്തനായിരുന്നു. പച്ചേലി എന്ന നാമമാണ് മാര്‍പാപ്പയാകുന്നതിനു മുമ്പ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒരിക്കല്‍ നിരീശ്വരനായ അക്രമകാരികള്‍ യുദ്ധകാലത്ത് അദ്ദേഹത്തിന്‍റെ മുറിയില്‍ കയറി. അവിടെയുള്ള സാധനങ്ങളെല്ലാം വാരിക്കൂട്ടി. കത്തോലിക്കാ മതം ഉപേക്ഷിക്കുകയില്ലെങ്കില്‍ ഉടനെ വെടിവച്ചു കൊല്ലുമെന്ന് അക്രമികളുടെ തലവന്‍ ഭീഷണിപ്പെടുത്തി. മാര്‍പാപ്പ ആശങ്കാകുലനായില്ല.

വിശ്വാസത്തിനു വേണ്ടി മരണം വരിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. പോക്കറ്റില്‍ നിന്ന് ജപമാലയും കുരിശും എടുത്ത് ചുംബിച്ചുകൊണ്ട് ധൈര്യവാനായി അദ്ദേഹം പറഞ്ഞു: ഇതാ നിങ്ങള്‍ക്കു വെടി വയ്ക്കാന്‍ തയ്യാറുണ്ടെങ്കില്‍ എന്‍റെ ചങ്കിനു നേരെ വെടിവയ്ക്കുക. വിശ്വാസത്തിനു വേണ്ടി ജീവന്‍ ഉപേക്ഷിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. അക്രമികളുടെ മുമ്പില്‍ ജപമാലയും കൈയിലേന്തി, മുട്ടില്‍ നിന്ന പച്ചേലിയെ വെടിവയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

പിന്നീട് അദ്ദേഹം സഭയുടെ തലവനും മിശിഹായുടെ ഭൂമിയിലെ പ്രതിനിധിയുമായി. പന്ത്രണ്ടാം പീയൂസെന്ന നാമത്തില്‍ തിരുസ്സഭയെ ഭരിച്ചപ്പോള്‍ മരിയഭക്തി പ്രചരിപ്പിക്കുവാന്‍ എപ്പോഴും ഉത്സാഹിച്ചിരുന്നു. പ.കന്യകാമറിയം സ്വര്‍ഗ്ഗാരോപിതയാണെന്ന് പ്രഖ്യാപനം ചെയ്തത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ്.

പ്രാര്‍ത്ഥന
💙💙💙💙

സ്വര്‍ഗ്ഗാരോപിതയായ ദിവ്യകന്യകയെ, അങ്ങ് ആത്മശരീരസമന്വിതയായി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായപ്പോള്‍ അനുഭവിച്ച മഹത്വവും നിസ്സീമമായ ആനന്ദവും അഗ്രാഹ്യമാണ്‌. നാഥേ, അങ്ങേ സ്വര്‍ഗാരോപണം ഞങ്ങള്‍ക്ക് ഏറ്റവും വലിയ ധൈര്യവും പ്രത്യാശയും നല്‍കുന്നു. അങ്ങേ അമലോത്ഭവവും പാപരഹിതമായ ജീവിതവും ദൈവമാതൃത്വവുമാണ് അതിന് അങ്ങേ അര്‍ഹയാക്കിത്തീര്‍ത്തത്. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് പാപരഹിതമായി ജീവിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം ലഭിച്ചു തരേണമേ. സ്വര്‍ഗ്ഗമാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഭവനമെന്നുള്ള വസ്തുത ഞങ്ങള്‍ ഗ്രഹിക്കട്ടെ. അതിനനുസരണമായി ജീവിക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനത പരിഹരിക്കുവാനായി അനുഗ്രഹിക്കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

പാപികളുടെ സങ്കേതമായ മറിയമേ, പാപികളായ ഞങ്ങള്‍ക്കു നീ മദ്ധ്യസ്ഥയാകേണമേ
💙💙💙💙💙💙💙💙💙💙💙💙

Advertisements
Advertisements
Mariyam
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

6 responses to “Mathavinte Vanakkamasam – May 26”

  1. […] – മെയ് 24 >>> വണക്കമാസം – മെയ് 25 >>> വണക്കമാസം – മെയ് 26 >>> വണക്കമാസം – മെയ് 27 >>> […]

    Liked by 1 person

  2. […] – മെയ് 24 >>> വണക്കമാസം – മെയ് 25 >>> വണക്കമാസം – മെയ് 26 >>> വണക്കമാസം – മെയ് 27 >>> […]

    Liked by 1 person

  3. […] – മെയ് 24 >>> വണക്കമാസം – മെയ് 25 >>> വണക്കമാസം – മെയ് 26 >>> വണക്കമാസം – മെയ് 27 >>> […]

    Liked by 1 person

  4. […] Mathavinte Vanakkamasam – May 26 […]

    Liked by 1 person

  5. […] Mathavinte Vanakkamasam – May 26 […]

    Liked by 1 person

  6. […] >>> May Devotion to Mary – English PDF >>> വണക്കമാസ ഗീതം – നല്ലമാതാവേ മരിയേ… >>> വണക്കമാസം – മെയ് 1 >>> വണക്കമാസം – മെയ് 2 >>> വണക്കമാസം – മെയ് 3 >>> വണക്കമാസം – മെയ് 4 >>> വണക്കമാസം – മെയ് 5 >>> വണക്കമാസം – മെയ് 6 >>> വണക്കമാസം – മെയ് 7 >>> വണക്കമാസം – മെയ് 8 >>> വണക്കമാസം – മെയ് 9 >>> വണക്കമാസം – മെയ് 10 >>> വണക്കമാസം – മെയ് 11 >>> വണക്കമാസം – മെയ് 12 >>> വണക്കമാസം – മെയ് 13 >>> വണക്കമാസം – മെയ് 14 >>> വണക്കമാസം – മെയ് 15 >>> വണക്കമാസം – മെയ് 16 >>> വണക്കമാസം – മെയ് 17 >>> വണക്കമാസം – മെയ് 18 >>> വണക്കമാസം – മെയ് 19 >>> വണക്കമാസം – മെയ് 20 >>> വണക്കമാസം – മെയ് 21 >>> വണക്കമാസം – മെയ് 22 >>> വണക്കമാസം – മെയ് 23 >>> വണക്കമാസം – മെയ് 24 >>> വണക്കമാസം – മെയ് 25 >>> വണക്കമാസം – മെയ് 26 […]

    Liked by 1 person

Leave a reply to Mathavinte Vanakkamasam – May 29 – Nelson MCBS Cancel reply