Gospel Reflections

ഇവൻ എൻ്റെ പ്രിയ പുത്രൻ /പുത്രി

💕🙏✝️ ജപമണികൾ 🌼🛐 ❣️ – 6

ഇവൻ എൻ്റെ പ്രിയ പുത്രൻ /പുത്രി

ഇവൻ / ഇവൾ എനിക്ക് പ്രിയപ്പെട്ടവൻ എന്ന് പറയിപ്പിക്കാനാണ് ഏറ്റവും വിഷമം. അത് കേൾക്കാനാണ് എല്ലാവർക്കും ഏറ്റവും ഇഷ്ടവും.

ഒരു ഭവനസന്ദർശന സമയം. ഒരു വീട്ടിലേക്ക് പ്രവേശിച്ചു. മുൻവശത്ത് തന്നെ ബുദ്ധിവളർച്ച കുറവുള്ള ഒരു ആൺകുട്ടി ഇരിയ്ക്കുന്നു. അവനാണ് എനിക്ക് പൂ തന്ന് സ്വീകരിച്ചത്. മനസ്സ് കുഞ്ഞിൻ്റെതെങ്കിലും അവനു ശാരീരികമായി പ്രായമുണ്ട്. അമ്മ വന്നു വിശേഷങ്ങൾ പറഞ്ഞു. അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അകത്ത് ഒരു കിടക്കയിൽ അപ്പച്ചൻ കിടക്കുന്നു. പക്ഷാഘാതം വന്നു ശരീരം തളർന്നുപോയതാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മൂളലും ഞെരങ്ങലും മാത്രമാണ് ഉത്തരം. അപ്പോഴേക്കും മകൾ ഓടിക്കിതച്ചെത്തി. അടുത്തുള്ള ഒരു സ്ഥാപനത്തിൽ അവൾ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആണ്. ആ വീട് താങ്ങി നിറുത്തുന്നത് അവളാണ്. അപ്പനും, അമ്മയും, ആങ്ങളയും അടക്കം എല്ലാവർക്കും വേണ്ട മരുന്ന്, ഭക്ഷണം എല്ലാം നൽകുന്നത് അവളുടെ ജോലിയാണ്.

വിവാഹപ്രായം ആയെങ്കിലും അവൾക്ക് താല്പര്യമില്ല. “ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് ആരും കട്ടുറുമ്പായി ആഗ്രഹിക്കുന്നില്ല” എന്നാണവളുടെ നിലപാട്. അതിനു പിന്നിലെ ചേതോവികാരം എനിക്ക് മനസ്സിലായി. വിവാഹവും കുടുംബവും അവൾക്ക് സ്വപ്നം കാണാൻ മാത്രമുള്ളതാണ്. ഈ ദുരന്തഭൂമിയിലേക്ക് ആര് വരാൻ?

എല്ലാവരോടും സംസാരിച്ചു. അവരുടെ മുഖത്തെല്ലാം സന്തോഷമാണ്. അനുഭവിക്കുന്ന, നേരിടുന്ന പ്രതിസന്ധികൾ അവരെ തളർത്തിയിട്ടില്ല. ജീവിതത്തെ പ്രതീക്ഷയോടെ അവർ കാണുന്നു. നാളെ എന്തെന്ന് അറിയില്ലെങ്കിലും ഇന്നിനെ കുറിച്ച് അവർക്ക് ആശങ്കകളില്ല.

ഭർത്താവിനെയും സുഖമില്ലാത്ത മകനെയും ശുശ്രൂഷിക്കുന്ന അമ്മയെ കാണാൻ തന്നെ ഒരു ചൈതന്യമാണ്. ഒരു വിശുദ്ധയെപ്പോലെ. കൂടുതൽ സംസാരിച്ചപ്പോഴാണ് പിന്നെയും അത്ഭുതപ്പെട്ടുപോയത്. മകൻ ബുദ്ധിവളർച്ച ഇല്ലാത്ത കുട്ടിയാണെന്നറിഞ്ഞപ്പോൾ ഭർത്താവ് അവരെ ഉപേക്ഷിച്ച് പോയതാണ്. ദീർഘകാലം അദ്ദേഹം മറ്റെവിടെയോ ആയിരുന്നു. ഒരിക്കൽ പോലും വരികയോ അന്ന്വെഷിക്കുകയോ ചെയ്തില്ല. ആ സാധുസ്ത്രീയാണ് ആ കുഞ്ഞുങ്ങളെ വളർത്തിയത്. മകൻ ഇങ്ങനെ ആയതുകൊണ്ട് വലിയ ജോലിക്കൊന്നും പോകാനാവില്ല. എങ്കിലും തീപ്പെട്ടി ഉണ്ടാക്കിയും, പാത്രം കഴുകിയും ഓല മെടഞ്ഞ് നൽകിയുമൊക്കെ കുടുംബം നോക്കി, കുഞ്ഞുങ്ങളെ വളർത്തി. ഭർത്താവിനെ അന്നേഷിച്ച് ചെന്നപ്പോൾ നിരാശയായിരുന്നു ഫലം. അദ്ദേഹം കൂടെ വന്നില്ല.

ആ സ്ത്രീ ഒറ്റയ്ക്കുതന്നെ തണ്ട് വലിച്ചു. അവസാനം പെൺകുട്ടി ചെറിയ ജോലിയിൽ പ്രവേശിച്ചു. ഇപ്പൊൾ അവളുടെ തണലിൽ കഴിയുന്നു.

ജോലി സ്ഥലത്ത് ഭർത്താവിന് വേറെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ഏതായാലും അസുഖം ബാധിച്ച് തളർന്നുപോയപ്പോൾ എല്ലാവരും ഉപേക്ഷിച്ചു. എങ്ങനെയോ വിവരം ഈ അമ്മ അറിഞ്ഞു. എല്ലാവരും എതിർത്തിട്ടും, പരമാവധി നിരുത്സാഹപ്പെടുത്തിയിട്ടും അവർ ഭർത്താവിനെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും മനസ്സുകാണിച്ചു.

വേറെയൊരവസരത്തിൽ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ എന്നോട് പറഞ്ഞു. “ഞാൻ ഒരു സാമീപ്യവും സഹായവും പ്രതീക്ഷിച്ചപ്പോൾ അദ്ദേഹം, കടമ ഉണ്ടായിട്ട് കൂടി അത് നൽകിയില്ല. അതിലെനിക്ക് വലിയ വേദനയുണ്ട്. ഒറ്റപ്പെടലും നിസ്സഹായതയും ഞാൻ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിൻ്റെ ആഴം എനിക്ക് നന്നായി ബോധ്യപ്പെടും. എനിക്ക് ഇപ്പൊൾ സമാധാനമായി ജീവിക്കാം. ആരും എന്നെ കുറ്റപ്പെടുത്തി ല്ല. പക്ഷേ ഈ ഒറ്റപ്പെടലും തിരസ്കരണവും എനിക്ക് മനസ്സിലായതുകൊണ്ട് എൻ്റെ ഭർത്താവിനേ ആ അനുഭവത്തിലൂടെ കടത്തി വിടുവാൻ എനിക്ക് ആഗ്രഹമില്ല.”

ഞാൻ നിശബ്ദനായി. എന്നെക്കാളും വളരെ വലിയ മനുഷ്യരാണ് അവർ. കർത്താവിൻ്റെ പ്രിയപ്പെട്ടവർ. ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് സ്വർഗ്ഗത്തിലെ ഏറ്റവും പ്രധാന ഇരിപ്പിടം അവർക്കുള്ളതാണ്.

ഇന്ന് മാമോദീസ സ്വീകരിക്കുന്ന, പിതാവിൻ്റെ ഹിതപ്രകാരം രക്ഷാകര പദ്ധതിക്ക് ഒരുങ്ങുന്ന ഈശോയെ നാം കാണുന്നു. അത് ഒരു യുദ്ധമുഖത്തേക്കുള്ള യാത്രയാണ്. നീയും ആർക്കും മനസ്സിലാകാത്ത ഒരു യുദ്ധമുഖത്തായിരിക്കാം. തളരരുത്. കർത്താവിനു നീ പ്രിയപ്പെട്ടവനാണ്.

🖋 Fr Sijo Kannampuzha OM 9846105325

Advertisements

Categories: Gospel Reflections, Reflections

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s