🌹 🌹 🌹 🌹 🌹 🌹 🌹

03 Jan 2022

Monday after Epiphany Sunday 
or The Most Holy Name of Jesus 
Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ വചനത്തിന്റെ നിത്യത
സ്വര്‍ഗത്തിന്റെ മുഖം അലങ്കരിക്കുകയും
അതേസമയം, ഞങ്ങളുടെ ശരീരത്തിന്റെ ബലഹീനത
മറിയത്തില്‍നിന്നു സ്വീകരിക്കുകയും ചെയ്തുവല്ലോ.
സത്യത്തിന്റെ പ്രഭയായി
ഞങ്ങളുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ട അവിടന്ന്
ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി
ശക്തിയുടെ പൂര്‍ണതയില്‍ മുന്നേറട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 3:22-4:6
ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍.


നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്‍കുകയും ചെയ്യും.
കാരണം, നമ്മള്‍ അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും
അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും
അവന്‍ നമ്മോടു കല്‍പിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം;
ഇതാണ് അവന്റെ കല്‍പന.
അവന്റെ കല്‍പനകള്‍ അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു;
അവന്‍ കല്‍പനകള്‍ പാലിക്കുന്നവനിലും.
അവന്‍ നമുക്കു നല്‍കിയിരിക്കുന്ന ആത്മാവു മൂലം
അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു.

പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്;
ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍.
പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം:
യേശുക്രിസ്തു ശരീരം ധരിച്ചു വന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍ നിന്നാണ്.
യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല.
വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്റെ ആത്മാവാണ് അത്.
ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.
കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാണ്.
നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു.
എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.
അവര്‍ ലോകത്തിന്റെതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്;
ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്നു.
നാം ദൈവത്തില്‍ നിന്നുള്ളവരാണ്.
ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു.
ദൈവത്തില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല.
ഇതുവഴി സത്യത്തിന്റെ ആത്മാവിനെയും
അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 2:7bc-8, 10-12a

ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും.

അവിടുന്ന് എന്നോട് അരുളിച്ചെയ്തു:
നീ എന്റെ പുത്രനാണ്;
ഇന്നു ഞാന്‍ നിനക്കു ജന്മം നല്‍കി.
എന്നോടു ചോദിച്ചുകൊള്ളുക,
ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും;
ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും.

ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും.

രാജാക്കന്മാരേ, വിവേകമുള്ളവരായിരിക്കുവിന്‍,
ഭൂമിയുടെ അധിപന്മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍.
ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;
വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍.

ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദരിദ്രരെ സുവിശേഷം അറിയിക്കാനും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം പ്രഘ്യാപിക്കാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 4:12-17,23-25
സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.

യോഹന്നാന്‍ ബന്ധനസ്ഥനായെന്നു കേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി. അവന്‍ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്ത്താലിയുടെയും അതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ചെന്നു പാര്‍ത്തു. ഇത് ഏശയ്യാ പ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന്‍ വേണ്ടിയാണ്:

സമുദ്രത്തിലേക്കുള്ള വഴിയില്‍,
ജോര്‍ദാന്റെ മറുകരയില്‍,
സെബുലൂണ്‍, നഫ്ത്താലി പ്രദേശങ്ങള്‍ – വിജാതീയരുടെ ഗലീലി!
അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍
വലിയ പ്രകാശം കണ്ടു.
മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി
ഒരു ദീപ്തി ഉദയം ചെയ്തു.

അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. അവന്റെ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അവന്റെ അടുത്തുകൊണ്ടുവന്നു. അവന്‍ അവരെ സുഖപ്പെടുത്തി. ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോര്‍ദാന്റെ മറുകര എന്നിവിടങ്ങളില്‍ നിന്ന് വലിയ ജനക്കൂട്ടങ്ങള്‍ അവനെ അനുഗമിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ കൈമാറ്റം സാക്ഷാത്കരിക്കുന്ന
ഞങ്ങളുടെ കാഴ്ചവസ്തുക്കള്‍ അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ അങ്ങു നല്കിയവ സമര്‍പ്പിക്കുന്ന ഞങ്ങളെ
അങ്ങയെത്തന്നെ സ്വീകരിക്കാന്‍ യോഗ്യരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 1:14

അവിടത്തെ മഹത്ത്വം ഞങ്ങള്‍ ദര്‍ശിച്ചു;
കൃപയും സത്യവും നിറഞ്ഞതും
പിതാവില്‍ നിന്നുളള ഏകജാതന്റെതുമായ മഹത്ത്വം.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
പരിശുദ്ധമായ ഈ ദിവ്യരഹസ്യങ്ങളുടെ ശക്തിയാല്‍
ഞങ്ങളുടെ ജീവിതം നിരന്തരം ശക്തിപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 🌹 🌹 🌹 🌹 🌹 🌹

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading