🔥 🔥 🔥 🔥 🔥 🔥 🔥

28 Mar 2022

Monday of the 4th week of Lent – Proper Readings 
(see also The Man Born Blind)

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 31:7-8

കര്‍ത്താവില്‍ ഞാന്‍ ശരണംവയ്ക്കും.
അങ്ങേ കാരുണ്യത്തില്‍ ഞാന്‍
ആഹ്ളാദിക്കുകയും ആനന്ദിക്കുകയും ചെയ്യും.
എന്തുകൊണ്ടെന്നാല്‍, അവിടന്ന് എന്റെ താഴ്മ തൃക്കണ്‍പാര്‍ത്തിരിക്കുന്നു.

സമിതിപ്രാര്‍ത്ഥന

അവര്‍ണനീയമായ കൂദാശകളാല്‍ ലോകം നവീകരിക്കുന്ന ദൈവമേ,
അങ്ങേ തിരുസഭയെ
അങ്ങേ അനന്തമായ പദ്ധതിയാല്‍ നയിക്കുകയും
സമയോചിതമായ സഹായം നിരസിക്കാതിരിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 65:17-21
വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല.


ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു.
പൂര്‍വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്സില്‍ വരുകയോ ഇല്ല.

ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം
സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍.
ജറുസലെമിനെ ഒരു ആനന്ദമായും
അവളുടെ ജനത്തെ ആഹ്‌ളാദമായും
ഞാന്‍ സൃഷ്ടിക്കുന്നു.

ജറുസലെമിനെ കുറിച്ചു ഞാന്‍ ആനന്ദിക്കും:
എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും;
വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ
ഇനി അവിടെ കേള്‍ക്കുകയില്ല.

ശിശുക്കളോ ആയുസ്സു തികയ്ക്കാത്ത വൃദ്ധരോ,
ഇനി അവിടെ മരിക്കുകയില്ല.
നൂറാം വയസ്സില്‍ മരിച്ചാല്‍
അത് ശിശുമരണമായി കണക്കാക്കും.
നൂറു തികയുന്നതിനു മുന്‍പുള്ള മരണം
ശാപലക്ഷണമായി പരിഗണിക്കും.

അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും;
മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 30:1,3-5a,10-12

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും,
അവിടുന്ന് എന്നെ രക്ഷിച്ചു;
എന്റെ ശത്രു എന്റെമേല്‍
വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
കര്‍ത്താവേ, അവിടുന്ന് എന്നെ
പാതാളത്തില്‍ നിന്നു കരകയറ്റി;
മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന്
എന്നെ ജീവനിലേക്ക് ആനയിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവിന്റെ വിശുദ്ധരേ,
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍;
അവിടുത്തെ പരിശുദ്ധ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കുവിന്‍.
എന്തെന്നാല്‍, അവിടുത്തെ കോപം
നിമിഷനേരത്തേക്കേ ഉള്ളൂ;
അവിടുത്തെ പ്രസാദം
ആജീവനാന്തം നിലനില്‍ക്കുന്നു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, എന്റെ യാചന കേട്ട്
എന്നോടു കരുണ തോന്നണമേ!
കര്‍ത്താവേ, അവിടുന്ന്
എന്നെ സഹായിക്കണമേ!
അവിടുന്ന് എന്റെ വിലാപത്തെ
ആനന്ദനൃത്തമാക്കി മാറ്റി;
ദൈവമായ കര്‍ത്താവേ,
ഞാനങ്ങേക്ക് എന്നും നന്ദി പറയും.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

എൻ്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ അർപ്പിക്കുന്നു. എന്തെന്നാൽ കർത്താവ് കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നൽകുന്നു.

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

സുവിശേഷം

യോഹ 4:43-54
പൊയ്‌ക്കൊള്ളുക. നിന്റെ മകന്‍ ജീവിക്കും.

യേശു അവിടെനിന്നു ഗലീലിയിലേക്കു പോയി. പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. അവന്‍ ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതം ചെയ്തു. എന്തെന്നാല്‍, തിരുനാളില്‍ അവന്‍ ജറുസലെമില്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവന്‍ വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകന്‍ ഉണ്ടായിരുന്നു. അവന്റെ മകന്‍ രോഗബാധിതനായിരുന്നു. യേശു യൂദയായില്‍ നിന്നു ഗലീലിയിലേക്കു വന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന് തന്റെ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് അവനോട് അപേക്ഷിച്ചു. അപ്പോള്‍ യേശു പറഞ്ഞു: അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ. അപ്പോള്‍, ആ രാജസേവകന്‍ അവനോട് അപേക്ഷിച്ചു: കര്‍ത്താവേ, എന്റെ മകന്‍ മരിക്കുംമുമ്പ് വരണമേ! യേശു പറഞ്ഞു: പൊയ്‌ക്കൊള്ളുക. നിന്റെ മകന്‍ ജീവിക്കും. യേശു പറഞ്ഞ വചനം വിശ്വസിച്ച് അവന്‍ പോയി. പോകുംവഴി മകന്‍ സുഖം പ്രാപിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി ഭൃത്യന്മാര്‍ എതിരേ വന്നു. ഏതു സമയത്താണ് അവന്റെ സ്ഥിതി മെച്ചപ്പെട്ടത് എന്ന് അവന്‍ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറില്‍ പനി വിട്ടുമാറി എന്ന് അവര്‍ പറഞ്ഞു. നിന്റെ മകന്‍ ജീവിക്കും എന്ന് യേശു പറഞ്ഞത് ആ മണിക്കൂറില്‍ത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും വിശ്വസിച്ചു. ഇത്‌ യൂദയായില്‍ നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സമര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങളുടെ ഫലം
ഞങ്ങള്‍ സ്വീകരിക്കട്ടെ.
ഈ ലോകത്തിന്റെ പഴയ ജീവിതശൈലികളില്‍ നിന്ന് ശുദ്ധീകൃതരായി,
സ്വര്‍ഗീയ ജീവന്റെ അഭിവൃദ്ധിയിലൂടെ
ഞങ്ങള്‍ നവീകരിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

എസെ 36:27

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളില്‍ നിവേശിപ്പിക്കും.
നിങ്ങള്‍ എന്റെ കല്പനകള്‍ കാക്കുന്നവരും
നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാകും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദിവ്യദാനങ്ങള്‍
ഞങ്ങളെ നവീകരിച്ച് ഉജ്ജീവിപ്പിക്കുകയും
പവിത്രീകരിച്ച് നിത്യജീവിതത്തിലേക്കു നയിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading