മിഷനറിവേലക്കായി വേറൊരു രാജ്യത്തായിരിക്കുമ്പോൾ മുടിയും താടിയും വിരലിലെ നഖങ്ങളും പിഴുതെടുക്കപ്പെടുക, അതുകഴിഞ്ഞു വിരലുകൾ വെട്ടി മാറ്റപ്പെടുക, ഒപ്പം വടിയും കത്തികളും കൊണ്ട് ധാരാളം അടിയും വെട്ടുമേറ്റ് മരണത്തോളം എത്തുക.. ഇത്രയും അനുഭവിച്ചതിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താൻ ഭാഗ്യം കിട്ടിയാൽ, വീണ്ടും ആ ഭീകരതയുടെ നാട്ടിലേക്ക് തിരിച്ചു പോകാൻ നിങ്ങൾ ആഗ്രഹിക്കുമോ? അതാണ്‌ യഥാർത്ഥത്തിൽ വിശുദ്ധ ഐസക്ക് ജോഗ്സ് ചെയ്തത്. ഈശോയോടുള്ള സ്നേഹത്തെ പ്രതി, പ്രേഷിത തീക്ഷ്‌ണതയെപ്രതി, വടക്കേ അമേരിക്കയിൽ രക്തസാക്ഷികളായ ആദ്യത്തെ എട്ടുപേരിൽ ഒരാൾ.

1607ൽ ഫ്രാൻസിൽ ജനിച്ച് വളർന്ന് പാരീസിലെ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1636ൽ ഈശോസഭാ (ജെസ്യൂട്ട്) വൈദികനായ ഐസക്ക് ജോഗ്സ്, തന്റെ സുഹൃത്തായ ചാൾസ് ഗാർണിയറിന്റെയും വേറെ മൂന്ന് ജെസ്യൂട്ട് വൈദികരുടെയും കൂടെ തെക്കൻ കാനഡയിലെ, അന്ന് ന്യൂ ഫ്രാൻസ് എന്നറിയപ്പെട്ടിരുന്ന ക്യൂബക്കിലേക്ക് പോയി ഹുറോൺ (ഇന്ത്യൻ) വംശജർക്കിടയിൽ മിക്ഷണറി പ്രവർത്തനം നടത്തുകയായിരുന്നു.

ക്യൂബക്കിൽ എത്തിയപ്പോൾ ജോഗ്സ് അമ്മക്ക് എഴുതി, ” സ്വർഗ്ഗത്തിൽ എത്തിച്ചേരുമ്പോൾ എങ്ങനെയാണെന്ന് എനിക്കറിയില്ല, പക്ഷേ ഈ പുതിയ ലോകത്തേക്ക് കാലു കുത്തുമ്പോൾ ഞാൻ അനുഭവിക്കുന്ന അതിരറ്റ ആനന്ദത്തെക്കാൾ, ഇവിടെ എത്തി കുർബ്ബാന അർപ്പിച്ചതിനേക്കാൾ കൂടുതൽ കവിഞ്ഞൊഴുകുന്ന മറ്റൊരു ആനന്ദം എങ്ങനെ അനുഭവിക്കാൻ സാധിക്കും എന്നെനിക്കറിയില്ല”.

നല്ല സംസ്കാരവും വിദ്യാഭ്യാസവുമുള്ള അവർ സ്വന്തനാടായ ഫ്രാൻസ് വിട്ട് അന്യനാട്ടിൽ പോയി ഗോത്രവംശജരുടെ ഭാഷകൾ പഠിച്ചു, വനത്തിൽ ജീവിക്കാൻ പഠിച്ചു,. ഇന്ത്യൻ ഗോത്രക്കാരുടെ രൂക്ഷഗന്ധമുള്ള വീടുകളിൽ താമസിച്ചു. അവർ കഴിക്കുന്നത് കഴിച്ചു. എന്തിനായിരുന്നു അതെല്ലാം? മനുഷ്യവംശത്തെ വീണ്ടെടുക്കാനായി തന്റെ ജീവൻ ബലികഴിച്ച ഈശോക്കായി ആത്മാക്കളെ നേടാൻ.

ധാരാളം പേർ അവിടെ മാനസാന്തരപെടുകയും കുറച്ചു പേർ മാമോദീസ സ്വീകരിക്കുകയും ചെയ്തു. ഹുറോൺ പ്രവിശ്യയിൽ സാന്താമേരി( പരിശുദ്ധ അമ്മയുടെ ബഹുമാനാർത്ഥം ) എന്നൊരു മിഷൻ പ്രദേശം പിറവിയെടുത്തു. പള്ളി, താമസസ്ഥലം, സെമിത്തേരി, ആശുപത്രി എന്നിവ പണിതു. മറ്റ് ഗോത്രവംശജരിലേക്കും എത്താൻ ഐസക്കും കൂട്ടരും ശ്രമിച്ചു. 1600 കിലോമീറ്ററോളം അവർ ചുറ്റി സഞ്ചരിച്ചു.

1642 അത്ര നല്ല വർഷമായിരുന്നില്ല. വിളവെടുപ്പ് മോശമായി. ഇന്ത്യൻ വംശജർ കുറേ പേർ രോഗികളായി. ഹുറോൺകാരുടെ ശത്രുക്കളായ ഇറോക്കോയ്സ് അവരെ ഉപദ്രവിക്കാൻ തക്കം പാത്തു കഴിയുകയുമായിരുന്നു. ഐസക്ക് ജോഗ്സും റിനെ ഗുപ്പീലും മറ്റ് രണ്ട് ഫ്രഞ്ച്കാരും 35 ഹുറോണുകളും അടങ്ങിയ സംഘം, അവശ്യസാധനങ്ങൾ സംഘടിപ്പിക്കാനുള്ള യാത്രയിൽ, ഇറോക്കോയ്സിന്റെ വംശത്തിലെ മൊഹ്വാക്ക് ആളുകളുടെ കയ്യിൽപെട്ടു. എണ്ണത്തിൽ കൂടുതലായിരുന്ന മൊഹ്വാക്ക് യോദ്ധാക്കൾ അവരെ പതിയിരുന്നു ആക്രമിച്ചു.

ഹുറോൺ വംശജർ കൊല്ലപ്പെടുന്നതും തടവുകാരായി പിടിക്കപ്പെടുന്നതും ഐസക്ക് നിസ്സഹായനായി കണ്ടു നിന്നു. കുറച്ചു പേർ വനത്തിലേക്ക് തിരിച്ചോടി. ഐസക്കിനും അങ്ങനെ ചെയ്യാമായിരുന്നു. പക്ഷേ പിടിക്കപ്പെട്ട ഹുറോൺകാരെ തനിച്ചാക്കി അങ്ങനെ ചെയ്യാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. നിസ്വാർത്ഥമായ ആ സ്നേഹം കണ്ട് അമ്പരന്ന ശത്രുക്കളോട് അദ്ദേഹം പറഞ്ഞു, “എന്നെ കെട്ടിവരിയണ്ട, ഇവരിൽ ആരെങ്കിലും ഒരാൾ പോലും നിങ്ങളുടെ കസ്റ്റഡിയിലുണ്ടെങ്കിൽ ഞാൻ രക്ഷപ്പെടാൻ ശ്രമിക്കില്ല”.

കണ്ണില്ലാത്ത ക്രൂരതയാണ്‌ അവരെല്ലാം അനുഭവിച്ചത്. താടിയും മുടിയും നഖങ്ങളും പിഴുതെടുക്കപ്പെട്ടു. വിരലുകൾ ചതക്കുകയോ മുറിച്ചുമാറ്റുകയോ ചെയ്തു. രക്തം നഷ്ടപെടുന്നത് തടയാൻ ഇന്ത്യക്കാർ തങ്ങളുടെ വിരലുകൾ കത്തിച്ചു. നടത്തിക്കൊണ്ട് പോയ തടവുകാർ മൊഹ്വാക്ക് ഗോത്രക്കാരുടെ ഓരോ ഗ്രാമങ്ങളിൽ എത്തുമ്പോഴും കഠിനമായ മർദ്ദനമുറകൾക്ക് വിധേയരായി.

“ദണ്ഡുകളും വടികളും നീണ്ട കത്തികളും പിടിച്ച് രണ്ട് വരിയായി നിൽക്കുന്ന ആളുകളുടെ ഇടയിലൂടെ ഞങ്ങളെ നടത്തി. ഏറ്റവും പിന്നിൽ ഞാനായിരുന്നു. അടികളും വെട്ടുകളും മഴ പോലെ ഞങ്ങളുടെ മേൽ പതിച്ചു. എണ്ണമറ്റ വെട്ടുകൊണ്ട് നിലത്തുവീണ എന്റെ അവസാനം ആണ് അതെന്ന് ഞാൻ കരുതി. പക്ഷേ രക്‌തമൊഴുകി മരിച്ച പോലെ കിടക്കുന്ന എന്നെ അവർ എടുത്തുകൊണ്ടുപോയി “. ഐസക്ക് ജോഗ്സ് പിന്നീട് എഴുതി.

തന്റെ പ്രിയപ്പെട്ട ഹുറോൺ വംശജർ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുന്നത് ഐസക്കിന് കാണേണ്ടി വന്നു. അവരെ വാക്കുകളാൽ ധൈര്യപ്പെടുത്തി, മാമോദീസ ലഭിക്കാത്തവർക്ക് മാമോദീസ നൽകി. റെനെ ഗൂപ്പിൽ എന്ന് പേരുള്ള, കാനഡയിലെ മിഷന് വേണ്ടി സ്വയം അർപ്പിച്ചിരുന്ന മറ്റൊരു ജെസ്യൂട്ട് സർജൻ, ഒരു കുട്ടിയുടെ നെറ്റിയിൽ കുരിശു വരക്കുന്നത് കണ്ട ശത്രുക്കൾ കിട്ടിയ ആയുധം കൊണ്ട് അദ്ദേഹത്തിന്റെ തല തകർത്തു. “ഈശോ ” എന്ന വിളിയോടെ പിടഞ്ഞുവീണ റെനെയെ കയ്യിലെടുത്തു ഐസക്ക് പാപമോചനാശിർവ്വാദം കൊടുത്തു. 1642, സെപ്റ്റംബർ 29 എന്ന ആ ദിവസം മിഖായേൽ മാലാഖയുടെ തിരുന്നാൾ ആയിരുന്നു. “മുപ്പത്തഞ്ചാം വയസ്സിൽ

ബലികഴിക്കപ്പെട്ട നിഷ്കളങ്കനായ ആ മാലാഖ, പാവപ്പെട്ട ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഹൃദയവും ആത്മാവും ദൈവത്തിൽ അർപ്പിച്ചിരുന്നു “. വടക്കേ അമേരിക്കയിലെ ക്രിസ്തുവിന്റെ ആദ്യ രക്തസാക്ഷിയാണ് റെനെ ഗൂപ്പിൽ.

ശത്രുക്കളുടെ കൂടെ അടിമയായി കഴിഞ്ഞ ഐസക്ക് അവർക്ക് വേണ്ടി വേല ചെയ്യേണ്ടി വന്നു. രക്ഷപ്പെട്ടാൽ, ഇവരോട് ദൈവവചനം എന്നെങ്കിലും പറയാൻ പറ്റിയാലോ എന്ന് വിചാരിച്ചു അവരുടെ ഭാഷ പഠിച്ചു, രോഗികളെ ശുശ്രൂഷിച്ചു, അവരോട് സ്വർഗ്ഗത്തെ പറ്റി പറഞ്ഞു. മരിക്കാറായ കുട്ടികൾക്ക് മാമോദീസ നൽകി. 13 മാസത്തിനുള്ളിൽ 70 മാമോദീസകൾ നൽകി. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള , ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ കത്തോലിക്കാ മാമോദീസകൾ. ‘മൻഹാട്ടേ’ ദ്വീപ് സന്ദർശിച്ച ആദ്യ കത്തോലിക്ക വൈദികൻ കൂടി ആയിരുന്നു ഐസക്ക് ജോഗ്സ്.

ഐസക്കിനെ കൊല്ലണമെന്ന് ശത്രുക്കൾ വിചാരിച്ചെങ്കിലും അവനെക്കൊണ്ട് പിന്നീട് ഉപകാരം ഉണ്ടാകുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. ഐസക്കിന് കുറച്ചു കഴിഞ്ഞ് ഫ്രാൻസിലേക്കുള്ള ഒരു കപ്പലിൽ കയറാൻ പറ്റി.

1643, ക്രിസ്മസ് ദിനത്തിൽ ഐസക്ക് ജോഗ്സ് വീണ്ടും ഫ്രാൻസിന്റെ മണ്ണിൽ കാലുകുത്തി. റെന്നിലെ (Rennes) ഒരു ജെസ്യൂട്ട് ഭവനത്തിൽ പോയി കതകിൽ മുട്ടി പറഞ്ഞു, ന്യൂ ഫ്രാൻസിൽ നിന്ന് വാർത്ത കൊണ്ടുവന്നതാണെന്ന്. റെക്ടർ, പ്രാകൃതവേഷം ധരിച്ച ആളെക്കണ്ട് ചോദിച്ചു,

“നിനക്ക് ഫാദർ ജോഗ്സിനെ അറിയുമോ?”

“നന്നായി അറിയും “

” അവർ അദ്ദേഹത്തെ കൊന്നോ? “

“ഇല്ല, അയാൾക്ക് ജീവനുണ്ട്. അത് ഞാൻ തന്നെയാണ് “.

എല്ലാവരും വന്ന് ജോഗ്സിനെ ആലിംഗനം ചെയ്തു. ക്രിസ്തുവിനെ പ്രതി ഏറെ സഹിച്ച

അദ്ദേഹത്തെ കണ്ട് അവർ സന്തോഷം കൊണ്ട് കരഞ്ഞു.

വാർത്ത എല്ലായിടത്തും പരന്നു. ക്രിസ്തുവിന്റെ ജീവിക്കുന്ന രക്തസാക്ഷിയെ എല്ലാവരും കാണാൻ വന്നു.. ആൻ രാജ്ഞിയും. തന്റെ വസ്ത്രത്തിൽ ഐസക്ക് ഒളിപ്പിക്കാൻ ശ്രമിച്ച, വിരലുകൾ വെട്ടി മാറ്റപ്പെട്ട ആ കൈകൾ രാജ്ഞി ചുംബിച്ചു.

പ്രശസ്തിയും പ്രശംസയും അല്ല അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അത്യാവശ്യമായി ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ആയിരുന്നു മനസ്സിൽ. ആദ്യത്തേത് അമ്മയെ കാണണം, രണ്ടാമതായി, വെട്ടിമാറ്റപ്പെട്ട വിരലുകൾ ഉള്ള കൈ ഉപയോഗിച്ചു കുർബ്ബാന ചൊല്ലാൻ മാർപ്പാപ്പയുടെ പ്രത്യേക അനുവാദം വാങ്ങണം. ഉർബൻ എട്ടാമൻ പാപ്പ കാനോനിക നിയമത്തിൽ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കി കൊണ്ട് ഇങ്ങനെ പറഞ്ഞു,

“ക്രിസ്തുവിന്റെ ഒരു രക്തസാക്ഷിക്ക് ക്രിസ്തുവിന്റെ രക്തം പാനം ചെയ്യാൻ അനുവാദം നൽകിയില്ലെങ്കിൽ അത് ലജ്ജാവഹമാണ് “.

മൂന്നാമത്തെ ആഗ്രഹം ഇതായിരുന്നു, കൊന്ന് കൊലവിളിക്കാൻ നിൽക്കുന്ന മോഹ്വാക്കുകളുടെ അടുത്തേക്ക് തിരിച്ചു പോണം!

1644 ജൂണിൽ ജോഗ്സ് കാനഡയിൽ വീണ്ടുമെത്തി. ഹുറോൺകാരും ഇറോകൊയ്‌സ്കാരും തമ്മിലുള്ള യുദ്ധം തീരും വരെ കാത്തിരിക്കാൻ പറഞ്ഞ് മോൺട്രീലിലേക്ക് അയക്കപ്പെട്ടു. കുറച്ചു ഇറോക്കോയ്‌സ് പ്രതിനിധികൾ സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കാൻ വന്നപ്പോൾ, ജോഗ്സ് അവരുടെ കൂടെ, മുൻപ് താൻ അടിമയായി കഴിഞ്ഞിടത്തേക്ക് പോയി. വൂൾഫ് ഗോത്രവും, ടർട്ടിൽ ഗോത്രവും അദ്ദേഹത്തെ കണ്ട് സന്തോഷിച്ചെങ്കിലും ബെയർ ഗോത്രം ജോഗ്സിന്റെ രക്തത്തിനായി ദാഹിച്ചു.

ഒക്ടോബർ 18, 1646. ജോഗ്സ് ബെയർ ഗോത്രക്കാരാൽ ഒരു വിരുന്നിന് ക്ഷണിക്കപ്പെട്ടു. ഒരു വുൾഫ് യോദ്ധാവുമൊത്ത് അദ്ദേഹം അവിടേക്ക് പോയി. താഴ്ന്ന വാതിൽപടിയിലൂടെ തല ഇട്ടപ്പോഴേ അപകടം മണത്ത കൂട്ടുകാരൻ ചാടിവീണെങ്കിലും വൈകിപ്പോയി. ആയുധം ജോഗ്സിന്റെ തല തകർത്തു. സുഹൃത്ത് ജോൺ ഡി ലാലൻഡേയും അന്ന് കൊല ചെയ്യപ്പെട്ടു. രണ്ടുപേരുടെയും തല വെട്ടിയെടുത്ത് അവർ പ്രദർശിപ്പിച്ചു.

പിന്നീട് ജോഗ്സിനെ രക്ഷിക്കാൻ ശ്രമിച്ച ആൾ മാമോദീസ സ്വീകരിച്ചു, അദ്ദേഹത്തെ വധിച്ച ആളും. അദ്ദേഹത്തെ കൊന്നതിൽ പശ്ചാത്തപിച്ച് തനിക്ക് ഐസക്ക് ജോഗ്സ് എന്ന പേര് വേണമെന്ന് മാമോദീസ സ്വീകരിച്ചപ്പോൾ ആവശ്യപ്പെട്ടു. അനേകം മോഹ്വാക്കുകൾ ക്രിസ്ത്യാനികളായി പിന്നീട്. അവരിൽ നിന്നുണ്ടായ വിശുദ്ധയാണ് വിശുദ്ധ കട്ടേരി ( St. Kateri Tekakwitha)

വടക്കേ അമേരിക്കയിലെ ക്രിസ്തുവിന്റെ ആദ്യ രക്തസാക്ഷികളായ വിശുദ്ധ ഐസക്ക് ജോഗ്സിന്റെയും മറ്റ് ഏഴ് പേരുടെയും തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading