ചങ്ങനാശേരി അതിരൂപതയിലെ ആദ്യ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയമായി കുടമാളൂർ സെന്‍റ് മേരീസ് ഫൊറോന പള്ളിയെ സീറോ മലബാർസഭ സിനഡ് പ്രഖ്യാപിച്ചതോടെ ഇടവയ്ക്ക് ആത്മീയ ഉണർവിന്‍റെ നവചൈതന്യം. തൊള്ളായിരത്തിലധികം വർഷങ്ങളുടെ പാരന്പര്യമുണ്ട് കുടമാളൂർ പള്ളിക്ക്. വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃഇടവകയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ കർമമണ്ഡലവുമായിരുന്ന കുടമാളൂർ, മധ്യ കേരളത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ തീർഥാടന കേന്ദ്രമാണ്.

ക്രിസ്തു വർഷം 1125 -ൽ നാടുവാണിരുന്ന ചെന്പകശേരി രാജാവായ മഹിപാൽ രാജേന്ദ്രനാണു മുത്തിമാതാവിന്‍റെ നാമത്തിൽ, പോർച്ചുഗീസ് ശില്പകലാ മാതൃകയിൽ ദേവാലയം നിർമിച്ചത്. കൊട്ടാരത്തിൽ അക്കാലത്തുണ്ടായ ചില ദുരനുഭവങ്ങൾ മാറിക്കിട്ടാൻ ജ്യോതിഷികൾ നൽകിയ ഉപദേശമനുസരിച്ചാണ് ദേവാലയം നിർമിക്കാൻ രാജാവ് തീരുമാനിച്ചത്. ഇതിന്‍റെ ചുമതല സൈന്യാധിപനായ അയ്മനം കൈമളിനെ രാജാവ് ഏല്പിച്ചു. അദ്ദേഹം മീനച്ചിൽ കർത്തായെ സന്ദർശിച്ച് അവിരാ ചാക്കോ എന്ന ക്രിസ്ത്യാനിയെ പള്ളി പണിയുടെ മേൽനോട്ടത്തിനായി കുടമാളൂരിൽ കൊണ്ടുവന്നു. അധികം വൈകാതെ ഒരു വൈദികനെയും ഏതാനും ക്രൈസ്തവ കുടുംബങ്ങളെയും കുടമാളൂരിലേക്ക് വരുത്തി പള്ളിക്കു സമീപം താമസിപ്പിച്ചു. പള്ളിയിൽ ആരാധനയും മറ്റു കർമങ്ങളും ആരംഭിച്ചതോടെ കൊട്ടാരത്തിലെ ദുരനുഭവങ്ങൾ ഇല്ലാതായി.

പള്ളിയുടെ പ്രധാന അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ളതും പച്ചിലചായക്കൂട്ടുകൾ ഉപയോഗിച്ച് വരച്ചിട്ടുള്ളതുമായ മുത്തിമാതാവിന്‍റെ ചിത്രം ഭക്തിയുടെ മൂർത്തരൂപമാണ്. രാജകൊട്ടാരം നേരിട്ടു തുടങ്ങിയ പ്രസിദ്ധമായ കറിനേർച്ചയും നീന്തുനേർച്ചയും ഇന്നും തുടരുന്ന ഭക്താനുഷ്ഠാനങ്ങളാണ്. സന്താന സൗഭാഗ്യത്തിനു വേണ്ടി ദന്പതികൾ നേരുന്നതാണു കറിനേർച്ച. പെസഹാ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ പതിനായിരക്കണക്കിനു വിശ്വാസികളാണ് ഇവിടെയെത്തുന്നത്. പളളിയുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള പുരാതനമായ കൽക്കുരിശിന്‍റെ ചുവട്ടിൽ നിന്നാരംഭിക്കുന്ന നീന്തുനേർച്ചയ്ക്ക് പള്ളിയോളംതന്നെ പഴക്കമുണ്ട്. പെസഹാ വ്യാഴാഴ്ച നടത്തിവരുന്ന തമുക്ക് നേർച്ചയും പ്രസിദ്ധമാണ്. വെള്ളിയാഴ്ചകളിൽ നടന്നു വരുന്ന ദിവ്യകാരുണ്യആരാധന, എണ്ണ നേർച്ച, അമ്മയ്ക്ക് മുത്തുക്കുട എന്നിവയിൽ ധാരാളം വിശ്വാസികൾ പങ്കെടുത്തു വരുന്നു.

സീറോ മലബാർ സഭയ്ക്ക് കോട്ടയം വികാരിയാത്ത് പ്രഖ്യാപിച്ചപ്പോൾ അതിന്‍റെ പ്രഥമ മെത്രാനായിരുന്ന ചാൾസ് ലെവീഞ്ഞ് മെത്രാൻ താമസിച്ചിരുന്നത് ഇടയ്ക്കാട്ടുകുന്നേൽ ആയിരുന്നു. വൈദിക മന്ദിരമായ കുടമാളൂരിലെ പള്ളി മേടയിലായിരുന്നു വികാരി ജനറാൾമാർ താമസിച്ചിരുന്നത്.

നിധീരിക്കൽ മാണിക്കത്തനാർ, എറണാകുളം അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മാർ ലൂ‍യീസ് പഴേപറന്പിൽ, ചങ്ങനാശേരിയുടെ മെത്രാൻ മാർ മാത്യു മാക്കിൽ തുടങ്ങിയവരും ഇവിടെയാണ് താമസിച്ചിരുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇൗ പള്ളിമേടയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

ഭാരത്തിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെ മാതൃഇടവകയാണു കുടമാളൂർ. ഇടവകയിലെ മുട്ടത്തുപാടം കുടുംബത്തിൽ ജനിച്ച വിശുദ്ധ, മാമ്മോദീസയും ആദ്യകുർബാനയും സ്വീകരിച്ചത് ഇൗ പള്ളിയിലാണ്. അൽഫോൻസാമ്മ ജ്ഞാനസ്നാനം സ്വീകരിച്ച മാമ്മോദീസ തൊട്ടി തൊട്ടുവണങ്ങാൻ നിരവധി തീർഥാടകർ ഇപ്പോഴും ഇവിടെയെത്തുന്നു.

ആധുനിക സീറോ മലബാർ സഭയുടെ പിതാവ് എന്ന് അറിയപ്പെടുന്ന പ്ലാസിഡച്ചൻ, ഇൗ ഇടവകയിലെ പൊടിപാറ കുടുംബത്തിലാണ് ജനിച്ചത്. ചരിത്രകാരനും സഭാപണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ അദ്ദേഹത്തിന്‍റെ ശ്രമഫലമായിട്ടാണ് പൗരസ്ത്യ തിരുസംഘം തലവനായിരുന്ന കർദിനാൾ ടിസറാംഗ് കേരളത്തിലെത്തിയത്. ഇതോടെയാണ് സീറോ മലബാർ സഭയുടെ ചരിത്രപരമായ പ്രാധാന്യം വത്തിക്കാൻ മനസിലാക്കിയത്. പൗരസ്ത്യ തിരുസംഘത്തിന്‍റെ ഉപദേഷ്ടാവായി ദീർഘകാലം പ്രവർത്തിച്ച പ്ലാസിഡച്ചൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ നടത്തിപ്പിൽ നിർണായ പങ്കു വഹിക്കുകയും ചെയ്തു.

പ്ശീത്ത ബൈബിൾ ആദ്യമായി മലയാളത്തിലേക്കു തർജമ ചെയ്ത ഭാഷാ പണ്ഡിതനും കവിയുമായിരുന്ന ക.നി.മൂ.സ മാണിക്കത്തനാർ കുടമാളൂർ ഇടവകയിലെ മുട്ടത്തുപാടത്ത് ആണ്ടുമാലിൽ കുടുംബത്തിലാണു പിറന്നത്. മാന്നാനത്ത് സിഎംഐ ആശ്രമത്തിലിരുന്നാണ് അദ്ദേഹം ബൈബിൾ തർജമ പൂർത്തിയാക്കിയത്. ഏറെക്കാലം ദീപികയുടെ മുഖ്യപത്രാധിപരായിരുന്ന മാണിക്കത്തനാർ, കർമല കുസുമം മാസികയുടെ പത്രാധിപരുമായിരുന്നു.

പുണ്യശ്ലോകനായ പനങ്കുഴയ്ക്കൽ വല്യച്ചൻ ദീർഘകാലം ഇവിടെ താമസിച്ചിരുന്നു. വിശുദ്ധ ചാവറച്ചൻ കുടമാളൂരിലെ പള്ളിമേടയിൽ താമസിച്ചാണ് മാന്നാനം ആശ്രമത്തിന്‍റെ പണികൾക്കു നേതൃത്വം നൽകിയത്. കർമലീത്ത നിഷ്പാദുക മൂന്നാംസഭയുടെ പ്രിയോർ ജനറാളായിരുന്ന ഫാ. ബർത്തലൂമ സി.എം.ഐ, മിഷൻ ലീഗ് സ്ഥാപകൻ ഫാ.ജോസഫ് മാലിപ്പറന്പിൽ, വിശുദ്ധ അൽഫോൻസാമ്മയുടെ പിതൃസഹോദരൻ മുട്ടത്തുപാടത്ത് ജോസഫച്ചൻ തുടങ്ങി നിരവധി വൈദികർ ഇൗ ഇടവകയുടെ അഭിമാന പുത്രന്മാരാണ്.

കുടമാളൂർ ഇടവകയിൽ രണ്ടായിരത്തോളം കുടുംബങ്ങളുണ്ട്. മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തുന്നതോടെ വികാരി റവ.ഡോ.മാണി പുതിയിടം ആർച്ച് പ്രീസ്റ്റ് ആകും. ഫാ.മിന്‍റോ മൂന്നുപറയിൽ, ഫാ.അനൂപ് വലിയപറന്പിൽ എന്നിവരാണ് സഹവികാരിമാർ. മാർച്ച് 15ന് പ്രഖ്യാപനം നടത്താനുള്ള ഒരുക്കത്തിലാണ് ഇടവക സമൂഹം.

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading