ആമുഖം

ജറുസലെമില്‍ കര്‍ത്താവിന് ഒരു ആലയം നിര്‍മിക്കാനുള്ള ആഹ്വാനവുമായി സൈറസ് പുറപ്പെടുവിച്ച കല്‍പന (2 ദിന 31, 23) ഏറെനാള്‍ നിറവേറ്റപ്പെടാതെ കിടന്നു. ദാരിയൂസ് ഭരണമേറ്റതോടെ ഉണ്ടായ സംഭവവികാസങ്ങള്‍ ജനത്തിന്റെ പ്രതീക്ഷയുണര്‍ത്തി. ഈ സന്ദര്‍ഭത്തിലാണ് തകര്‍ന്നുകിടക്കുന്ന ദേവാലയം പുനരുദ്ധരിക്കുക എന്ന സന്‌ദേശവുമായി ഹഗ്ഗായി പ്രവാചകന്‍ കടന്നുവരുന്നത് (ബി.സി. 522). ബാബിലോണില്‍നിന്നു തിരിച്ചെത്തിയ പ്രവാസികളിലൊരുവനായിരുന്നിരിക്കണം പ്രവാചകന്‍ എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും നമുക്കില്ല. തങ്ങള്‍ക്കായി മന്ദിരങ്ങള്‍ പടുത്തുയര്‍ത്താനുള്ള വ്യഗ്രതയില്‍ തകര്‍ന്നുകിടക്കുന്ന ദേവാലായത്തെക്കുറിച്ചു ചിന്തിക്കാത്തതാണ് ഇസ്രായേലിന്റെ ദുഃസ്ഥിതിക്കു കാരണമെന്നു ഹഗ്ഗായി വാദിക്കുന്നു. അവിടുത്തേക്കു ആലയം പണിയുക, അപ്പോള്‍ അവിടുന്ന് ഐശ്വര്യം പ്രദാനം ചെയ്യും (1, 1-15). ഇപ്പോള്‍ പണിയുന്ന ആലയം നിസ്‌സാരമെന്നു തോന്നിയേക്കാമെങ്കിലും അതു മഹത്വപൂര്‍ണവും ജനത്തിന്റെ ഐശ്വര്യത്തിനു നിദാനവുമാകും. സെറുബാബേല്‍ കര്‍ത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായി വിരാജിക്കും (2, 1-23). 

ദേവാലയ നിര്‍മാണത്തിന് ആഹ്വാനം

1 : ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണ വര്‍ഷം ആറാംമാസം ഒന്നാം ദിവസം, യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേ ലിന്റെ മകന്‍ സെറുബാബേലിനും,യഹോസദാക്കിന്റെ മകനും പ്രധാനപുരോഹിത നുമായ ജോഷ്വയ്ക്കും ഹഗ്ഗായി പ്രവാചകന്‍വഴി ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്.   

2 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ ആലയം പുനരുദ്ധരിക്കുന്നതിനു സമയമായിട്ടില്ല എന്ന് ഈ ജനം പറയുന്നു.   

3 : അപ്പോള്‍ ഹഗ്ഗായി പ്രവാചകന്‍ വഴി കര്‍ത്താവ് അരുളിച്ചെയ്തു:   

4 : ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ?   

5 : അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍.   

6 : നിങ്ങള്‍ ഏറെ വിതച്ചു, കുറച്ചുമാത്രം കൊയ്തു. നിങ്ങള്‍ ഭക്ഷിക്കുന്നു, ഒരിക്കലും തൃപ്തരാകുന്നില്ല. നിങ്ങള്‍ പാനം ചെയ്യുന്നു, തൃപ്തി വരുന്നില്ല. നിങ്ങള്‍ വസ്ത്രം ധരിക്കുന്നു, ആര്‍ക്കും കുളിരു മാറുന്നില്ല. കൂലി ലഭിക്കുന്നവന് അതു ലഭിക്കുന്നത് ഓട്ടസഞ്ചിയില്‍ ഇടാന്‍മാത്രം!   

7 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഈ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍.   

8 : നിങ്ങള്‍ മലയില്‍ചെന്ന് തടി കൊണ്ടുവന്ന് ആലയം പണിയുവിന്‍; ഞാന്‍ അതില്‍ സംപ്രീതനാകും. മഹ ത്വത്തോടെ ഞാന്‍ അതില്‍ പ്രത്യക്ഷനാകും- കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

9 : നിങ്ങള്‍ ഏറെ തേടി, ലഭിച്ചതോ അല്‍പം മാത്രം. നിങ്ങള്‍ അതു വീട്ടിലേക്കു കൊണ്ടുവന്നു; ഞാന്‍ അത് ഊതിപ്പറത്തി. എന്തുകൊണ്ട്? – സൈന്യങ്ങളുടെ കര്‍ത്താവ് ചോദിക്കുന്നു. നിങ്ങള്‍ ഓരോരുത്തരും തന്റെ ഭവനത്തെപ്രതി വ്യഗ്രത കാട്ടുമ്പോള്‍ എന്റെ ആലയം തകര്‍ന്നു കിടക്കുന്നതുകൊണ്ടുതന്നെ.   

10 : അതുകൊണ്ട് ആകാശം നിങ്ങള്‍ക്കുവേണ്ടി മഞ്ഞുപെയ്യിക്കുന്നില്ല; ഭൂമി വിളവുനല്‍കുന്നുമില്ല.   

11 : ദേശത്തിലും മലകളിലും ധാന്യത്തിലും പുതുവീഞ്ഞിലും എണ്ണയിലും ഭൂമിയില്‍ മുളയ്ക്കുന്നവയിലും മനുഷ്യരിലും കന്നുകാലികളിലും അവരുടെ അധ്വാനത്തിലും ഞാന്‍ വരള്‍ച്ചവരുത്തിയിരിക്കുന്നു.   

12 : അപ്പോള്‍ ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലുംയഹോസദാക്കിന്റെ പുത്രനും പ്രധാനപുരോഹിതനുമായജോഷ്വയും, ജനത്തില്‍ അവശേഷിച്ചവരും തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കുകയും തങ്ങളുടെ ദൈവമായ കര്‍ത്താവ് അയച്ച പ്രവാചകനായ ഹഗ്ഗായിയുടെ വാക്കുകള്‍ സ്വീകരിക്കുകയും ചെയ്തു.   

13 : ജനം കര്‍ത്താവിനെ ഭയപ്പെട്ടു. അപ്പോള്‍ കര്‍ത്താവിന്റെ ദൂതനായ ഹഗ്ഗായി കര്‍ത്താവിന്റെ സന്‌ദേശം ജനത്തെ അറിയിച്ചു.   

14 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളോടു കൂടെയുണ്ട്. അപ്പോള്‍ യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്റെ പുത്രന്‍ സെറുബാബേ ലിനെയുംയഹോസദാക്കിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വയെയും അവശേഷിച്ചിരുന്ന ജനത്തെയും കര്‍ത്താവ് ഉത്തേജിപ്പിച്ചു. അവര്‍ തങ്ങളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവിന് ആലയം പണിയാന്‍ തുടങ്ങി.   

15 : ഇത് ആറാംമാസം ഇരുപത്തിനാലാം ദിവസമാണ്.   

പുതിയ ദേവാലയം

1 : ദാരിയൂസ് രാജാവിന്റെ രണ്ടാംഭരണവര്‍ഷം, ഏഴാംമാസം ഇരുപത്തൊന്നാംദിവസം,പ്രവാചകനായ ഹഗ്ഗായിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:   

2 : യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലിനോടും,യഹോസദാക്കിന്റെ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വയോടും ജനത്തില്‍ അവശേഷിക്കുന്നവരോടും പറയുക,   

3 : ഈ ആലയത്തിന്റെ പൂര്‍വമഹിമ കണ്ടിട്ടുള്ളവരായി നിങ്ങളില്‍ ആരുണ്ട്? ഇപ്പോള്‍ ഇതിന്റെ സ്ഥിതിയെന്താണ്? തീരെ നിസ്‌സാരമായിട്ടു തോന്നുന്നില്ലേ?   

4 : എങ്കിലും, സെറുബാബേല്‍, ധൈര്യമായിരിക്കുക.യഹോസദാക്കിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വ, ധൈര്യമായിരിക്കുക. ദേശവാസികളെ, ധൈര്യമ വലംബിക്കുവിന്‍- കര്‍ത്താവ് അരുളിച്ചെയ്യുന്നു. പണിയുവിന്‍, ഞാന്‍ നിങ്ങളോടുകൂടെയുണ്ട്- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

5 : ഈജിപ്തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെതന്നെ എന്റെ ആത്മാവു നിങ്ങളുടെ ഇടയില്‍ വസിക്കുന്നു; ഭയപ്പെടേണ്ടാ.   

6 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അല്‍പസമയത്തിനുള്ളില്‍ വീണ്ടും ഞാന്‍ ആകാശവും ഭൂമിയും കടലും കരയും ഇളക്കും.   

7 : ഞാന്‍ എല്ലാ ജനതകളെയും കുലുക്കും. അങ്ങനെ എല്ലാ ജനതകളുടെയും അമൂല്യനിധികള്‍ ഇങ്ങോട്ടുവരും. ഈ ആലയം ഞാന്‍ മഹത്വപൂര്‍ണമാക്കും- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

8 : വെള്ളി എന്‍േറതാണ്; സ്വര്‍ണവും എന്‍േറതാണ് – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

9 : ഈ ആലയത്തിന്റെ പൂര്‍വമഹത്വത്തെക്കാള്‍ ഉന്നതമായിരിക്കും വരാന്‍ പോകുന്ന മഹത്വം- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഈ സ്ഥ ലത്തിനു ഞാന്‍ ഐശ്വര്യം നല്‍കും- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

10 : ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം ഒന്‍പതാംമാസം ഇരുപത്തിനാലാം ദിവസം പ്രവാചകനായ ഹഗ്ഗായിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:   

11 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: പുരോഹിതന്‍മാരോട് ഈ പ്രശ്‌നത്തിന്റെ ഉത്തരം ചോദിക്കുവിന്‍.   

12 : ആരെങ്കിലും തന്റെ വസ്ത്രത്തിന്റെ അറ്റത്തു വിശുദ്ധ മാംസം പൊതിയുകയും, ആ വസ്ത്രാഞ്ചലംകൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യസാധനമോ സ്പര്‍ശിക്കുകയും ചെയ്താല്‍ അവ വിശുദ്ധമാകുമോ? ഇല്ല- പുരോഹിതന്‍മാര്‍ പറഞ്ഞു.   

13 : ഹഗ്ഗായി ചോദിച്ചു: ശവശരീരത്തില്‍ സ്പര്‍ശിച്ച് അശുദ്ധനായ ഒരുവന്‍ ഇതില്‍ ഏതെങ്കിലും ഒന്നിനെ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകുമോ?   

14 : അശുദ്ധമാകും- അവര്‍ പറഞ്ഞു. അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: ഈ ജനവും രാജ്യവും എന്റെ മുന്‍പില്‍ അങ്ങനെതന്നെയാണ് – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അപ്രകാരം തന്നെ അവരുടെ പ്രവൃത്തികളും അവര്‍ അര്‍പ്പിക്കുന്ന കാഴ്ചകളും അശുദ്ധമാണ്.   

15 : കര്‍ത്താവിന്റെ ആലയത്തിനുവേണ്ടി കല്ലിന്‍മേല്‍ കല്ലു വയ്ക്കുന്നതിനുമുന്‍പ് ഇന്നുവരെ നിങ്ങള്‍ എങ്ങനെ വ്യാപരിച്ചിരുന്നെന്നു ചിന്തിക്കുവിന്‍; എന്തായിരുന്നു നിങ്ങളുടെ സ്ഥിതി?   

16 : ഇരുപതളവു ധാന്യം കൂട്ടിയിരിക്കുന്നിടത്തു ചെല്ലുമ്പോള്‍ പത്തളവേ കാണാനുള്ളു. അന്‍പതളവു വീഞ്ഞു കോരിയെടുക്കാന്‍ ചെന്നപ്പോള്‍ ചക്കില്‍ ഇരുപതളവേയുള്ളു.   

17 : നിങ്ങളുടെ എല്ലാ അധ്വാനഫലങ്ങളും ഉഷ്ണക്കാറ്റും വിഷമഞ്ഞും കന്‍മഴയും അയച്ചു ഞാന്‍ നശിപ്പിച്ചു. എന്നിട്ടും നിങ്ങള്‍ എന്നിലേക്കു മടങ്ങിവന്നില്ല- കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

18 : ആകയാല്‍ ഇന്നുമുതല്‍, ഒന്‍പതാംമാസം ഇരുപത്തിനാലാം ദിവസംമുതല്‍, കര്‍ത്താവിന്റെ ആല യത്തിനു കല്ലിട്ട അന്നു മുതല്‍, എങ്ങനെ ആയിരിക്കുമെന്നു ശ്രദ്ധിക്കുവിന്‍.   

19 : വിത്ത് ഇനിയും കളപ്പുരയില്‍ത്തന്നെയാണോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതള നാരകവും ഒലിവും ഇനിയും ഫലം നല്‍കുന്നില്ലേ? ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും.   

20 : ആ മാസം ഇരുപത്തിനാലാംദിവസം ഹഗ്ഗായിക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:   

21 : യൂദായുടെ ദേശാധിപതിയായ സെറുബാബേലിനോടു പറയുക: ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇളക്കാന്‍ പോകുന്നു.   

22 : രാജ്യങ്ങളുടെ സിംഹാസനങ്ങള്‍ ഞാന്‍ തകര്‍ക്കും. ജനതകളുടെ സിംഹാസനങ്ങളുടെ ശക്തി ഞാന്‍ നശിപ്പിക്കാന്‍ പോകുന്നു. അവരുടെ രഥങ്ങളെയും സാരഥികളെയും ഞാന്‍ മറിച്ചിടും, കുതിര കളും കുതിരപ്പുറത്തിരിക്കുന്നവരും സഹയോദ്ധാക്കളുടെ വാളിനിരയാകും – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

23 : ഷെയാല്‍ത്തിയേലിന്റെ മകനും എന്റെ ദാസ നുമായ സെറുബാബേലേ, അന്നു ഞാന്‍ നിന്നെ എന്റെ മുദ്രമോതിരം പോലെയാക്കും. എന്തെന്നാല്‍, ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

Advertisements
Advertisements
Advertisements
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading