ഫ്രാൻസിസിന്റെ നിഴലിനപ്പുറം
അസ്സീസിയിലെ വിശുദ്ധ ക്ലാരയെക്കുറിച്ച് പറയുമ്പോൾ സ്വാഭാവികമായും വിശുദ്ധ ഫ്രാൻസിസിന്റെ പേര് നമ്മുടെ ഓർമ്മയിലെത്തും. ഫ്രാൻസിസിന്റെ ആത്മീയ സാന്നിധ്യത്തിൽ വളർന്ന തന്റെ സമൂഹത്തെ ക്ലാര തന്നെ വിനയത്തോടെ “ചെറിയ ചെടി” എന്നു വിളിച്ചിരുന്നു. എന്നാൽ അവളെ ഫ്രാൻസിസിന്റെ അനുയായി മാത്രമായി കാണുന്നത് അവളുടെ വ്യക്തിത്വത്തിന്റെ ആഴം കുറച്ചുകാണുന്നതിനു തുല്യമാണ്. ക്ലാര സ്വന്തം നിലയിൽ ഒരു മിസ്റ്റിക്കും ദൈവശാസ്ത്രചിന്തകയും സമൂഹസ്ഥാപകയുമായിരുന്നു — ക്രിസ്തു, ദാരിദ്ര്യം, ധ്യാനം, ആന്തരിക രൂപാന്തരം എന്നിവയെ കേന്ദ്രീകരിച്ച് ഫ്രാൻസിസ്കൻ ആത്മീയതയ്ക്ക് തനതായ ഒരു മുഖം നൽകിയവൾ. മധ്യകാലഘട്ടത്തിലെ ഒരു സ്ത്രീ എന്ന നിലയിൽ അവൾ നേരിട്ട സാമൂഹികവും സഭാപരവുമായ പരിമിതികൾ ഓർക്കുമ്പോഴാണ് അവളുടെ ധൈര്യവും വിശുദ്ധിയും കൂടുതൽ തെളിഞ്ഞു കാണുന്നത്.
ദാരിദ്ര്യത്തിലേക്കുള്ള ഒരു ഓശാന രാത്രി
ഏകദേശം 1193-ൽ അസ്സീസിയിലെ സമ്പന്നമായ ഓഫ്രെദുച്ചിയോ കുടുംബത്തിലാണ് ക്ലാര ജനിച്ചത്. അക്കാലത്ത് അസ്സീസിയിൽ ഒരു പുതിയ ആത്മീയ പ്രസ്ഥാനം വളർന്നുവരികയായിരുന്നു — വിശുദ്ധ ഫ്രാൻസിസ് ജനങ്ങളെ സുവിശേഷത്തിന്റെ ലാളിത്യത്തിലേക്കും ദാരിദ്ര്യത്തിലേക്കും തിരിച്ചുവിളിച്ചു. ഈ ജീവിതശൈലി ക്ലാരയെ ആഴത്തിൽ സ്പർശിച്ചു. ഫ്രാൻസിസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, 1211-ലെ ഓശാന ഞായറാഴ്ച രാത്രി അവൾ കുടുംബവീട് വിട്ടിറങ്ങി. ഒരു പ്രഭുകുടുംബത്തിലെ യുവതിക്ക് സാധാരണയായി പ്രതീക്ഷിക്കപ്പെട്ടിരുന്ന വിവാഹത്തിനും സുരക്ഷിതത്വത്തിനും പകരം അവൾ തിരഞ്ഞെടുത്തത് ദാരിദ്ര്യവും ക്രിസ്തുവിനോടുള്ള പൂർണ്ണസമർപ്പണവുമായിരുന്നു — ഫ്രാൻസിസിനോടുള്ള വ്യക്തിപരമായ ആകർഷണം കൊണ്ടല്ല, സുവിശേഷത്തിന്റെ വിളിയോടുള്ള ആഴമേറിയ പ്രതികരണമായിരുന്നു അത്.
നഗരമതിലുകൾക്കു പുറത്തുള്ള ചെറിയ സാൻ ഡാമിയാനോ ദേവാലയം അവളുടെ ജീവിതത്തിന്റെ കേന്ദ്രമായി. അവിടെ ക്രിസ്തുവിനോടുള്ള സമർപ്പണത്തിൽ പങ്കുചേരാൻ ആഗ്രഹിച്ച സ്ത്രീകൾ അവളുടെ ചുറ്റും ഒന്നിച്ചുകൂടി, അങ്ങനെ പുവർ ക്ലെയേഴ്സ് (Poor Clares) എന്ന സന്യാസസമൂഹം രൂപപ്പെട്ടു.
സ്വന്തം നിയമം രചിച്ച സ്ത്രീ
ഫ്രാൻസിസും സഹോദരന്മാരും സ്വീകരിച്ച അതേ സുവിശേഷദാരിദ്ര്യം തന്നെ ക്ലാരയും ആഗ്രഹിച്ചു. എന്നാൽ മധ്യകാല സഭയിൽ സ്ത്രീകളുടെ സന്യാസജീവിതം പരമ്പരാഗത ആശ്രമക്രമങ്ങളാൽ കർശനമായി നിയന്ത്രിക്കപ്പെട്ടിരുന്നു; ക്ലാരയുടെ സമൂഹത്തിനും തുടക്കത്തിൽ വിശുദ്ധ ബെനഡിക്ടിന്റെ നിയമം അനുസരിക്കേണ്ടിവന്നു. ആ നിയമം അവൾ ആഗ്രഹിച്ച സമൂലമായ ദാരിദ്ര്യത്തെ പൂർണ്ണമായി ഉൾക്കൊണ്ടിരുന്നില്ല — അവൾക്ക് ദാരിദ്ര്യം കേവലമൊരു ജീവിതശൈലിയായിരുന്നില്ല, ദരിദ്രനായിത്തീർന്ന ക്രിസ്തുവിനെ അനുഗമിക്കാനുള്ള മാർഗമായിരുന്നു.
സഭയുടെ ഘടനയോട് കലഹിക്കാതെ, അതിനുള്ളിൽ നിന്നുകൊണ്ടുതന്നെ തന്റെ ദർശനത്തിന് സ്ഥാനം നേടാൻ അവൾ പതിറ്റാണ്ടുകളോളം ക്ഷമയോടെ പരിശ്രമിച്ചു. ഒടുവിൽ അവൾ സ്വന്തം നിയമം തന്നെ രചിച്ചു, 1253-ൽ, മരണത്തിന് തൊട്ടുമുമ്പ്, അതിന് സഭയുടെ അംഗീകാരം ലഭിച്ചു — ഒരു സ്ത്രീ രചിച്ചും സഭ അംഗീകരിച്ചും രൂപംകൊണ്ട ആദ്യത്തെ സന്യാസനിയമം എന്ന നിലയിൽ ചരിത്രപ്രധാനമായ ഒരു നേട്ടം.
വിശുദ്ധി എന്നത് നിശ്ശബ്ദമായ അനുസരണം മാത്രമല്ലെന്നും, സഭയോടുള്ള വിശ്വസ്തത നിലനിർത്തിക്കൊണ്ടുതന്നെ പുതിയ വഴികൾ തുറക്കാനുള്ള ധൈര്യവും അതിന്റെ ഭാഗമാണെന്നും ക്ലാരയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
പാദങ്ങൾ കഴുകിയ അധികാരം
ക്ലാരയുടെ നേതൃത്വശൈലി ആധിപത്യത്തിന്റേതായിരുന്നില്ല. സഹോദരിമാർ പരസ്പരം തുല്യരായി കാണപ്പെടണമെന്ന് അവൾ ആഗ്രഹിച്ചു; “അബ്ബസ്” എന്ന പദവി പോലും അവൾക്ക് ഇഷ്ടമായിരുന്നില്ല. തീരുമാനങ്ങളിൽ എല്ലാവരെയും പങ്കെടുപ്പിച്ചു, രോഗികളായ സഹോദരിമാരുടെ പാദങ്ങൾ സ്വയം കഴുകി. അധികാരം, പദവി, സ്വാധീനം എന്നിവയുമായി നേതൃത്വത്തെ ബന്ധിപ്പിക്കുന്ന ഇന്നത്തെ ലോകത്തിന് ക്ലാര മറ്റൊരു മാതൃക കാണിച്ചുതരുന്നു: ഉത്തരവാദിത്വം കൂടുന്തോറും ശുശ്രൂഷയ്ക്കുളള ബാധ്യതയും കൂടണം. യഥാർത്ഥ ക്രിസ്തീയ അധികാരം മറ്റുള്ളവരെ കീഴ്പ്പെടുത്തുന്നതല്ല, അവരെ വളരാൻ സഹായിക്കുന്നതാണ്.
ആഗ്നസിനുള്ള കത്തുകൾ: ദരിദ്രനായ മണവാളൻ
ക്ലാരയുടെ ദൈവശാസ്ത്രചിന്ത മനസ്സിലാക്കാൻ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ് പ്രാഗിലെ ആഗ്നസ് രാജകുമാരിക്ക് അവൾ എഴുതിയ നാല് കത്തുകളാണ്. ശക്തരായ രാജാക്കന്മാരിൽനിന്നും ചക്രവർത്തിമാരിൽനിന്നും വിവാഹാഭ്യർത്ഥനകൾ ലഭിച്ചിരുന്ന ആഗ്നസ്, സമ്പത്തും അധികാരവും നിറഞ്ഞ ജീവിതം വേണ്ടെന്നുവച്ച് ക്രിസ്തുവിനെ തിരഞ്ഞെടുത്തു; ഒരു ആതുരാലയവും ആശ്രമവും സ്ഥാപിച്ച് 1234-ൽ സന്യാസജീവിതം സ്വീകരിച്ചു.
ഈ കത്തുകളിൽ ക്ലാര ഉത്തമഗീതത്തിലെ മണവാളൻ–മണവാട്ടി പ്രതീകം ഉപയോഗിച്ച്, ലോകത്തിലെ രാജകീയ വിവാഹങ്ങളെക്കാൾ മഹത്തായ ഒരു മണവാളനെ — ക്രിസ്തുവിനെ — തിരഞ്ഞെടുത്തതിന് ആഗ്നസിനെ അഭിനന്ദിക്കുന്നു. ഭൗതിക സമ്പത്തിനും പദവിക്കും പകരം ക്രിസ്തുവുമായുള്ള ഐക്യത്തിന്റെ ആത്മീയ സമ്പത്താണ് യഥാർത്ഥ നിധിയെന്ന് അവൾ ഓർമ്മിപ്പിക്കുന്നു. ക്ലാരയുടെ കണ്ണിൽ ആഗ്നസിന്റെ ഈ തിരഞ്ഞെടുപ്പ് നഷ്ടമല്ല, യഥാർത്ഥ നിധിയുടെ കണ്ടെത്തലാണ്; ക്രിസ്തീയ മഹത്വത്തിന്റെ അളവുകോൽ ലോകത്തിലെ പദവിയല്ല, ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ ആഴമാണ് എന്ന സത്യമാണ് അവരുടെ ജീവിതം പ്രഖ്യാപിക്കുന്നത്.
ക്ലാരയുടെ ദാരിദ്ര്യസങ്കൽപ്പം ഭൗതികതലത്തിൽ ഒതുങ്ങുന്നില്ല. ക്രിസ്തുവിന്റെ അവതാരത്തെ അവൾ സ്വയം ശൂന്യമാക്കലിന്റെ മഹത്തായ രഹസ്യമായി കാണുന്നു — അനന്തൻ പരിമിതനായി, സ്രഷ്ടാവ് സൃഷ്ടിയുടെ ഭാഗമായി, നിത്യപുത്രൻ ദൗർബല്യവും വേദനയും മരണവും സ്വീകരിച്ചു. അതുകൊണ്ടാണ് അവൾ ആഗ്നസിനോട് “ദരിദ്രനായ ക്രിസ്തുവിനെ ആലിംഗനം ചെയ്യുക” എന്നു പറയുന്നത് — അത് കേവലം ദാരിദ്ര്യത്തെ അനുകരിക്കാനുള്ള ക്ഷണമല്ല, ദൈവത്തിന്റെ സ്വയം ശൂന്യമാക്കുന്ന സ്നേഹത്തെ ധ്യാനിക്കാനുള്ള ക്ഷണമാണ്.
കണ്ണാടി: ക്ലാരയുടെ ഏറ്റവും മനോഹരമായ പ്രതീകം
ആഗ്നസിനുള്ള മൂന്നും നാലും കത്തുകളിൽ ക്ലാര ക്രിസ്തുവിനെ ഒരു കണ്ണാടിപോലെ നോക്കാൻ അവളെ ക്ഷണിക്കുന്നു. മധ്യകാലഘട്ടത്തിൽ കണ്ണാടികൾ ലോഹം മിനുക്കി നിർമ്മിക്കുന്നവയായിരുന്നു; വ്യക്തമായ പ്രതിബിംബം ലഭിക്കാൻ ഏറെ പരിശ്രമം വേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രതീകം അർത്ഥഗർഭമാണ് — കണ്ണാടി നമ്മോട് രണ്ടു കാര്യങ്ങൾ പറയുന്നു: നാം ഇപ്പോൾ ആരാണ്, നാം ആരായി മാറണം.
എന്നാൽ ക്ലാരയുടെ കണ്ണാടി-ആത്മീയത കേവലം ക്രിസ്തുവിനെ നോക്കി അത്ഭുതപ്പെടുന്നതല്ല. ധ്യാനം രൂപാന്തരത്തിലേക്ക് നയിക്കണം. നാം നിരന്തരം ക്രിസ്തുവിനെ ധ്യാനിക്കുമ്പോൾ അവന്റെ രൂപത്തിലേക്ക് ക്രമേണ രൂപാന്തരപ്പെടുന്നു. അതുകൊണ്ട് ആത്മീയജീവിതത്തിന്റെ ലക്ഷ്യം “യേശുവിനെ നോക്കുക” എന്നതിൽ അവസാനിക്കുന്നില്ല — “നാം ധ്യാനിക്കുന്ന യേശുവിനെപ്പോലെയാകുക” എന്നതാണ് ക്ലാരയുടെ ആത്മീയതയുടെ ഹൃദയം. വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഇതിനോട് അടുത്ത ബന്ധം പുലർത്തുന്നു: “ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു; അപ്പോൾ മുഖാമുഖം കാണും” (1 കോറിന്തോസ് 13:12). ആത്മാവ് ശുദ്ധീകരിക്കപ്പെടുന്തോറും ക്രിസ്തുവിനെ കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ കഴിയും, അങ്ങനെ മനുഷ്യൻ ക്രമേണ ദൈവത്തിന്റെ പ്രതിഛായയിലേക്ക് രൂപാന്തരപ്പെടുന്നു.
കുരിശ്: ദൗർബല്യത്തിലെ ശക്തി
ക്ലാരയുടെ ധ്യാനത്തിലെ കേന്ദ്രവിഷയം ക്രൂശിതനായ ക്രിസ്തുവാണ്. കാരണം ക്രൂശിൽ ക്രിസ്തീയ വിശ്വാസത്തിന്റെ മഹത്തായ വിരോധാഭാസം നാം കാണുന്നു — ദൗർബല്യത്തിൽ ദൈവത്തിന്റെ ശക്തി, ദാരിദ്ര്യത്തിൽ ദൈവത്തിന്റെ സമ്പത്ത്, അപമാനത്തിൽ ദൈവത്തിന്റെ മഹത്വം. ക്രൂശിതനായ ക്രിസ്തു ദൈവം ആരാണെന്നും നാം ആരായി മാറണമെന്നും ഒരേസമയം വെളിപ്പെടുത്തുന്ന കണ്ണാടിയാണ്.
ഈ ധ്യാനം കരുണയായി മാറാതെ പൂർണ്ണമാകുന്നില്ല. ലോകം അവഗണിക്കുന്നവരിൽ — ദരിദ്രരിലും രോഗികളിലും അഭയാർത്ഥികളിലും മറക്കപ്പെട്ടവരിലും — ക്രിസ്തുവിന്റെ മുഖം കാണാൻ നമുക്ക് പഠിക്കണം. നാം യഥാർത്ഥത്തിൽ ക്രൂശിതനായ ക്രിസ്തുവിനെ ധ്യാനിക്കുന്നുവെങ്കിൽ, കഷ്ടപ്പെടുന്ന മനുഷ്യരോട് നിസ്സംഗരായിരിക്കാൻ കഴിയില്ല. “ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു” എന്നു പറയുകയും അതേസമയം വേദനിക്കുന്നവനോട് കണ്ണടയ്ക്കുകയും ചെയ്യുക സാധ്യമല്ല. ദിവ്യകാരുണ്യത്തിൽ നാം കാണുന്നതും ഇതേ സ്വയം നൽകുന്ന സ്നേഹത്തിന്റെ രഹസ്യമാണ് — ക്രിസ്തു തന്നെത്തന്നെ നൽകുന്ന അതേ മാതൃകയിലേക്ക് നമ്മെയും അവൻ ക്ഷണിക്കുന്നു.
ക്ലാര ഇന്ന് നമ്മോട് ചോദിക്കുന്ന ചോദ്യം
ക്ലാരയുടെ ആത്മീയത മനോഹരമാണ്, അതേസമയം വെല്ലുവിളി നിറഞ്ഞതുമാണ്. അമിതമായ സുഖസൗകര്യങ്ങളെക്കുറിച്ചും സമ്പത്തിനോടും പദവിയോടുമുള്ള നമ്മുടെ ആസക്തിയെക്കുറിച്ചും അവൾ ചോദ്യം ചെയ്യുന്നു: “ക്രിസ്തു നമുക്കുവേണ്ടി തന്നെത്തന്നെ ശൂന്യമാക്കിയെങ്കിൽ, മറ്റുള്ളവർക്കുവേണ്ടി നമ്മിൽ എത്രമാത്രം ശൂന്യമാകാൻ നാം തയ്യാറാണ്?” ക്രിസ്തീയ ശിഷ്യത്വം സ്വകാര്യമായ ആത്മീയാനുഭവത്തിൽ അവസാനിക്കുന്നില്ല; അത് നമ്മുടെ ബന്ധങ്ങളെയും മുൻഗണനകളെയും മറ്റുള്ളവരുടെ വേദനയോടുള്ള സമീപനത്തെയും മാറ്റണം.
ഉപഭോക്തൃസംസ്കാരവും ഏകാന്തതയും സാമ്പത്തിക അസമത്വവും അധികാരദുരുപയോഗവും നിറഞ്ഞ ഇന്നത്തെ ലോകത്തോട് ക്ലാര മറ്റൊരു ജീവിതദർശനം മുന്നോട്ടുവയ്ക്കുന്നു: സ്വത്തിനെക്കാൾ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക, ആധിപത്യത്തിന് പകരം സേവനം തിരഞ്ഞെടുക്കുക, വ്യാമോഹങ്ങൾക്ക് പകരം ധ്യാനം തിരഞ്ഞെടുക്കുക, പദവിക്ക് പകരം ക്രിസ്തുവിനെ തിരഞ്ഞെടുക്കുക.
നാം തന്നെ ഒരു കണ്ണാടിയാകുക
വിശുദ്ധ ക്ലാരയുടെ ജീവിതത്തെ ഒറ്റവാക്കിൽ വിവരിക്കണമെങ്കിൽ, അത് ക്രിസ്തുവിനോടുള്ള സാദൃശ്യത്തിലേക്കുള്ള ഒരു യാത്ര എന്നാണ് പറയേണ്ടത്. അവൾ ക്രിസ്തുവിനെ നോക്കി, ധ്യാനിച്ചു, ദരിദ്രനും വിനയിയുമായ ക്രിസ്തുവിനെ ആലിംഗനം ചെയ്തു, അവന്റെ വിനയം ദൃശ്യമായിത്തീരുന്ന ഒരു സമൂഹം പടുത്തുയർത്തി. “ക്രിസ്തുവിനെ മാത്രം നോക്കരുത്; ക്രിസ്തു നിങ്ങളുടെ കാഴ്ചപ്പാടിനെത്തന്നെ മാറ്റാൻ അനുവദിക്കുക” എന്നതാണ് നമ്മുടെ കാലത്തോട് അവൾ പറയുന്ന സന്ദേശം.
നാം യഥാർത്ഥത്തിൽ ക്രിസ്തുവിനെ കാണുമ്പോൾ, ദരിദ്രരെയും വേദനിക്കുന്നവരെയും സൃഷ്ടിയെയും സഹോദരങ്ങളെയും ഒടുവിൽ നമ്മെത്തന്നെയും വ്യത്യസ്തമായി കാണാൻ തുടങ്ങും. ക്രിസ്തുവിന്റെ ധ്യാനം ജീവിതത്തിന്റെ രൂപാന്തരമായി മാറുമ്പോൾ, നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് ക്രിസ്തുവിന്റെ സ്നേഹം പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായി മാറും. അതിനാലാണ് വിശുദ്ധ ക്ലാര “നമ്മുടെ കാലഘട്ടത്തിൽ ഒരു കണ്ണാടി” ആകുന്നത്.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a Reply