അസ്സീസിയിൽ താമസിച്ചിരുന്നപ്പോൾ വിശുദ്ധ ഫ്രാൻസിസ് വിശുദ്ധ ക്ലാരയെ ആത്മീയ ഉപദേശങ്ങൾ നൽകാൻ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ഫ്രാൻസിസിന്റെ പ്രസംഗം കേട്ട് ലൗകീക സമ്പത്തുകളും കുടുംബവും ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടർന്ന ക്ലാരയ്ക്ക് ഈ സന്ദർശനങ്ങൾ ഏറെ പ്രിയപ്പെട്ടവയായിരുന്നു. എന്നാൽ അവളുടെ ഹൃദയത്തിൽ ഒരു ലളിതമായ ആഗ്രഹം ബാക്കിയുണ്ടായിരുന്നു ഒരിക്കലെങ്കിലും ഫ്രാൻസിസിനൊപ്പം ഒരു ഭക്ഷണം പങ്കിടുക.

നിയമാനുസരണവും ആത്മീയ ജാഗ്രതയും കണക്കിലെടുത്ത് ഫ്രാൻസിസ് ആ അഭ്യർത്ഥന നിരസിച്ചുവരികയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർ സ്നേഹത്തോടെ ഇടപെട്ടു. ക്ലാരയുടെ വിശുദ്ധിയെയും അവളുടെ ത്യാഗജീവിതത്തെയും ഓർമ്മിപ്പിച്ച് ഇത്തരമൊരു ചെറിയ ആഗ്രഹം നിഷേധിക്കുന്നത് സ്നേഹത്തിന്റെ ആത്മാവിനൊത്തതല്ലെന്ന് അവർ പറഞ്ഞു. ഒടുവിൽ ഫ്രാൻസിസ് സമ്മതിച്ചു. ക്ലാര ആദ്യമായി തിരുവസ്ത്രം സ്വീകരിച്ച മാലാഖമാരുടെ രാജ്ഞിയായ മറിയത്തിൻ്റെ ദേവാലയത്തിന്റെ മുമ്പിൽ വിരുന്ന് നടത്താമെന്ന് അദ്ദേഹം തീരുമാനിച്ചു.

നിശ്ചയിച്ച ദിവസത്തിൽ ക്ലാര സന്തോഷത്തോടെ സാൻ ഡാമിയാനോ കോൺവെന്റിൽ നിന്ന് ഒരു സഹോദരിയോടൊപ്പം പുറപ്പെട്ടു. അവൾ ആദ്യം പരിശുദ്ധ കന്യകാമറിയത്തിന്റെ ബലിപീഠത്തിന് മുമ്പിൽ പ്രാർത്ഥിച്ചു . അവൾ തന്റെ മുടി മുറിച്ചും തിരുവസ്ത്രം സ്വീകരിച്ചും ക്രിസ്തുവിന്റെ വധുവായ സ്ഥലമാണല്ലോ അത്. പിന്നീട് ക്ലാര ആശ്രമത്തിലെത്തി ഫ്രാൻസിസിനെയും സഹോദരന്മാരെയും കണ്ടു.

ഫ്രാൻസിസ് പതിവുപോലെ ഭക്ഷണം നിലത്ത് ലളിതമായി ഒരുക്കി. ഫ്രാൻസിസും ക്ലാരയും അടുത്തിരുന്നു അവരുടെ അടുത്ത് ഒരു സഹോദരനും കൂടെ വന്ന സഹോദരിയും. മറ്റു സഹോദരന്മാർ വിനയത്തോടെ ചുറ്റും ഇരുന്നു.

ഭക്ഷണം ആരംഭിച്ചപ്പോൾ ഫ്രാൻസിസ് ദൈവസ്‌നേഹത്തെക്കുറിച്ച് മാധുര്യത്തോടെയും ആഴമായും സംസാരിച്ചു. എല്ലാവരും ആഴത്തിലുള്ള ധ്യാനത്തിലേക്ക് ഉയർത്തപ്പെട്ടു. അവരുടെ ഹൃദയങ്ങൾ ദിവ്യസ്നേഹത്താൽ ജ്വലിച്ചു. അവർ പ്രാർത്ഥനയിൽ മുഴുകി മുന്നിലുള്ള ഭക്ഷണം പോലും മറന്നു.

അതേ സമയത്ത്, അസ്സീസിയിലും സമീപ പ്രദേശങ്ങളിലും ഉള്ളവർ ദേവാലയവും ചുറ്റുമുള്ള വനവും തീയിൽ ആകുന്നതുപോലെ കണ്ടു. തീ അണയ്ക്കാൻ അവർ വേഗത്തിൽ ആശ്രമത്തിലെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ യാതൊരു ഭൗതിക തീയും കണ്ടില്ല പകരം ഫ്രാൻസിസും കൂട്ടരും ശാന്തമായി ഇരുന്നു ദൈവധ്യാനത്തിൽ മുഴുകിയിരുന്നത് മാത്രമേ കണ്ടുള്ളൂ.

ഇത് ഭൗതിക അഗ്നിയല്ല, മറിച്ച് ദൈവസ്നേഹത്തിന്റെ സ്വർഗ്ഗീയ സാക്ഷ്യമായി അപ്പോൾ അവർ മനസ്സിലാക്കി. ധ്യാനം കഴിഞ്ഞപ്പോൾ ആത്മീയ അനുഗ്രഹത്തിൽ അവർ അത്രയും നിറഞ്ഞിരുന്നു, തയ്യാറാക്കിയ ഭക്ഷണം പോലും വേണ്ടെന്നായി. പിന്നീട് ക്ലാര സുരക്ഷിതമായി സാൻ ഡാമിയാനോയിലേക്ക് മടങ്ങി. അവളുടെ സഹോദരിമാർ അത്യന്തം സന്തോഷിച്ചു,

ഈ വിശുദ്ധ വിരുന്ന് ഭക്ഷണത്തിനായല്ല ഓർക്കപ്പെടുന്നത് ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലിനായാണ് . ദൈവത്തിൽ ഐക്യപ്പെട്ട ഹൃദയങ്ങൾ ഒന്നിച്ചുകൂടുമ്പോൾ ലളിതമായ സംഗമം പോലും സ്വർഗ്ഗീയ ജ്വാലയായി മാറുന്നു എന്നു ഫ്രാൻസീസിൻ്റെയും ക്ലാരയുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നു.

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading