എന്തിന് ഈ പാഴ്‌ച്ചെലവ്?
Syro-Malabar reflections October 3
Mt 26:6-13

എന്തിന് ഈ പാഴ്‌ച്ചെലവ്? നമ്മുടെ ജീവിതങ്ങളിൽ പലപ്പോളും നമ്മൾ കേൾക്കുന്നതും, നാം തന്നെ പറയുന്നതുമായ ഒരു കാര്യമാണിത്. മിതത്വം എന്ന പുണ്യത്തെ മുറുകെ പിടിച്ചുകൊണ്ടു ദൈവീക പുണ്യത്തിലധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കുവാനായി നാം നമ്മോടു തന്നെയും മറ്റുള്ളവരോടും ചോദിക്കേണ്ടതും ചോദിക്കുന്നതുമായ ഒരു ചോദ്യം. എന്നാൽ ഇന്നത്തെ സുവിശേഷത്തിൽ ഈ ചോദ്യത്തിൻ്റെ പൊള്ളയായ മറുവശം ചൂണ്ടിക്കാണിക്കുകയാണ് ഈശോ നാഥൻ. അർഹിക്കേണ്ടവ അർഹിക്കുന്നവർക്ക് കൊടുക്കാതെ സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കുവാനായി നാം നമ്മുടെ ജീവിതത്തിൽ പലപ്പോളും ചോദിക്കുന്ന ഒരു ചോദ്യമായി ഇത് മാറിയിരിക്കുകയാണ്. ജീവിതത്തിലെ ഒരു നല്ല സമയം ചോരയും നീരും എനിക്കുവേണ്ടി പൂർണ്ണ മനസ്സോടെ അർപ്പിച്ച എൻ്റെ അപ്പനും അമ്മയ്ക്കും വല്ലപ്പോളും ഒരു നല്ല സമ്മാനം വാങ്ങികൊടുക്കുവാൻ ഒരു ചിന്ത വരുമ്പോളും, സ്വന്തം ജീവിതം ആസ്വദിക്കുവാനായി രാപകൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിൽ നിന്നും ഒരു ആവശ്യക്കാരന് കടം കൊടുക്കാം എന്ന ചിന്ത മനസ്സിൽ വരുമ്പോളും, കയ്യിൽ നിന്നും കാശുമുടക്കി ദൈവവചനം കേൾക്കുവാനായി ധ്യാനത്തിന് പോകണം എന്ന് ആരെങ്കിലും പറയുമ്പോളും അല്ലെങ്കിൽ ഇടവക ദൈവാലയത്തിൽ (ആഡംബരത്തിനല്ല) പൊട്ടിയ ഓട് മാറുവാനോ, ഒടിഞ്ഞ ബെഞ്ച് നന്നാക്കുവാനോ പിരിവു ചോദിക്കുമ്പോളും, ലക്ഷങ്ങൾ മുടക്കി ആർഭാടമായി സ്വന്തം മക്കളുടെ കല്ല്യാണം നടത്തുമ്പോൾ വിശുദ്ധ കുർബാനക്കിടയിൽ വികാരിയച്ചൻ പിരിവുകാരനായി കല്ല്യാണ പ്രായമായിട്ടും കെട്ടിച്ചുവിടാൻ നിവർത്തിയില്ലാത്തവർക്കു വേണ്ടി മുന്നിൽ വരുമ്പോളും എന്റെ മനസ്സിലേക്കു വരുന്ന ഒരേ ഒരു ചോദ്യം ഇതാണ് എന്തിന് ഈ പാഴ്‌ച്ചെലവ്? ഇതിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷം. തൻ്റെ കയ്യിലുണ്ടായിരുന്ന ഏറ്റവും വിലയേറിയ വസ്തു ദൈവത്തിനു കാഴ്ചവെച്ചവളെ ശാസിച്ച ശിഷ്യന്മാരിൽ ഒരുവൻ സ്വന്തം ഗുരുവിനെ ഏതാനും വെള്ളി നാണയങ്ങൾക്കുവേണ്ടി വഞ്ചിക്കുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ അടുത്ത ഭാഗം എന്നുള്ളത് വിധിവൈപരീത്യം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. സ്വയം പരിത്യജിച്ചു മിശിഹായെ അനുഗമിക്കുന്നവന് മാത്രമാണ് ദൈവ രാജ്യം എന്ന് ഈശോ പറയുകയാണ് ഇവിടെ. ലോക സുഖങ്ങൾക്ക് പിന്നാലെ പായുമ്പോളും, സ്വന്തം ജീവിതം സുരക്ഷിതമാക്കുവാൻ അർഹിക്കുന്നവരെ പോലും സഹായിക്കാതെ സമ്പത്തു സമ്പാദിക്കുമ്പോളും യൂദാസിനെപ്പോലെ ഗുരുവിനെ ഒറ്റുകൊടുക്കുന്നവൻ ആകുന്നുണ്ടോ എന്ന് ഒരുനിമിഷം ചിന്തിക്കുന്നത് നല്ലതാണ്. വിലയേറിയ സുഗന്ധ തൈലം ഗുരുവിനായി നഷ്ടപെടുത്തിയവൾ തൈലത്തിൻറെ നറുമണം നൈമിഷികമായിരുന്നെങ്കിലും അനശ്വരമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പരിമളം പരത്തുന്നവളായി ഇന്നും സുവിശേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. മറിച്ചു പുറമേ ദരിദ്രർക്കുവേണ്ടി ഗുരുവിനു മുൻപിൽ വാദിച്ചവൻ വഞ്ചകനായി സ്വയം പാപത്തിൻറെ മലിനതയിൽ ആണ്ടു പോയിരിക്കുന്നു. ഇന്ന് എൻ്റെ മുൻപിലെ ഏക ചോദ്യം ഇതാണ് എന്തിന് ഈ പാഴ്‌ച്ചെലവ്?
ദൈവം നമ്മെ എല്ലാവരെയും ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുവാൻ പ്രാപ്തരാക്കട്ടെ. ആമ്മേൻ.

ഫാ. ലിബു ചൂരപ്പുഴയിൽ

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading