ഈ ഭൂമിയിൽ നമ്മൾ നമ്മളെത്തന്നെ എത്ര ഉജ്‌ജ്വലമായിട്ടാണ് സ്‌നേഹിക്കുന്നത്, അല്ലേ ?
ഒരു റയിൽവേ സ്‌റ്റേഷനിൽ ചായ കുടിക്കാൻ ഇറങ്ങി ട്രെയിൻ കടന്നു പോയാലും നമ്മൾ നമ്മളോട് പറയും, കുഴപ്പമില്ല, വേറെ എത്രയോ ട്രെയിൻ വരാൻ കിടക്കുന്നു. ഇങ്ങനെ നമ്മളുടെ തെറ്റുകൾ എത്ര വിശാല ഹൃദയത്തോടു കൂടിയാണ് വിശകലനം ചെയ്യപ്പെടുക. ഒരു പരീക്ഷയ്ക്ക് തോറ്റാലും ഒരു ഇൻ്റർവ്യൂവിൽ അവസരം നഷ്‌ടമായാലും ദേഷ്യം വന്നാലും പിണക്കം വന്നാലും അസൂയ തോന്നിയാലും നമ്മുടെ മനസിന് അതിനെല്ലാം ഏറ്റവും മികച്ച കാരണങ്ങൾ ഉണ്ട്. അതു കൊണ്ട് നമുക്ക് ഉറപ്പായിട്ട് പറയാൻ സാധിക്കും, ഐ ലവ് മി !

എന്നാൽ ഇതേ തെറ്റുകൾ മറ്റുള്ളവർ ചെയ്യുമ്പോൾ അവിടെ ഒരു വിശാല ഹൃദയവും ഇല്ല. നഖം വെട്ടാത്ത കുട്ടിയെ കാണുമ്പോൾ അരിശം. പ്ലാസ്റ്റിക് വലിച്ചെറിയുന്ന ആളെ കാണുമ്പോൾ പുച്ഛം. നമ്മൾ വലിയ വീട് പണിയുമ്പോൾ അത് ക്രാന്തദർശിത്വമുള്ള തീരുമാനം. അപരൻ പണിയുമ്പോൾ കൊടും ധൂർത്ത് . നമ്മളുടെ വണ്ടി മുട്ടുമ്പോൾ വേറെന്തോ വരാനിരുന്നതാണ് , ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന ഉദാത്ത ചിന്ത. തൊട്ടു പുറകിലത്തെ വണ്ടി മുട്ടുന്നത് ഡ്രൈവിങ് അറിയാത്തതിൻ്റെ കുഴപ്പം.
സ്വന്തം മക്കൾക്ക് A+ കിട്ടുമ്പോൾ അത് കഴിവ്. അയൽപക്കത്തെ കുട്ടിക്ക് കിട്ടുമ്പോൾ
“ഇപ്പോൾ മാർക്കിനൊന്നും ഒരു വിലയും ഇല്ല ” എന്ന വിദഗ്ധാഭിപ്രായം. നമ്മൾ ചെയ്യുന്ന തെറ്റിനെ സ്വന്തം മനസ് ന്യായീകരിക്കുന്നതു പോലെ മറ്റുള്ളവരുടെ നിലപാടുകളെ നോക്കി കണ്ടിരുന്നുവെങ്കിൽ ഈ ഭൂമി എത്ര സുന്ദരം ആകുമായിരുന്നു അല്ലേ ?

നമ്മൾ നമ്മളോട് എന്തു കൊണ്ട് ദേഷ്യപ്പെടുന്നില്ല എന്നതിൻ്റെ കാരണം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? അത് നമ്മൾക്ക് നമ്മളെ ഒത്തിരി ഇഷ്‌ടമായതു കൊണ്ട് മാത്രമല്ല. പിന്നെയോ? ഞാൻ ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം.
വരവു ചെലവുകൾ ദിവസവും എഴുതണം എന്ന് ആ കാലഘട്ടങ്ങളിൽ തീരുമാനിച്ചിരുന്നു. പക്ഷേ മടി മൂലം ചെയ്തില്ല. വർഷാവസാനം കണക്കു കൂട്ടിയപ്പോൾ വലിയ സംഖ്യയുടെ കുറവ്. എന്നിട്ടും ഞാൻ എന്നെ കുറ്റപ്പെടുത്തിയോ ? മറിച്ച് നഷ്‌ടപ്പെട്ട രൂപ തിരിച്ചു പിടിക്കാനുള്ള മാർഗം മാത്രമാണ് ആലോചിച്ചത്. നമ്മൾ നമ്മളോട് ദേഷ്യപ്പെടാത്തതിനുള്ള കാരണം എന്താണ് ? നമ്മൾക്ക് നമ്മളിൽ ഒരു വിശ്വാസമുണ്ട്. ഒരു തെറ്റ് വന്നാലും അത് പരിഹരിക്കാൻ നമ്മളെക്കൊണ്ട് സാധിക്കും എന്ന വിശ്വാസം. നമ്മൾ നമ്മളോട് പറയും,

” നമ്മൾക്ക് പരിഹാരം ചെയ്യാം ”

ഈ ഉയിർത്തെഴുന്നേല്പ് നടത്തുന്ന നമ്മൾ തീർച്ചയായും കൈയടി അർഹിക്കുന്നു. എന്നാൽ മറ്റുള്ളവരിൽ നമുക്കാ വിശ്വാസമില്ല. അതു കൊണ്ട് അവരെയെല്ലാം ഈ നിമിഷം നന്നാക്കാൻ നമ്മൾ ദേഷ്യപെടുന്നു. എന്നാൽ ഓർക്കുക, ദേഷ്യവും പകയും അസൂയയും വച്ചു പുലർത്തുമ്പോൾ നമ്മളുടെ ശരീരത്തെയാണ് നമ്മൾ ക്ഷീണിപ്പിക്കുക. അസുഖങ്ങൾ വരുത്തി വച്ച് ഡോക്ടറുടെ മുറിയുടെ മുമ്പിൽ നമ്മുടെ നമ്പർ വരുന്നതും നോക്കി ഇരിക്കാൻ താല്പര്യം ഉണ്ടോ ? ഇല്ലെങ്കിൽ ഒരു ലെയ്സ് പായ്ക്കറ്റ് പൊട്ടിക്കുന്നതു പോലെ ജീവിതത്തിലെ പ്രശ്നങ്ങളെയെല്ലാം പൊട്ടിക്കാനല്ലേ നമ്മൾ ശ്രദ്ധിക്കേണ്ടത്. നമ്മളുടെ പ്രശ്നങ്ങളെല്ലാം ലെയ്സ് പായ്ക്കറ്റിൻ്റെ കവർ പോലെയാണ്. അകം തീർത്തും ശൂന്യം !

അതു കൊണ്ട് പരമാവധി ഉദാരതയോടെ
കൂടെയുള്ളവരോട് ഇടപെട്ടാൽ സന്തോഷത്തോടെ നമുക്ക് ജീവിക്കാം. അതല്ലേ ശരിക്കും ഐ ലവ് മി പരിശീലിക്കുന്ന നമ്മൾ ചെയ്യേണ്ടത് ?

ജിൻസൺ ജോസഫ് മുകളേൽ CMF

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading