🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

വെള്ളി

Friday of week 22 in Ordinary Time 

Liturgical Colour: Green.
____

ഒന്നാം വായന

1 കോറി 4:1-5

കര്‍ത്താവു ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തും.

സഹോദരരേ, ക്രിസ്തുവിന്റെ ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമായിട്ടാണ് ഞങ്ങളെ പരിഗണിക്കേണ്ടത്. കാര്യസ്ഥന്മാര്‍ക്കു വിശ്വസ്തത കൂടിയേ തീരൂ. നിങ്ങളോ ഏതെങ്കിലും ന്യായാസനമോ എന്നെ വിചാരണ ചെയ്യുന്നെങ്കില്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല. ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്കു ബോധ്യമില്ല. എന്നാല്‍, അതുകൊണ്ടു മാത്രം ഞാന്‍ നീതീകരിക്കപ്പെട്ടുവെന്ന് അര്‍ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ്. അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. കര്‍ത്താവ് വരുന്നതു വരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ടു വരുന്നവനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍ നിന്നു പ്രശംസ ലഭിക്കും.

കർത്താവിന്റെ വചനം.


പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 37:3-4,5-6,27-28,39-40

R. നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം. കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു തരും.

R. നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും. അവിടുന്നു പ്രകാശം പോലെ നിനക്കു നീതി നടത്തിത്തരും; മധ്യാഹ്നം പോലെ നിന്റെ അവകാശവും.

R. നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

തിന്മയില്‍ നിന്ന് അകന്നു നന്മ ചെയ്യുക, എന്നാല്‍, നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും. കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ വിശുദ്ധരെ പരിത്യജിക്കുകയില്ല; നീതിമാന്മാര്‍ എന്നേക്കും പരിപാലിക്കപ്പെടും.

R. നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്; കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്, കര്‍ത്താവ് അവരെ സഹായിക്കുകയും
വിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് അവരെ ദുഷ്ടരില്‍ നിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും. കര്‍ത്താവിലാണ് അവര്‍ അഭയം തേടിയത്.

R. നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.


സുവിശേഷ പ്രഘോഷണവാക്യം

cf. സങ്കീ 19:8

അല്ലേലൂയാ, അല്ലേലൂയാ!

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

അല്ലേലൂയാ!

Or:

യോഹ 8:12

അല്ലേലൂയാ, അല്ലേലൂയാ!

യേശു അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.

അല്ലേലൂയാ!


സുവിശേഷം

ലൂക്കാ 5:33-39

മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരുമ്പോള്‍ അവര്‍ ഉപവസിക്കും.

അക്കാലത്ത്, നിയമജ്ഞരും ഫരിസേയരും യേശുവിനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യര്‍ പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെ തന്നെ. എന്നാല്‍, നിന്റെ ശിഷ്യര്‍ തിന്നുകുടിച്ചു നടക്കുന്നു. യേശു അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? എന്നാല്‍, മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും. അവന്‍ അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തില്‍ നിന്നു കഷണം കീറിയെടുത്ത് പഴയവസ്ത്രത്തോടു ചേര്‍ക്കാറില്ല. അങ്ങനെ ചെയ്താല്‍ പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല പുതിയ കഷണം പഴയതിനോട് ചേരാതെ വരുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചു വയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍, പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങള്‍ ഭേദിച്ച് ഒഴുകിപ്പോവുകയും തോല്‍ക്കുടങ്ങള്‍ നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചു വയ്‌ക്കേണ്ടത്. പഴയ വീഞ്ഞു കുടിച്ച ഒരുവനും പുതിയത് ഇഷ്ടപ്പെടുകയില്ല. പഴയതാണു മെച്ചം എന്നല്ലേ പറയുന്നത്.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading