🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

24-Mar-2021, ബുധൻ

Wednesday of the 5th week of Lent – Proper Readings (see also Lazarus)

Liturgical Colour: Violet.

____

ഒന്നാം വായന

ദാനി 3:14-20,24-25,28

കര്‍ത്താവ് തന്റെ ദാസന്മാരെ സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചു.

നബുക്കദ്‌നേസര്‍ ചോദിച്ചു: ഹേ ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, നിങ്ങള്‍ എന്റെ ദേവന്മാരെ സേവിക്കുന്നില്ലെന്നും ഞാന്‍ സ്ഥാപിച്ച പ്രതിമയെ ആരാധിക്കുന്നില്ലെന്നും കേട്ടതു സത്യമാണോ? കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയവയുടെ നാദം കേള്‍ക്കുമ്പോള്‍, ഞാന്‍ പ്രതിഷ്ഠിച്ച പ്രതിമയെ താണു വീണ് ആരാധിക്കുന്നെങ്കില്‍ നിങ്ങള്‍ക്കു നന്ന്, അല്ലെങ്കില്‍ ഉടന്‍ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയും; ഏതു ദേവന്‍ എന്റെ കരങ്ങളില്‍ നിന്നു നിങ്ങളെ രക്ഷിക്കും? ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും രാജാവിനോടു പറഞ്ഞു: അല്ലയോ, നബുക്കദ്‌നേസര്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടതില്ല. രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍ നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്റെ കൈയില്‍ നിന്നു മോചിപ്പിക്കും. ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍പ്പോലും ഞങ്ങള്‍ നിന്റെ ദേവന്മാരെയോ നീ നിര്‍മിച്ച സ്വര്‍ണ ബിംബത്തെയോ ആരാധിക്കുകയില്ല. ഷദ്രാക്കിനും മെഷാക്കിനും അബെദ്‌നെഗോയ്ക്കും നേരേ കോപം കൊണ്ടു നിറഞ്ഞ നബുക്കദ്‌നേസറിന്റെ മുഖഭാവം മാറി. ചൂള പതിവില്‍ ഏഴു മടങ്ങ് ജ്വലിപ്പിക്കാന്‍ അവന്‍ കല്‍പിച്ചു. ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ബന്ധിച്ച് ആളിക്കത്തുന്ന ചൂളയിലേക്കു. വലിച്ചെറിയാന്‍ തന്റെ ശക്തരായ ഭടന്മാരോട് ആജ്ഞാപിച്ചു.
നബുക്കദ്‌നേസര്‍ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റു. തന്റെ ഉപദേശകന്മാരോട് അവന്‍ ചോദിച്ചു: മൂന്നു പേരെയല്ലേ നാം ബന്ധിച്ചു തീയിലെറിഞ്ഞത്? അതേ, രാജാവേ, അവര്‍ പറഞ്ഞു. രാജാവ് പറഞ്ഞു: എന്നാല്‍, അഗ്‌നിയുടെ നടുവില്‍ ബന്ധനം കൂടാതെ നാലു പേര്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്ക് ഒരുപദ്രവവും ഏറ്റിട്ടില്ല; നാലാമത്തവന്‍ കാഴ്ചയില്‍ ദേവകുമാരനെ പോലെയിരിക്കുന്നു. നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്കിന്റെയും മെഷാക്കിന്റെയും അബെദ്‌നെഗോയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ! സ്വന്തം ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിനെക്കാള്‍ സ്വശരീരങ്ങളെ പീഡനത്തിനു വിട്ടുകൊടുക്കുന്നതിനും രാജകല്‍പനയെപ്പോലും അവഗണിക്കുന്നതിനും തക്കവിധം, തന്നില്‍ ആശ്രയിച്ച തന്റെ ദാസന്മാരെ അവിടുന്ന് സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചുവല്ലോ.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

ദാനി 3:52-56

R. കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, അങ്ങ് വാഴ്ത്തപ്പെട്ടവനാണ്; അങ്ങ് എന്നുമെന്നും സ്തുത്യര്‍ഹനും അത്യുന്നതനുമാണ്. അങ്ങേ മഹത്വപൂര്‍ണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ! അത് എക്കാലവും എല്ലാറ്റിനും ഉപരി മഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ!

R. കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

പരിശുദ്ധിയും മഹത്വവും നിറഞ്ഞു തുളുമ്പുന്ന അങ്ങേ ആലയത്തില്‍ അങ്ങ് വാഴ്ത്തപ്പെടട്ടെ! അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ!

R. കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കെരൂബുകളുടെ മേല്‍ ഇരുന്ന് അഗാധങ്ങളെ വീക്ഷിക്കുന്ന അങ്ങ് വാഴ്ത്തപ്പെടട്ടെ! അങ്ങ് എന്നേക്കും സ്തുതിക്കപ്പെടുകയും അത്യധികം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ! രാജകീയ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാണ്. അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും അത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ!

R. കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

____

സുവിശേഷ പ്രഘോഷണവാക്യം

മത്താ 4:4

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത്.

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


Or:

cf.ലൂക്കാ 8:15

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

ദൈവത്തിന്റെ വചനം കേട്ട് ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍.

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

____

സുവിശേഷം

യോഹ 8:31-42

പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.

തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും. നിങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നു. കാരണം, എന്റെ വചനം നിങ്ങളില്‍ വസിക്കുന്നില്ല. എന്റെ പിതാവിന്റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍ നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
അവര്‍ പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹത്തിന്റെ മക്കളാണെങ്കില്‍ അബ്രാഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു. എന്നാല്‍, ദൈവത്തില്‍ നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞ എന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ് ഒന്നേ ഉള്ളൂ – ദൈവം. യേശു അവരോടു പറഞ്ഞു: ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍ നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading