ഇറ്റലിയിലെ മനോഹര നഗരമായ അസീസിയിൽ നിന്ന് ഒരു കിലോമീറ്ററിലേറെ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ സ്ഥലമാണ് പോർസ്യുങ്കുല. ഇന്ന് അവിടെ ഭംഗിയാർന്ന വിശുദ്ധ മറിയം ദൈവമാതാവിന്റെ ബസിലിക്ക ഉയർന്നുനിൽക്കുന്നു. എന്നാൽ ആ വിശാലമായ ദേവാലയത്തിന്റെ ഹൃദയഭാഗത്ത് ഇന്നും നിലകൊള്ളുന്നത്, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഒരു എളിയ കൊച്ചുകപ്പേളയാണ്.

“പോർസ്യുങ്കുല” എന്ന വാക്കിന്റെ അർഥം “ചെറിയ ഭാഗം” അഥവാ “ചെറിയ ഭൂവിഭാഗം” എന്നാണ്. ഈ ചെറിയ സ്ഥലത്താണ് വിശുദ്ധ ഫ്രാൻസിസ് അസീസി തന്റെ ദൈവവിളി തിരിച്ചറിഞ്ഞത്; ഇവിടെയാണ് ഫ്രാൻസിസ്കൻ സന്യാസസഭയുടെ തുടക്കം കുറിക്കപ്പെട്ടതും.

ദൈവവിളിയുടെ തുടക്കം

ക്രിസ്തുവർഷം 1208-ഓടെ ഫ്രാൻസിസിന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു അനുഭവം ഉണ്ടായി. സാൻ ദാമിയാനോ ദേവാലയത്തിൽ ക്രൂശിതരൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ, കുരിശിൽനിന്ന് ഒരു ശബ്ദം അദ്ദേഹത്തോട് ഇങ്ങനെ അരുളിച്ചെയ്തു: “ഫ്രാൻസിസേ, എന്റെ ദേവാലയം പുനർനിർമിക്കൂ; അതു തകർച്ചയുടെ വക്കിലാണ്.”

ആദ്യം ഫ്രാൻസിസ് ഈ വാക്കുകൾ അക്ഷരാർഥത്തിൽത്തന്നെ ഗ്രഹിച്ചു. അതിനാൽ ഉപേക്ഷിക്കപ്പെട്ടുകിടന്ന ദേവാലയങ്ങൾ സ്വന്തം കൈകളാൽ പുതുക്കിപ്പണിയാൻ അദ്ദേഹം തുടങ്ങി—സാൻ ദാമിയാനോ, സെന്റ് പീറ്റർ ഡെല്ലാ സ്പിന, പിന്നീട് സാന്താ മറിയ ദെഗ്ലി ആഞ്ചലി അഥവാ പോർസ്യുങ്കുല എന്നിവ. എന്നാൽ പിന്നീട് അദ്ദേഹത്തിനു തിരിച്ചറിവുണ്ടായി: ക്രിസ്തു ആവശ്യപ്പെട്ടത് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയല്ല, മറിച്ച് ആത്മീയമായി ക്ഷയിച്ചുപോയ സഭയെ നവീകരിക്കുകയും വിശ്വാസികളുടെ ജീവിതം പുതുക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമായിരുന്നു എന്ന്.

ഫ്രാൻസിസ്കൻ സഭയുടെ പിറവി

1211-ൽ ബെനഡിക്ടിൻ സന്യാസിമാർ ഔദാര്യപൂർവം പോർസ്യുങ്കുലയിലെ ചെറിയ കപ്പേളയും അതിനോടു ചേർന്ന ഭൂമിയും ഫ്രാൻസിസിനു നൽകി. അങ്ങനെ ആ “ചെറിയ ഭാഗം” ഫ്രാൻസിസിന്റെയും സഹോദരന്മാരുടെയും സ്ഥിരവാസകേന്ദ്രമായി. കപ്പേളയ്ക്കു സമീപം അവർ വൈക്കോലും ചെളിയുംകൊണ്ട് ലളിതമായ കുടിലുകൾ പണിത്, ചുറ്റും വേലി കെട്ടി. അതോടെ ആദ്യ ഫ്രാൻസിസ്കൻ ആശ്രമം രൂപംകൊണ്ടു, ഫ്രയർസ് മൈനർ സഭയുടെ ചരിത്രവും ആരംഭിച്ചു.

പോർസ്യുങ്കുല ഫ്രാൻസിസ്കൻ ആത്മീയതയുടെ ഹൃദയമായി മാറി. വിശുദ്ധ ക്ലാര തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ച് ഫ്രാൻസിസിന്റെ കൈകളിൽനിന്ന് സന്യാസവസ്ത്രം സ്വീകരിച്ചതും ഇവിടെവച്ചായിരുന്നു—അതോടെ ദരിദ്ര ക്ലെയർസ് സഭയ്ക്കും തുടക്കമായി.

1226 ഒക്ടോബർ 3-ന്, വിശുദ്ധ ഫ്രാൻസിസ് തന്റെ പ്രിയപ്പെട്ട പോർസ്യുങ്കുലയിലേക്കു അവസാനമായി മടങ്ങിയെത്തി. മരണശയ്യയിൽവച്ച് ഈ കൊച്ചുകപ്പേളയുടെ സംരക്ഷണച്ചുമതല സഹോദരന്മാരെ ഏൽപ്പിച്ചു—ഭൂമിയിൽ അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു അത്.

കാലാന്തരത്തിലെ കപ്പേള

തുടക്കത്തിൽ ഏകദേശം 22 അടി നീളവും 13½ അടി വീതിയും മാത്രമുണ്ടായിരുന്ന ഈ കപ്പേള, വിശുദ്ധ ഫ്രാൻസിസിനോടുള്ള ഭക്തി ലോകമെമ്പാടും വ്യാപിച്ചതോടെ ആയിരക്കണക്കിനു തീർത്ഥാടകരെ ആകർഷിച്ചു തുടങ്ങി. അതിനാൽ 1290-ഓടെ അതു വിപുലീകരിക്കപ്പെട്ടു.

പതിനാറാം നൂറ്റാണ്ടിൽ അഞ്ചാം പിയൂസ് മാർപാപ്പ ചുറ്റുമുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നിർദേശിച്ചു; വിശുദ്ധ ഫ്രാൻസിസ് അന്തരിച്ച ചെറിയ മുറി മാത്രം സംരക്ഷിക്കപ്പെട്ടു. പിന്നീട് അതിനുചുറ്റും നവോത്ഥാനശൈലിയിൽ അതിമനോഹരമായ ബസിലിക്ക നിർമിക്കപ്പെട്ടു. ഇന്നും ആ മഹാഭവനത്തിന്റെ ഉള്ളിലാണ് പോർസ്യുങ്കുലയിലെ ചെറിയ കപ്പേള കാത്തുസൂക്ഷിക്കപ്പെടുന്നത്. ഫ്രാൻസിസ് മരിച്ച മുറിയും ഇന്ന് തീർത്ഥാടകർക്കു സന്ദർശിക്കാം.

സങ്കീർത്തിക്കു പിന്നിൽ മറ്റൊരു സ്മരണയും നിലനിൽക്കുന്നു: കടുത്ത പ്രലോഭനത്തിന്റെ ഒരു നിമിഷത്തിൽ ഫ്രാൻസിസ് സ്വയം നിയന്ത്രിക്കാൻ മുൾച്ചെടിയിലേക്കു വീണുവെന്നും, ആ ചെടി അത്ഭുതകരമായി മുള്ളില്ലാത്ത റോസാച്ചെടിയായി മാറിയെന്നും പാരമ്പര്യം പറയുന്നു. ദൈവകൃപയുടെ വിജയത്തിന്റെ ആ പ്രതീകം ഇന്നും തീർത്ഥാടകർ കണ്ടു വണങ്ങുന്നു.

പോർസ്യുങ്കുല ദണ്ഡവിമോചനം

പോർസ്യുങ്കുലയിലെ മറ്റൊരു അത്ഭുതസംഭവമാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഇന്നും വലിയ ആത്മീയാനുഗ്രഹമായി തുടരുന്നത്. ഒരു രാത്രി, പരിശുദ്ധ കുർബാനയുടെ സന്നിധിയിൽ പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകിയിരുന്ന ഫ്രാൻസിസിന് ഈശോയും പരിശുദ്ധ കന്യകാമറിയവും പ്രത്യക്ഷപ്പെട്ടു. “നിനക്കാവശ്യമായതു ചോദിക്കൂ” എന്നു കർത്താവ് പറഞ്ഞു.

ധനമോ ബഹുമതിയോ അത്ഭുതങ്ങളോ ഫ്രാൻസിസ് ചോദിച്ചില്ല; ആത്മാക്കളുടെ രക്ഷയ്ക്കായി ജ്വലിച്ച ഹൃദയത്തോടെ അദ്ദേഹം ഇങ്ങനെ അപേക്ഷിച്ചു: “ഈ ചെറിയ കപ്പേളയിൽ സത്യസന്ധമായ മാനസാന്തരത്തോടും പാപസമ്മതത്തോടും കൂടി വരുന്ന എല്ലാവർക്കും പൂർണ്ണദണ്ഡവിമോചനം ലഭിക്കട്ടെ.” കർത്താവ് സന്തോഷത്തോടെ അതു സ്വീകരിച്ചു—എന്നാൽ മാർപാപ്പയുടെ ഔദ്യോഗിക അംഗീകാരം കൂടി വേണമെന്ന വ്യവസ്ഥയോടെ.

ഉടൻതന്നെ ഫ്രാൻസിസ് ഒരു സഹോദരനെയും കൂട്ടി പെറൂജിയയിലേക്കു യാത്രയായി, ഹൊണോറിയസ് മൂന്നാമൻ മാർപാപ്പയെ നേരിൽ കണ്ടു. ചിലർ ആദ്യം എതിർത്തെങ്കിലും, ഫ്രാൻസിസിന്റെ വിശുദ്ധജീവിതം കണ്ട മാർപാപ്പ അഭ്യർത്ഥന അംഗീകരിച്ചു—വർഷത്തിലൊരിക്കൽ, ആഗസ്റ്റ് 2-ന്, ഈ ദണ്ഡവിമോചനം ലഭിക്കുമെന്നു നിശ്ചയിച്ചുകൊണ്ട്. ഇത് പിന്നീട് “അസീസിയുടെ പാപമോചനം” അഥവാ “പോർസ്യുങ്കുല ദണ്ഡവിമോചനം” എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെട്ടു.

ഇന്നും സഭ ഈ അനുഗ്രഹം എല്ലാ വിശ്വാസികൾക്കും നൽകുന്നു—ആഗസ്റ്റ് 2-ന് അല്ലെങ്കിൽ പ്രാദേശിക മെത്രാൻ നിശ്ചയിക്കുന്ന മറ്റൊരു ദിവസത്തിൽ. ഇതിനുള്ള നിബന്ധനകൾ:

– വിശുദ്ധ കുമ്പസാരം നടത്തുക

– വിശുദ്ധ കുർബാന സ്വീകരിക്കുക

– മാർപാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുക

– പാപത്തിൽനിന്നു പൂർണമായി വിട്ടുമാറാനുള്ള ആത്മാർത്ഥമായ തീരുമാനത്തോടെ ഒരു ദേവാലയം സന്ദർശിച്ചു പ്രാർത്ഥിക്കുക

ലോകത്തിന്റെ കണ്ണിൽ വളരെ ചെറുതായിരുന്ന ഒരു കപ്പേളയിൽനിന്നാണ് ചരിത്രത്തെ മാറ്റിമറിച്ച ഒരു ആത്മീയപ്രസ്ഥാനം ആരംഭിച്ചത്. പോർസ്യുങ്കുല ഇന്നും നമ്മെ ഓർമിപ്പിക്കുന്നു: ദൈവം തന്റെ ഏറ്റവും വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ പലപ്പോഴും ഏറ്റവും ചെറുതും എളിമയുള്ളതുമായ സ്ഥലങ്ങളെയും വ്യക്തികളെയുമാണ് തിരഞ്ഞെടുക്കുന്നത്.

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading