വചന ചിന്തകൾ

ഇന്നത്തെ സുവിശേഷം (Mk 6/1-6) ഈ കാലഘട്ടത്തിൽ നമ്മുടെ അനുദിന ജീവിതത്തിന് ഉണ്ടായിരിക്കേണ്ട ചില ബോധ്യങ്ങളും പെരുമാറ്റ രീതികളും നമ്മെ പഠിപ്പിക്കുന്നു. ഈശോ സ്വന്തം നാട്ടിൽ എത്തി, അതും ശിഷ്യരുടെ കൂടെ. യേശു വളർന്ന നാട്, യേശു അറിയുന്ന സ്ഥലം. യേശുവിനെ അറിയുന്ന നാട്ടുകാർ, യേശു പതിവായി സന്ദർശിച്ചിരുന്ന സിനഗോഗ്. അവിടെ എല്ലാവരും പരിചയമുള്ളവർ. വേണമെങ്കിൽ യേശുവിന് ജീവിത രീതിയിൽ, പെരുമാറ്റത്തിൽ സ്വല്പം മാറ്റം വരുത്താം. നോക്കുക, ഈശോ തന്റെ അനുദിന ജീവിത രീതിയിൽ മാറ്റം വരുത്തുന്നില്ല. യേശു പഠിപ്പിക്കുന്നു ; രോഗികൾക്കായി പ്രാർത്ഥിക്കുന്നു. കാരണം “ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങൾ അറിയുന്നില്ലേ?”
(Lk2/49).
ഏതു സാഹചര്യത്തിലും ഏതു സ്ഥലത്തും പിതാവിന്റെ ദൗത്യം പൂർത്തിയാക്കാൻ യേശു ആഗ്രഹിച്ചിരുന്നു. “യേശു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.” (യോഹ 4/34).
നമ്മുക്കും അനുദിന ജീവിതത്തിൽ വേണ്ടത് ഈ ബോധ്യമല്ലേ? സ്വദേശത്തും വിദേശത്തും ഭവനത്തിലും നാട്ടിലും എല്ലാം തന്റെ ദൗത്യവും ഉത്തരവാദിത്വവും ഈശോ മറന്നില്ല. താൻ ആരാണെന്നും ഈശോ മറന്നില്ല. നമ്മളോ, സാഹചര്യങ്ങൾ അനുസരിച്ചു എല്ലാം മാറ്റുന്നു. സ്ഥലവും സാഹചര്യവും അനുസരിച്ചു വാക്കുകൾ നമ്മൾ മാറ്റുന്നു, പെരുമാറ്റം മാറുന്നു, മനോഭാവം മാറുന്നു.

നമ്മൾ ആരാണെന്നും നമ്മുടെ പ്രവർത്തനവും പെരുമാറ്റവും എന്താകണമെന്നും നാം അറിയണം. അനുദിന ജീവിതത്തിൽനിന്നും മാറിനിൽക്കുന്ന ആത്മീയത നമ്മുക്ക് ഉണ്ടാവരുത്. അനുദിന ജീവിതവും ആത്മീയതയും ഒന്നാകണം, ഒരുമിച്ചു പോകണം. ദൈവത്തിന്റെ മക്കൾ അങ്ങനെയാണ് ജീവിക്കേണ്ടത്. സമൂഹത്തിലും വീട്ടിലും നാട്ടിലും കുടുംബത്തിലും തനിച്ചായിരിക്കുമ്പോഴും ദൈവമക്കൾ അങ്ങനെ ജീവിക്കണം: വചനത്തിൽ ഊന്നിയ ബോധ്യത്തിൽ ജീവിക്കണം, യേശു പഠിപ്പിച്ച ക്രിസ്തീയ മൂല്യങ്ങളിൽ ജീവിക്കണം. മറ്റുള്ളവർ എന്ത് പറയുന്നുവെന്ന് ചിന്തിക്കേണ്ട, അവരുടെ വിമർശനങ്ങളെ ഭയപ്പെടേണ്ട. എപ്പോഴും ചെയ്യേണ്ട നന്മകൾ ചെയ്യാനും പ്രാർത്ഥിക്കേണ്ടതുപോലെ പ്രാർത്ഥിക്കാനും നമ്മുക്ക് സാധിക്കണം. അതാണ് വിശ്വാസം. ആരെയും ഭയപ്പെടരുത്. ആരെയും പ്രീതിപ്പെടുത്താൻ നോക്കരുത്. ദൈവത്തിലേക്ക് കണ്ണുകൾ ഉയരട്ടെ. ഹൃദയം ദൈവത്തോട് ചേർന്ന് നിൽക്കട്ടെ. അതാണ്‌ വിശ്വാസ ജീവിതം.
നമ്മുക്ക് വിശ്വസികളായി എന്നും ജീവിക്കാം.

നല്ല ദിവസം! കർത്താവ് കനിഞ്ഞു അനുഗ്രഹിക്കട്ടെ!

റോയ് പുലിയുറുമ്പിൽ mcbs

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading