പുലർവെട്ടം 347

{പുലർവെട്ടം 347}

ഹചികോ എന്ന നായ ജാപ്പനീസ് പാരമ്പര്യത്തിൽ മരണത്തിനപ്പുറത്തേക്കു പോലും നീളുന്ന അതീവവിശ്വസ്തതയുടെ സൂചനയാണ്. ഷിബുയ എന്ന ജപ്പാനിലെ ചെറിയ റെയിൽവേ സ്റ്റേഷനിൽ സന്ധ്യക്ക് യജമാനന്റെ വരവിനു വേണ്ടി കാത്തുകിടക്കുകയായിരുന്നു അതിന്റെ രീതി. അയാൾ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സ്റ്റിയിലെ പ്രൊഫെസറായിരുന്നു, ഹിഡ്സാബുറോ യുനോ. ഒരു ദിവസം അയാൾ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. ഇനിയൊരിക്കലും വണ്ടിയിറങ്ങി വരാത്ത ആ യജമാനനു വേണ്ടി പത്തു വർഷത്തോളം ഹചികോ കൃത്യമായി ആ സ്റ്റേഷനിലെത്തി കാത്തുകിടന്നു. ചെറിയ ചെറിയ കൗതുകങ്ങൾക്കു പോലും മനുഷ്യർ വിശ്വസ്തതയുടെ ചരടുകൾ പൊട്ടിക്കുന്ന ഒരു കാലത്തിലും ദേശത്തിലും ആ നായ ഹൃദയഭാരം ഉരുവാക്കുന്ന പ്രതീകമായി. നായയുടെ മരണശേഷം അതിന്റെ ഓർമയ്ക്കായി ഒരു വെങ്കലപ്രതിമ അവിടെ ഉയർന്നു. വിശ്വസ്തതയുടെ അൾട്ടിമേറ്റ് അടയാളമായ ഹചികോയെ വാഴ്ത്തി വിവിധ കലാരൂപങ്ങളുണ്ടായി. അതിലൊന്ന് നിശ്ചയമായും നിങ്ങൾ ചെറിയ മക്കളെ കാട്ടിക്കൊടുക്കേണ്ട ‘ഹചികോ മോണോഗാതാരി’ എന്ന സിനിമയാണ്. കുഞ്ഞുങ്ങളിൽ മനുഷ്യപ്പറ്റുണ്ടാക്കാൻ ഏറ്റവും ഉറപ്പുള്ള വഴി അവരെ ജന്തുലോകവുമായി പരിചയപ്പെടുത്തുക തന്നെ.

മനുഷ്യനോടൊപ്പം ഒരു നായ എല്ലാ കാലങ്ങളിലും ഉരുമ്മിയുരുമ്മി കൂടെയുണ്ടായിരുന്നു. ഇത്രയും ജൈവവൈവിധ്യമുള്ള ഒരു പ്രപഞ്ചത്തിൽ മനസ്സറിഞ്ഞ് ഒരു ജീവിയും അവനു കൂട്ടു വന്നിട്ടില്ലെന്നോർക്കണം. അപ്പോൾ പൂച്ചയോ? പൂച്ച തട്ടിപ്പാണെന്നാണു പറയുന്നത്. മനുഷ്യരോടല്ല, ഇടങ്ങളോടാണ് അതിനു പ്രതിപത്തി. അതുണ്ടാക്കുന്ന ‘മ്യാവൂ’ ശബ്ദം പോലും കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് നമ്മളുമായി സിങ്ക് ആകാൻ മനഃപൂർവം ഉണ്ടാക്കിയെടുത്ത രീതിയാണ്. കാട്ടിലെ പൂച്ചകൾക്ക് ഈയൊരു സ്വരം കേട്ടറിവു പോലുമില്ല. ചെന്നായ മനുഷ്യനുവേണ്ടി മെരുങ്ങിയെന്നാണ് നായുടെ ചരിത്രം.

നായേപ്പോലെ ആയിരിക്കുക എന്നത് മനുഷ്യനുള്ളൊരു മോശം വിശേഷണമായി കരുതേണ്ടതില്ല. അഗാധമായ ആത്മീയസൂചനകളുള്ള ഒരു കവിതയുടെ ശീർഷകം പോലുമതാണ്- The Hound of Heaven, ഫ്രാൻസിസ് തോംസണിന്റെ. എത്ര ഒളിച്ചിരിക്കാനും അകന്നു പോകാനും ശ്രമിക്കുമ്പോഴും ഒന്നു തിരിഞ്ഞു നോക്കുമ്പോൾ സ്വർഗത്തിന്റെ ആ വേട്ടപ്പട്ടി തൊട്ടുപിന്നാലെയുണ്ടാവും. എത്ര അവഗണിച്ചിട്ടും ഹൃദയം കഠിനമാക്കിയിട്ടും പിൻകാലു കൊണ്ട് തൊഴിച്ചകറ്റാൻ ശ്രമിച്ചിട്ടും ഏതോ ചില സ്നേഹങ്ങൾ കിതച്ചുകിതച്ച് പിന്നാലെ എത്തുന്നതുകൊണ്ടാണ് ഭൂമി ഇപ്പോഴും ഭേദപ്പെട്ട ഒരിടമായി നിലനിൽക്കുന്നത്.

രണ്ടു ക്ലാസിക്കുകളിൽ വരുന്ന നായയുടെ പരാമർശം വായനയിൽ ഉണ്ടാക്കിയ വിസ്മയം ചെറുതല്ല. ഒന്ന്, ഈ ദേശത്തിന്റെ ഇതിഹാസമായ മഹാഭാരതം. മോക്ഷത്തിലേക്കുള്ള യാത്രയിൽപ്പോലും ഒരു നായ യുധിഷ്ഠിരന് കൂട്ടുപോവുകയാണ്. ‘നായയ്ക്ക് പ്രവേശനമില്ല’ എന്ന വാതിൽസൂക്ഷിപ്പുകാരന്റെ നിർദേശത്തിന്, തന്റെ നായക്കു പ്രവേശനമില്ലാത്ത സ്വർഗം തനിക്കു വേണ്ടായെന്ന് ശഠിക്കുന്നതിലൂടെ യുധിഷ്ഠിരന് എത്രയടി പൊക്കമാണ് ലഭിക്കുന്നത്. അല്ലെങ്കിൽത്തന്നെ സ്വർഗമെന്താണ്, ഉറ്റവരും സ്നേഹിച്ചവരും കൂട്ടുവന്നവരും സദാ കൂടെയുണ്ടായിരിക്കുക എന്നതല്ലാതെ. നായയുടെ സ്വർഗീയപ്രവേശത്തിലാണ് കാര്യങ്ങൾ അവസാനിക്കുന്നത്. ബി സി എട്ടാം നൂറ്റാണ്ടിലുണ്ടായ ഹോമറിന്റെ ‘ഇലിയഡി’ൽ ഒഡീസ്സസ് ഇരുപതു വർഷങ്ങളുടെ കഠിനമായ അലച്ചിലുകൾക്കു ശേഷം വേഷപ്രച്ഛന്നനായി തിരിച്ചെത്തുമ്പോൾ അയാളെ തിരിച്ചറിയുന്ന ഏകജീവി അരിഗോസ് എന്ന വളർത്തുനായയായിരുന്നു. തന്റെ സ്വത്വം വെളിപ്പെടുത്തുവാൻ താല്പര്യമില്ലാതിരുന്ന അയാൾ നായയെ അവഗണിച്ചു. ആ അവഗണനയിൽ അത് ഹൃദയം നൊന്തുമരിക്കുകയാണ്.

യേശു ഒരു സ്ത്രീയെ ആ പദമുപയോഗിച്ച് അഭിസംബോധന ചെയ്ത ഒരു പ്രശ്നമുണ്ട് നമ്മുടെ പുതിയ നിയമവായനയിൽ. കുറച്ചു ദിവസങ്ങളായി അവന്റെ ശ്രദ്ധയിലേക്കു വരാനുള്ള അവളുടെ അവിരാമമായ അനുയാത്രകളുടെ ഒടുവിലായിരുന്നു അത്. വേദപുസ്തകം പഠിക്കുന്നവർ പറയുന്നത് അപമാനകരമായ ധ്വനിയുള്ള വാക്കായിരുന്നില്ല അവനുപയോഗിച്ചത്, മറിച്ച് അതിന്റെ ഏറ്റവും ലഘുവായ – diminutive – സാരത്തിലാണെന്നാണ്. കുറേക്കൂടി നല്ല വിവർത്തനം പട്ടിക്കുട്ടി – loveable puppy – എന്നൊക്കെയാണ്. ഒരു കാര്യം ഉറപ്പാണ്, ആ വാക്കിൽ അവൾ ഉലഞ്ഞില്ല. പകരം, ഇങ്ങനെ പറഞ്ഞു: “അതെ, നായ തന്നെ. ചേട്ടനിപ്പം എന്നാ വേണം.” കണ്ണു നിറഞ്ഞ് യേശു പറഞ്ഞു: “ഇതുപോലൊരു വിശ്വാസം ഞാൻ ഇസ്രയേലിൽ കണ്ടിട്ടില്ല.”

ചുരുക്കത്തിൽ വിശ്വസ്തത തന്നെയാണ് വിശ്വാസത്തിന്റെ നാഴി.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment