പുലർവെട്ടം 349

{പുലർവെട്ടം 349}

ഏഴു വയസാണ് ആദിക്ക്. ദിനോസറുകളോടാണ് ഭ്രമം. അവയുടെ കാലം, അവയ്ക്കിടയിലെ വൈവിധ്യങ്ങൾ, അവയെങ്ങനെ മാഞ്ഞുപോയി എന്നൊക്കെ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ കുട്ടിയുടെ നമ്പർ ലിങ്കിൽ കൊടുത്തിട്ടുണ്ട്. ദിനോസറുകളുടെ ചിത്രം മാത്രമേ വരയ്ക്കൂ എന്ന് ശപഥം ചെയ്തിട്ടുണ്ട് കുട്ടി. അവന്റെ ചിത്രത്തിലെ ദിനോസറുകളുടെ ഇപ്പോഴത്തെ പ്രധാന പണി കെട്ടിടങ്ങളെ തള്ളി മറിക്കുകയാണ്. അതിൽ അവന്റെ അപ്പൻ വാടക പിരിക്കുന്ന ഷോപ്പിങ് കോംപ്ലക്സും പള്ളിക്കൂടവും പള്ളിയുമൊക്കെ പെടും. കാഴ്ചക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ അവൻ പതിവായി പോകുന്ന പള്ളിയുടെ ബോർഡ് കൃത്യമായി ചിത്രത്തിലുണ്ട്- സെയ്ന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ചർച്ച്, പാലാരിവട്ടം.

അമ്മ ചോദിച്ചു, “ശരിക്കും പള്ളിയുടെ പ്രശ്നമെന്താണ്?”

‘പള്ളിക്ക് പല പ്രശ്നങ്ങളുമുണ്ട്, അതിലേതാണ് അമ്മയ്ക്കറിയേണ്ടതെ’ന്ന്  മറുചോദ്യം.

അങ്ങനെയിരിക്കെ ഒരു ദിവസം പള്ളിക്കൂടത്തിൽ നിന്ന് മടങ്ങിയെത്തിയ അവൻ പുസ്തകസഞ്ചി വലിച്ചെറിഞ്ഞ് പ്രഖ്യാപിച്ചു: “ഞാൻ റസിയായോടൊപ്പം ഇസ്ലാമിൽ ചേരാൻ പോകുന്നു.”

എന്താണ് ഇങ്ങനെയൊരു തീരുമാനമെന്ന് തിരക്കിയപ്പോൾ ആദി പറഞ്ഞു, “അവർക്ക് സൺഡേ സ്കൂളില്ല.”

കുട്ടിയുടെ അമ്മ അതിപുരാതന ലത്തീൻ കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് അവനെ ശകലം ബോധവൽക്കരിക്കാൻ തീരുമാനിച്ചു, “അതിനു പകരം അവർക്ക് എല്ലാ ദിവസവും വെളുപ്പിനെ ഓത്തുപള്ളിക്കൂടത്തിൽ പോകേണ്ടതുണ്ട്.”

“എല്ലാ ദിവസവുമോ?”

“അതെ, എല്ലാ ദിവസവും.”

ആദി ദുഃഖിതനും ഖിന്നനുമായി, “മാതാവേ, കുഞ്ഞുങ്ങൾക്ക് ഒരു മതത്തിലും രക്ഷയില്ലല്ലേ!”

(ഉടനെതന്നെ പുറത്തിറക്കേണ്ടി വരുന്ന ‘ആദിക്കുട്ടന്റെ ഒരു ദിവസം’ എന്ന പുസ്തകത്തിൽ നിന്ന്.‌ )

‘പിള്ളേരെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുക’ എന്ന പുള്ളിക്കാരന്റെ ആഗ്രഹത്തെ എന്തൊക്കെ ഓടാമ്പലിട്ടാണ് നമ്മൾ കൊട്ടിയടച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾക്കു കൂടി സന്തോഷം വരുന്ന ഈശ്വരപാഠങ്ങൾ വരുമായിരിക്കും, അല്ലേ?

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment