പുലർവെട്ടം 355

{പുലർവെട്ടം 355}

ദേവാലയത്തിൽ പോകേണ്ട ഒരു പുലരിയിൽ അവന് ഒരു വിനോദയാത്രയുടെ ഭാഗമാകേണ്ടതായി വന്നു. കുതിരപ്പുറത്ത് അവരങ്ങനെ മുന്നോട്ടുപോകുമ്പോൾ അവൻ അസ്വസ്ഥനാണെന്ന് കൂട്ടുകാർ ശ്രദ്ധിച്ചു. ഒരിടത്ത് എത്തിയപ്പോൾ പൊടുന്നനെ യാത്ര അവസാനിപ്പിച്ച് അവൻ മടങ്ങാനൊരുങ്ങി. വിചിത്രമായ ആ പെരുമാറ്റത്തിന്റെ കാരണം പിന്നീടവൻ തന്റെ ചങ്ങാതിമാരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: “യാത്ര ആരംഭിക്കുമ്പോൾ പള്ളിമണികളുടെ ശബ്ദം ഉറക്കെ കേട്ടിരുന്നു. മുന്നോട്ട് ഓരോ കാതം പോകുന്നതനുസരിച്ച് അതു നേർത്തുനേർത്ത് വരുന്നുണ്ടായിരുന്നു. ഇനിയും മുന്നോട്ടുപോയാൽ അതു തീരെ കേൾക്കാതെയാവും. അതിനുമുൻപു ഞാൻ മടങ്ങിയില്ലെങ്കിൽ പിന്നീട് എന്നെ തിരികെ വിളിക്കാൻ ഒരു സ്വരവും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടാവില്ല. അപകടം പിടിച്ച ആ കളിക്കു മുൻപ് തിരികെ നടന്നേ പറ്റൂ.” ഉള്ളിലെ ചില ശബ്ദങ്ങൾ ദുർബലമാകുന്നുവെന്ന് അലാം മുഴങ്ങുമ്പോൾ ഇനി വൈകിക്കൂടാ.

കാഴ്ചയിൽ നിന്നും കേൾവിയിൽ നിന്നും അകന്നുപോകുന്നവർ സദാകാലവും തങ്ങളോടൊപ്പം ഉണ്ടായിരിക്കുമോ എന്നത് സ്നേഹത്തിന്റെ പ്രാചീനഭയങ്ങളിൽ ഒന്നാണ്. അങ്ങനെയാണ് പുരാണങ്ങളിൽ നിന്ന് ഛായാമുഖി എന്ന മാന്ത്രികക്കണ്ണാടി കിട്ടുന്നത്. അനുരാഗത്തിന്റെ ഹ്രസ്വമായ ഒരു കാലത്തിനുശേഷം വേർപിരിയുമ്പോൾ ഹിഡുംബി ഭീമസേനനു സമ്മാനിക്കുന്ന ആ വിചിത്രദർപ്പണത്തിനു പിന്നിലെ വികാരമെന്തായിരിക്കും? ഓർക്കണം, കണ്ണാടിയുടെ ഉള്ളിൽ തെളിയുന്നത് അതിനെ നോക്കുന്നയാളല്ല, അയാളുടെ ഉള്ളിൽ കൊണ്ടുനടക്കുന്ന ഏറ്റവും പ്രിയപ്പെട്ടയാളുടെ മുഖമാണ്. അകന്നുപോയവരുടെ ധ്യാനക്കാഴ്ചകളിൽ തങ്ങൾ മങ്ങിപ്പോകുമോ എന്ന പേടിയിൽ നിന്നാണ് സ്നേഹത്തിന്റെ എല്ലാ അർത്ഥനകളും പൊടിക്കുന്നത്. ഒരു മുദ്രമോതിരം കൈമാറുമ്പോൾ ശകുന്തള എന്താണു പ്രാർത്ഥിക്കുന്നത്? ‘സദാ ഉള്ളിലുണ്ടാവണമേ’ എന്നതു മാത്രമാണ് സ്നേഹത്തിന്റെ പ്രണവമന്ത്രം.

നമ്മൾ നോക്കിനിൽക്കെ മാഞ്ഞുപോയ ഒരു സ്നേഹപ്രതീകം എസ് റ്റി ഡി ബൂത്തുകളായിരുന്നു. ചില്ലുകൂട്ടിനു പുറത്ത് കാത്തുനിൽക്കുന്നവരുടെ തിടുക്കത്തിന്റെ ശരീരഭാഷയേക്കുറിച്ച് തെല്ലും വേവലാതികളില്ലാതെ മനുഷ്യരന്ന് സ്നേഹഭാഷണങ്ങളിൽ മുഴുകിയിരുന്നു. അകന്നുപോകുന്ന മനുഷ്യരേക്കുറിച്ചുള്ള ആകുലതകളിൽനിന്നാണ് ടെലിഫോൺ രൂപപ്പെടുന്നത്. സഞ്ചരിക്കുമ്പോഴും ഒരുമിച്ചായിരിക്കാനുള്ള അതിന്റെ അതിമോഹത്തിൽ നിന്ന് കൈഫോണുകളും. അകലെയിരിക്കുന്നവരുടെ ചിത്രം സ്ക്രീനിൽ തെളിയുമ്പോൾ അകന്നുപോയവർ ഞൊടിയിട കൊണ്ട് എത്രയോ കാതം സഞ്ചരിച്ചാണ് നമ്മുടെ കുടുസുലാവണങ്ങളിൽ തിരികെയെത്തുന്നത്. ഒരിക്കൽ ഒരുമിച്ചായിരുന്നതിന്റെ അതേ ഹർഷം വീണ്ടെടുക്കപ്പെടുന്നു.

അകന്നുപോകുന്നു എന്നുള്ളത് ഏതൊരാൾക്കും പിടുത്തം കിട്ടുന്ന ഗട് ഫീലിങ്ങാണ്. അതിനെ നീതികരിക്കാനോ അങ്ങനെയല്ലെന്ന് സ്വയം ബോധ്യപ്പെടുത്താനോ ശ്രമിക്കുമ്പോൾ സ്നേഹം കുന്നിറങ്ങുകയാണ്.

വെളിപാടിന്റെ പുസ്തകത്തിൽ നിന്ന് ഇങ്ങനെ: നീയെനിക്കുവേണ്ടി സഹിച്ചിട്ടുണ്ട്. അനവധിയായ ക്ലേശങ്ങൾ സ്വയമേ വഹിച്ചിട്ടുണ്ട്. എന്നാലും, എനിക്ക് നിന്നോട് ഒരു ആരോപണം പറയാനുണ്ട്. നിന്റെ ആദ്യസ്നേഹത്തിൽ നിന്ന് നീ അകന്നുപോയി. എവിടെ നിന്നാണു പതിച്ചതെന്ന് ഓർമിക്കുക, അനുതപിക്കുക, ആദ്യകാലപ്രവൃത്തികൾ ആരംഭിക്കുക. ഇല്ലെങ്കിൽ ക്രോധത്തിന്റെ ദൂതൻ വന്ന് നിന്റെ വിളക്കിലെ തിരിനാളങ്ങൾ ഊതിക്കെടുത്തും.

അവശേഷിക്കുന്ന തിരിനാളങ്ങൾ കെട്ടുപോകുന്നതിനുമുൻപ് പാലിക്കേണ്ട കാര്യങ്ങൾ എത്ര ക്രിസ്പിയായാണ് പറഞ്ഞുവച്ചിരിക്കുന്നത്: ഓർമിക്കുക (Remember), ഖേദിക്കുക (Repent), ആവർത്തിക്കുക (Repeat). നേരമുണ്ടെന്നു സാരം; അതാണ് ഏകസമാശ്വാസം.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment