മൺമറഞ്ഞ മഹാരഥൻമാർ

Rev. Fr Koshy Chackalamannil (1932-2020)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Koshy Chackalamannil (1932-2020)

അജഗണങ്ങളുമായി ഊഷ്മള ബന്ധം പുലർത്തിയ കോശിയച്ചൻ…

ആടുകളെ പേര് ചൊല്ലി വിളിച്ച് വഴി നടത്തുന്ന നല്ലിടയനായ ഈശോയുടെ വാങ്മയ ചിത്രം യോഹന്നാന്റെ സുവിശേഷത്തിലാണ് (യോഹ 10) നാം വായിക്കുക. സുവിശേഷത്തിലേതുപോലെ ആടുകളെ പേര് ചൊല്ലി വിളിച്ച് സ്നേഹിച്ചിരുന്ന, കരുതിയിരുന്ന നല്ല ഇടയനായിരുന്നു കോശി ചക്കാലമണ്ണിൽ അച്ചൻ.

തുമ്പമൺ വടക്കേക്കര ചക്കാലമണ്ണിൽ സി.കെ കോരുത്കോശി – ശോശാമ്മ ദമ്പതികളുടെ 8 മക്കളിൽ മൂന്നാമനായി 1932 ഫെബ്രുവരി 6ന് കോശി ജനിച്ചു. LP, UP പഠനങ്ങൾ ഇലവുംതിട്ട രക്ഷാസൈന്യം സ്കൂളിലും നല്ലാനിക്കുന്ന്, കുഴിക്കാല സി.എസ്.ഐ സ്കൂളിലും പൂർത്തീകരിച്ച ശേഷം വൈദീകനാകണമെന്ന ആഗ്രഹത്തോടെ അപ്പസ്തോലിക് സ്റ്റുഡന്റായി തിരുവനന്തപുരത്തേക്ക് പോയി പട്ടം സെന്റ് മേരീസിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുമ്പമൺ പ്രദേശങ്ങളിൽ പുനരൈക്യ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി ധീരതയോടെ വിശ്വാസം പ്രഘോഷിച്ച, തന്റെ കുടുംബസ്ഥലം രാമൻചിറ പള്ളിക്കായി വിട്ടുനൽകിയ ചക്കാലമണ്ണിൽ വല്യപ്പന്റെ (തൊമ്മൻ കോരുത്) കൊച്ചുമകൻ അങ്ങനെയായില്ലെങ്കിലാണ് അത്ഭുതം. ദൈവവിളിയാൽ അനുഗ്രഹീതമായ കുടുംബത്തിൽ സഹോദരിമാർ രണ്ട് പേർ സന്യാസിനിമാരായിരുന്നു. സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് സമൂഹാംഗമായ സി.വിക്ടിമയും ബഥനി സന്യാസിനി സമൂഹാംഗമായ സി.സെബിയയും.

പത്താം ക്ളാസ്സ് പരീക്ഷ പാസ്സായതിനെ തുടർന്ന് പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. മേജർ സെമിനാരി പഠനം മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിൽ പൂർത്തിയാക്കി അവിടെ വെച്ചു തന്നെ 1959 ഡിസംബർ 3ന് അന്നത്തെ അപ്പസ്തോലിക് നുൺഷ്യോ (Apostolic Internuncio) കാർഡിനൽ നോക്സ് (Cardinal James Robert Knox) തിരുമേനിയിൽ നിന്ന് വൈദീക പട്ടം സ്വീകരിച്ചു. ഡിസംബർ 5ന് മാതൃദേവാലയമായ രാമൻചിറയിൽ പ്രഥമ ദിവ്യബലിയർപ്പിച്ചു.

കാട്ടൂർ, നാരങ്ങാനം, മഞ്ഞക്കാല, ഞാറക്കാട്, പാണ്ടിത്തിട്ട, പട്ടാഴി ഈസ്റ്റ്, പട്ടാഴി വെസ്റ്റ്, ആറാട്ടുപുഴ, കിഴക്കേത്തെരുവ്, ചെങ്ങമനാട്, വടകോട്, മൈലം പുലമൺ, കോക്കാട്, കരിക്കം, ചെമ്പുമല, ചിരട്ടക്കോണം, പിടയൂർ, വകയാർ, ഇളപ്പുപാറ, ഊട്ടുപാറ, കല്ലേലി, കൊക്കാതോട്, കല്ലേലിത്തോട്ടം, ചെമ്പനരുവി, പുത്തൻപീടിക, പ്രക്കാനം, ചീക്കനാൽ, മാവേലിക്കര, ചെന്നിത്തല, കുമ്മല്ലൂർ, പൂയ്യപ്പള്ളി, കമ്പങ്കോട്, മലപ്പേരൂർ, കോട്ടവട്ടം, നല്ലില എന്നീ ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. കിഴക്കേതെരുവ്, വടകോട്, ആവണീശ്വരം, കല്ലേലി, നടുക്കുന്ന്, ഞാറക്കാട്, മുതുപേഴുങ്കൽ തുടങ്ങിയ നിരവധി പള്ളികളുടെ നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകി. ആവണീശ്വരം, നടുക്കുന്ന്, പേഴുങ്കൽ പള്ളികൾ സ്ഥാപിച്ചത് അച്ചനാണ്.
മഞ്ഞക്കാല പ്രദേശത്ത് പോസ്റ്റ് ഓഫീസ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി. വകയാർ സെന്റ് തോമസ് യു.പി സ്കൂൾ വാങ്ങാൻ മുൻകൈ എടുത്തതും അച്ചനാണ്.

സദാ പ്രസാദവാനായിരുന്ന അച്ചൻ എപ്പോഴും പുഞ്ചിരിയോടെ തന്റെ ഇടവകജനങ്ങളെ തേടിപ്പോകുന്ന, ഭവനസന്ദർശനങ്ങളിലൂടെ അവരെ അറിയുന്ന, പള്ളിയിലെ ഓരോരുത്തരെയും പേര് ചൊല്ലി വിളിക്കുന്ന, കത്തിലൂടെയും ഫോൺ വിളികളിലൂടെയും അവരുമായി വൈകാരികമായ ബന്ധം ദൃഢമാക്കുന്ന നല്ലിടയനായിരുന്നു. 1961-69 കാലഘട്ടത്തിലാണ് അച്ചൻ മഞ്ഞക്കാലയിൽ വികാരിയായിരുന്നത്, അന്നത്തെ ആളുകളുമായി മരണം വരെയും ബന്ധം സൂക്ഷിച്ചിരുന്നു. ക്ളർജി ഹോമിൽ വിശ്രമിക്കുന്ന അച്ചനെ ആളുകൾ പോയി സന്ദർശിക്കത്തക്കവണ്ണം അത്രക്ക് ദൃഢമായ ബന്ധമായിരുന്നെന്ന് മഞ്ഞക്കാല ഇടവകാംഗമായ ഏബ്രഹാം സാക്ഷ്യപ്പെടുത്തുന്നു. അച്ചൻ വികാരിയായിരുന്ന പള്ളികളിലെ ഓരോരുത്തർക്കും സമാനമായ നിരവധി അനുഭവങ്ങൾ പങ്കുവെക്കാനുണ്ട്.

കൂടെയുള്ളവരെ ചേർത്തു നിർത്തി അവരെ വളർത്തിയിരുന്ന അച്ചൻ എം.സി.വൈ.എം, സണ്ടേസ്കൂൾ, മാതൃസമാജം തുടങ്ങിയതിനെല്ലാം പ്രാധാന്യം കൊടുത്തിരുന്നു. ഇടവകയിലെ അംഗങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ പരിശ്രമിച്ചിരുന്ന അച്ചൻ ഇടവക തിരുനാളിനോട് അനുബന്ധിച്ച് നാടകം, ബാലെ, നൃത്താവിഷ്ക്കാരങ്ങൾ ഇതെല്ലാം ക്രമീകരിച്ചിരുന്നു.

ചക്കാലമണ്ണിൽ കുടുംബയോഗത്തിന്റെ പ്രസിഡന്റായിരുന്ന അച്ചൻ തന്റെ കുടുംബാംഗങ്ങളുടെയെല്ലാം ജീവിതവഴികളിൽ പ്രാർത്ഥനയുടെ പിൻബലമായി കൂടെയുണ്ടായിരുന്നു.

അവിഭക്ത തിരുവനന്തപുരം അതിരൂപതയിൽ വിവിധ ദേവാലയങ്ങളിലായി ശുശ്രൂഷ നടത്തിവരവെ 2007ൽ മാവേലിക്കര രൂപത രൂപീകരിക്കപ്പെട്ടപ്പോൾ അവിടേക്ക് മാറി. 2008 മുതൽ സെന്റ് ജോൺ മരിയ വിയാനി ക്ളർജിഹോം പെരുമ്പുഴയിലും തുടർന്ന് കല്ലുമലയിലും വിശ്രമജീവിതം നയിച്ചു വരവെ 2020 ഫെബ്രുവരി 6ന് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. മാതൃദേവാലയമായ രാമഞ്ചിറ പള്ളിയിൽ സംസ്കരിച്ചു.


✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s