പുലർവെട്ടം 422

{പുലർവെട്ടം 422}

 
എങ്ങനെ പറഞ്ഞാലും തെറ്റിദ്ധരിക്കപ്പെടും. എന്നാൽപ്പിന്നെ മുഖവുരയില്ലാതെ നേരെ അതിലേക്ക് ചാടാം. ഈ വിചാരത്തിന്റെ സ്പാർക്കിന് Max Lucado യോട് തന്നെയാണ് കടപ്പാട്.
 
ശിമയോൻ ഒരുക്കിയ വിരുന്നിനിടയിലാണത്. രണ്ടുതരം മനുഷ്യർ അവന്റെ സാന്നിധ്യത്തിൽ മുഖാമുഖം കാണുകയാണ്. ആദ്യത്തേത് ധനികനായ ഒരു പുരുഷൻ. രണ്ടാമത്തേത്, ഗണികയായ ഒരു സ്ത്രീ; സ്വാഭാവികമായും ദരിദ്രയും. ലുബ്ധന്റെ കയ്യിലെ പൊൻനാണയം പോലെ വളരെയേറെ സൂക്ഷിച്ചും പിശുക്കിയുമാണ് അയാളുടെ സ്നേഹവ്യാപാരം. ശിമയോനെ, ഞാൻ നിന്റെ ഭവനത്തിൽ വന്നിട്ട് നീയെന്നെ ചുംബിച്ചില്ല എന്നാണ് യേശു നിരീക്ഷിച്ചത്. അവളാവട്ടെ വിരാമമില്ലാതെ തന്റെ പാദങ്ങളെ ചുംബിച്ചുകൊണ്ടിരിക്കുന്നു. അവരെന്തുകൊണ്ട് ഇത്ര വിരുദ്ധ സ്നേഹധ്രുവങ്ങളിലായിപ്പോയിയെന്നതിന് ഋജുവായ കാരണങ്ങളേയുള്ളൂ. പുരുഷനെന്ന നിലയിലും ധനികനെന്ന നിലയിലും വളരെക്കുറച്ച് സ്നേഹാനുഭവങ്ങളേ അവരുടെ കണക്കുപുസ്തകത്തിൽ ഇനിയും വരവ് വച്ചിട്ടുള്ളൂ. സ്നേഹിക്കപ്പെടുന്ന ധനികൻ എന്തൊരു വിചിത്രഭാവനയാണ്! അയാൾ സഞ്ചരിച്ച വഴികളിൽ ഒരു പാതയോര വൃക്ഷവും അനുഭാവത്തിന്റെയും കരുണയുടെയും പൂക്കൾ ചൊരിഞ്ഞിട്ടില്ല. മഴയത്ത് അയാളൊരു കടയുടെ ഇറയത്ത് കയറിനിന്നിട്ടില്ല. ഒരു ചൂട്കട്ടൻ മൊത്തിമൊത്തി കുടിച്ചിട്ടില്ല. ജീവിതത്തിന്റെ അനവധിയായ ചെറിയ ചെറിയ കൗതുകങ്ങൾ കാണാതെയും അനുഭവിക്കാതെയും അയാൾ കാലം ചെയ്യും.
 
പെൺകുട്ടി വളർന്നത് അയാളെക്കണക്കല്ല, നിറയെ ഓമനിക്കപ്പെട്ടും അലങ്കരിക്കപ്പെട്ടും. പൂർവ്വകാലത്തെ ഗണികസങ്കല്പങ്ങൾ രാത്രിയുടെ കൗതുകങ്ങളായി മാത്രം ഗണിക്കപ്പെട്ടിരുന്നില്ല. പൂപ്പാത്രമൊരുക്കുന്നതുതൊട്ട് അനവധിയായ സ്നേഹപരിശീലനമായിരുന്നു അത്. സ്നേഹം ഒരു കലയായും സൂക്ഷ്മതയോടും ശ്രദ്ധയോടും അനുഷ്ഠിക്കേണ്ട സാധനയായും കരുതപ്പെട്ടിരുന്നു. ചുരുക്കത്തിൽ നൈസർഗികമായി ലഭിച്ച സ്നഹപരിചരണങ്ങളും അവധാനതയോടെ തളിർപ്പുകൾ ഉണ്ടാക്കിയെടുത്ത പ്രേമസങ്കല്പങ്ങളും കൂടിച്ചേർന്ന് അവളെ അയാളെക്കാൾ ഉയരമുള്ളവളാക്കി. രണ്ടു മനുഷ്യരുടെ കഥയല്ലിത്. സ്നേഹം ലഭിക്കുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നവരിൽ രൂപപ്പെടാവുന്ന വിരുദ്ധസമീപനങ്ങളുടെ സൂചനയാണ്.
 
കുറേ വർഷങ്ങൾക്കുശേഷം ഒരു വിരുന്നുമേശയിൽ അവന്റെ വക്ഷസ്സിനോട് ചാഞ്ഞു കിടക്കുവാൻ സ്വാതന്ത്ര്യവും ധൈര്യവും കാട്ടിയ ഒരാൾ ഇങ്ങനെ കുറിച്ചു വയ്ക്കും: “അവൻ നമ്മളെ ആദ്യം സ്നേഹിച്ചതുകൊണ്ട് നമ്മൾ പരസ്പരം സ്നേഹിക്കുന്നു.” അതാണ് താക്കോൽ.
 
ക്രിസ്മസ് മംഗളങ്ങൾ!
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment