അനുദിനവിശുദ്ധർ – മാർച്ച് 7

⚜️⚜️⚜️⚜️ March 07 ⚜️⚜️⚜️⚜️
വിശുദ്ധരായ പെര്‍പെടുവായും ഫെലിസിറ്റാസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഒന്നാം നൂറ്റാണ്ടിലെ തിരുസഭാ ചരിത്രപുസ്തകത്തിന്റെ താളുകളിലൊന്ന്‍ വിശുദ്ധരായ പെര്‍പെടുവായേയും, ഫെലിസിറ്റാസിനേയും കുറിച്ചുള്ള വിവരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഈ രണ്ടു പേരെയും വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുവാനുള്ള വിധി കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ അവിശ്വസനീയമായ ഭാവഭേദങ്ങള്‍ ചരിത്രരേഖകള്‍ വ്യക്തമായി കാണിച്ചു തരുന്നു. അമ്മയായിരുന്ന വിബിയ പെര്‍പെടുവായും, ഒരു അടിമയും തന്റെ മരണത്തിനു മൂന്നു ദിവസം മുന്‍പ് മാത്രം ഒരു കുട്ടിക്ക് ജന്മം നല്‍കിയവളുമായ ഫെലിസിറ്റാസും ക്രിസ്തീയ വിശ്വാസത്തില്‍ ആഴപ്പെട്ട രണ്ട് വ്യക്തികളായിരിന്നു. ഇത്തരം മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് നേരെയുള്ള സെപ്റ്റിമിയൂസ് സെവേരൂസിന്റെ കീഴിലുള്ള മതപീഡനം വളരെ കഠിനമായിരുന്നു. ആധികാരിക രേഖകളില്‍ ഇപ്രകാരമുള്ള ഹൃദയസ്പര്‍ശിയായ ഒരു വിവരണം നമുക്ക് കാണുവാന്‍ സാധിക്കും:

‘ആ ദിവസം വന്നു കഴിഞ്ഞു, അവരെ ക്രൂരമൃഗത്തിനെറിഞ്ഞു കൊടുക്കുന്ന ആ ദിവസം’, തനിക്ക് മുന്നേ തന്റെ കൂട്ടുകാരിയെ മൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുമോ എന്ന ഭയത്താല്‍ ഫെലിസിറ്റാസ് ദുഃഖവതിയായിരുന്നു. അവള്‍ക്ക് എട്ടു മാസം ഗര്‍ഭണിയായിരിന്നു. റോമന്‍ നിയമമനുസരിച്ച് അങ്ങനെയുള്ളവരെ അവരുടെ കുട്ടിയുടെ മരണത്തിനു മുന്‍പ് കൊല്ലുവാന്‍ പാടില്ല. പക്ഷേ അവളുടെ സഹതടവുകാരുടെ പ്രാര്‍ത്ഥനകള്‍ ഫലിക്കുകയും അവള്‍ക്ക് ഒരു പെണ്‍കുട്ടി പിറക്കുന്നത് വരെ അവളുടെ സമയം നീട്ടപ്പെടുകയും ചെയ്തു.

പ്രസവവേദനയാല്‍ പുളയുന്ന അവളെ നോക്കി കാവല്‍ക്കാരില്‍ ഒരാള്‍ ഇങ്ങനെ ചോദിച്ചു, “ഇപ്പോള്‍ നീ ഇത്രമാത്രം സഹനമനുഭവിക്കുന്നുവെങ്കില്‍ നിന്നെ വന്യമൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുമ്പോള്‍ നീ എന്ത് ചെയ്യും?” അവളുടെ മറുപടി ഇപ്രകാരമായിരിന്നു, “ഇപ്പോള്‍ ഞാന്‍ സഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടി സഹിക്കുന്ന മറ്റൊരാളും എന്നിലുണ്ട്. കാരണം അവനുവേണ്ടിയാണ് ഞാന്‍ സഹിക്കുന്നത്”. ‘പേറ്റ് നോവനുഭവിച്ചപ്പോള്‍ അവള്‍ക്ക് സങ്കടമായിരുന്നു. പക്ഷേ, വന്യമൃഗങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവള്‍ ആനന്ദിക്കുകയായിരുന്നു.’

AD മാര്‍ച്ച് 7ന് ആ ധീരവനിതകളെ പോരാട്ട രംഗവേദിയിലേക്ക് (Amphitheatre) കൊണ്ടുപോയി. തങ്ങളുടെ ദുര്‍ബ്ബലത അറിയാമായിരുന്നുവെങ്കിലും യേശുവിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട്, യേശുവിനാല്‍ ക്ഷണിക്കപ്പെട്ട തങ്ങളുടെ രക്തസാക്ഷിത്വമകുടം ചൂടുവാനായി അവര്‍ ഒരാഘോഷത്തിനെന്നവണ്ണം ധൈര്യപൂര്‍വ്വം പോയി. ക്രൂരമായി ചമ്മട്ടികൊണ്ട് അടിച്ചു മുറിവേല്‍പ്പിക്കപ്പെട്ടു. അതിനു ശേഷം അവരേ അസാമാന്യശക്തിയും, കലിയുമുള്ള ഒരു കാട്ടു പോത്തിന് എറിഞ്ഞു കൊടുത്തു. അത് അവരെ കുത്തിമുറിവേല്‍പ്പിക്കുകയും ഒടുവില്‍ വാളിനിരയാക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അനിയാനെ ആശ്രമത്തിലെ ആര്‍ഡോ

2. വെല്‍ഷിലെ ഡേയിഫര്‍

3. സോയിഡോണ്‍സ് ബിഷപ്പായ ഡ്രൌസിനൂസ്

4. നോര്‍ത്തമ്പ്രിയായിലെ എസ്റ്റേര്‍വയിന്‍

5. വെല്‍ഷുവിലെ എനൊഡോക്ക്

6. ഈജിപ്തുകാരനായ സാധുവായ പോള്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ‘ഏഴാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

*ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?”
(മത്തായി 13:55)

പരിത്രാണനരഹസ്യത്തില്‍ വിശുദ്ധ യൗസേപ്പിനുള്ള സ്ഥാനം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

നരകുല പരിത്രാണാര്‍ത്ഥം ദൈവം മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. ഈശോമിശിഹാ അവിടുത്തെ പീഡാനുഭവവും മരണവും പുനരുത്ഥാനവും വഴി തന്‍റെ പരിത്രാണകൃത്യം നിര്‍വഹിച്ചു. എന്നാല്‍ മിശിഹായുടെ രക്ഷാ കര്‍മ്മത്തില്‍ അവിടുത്തേക്ക് വിധേയമായി മറ്റു ചില മനുഷ്യവ്യക്തികള്‍ സഹകരിച്ചിട്ടുണ്ട്. പ.കന്യകാമറിയം, പരിത്രാണ പരിപാടിയില്‍ ഈശോയോടുകൂടി ഏറെസഹകരിച്ചു. ദൈവമാതാവ്, സഹരക്ഷക എന്ന വിധത്തില്‍ പ. കന്യകാമറിയം കഴിഞ്ഞാല്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് വി. യൗസേപ്പ്.

‘ മനുഷ്യാവതാര കര്‍മ്മത്തില്‍ വി. യൗസേപ്പ് ഒരു തിരശ്ശീലയായിരുന്നു’ എന്നാണ് പാരീസ് സര്‍വ്വകലാശാലയുടെ ചാന്‍സലറായിരുന്ന ജേര്‍സന്‍റെ അഭിപ്രായപ്പെട്ടിരിന്നത്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ പരിശുദ്ധ കന്യക മിശിഹായേ ഗര്‍ഭം ധരിച്ചു പ്രസവിച്ചു. എന്നാല്‍ ലോകദൃഷ്ടിയില്‍ പ.കന്യക പരിഹാസ പാത്രമാകാതിരിക്കുവാന്‍ വി. യൗസേപ്പിനെ ഭര്‍ത്താവായി സ്വീകരിക്കേണ്ടത് ആവശ്യമായിരുന്നു.

പിതാവായ ദൈവത്തിന്‍റെ സ്ഥാനം അലങ്കരിച്ചു കൊണ്ട്, മര്‍ത്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള കൃത്യ നിര്‍വഹണത്തിലൂടെ വി. യൗസേപ്പ് മാനവകുലത്തിന്‍റെ പരിത്രാണനത്തില്‍ മഹത്തായ പങ്കുവഹിച്ചു. ബത്ലഹെമില്‍ ഈശോമിശിഹാ പിറന്നപ്പോള്‍ ദിവ്യശിശുവിന്‍റെ പരിലാളനയില്‍ ഏറെ ശ്രദ്ധിച്ചിരിന്ന ഒരാളായിരിന്നു യൗസേപ്പ്. ദേവാലയത്തില്‍ കാഴ്ച വയ്ക്കുമ്പോഴും ഈജിപ്തിലേക്കുള്ള പ്രയാണത്തിലും അവിടെ നിന്നുള്ള പ്രത്യാഗമനത്തിലും അദ്ദേഹം പിതൃസ്നേഹത്തോടെ ദിവ്യകുമാരന്‍റെ ജീവനെ സംരക്ഷിക്കുന്നതില്‍ തല്പരനായിരുന്നു.

ഈശോമിശിഹായുടെ ബാല്യകൗമാര്യ ദശകളിലെല്ലാം വി. യൗസേപ്പ് ഒരു മാതൃകാ പിതാവിന്‍റെ വാത്സല്യത്തോടും ശ്രദ്ധയോടും കൂടിയാണ് അവിടുത്തെ പരിരക്ഷിച്ചത്. വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ തൊഴില്‍ ഈശോമിശിഹായെ അഭ്യസിപ്പിച്ചിരുന്നു എന്നു നമ്മുക്ക് അറിയാമല്ലോ. ഇപ്രകാരം എല്ലാ വിധത്തിലും പരിശുദ്ധ ദിവ്യജനനി കഴിഞ്ഞാല്‍ വി. യൗസേപ്പ് നമ്മുടെ രക്ഷണീയ കര്‍മ്മത്തില്‍ ഈശോയോട് എന്നും സഹകരിച്ചുവെന്ന്‍ കാണാവുന്നതാണ്. അതിനാല്‍ മറ്റെല്ലാ വിശുദ്ധരേക്കാള്‍ ഉപരിയായി നാം വി. യൗസേപ്പിനോട് ഭക്തിയും കൃതജ്ഞതയും ഉള്ളവരായിരിക്കണം. ഈശോമിശിഹായുടെ പരസ്യ ജീവിതകാലത്തിന് മുന്‍പ് തന്നെ അദ്ദേഹം മരണപ്പെട്ടിരിന്നു. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം കൂടുതല്‍ സജീവമായി രക്ഷാനടപടികളില്‍ ഭാഗഭാക്കാകുമായിരുന്നു.

സംഭവം
🔶🔶🔶🔶

1881-ല്‍ ഒരു വിദ്യാര്‍ത്ഥി സര്‍വകലാശാല പരീക്ഷയില്‍ തോറ്റുപോയതിനാല്‍ ഏറെ നിരാശനായിത്തീര്‍ന്നു. അവന്‍മാതാപിതാക്കളെ അറിയിക്കാതെ നാടും വീടും വിട്ടിറങ്ങി. പുത്രനെ കാണാതിരുന്ന മാതാപിതാക്കള്‍ പോലീസില്‍ പരാതി കൊടുത്തു. സ്വദേശത്തും വിദേശത്തും പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. അടുത്ത മാര്‍ച്ചില്‍ രണ്ടു കന്യാസ്ത്രീകള്‍ സാമ്പത്തിക സഹായം അപേക്ഷിച്ചു കൊണ്ട് പ്രസ്തുത ഭവനങ്ങളില്‍ ചെന്നപ്പോള്‍ ഗൃഹനാഥന്‍ അവരോട് തന്‍റെ കുടുംബത്തിന് നേരിട്ടിരിക്കുന പരിതാപകരമായ അവസ്ഥ അറിയിച്ചു.

ഉടനെ കന്യാസ്ത്രീകള്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ഭയപ്പെടേണ്ട, മാര്‍ യൗസേപ്പിതാവിനോടു ഇക്കാര്യ സാധ്യത്തിനായി ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ട്. നിങ്ങളും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുവിന്‍.” പത്ത് മാസക്കാലമായി യാതൊരു വിവരവും ലഭിക്കാതിരുന്ന ശേഷം നവനാള്‍ തുടങ്ങി ഏഴാം ദിവസം പുത്രന്‍റെ കത്ത് കിട്ടി. ഉടനെ പുറപ്പെടുന്നു എന്നായിരുന്നു കത്തിന്‍റെ സാരം. രണ്ടു ദിവസത്തിനകം മാതാപിതാക്കന്‍മാരെ കാണുവാനുള്ള ആഗ്രഹം അയാള്‍ക്കുണ്ടായി. പുത്രവിരഹത്താല്‍ ഹതഭാഗ്യരായിക്കഴിഞ്ഞ മാതാപിതാക്കള്‍ ഇതുമൂലം സന്തുഷ്ടരായിത്തീര്‍ന്നു.

ജപം
🔶🔶

പരിത്രാണകര്‍മ്മത്തില്‍ ഈശോമിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും മഹോന്നതമാംവിധം സഹകരിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങേ മാതൃക അനുസരിച്ച ഞങ്ങളും മറ്റുള്ളവരുടെ ആത്മരക്ഷയില്‍ തത്പരരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ചതിനാല്‍ അവിടുന്ന്‍ ഞങ്ങളുടെ പിതാവായിത്തീര്‍ന്നു. ഞങ്ങള്‍ അങ്ങയോടു കൃതജ്ഞതയുള്ളവരായി ജീവിതം നയിക്കും. മക്കള്‍ക്കനുയോജ്യമായവിധം ഞങ്ങള്‍ ഈശോയെയും ദിവ്യജനനിയെയും അങ്ങയെയും സ്നേഹിക്കുകയും ചെയ്യട്ടെ. അങ്ങേ പൈതൃകമായ പരിലാളനയും സംരക്ഷണവും ഞങ്ങള്‍ പ്രത്യാശിക്കുന്നു

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച മാര്‍ യൗസേപ്പേ, നിത്യരക്ഷ നേടുവാന്‍ ഞങ്ങളെ സഹായിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

തന്നില്‍ വിശ്വസി ച്ചയഹൂദരോട്‌ യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്‌.
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
യോഹന്നാന്‍ 8 : 31-32

🌻പ്രഭാത പ്രാർത്ഥന🌻


കർത്താവേ.. ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു.. ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളേണമേ.. (സങ്കീർത്തനം 69/13)

കരുണാമയനായ എന്റെ ദൈവമേ..

എന്റെ അഭയസങ്കേതവും, അനർത്ഥങ്ങളിൽ നിന്നും എന്നെ രക്ഷിക്കുന്നവനുമായ അങ്ങയുടെ സന്നിധിയിലേക്ക് ഈ പ്രഭാതത്തിലും ഞാനണഞ്ഞിരിക്കുന്നു.. ഈശോയേ.. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിനും, ജീവിതലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനുമുള്ള പക്വതയും സ്വാതന്ത്ര്യവും ഈ ജീവിതത്തിൽ കൈമുതലായി ലഭിച്ചിട്ടുണ്ട്. എങ്കിലും എല്ലാത്തിലും ഉപരിയായി അങ്ങയുടെ സഹായം എനിക്കാവശ്യമാണ്. പലപ്പോഴും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ പ്രാർത്ഥനയിലൂടെ നിന്റെ സഹായം ഞാൻ തേടിയെത്താറുണ്ട്.. പലപ്പോഴും ഞാൻ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ എന്റെ ആഗ്രഹം സാധിച്ചു കിട്ടാറുണ്ടെങ്കിലും ചില അവസരങ്ങളിൽ എന്താണിനിയും എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടാതിരിക്കുന്നത് എന്ന ആകുലതയിലും.. വിഷമസ്ഥിതിയിലുമൊക്കെ ഞാനും എത്തിച്ചേരുന്ന അത്രത്തോളം കാലതാമസം എന്റെ പ്രാർത്ഥന നിവർത്തിയായി തീരുന്നതിന് വേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ ഞാൻ മടുത്തിട്ട് പ്രാർത്ഥന നിർത്തിയിട്ടുണ്ടാവാം.. അല്ലെങ്കിൽ എന്റെ പ്രാർത്ഥനാവിഷയം പോലും ഞാൻ മറന്നു പോയിട്ടുണ്ടാവാം.. പക്ഷേ അപ്രതീക്ഷിതമായി എന്നെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് അങ്ങെന്റെ ആവശ്യം സാധിച്ചു തരുമ്പോൾ ഞാൻ തിരിച്ചറിയും.. മടുത്തതും മറന്നതും ഞാൻ മാത്രമായിരുന്നുവെന്ന്..

ഈശോയേ.. ഈശോയേ.. പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതുവരെ കിട്ടിയ അനുഗ്രഹങ്ങളെ മറന്ന് പരാതിയും പരിഭവങ്ങളും കൊണ്ട് ഞാനങ്ങയെ വീർപ്പുമുട്ടിക്കും എന്നറിഞ്ഞിട്ടും എനിക്കുവേണ്ടിയുള്ള ഉചിതമായ സമയത്തിനു വേണ്ടി അങ്ങ് കാത്തിരിക്കുകയും.. അനുയോജ്യമായ സമയത്തു തന്നെ അങ്ങെന്റെ ആവശ്യങ്ങൾ സാധിച്ചു തരികയും ചെയ്യുന്നുവല്ലോ.. എന്റെ മുടിയിഴകളെ പോലും എണ്ണി തിട്ടപ്പെടുത്തുകയും.. അനുനിമിഷം അങ്ങയുടെ ഉള്ളം കൈയ്യിൽ എന്നെ കരുതുകയും ചെയ്യുന്ന അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു പകരം നൽകാൻ അമൂല്യമായതൊന്നും എന്നിലില്ല നാഥാ..ഇനിയെങ്കിലും ഞാനാഗ്രഹിക്കുന്ന സമയത്തു തന്നെ അങ്ങ് എന്റെ പ്രാർത്ഥന കേൾക്കുകയും, എന്റെ ആവശ്യങ്ങൾ സാധിച്ചു തരികയും ചെയ്യണമെന്നുള്ള അനാവശ്യ വാശി ഉപേക്ഷിക്കാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കേണമേ.. അപ്പോൾ ഉചിതമെന്നു തോന്നുമ്പോൾ എന്റെ പ്രാർത്ഥനയ്ക്കുള്ള ഉത്തരവുമായി അണയുന്ന അങ്ങയെ പ്രത്യാശ നിറഞ്ഞ ഹൃദയത്തോടെയും ഉണർവ്വോടെയും ഞാൻ കാത്തിരിക്കുക തന്നെ ചെയ്യും..

വിശുദ്ധ കോളെറ്റ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

Advertisements

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading