Fr Oommen Ayyaneth (1927-2015)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Oommen Ayyaneth (1927-2015)

Fr. Oommen Ayyaneth (1927-2015)

ഗായകനും കവിയും വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകനുമായ ഉമ്മൻ അയ്യനേത്ത് അച്ചൻ

“ഗ്രന്ഥകാരനും സംഗീതപ്രേമിയും കഥകളിയാരാധകനും ഭാഷാസാഹിത്യാദ്ധ്യാപകനും കവിയുമായ ഫാ. ഒ അയ്യനേത്ത്….” പട്ടം ജി. രാമചന്ദ്രൻ നായർ, ‘തിരുവനന്തപുരത്തിന്റെ ഇതിഹാസം’ എന്ന ഗ്രന്ഥത്തിലെ പ്രഭാവശാലികൾ എന്ന അദ്ധ്യായത്തിൽ അനന്തപുരിയുടെ വളർച്ചക്കും വികാസത്തിനും സഹായിച്ച മഹത്തുക്കളോടൊപ്പം അയ്യനേത്ത് അച്ചനെയും ഉൾപ്പെടുത്തി വിശേഷിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

ഒരു വൈദികൻ, കോളേജ് അദ്ധ്യാപകൻ എന്നതിനപ്പുറം ഫാ. ഉമ്മൻ അയ്യനേത്ത് തിരുവനന്തപുരത്തിന്റെ സാംസ്കാരിക നഭോമണ്ഡലങ്ങളിൽ പൊൻപ്രഭ തൂകുന്ന വ്യക്തിത്വത്തിനുടമയായിരുന്നു. കവിത, നാടകം, പ്രബന്ധം, നിരൂപണം, ആദ്ധ്യാത്മികം, ഗീതങ്ങൾ എന്നീ ഇനങ്ങളിലായി ഒരു ഡസനോളം ഗ്രന്ഥങ്ങൾ അയ്യനേത്ത് അച്ചൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭിക്ഷു(നാടകം), ഞാനും വരുന്നു(നാടകം), പോർവിളി (മാക്സിസം : അപഗ്രഥനം), മാക്സിസം റഷ്യയിൽ, കല കമ്മ്യൂണിസ്റ്റ്‌ റഷ്യയിൽ, കമ്മ്യൂണിസവും മതവും, ഗാനങ്ങൾ അലയടിക്കുന്നു, ആന്ദ്രേ ജീദ് (ജീവചരിത്രം), തുള്ളുന്ന കൈരളി (കവിത), അപാരേകാവ്യ സംസാരേ (സാഹിത്യ നിരൂപണം), മാർ ഈവാനിയോസ് (ബാലേ), പഞ്ചരത്ന ബാലേ, പ്രവാചകൻ സംസാരിക്കുന്നു (രണ്ട് ഭാഗങ്ങൾ), ത്രിത്വ ദർശനം, ആദ്ധ്യാത്മികതയുടെ നേർവര, വി. കുർബാനയെപ്പറ്റി, ധീര സമീരേ (കവിതാ സമാഹാരം), ദൈവം മരിച്ചോ?, പ്രവാചകന്മാർ (ബൈബിൾ) എന്നിവ അവയിൽ ചിലതാണ്. ആകാശവാണി, ദൂരദർശൻ എന്നീ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ സാഹിത്യകലാകൃതികൾ പ്രകാശനം ചെയ്തിട്ടുണ്ട്. ചട്ടമ്പിസ്വാമികൾ, ശ്രീ നാരായണ ഗുരു എന്നിവരുടെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുമായെല്ലാം ബന്ധപ്പെട്ട് പ്രവർത്തിച്ച അച്ചൻ കത്തോലിക്കാ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത നാനാജാതി മതസ്ഥരായ അനേകർക്ക് പകർന്നു നൽകി.

മലയാള ഭാഷയ്ക്കു എന്നും ഓർമ്മിക്കുവാൻ തക്കവിധം ഭാഷയുടെ വിവിധ ശാഖകളായ കഥ, കവിത, നാടകം, നിരൂപണം, ജീവചരിത്രം, ബാലസാഹിത്യം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിലെ ബോർഡ്‌ മെമ്പർ, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ അക്കാഡമിക് കൗൺസിൽ മെമ്പർ, ആർക്കിയോളജി വകുപ്പിലെ അഡ്വൈസറി മെമ്പർ, സി.വി. രാമൻപിള്ള നാഷണൽ ഫൗണ്ടേഷൻ മെമ്പർ എന്നീ നിലകളിൽ അച്ചൻ പ്രവർത്തിച്ചിരുന്നു. ചിത്രലേഖാ ഫിലിം സൊസൈറ്റിയുടെ ഭരണസമിതിയിലും, സ്വാതിതിരുനാൾ സംഗീതസഭയിലും അച്ചൻ അംഗമായിരുന്നു. ആകാശവാണിയിൽ ഭക്തിഗാനങ്ങളുടെ ഓഡിഷൻ കമ്മിറ്റി മെമ്പറായും ഏറെനാൾ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തുള്ള സാഹിത്യ പരിഷത്ത് തുടങ്ങിയ കലാ സാംസ്‌കാരിക സംഘടനകളിലും ചർച്ചാവേദി, സഹൃദയവേദി, വഞ്ചിനാട് കലാവേദി, ആശാൻ അക്കാഡമി തുടങ്ങിയ കലാസാംസ്‌കാരിക പ്രസ്ഥാനങ്ങളിലും അച്ചൻ പ്രവർത്തിച്ചിരുന്നു.

ഗാനരചയിതാവും ഗായകനും കൂടിയായ അച്ചൻ നാഥന്റെ രാജ്യം എന്ന ഭക്തിഗാന കാസറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം ‘തരംഗിണി’ യുടെ ഗാനവിഭാഗത്തിൽ ഏറെ നാൾ പ്രവർത്തിച്ചിരുന്നു. കർണ്ണാടക സംഗീതത്തിൽ ഉപരിജ്ഞാനം നേടിയിരുന്ന അച്ചൻ ശ്രുതി മധുരമായി തംബുരു മീട്ടിയിരുന്നു. ഹാർമോണിയം, തബല ഇത്യാദി വാദ്യോപകരണളും പരിശീലിച്ചിരുന്നു. ദേശീയവും അന്തർദേശീയവുമായ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന പ്രഥമ സിനിമയിൽ അച്ചനെ പ്രവേശിപ്പിച്ചിട്ടുണ്ട്. സിനിമാരംഗവുമായി ബന്ധപ്പെട്ടുപോകാൻ അദ്ദേഹം നിർബന്ധിച്ചിട്ടും വൈദികവൃത്തിയും സിനിമയും ഒരുമിച്ച് കൊണ്ടുപോകുന്നത് ശരിയല്ലെന്ന് കണ്ട അച്ചൻ ഹൃദയനൊമ്പരത്തോടെ അതിൽ നിന്നും പിന്മാറി.

1964ൽ അഞ്ചൽ സെൻറ് ജോൺസ് കോളേജ് അദ്ധ്യാപകനായി അദ്ധ്യാപകജീവിതത്തിൽ പ്രവേശിക്കുകയും തുടർന്ന് 1969 മുതൽ 1982 വരെ അഞ്ചൽ കോളേജിലും തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിലും മലയാളം വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. മലയാള ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അച്ചനുണ്ടായിരുന്ന ആഴമേറിയ അറിവുകൾ അദ്ദേഹത്തെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനാക്കി. കേരളത്തിലെ എക്കാലത്തെയും മികച്ച കോളേജ് ക്യാമ്പസ് ചിത്രമെന്ന ഖ്യാതി നേടിയ ‘സർവ്വകലാശാല’യിലെ മലയാള അദ്ധ്യാപകനായ പുരോഹിതന്റെ രീതികൾ, ശൈലികൾ, ഭാഷാപ്രയോഗങ്ങൾ എല്ലാം ഫാ. ഉമ്മൻ അയ്യനേത്ത് എന്ന അദ്ധ്യാപകനിൽ നിന്ന് രൂപപ്പെട്ടതാണ് എന്ന് മാർ ഈവാനിയോസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ചിത്രത്തിന്റെ കഥാകൃത്ത് ചെറിയാൻ കല്പകവാടി തന്റെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അയ്യനേത്ത് എന്ന ഭാഷാ അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളെ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്നതിന് ഇതിൽ കൂടുതൽ സാക്ഷ്യമെന്തിന്.

1927 ഫെബ്രുവരി 27ന് പത്തനംതിട്ട ജില്ലയിൽ നരിയാപുരം മാമൂട് അയ്യനേത്ത് മേരി വില്ലയിൽ ഉമ്മൻ കോശിയുടെയും മറിയാമ്മയുടെയും മകനായി ചന്ദനപള്ളിയിൽ ജനിച്ച ഉമ്മനച്ചൻ മാർ ഈവാനിയോസ് പിതാവിനൊപ്പം കത്തോലിക്കാ സഭയിലേക്ക് കടന്നു വന്ന അയ്യനേത്ത് കുടുംബത്തിൽ നിന്നുള്ള രണ്ടാമത്തെ പുരോഹിതനാണ്. ദൈവവിളികളാൽ സമ്പന്നമാണ് ഈ കുടുംബം.
ഫാ.ഡോ. ജോർജ് അയ്യനേത്ത്, ഫാ. നോബി അയ്യനേത്ത്, ഫാ.ബ്ളസൻ അയ്യനേത്ത്, ഫാ.മാത്യു പടയാനിക്കൽ, ദിവംഗതരായ ഫാ.ഡാനിയേൽ അയ്യനേത്ത്, ഫാ. കോശി അയ്യനേത്ത് എന്നിവർ കുടുംബത്തിൽ നിന്നുള്ള വൈദികരാണ്. ഓർത്തഡോക്സ് സഭയിലെ മാർ അപ്രേം തിരുമേനിയും യാക്കോബായ സഭയിലെ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിയും കാടുവെട്ടൂർ അയ്യനേത്ത് മൂലകുടുംബത്തിൽ പെട്ടവരാണ്. ഫാ.ജോൺസൺ കല്ലിട്ടയിൽ കോർ-എപ്പിസ്കോപ്പ, അച്ചന്റെ അനന്തിരവനാണ്.

ചന്ദനപ്പള്ളി ഗവ.എൽ.പി സ്കൂൾ, കൈപ്പട്ടൂർ ഗവ.യു.പി സ്കൂൾ, തട്ട എൻ.എസ്.എസ് സ്കൂൾ, പട്ടം സെൻ്റ് മേരീസ് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം ഉമ്മൻ പൂർത്തിയാക്കി.1947ൽ ജീവിതനിയോഗം തിരിച്ചറിഞ്ഞ് പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം തുടർന്ന് മംഗലപ്പുഴ (ആലുവ) മേജർ സെമിനാരിയിൽ നിന്നും മൂന്നു വർഷ ഫിലോസഫി പഠനത്തിനും നാലു വർഷ തിയോളജി പഠനത്തിനും ശേഷം 1956 മാർച്ച്‌ 16നു തട്ട പള്ളിയിൽ വെച്ച് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.

മൈനർ സെമിനാരി പരിശീലന കാലത്ത് പുണ്യപിതാവായ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിൽ നിന്നും ആരാധനക്രമവും സുറിയാനിയും പഠിക്കുവാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ചു. രോഗകിടക്കയിൽ പിതാവിനെ ശുശ്രൂഷിക്കാനും ശെമ്മാശനായിരുന്ന വേളയിൽ സാധിച്ചു. മാർ ഈവാനിയോസ് പിതാവ് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായപ്പോൾ ” ആ മഞ്ജുള ദീപം പൊലിഞ്ഞു, ഇന്നിതാ നമ്മെ പിരിഞ്ഞു, ആ ദിവ്യദീപം പൊലിഞ്ഞു, ഈവാനിയോസ് താതൻ മറഞ്ഞു ” എന്നുള്ള കവിത എഴുതാനും വിലാപയാത്രയിൽ അത് ആലപിക്കാനും ആലുവാ സെമിനാരിയിൽ പഠിക്കുകയായിരുന്ന ബ്ര. ഉമ്മന് സാധിച്ചു എന്ന് പറയുമ്പോൾ വൈദിക പരിശീലന കാലത്ത് തന്നെ അച്ചന്റെ സാഹിത്യാഭിരുചികൾ ഏവർക്കും സുവ്യക്തമാണെന്നതിന്റെ തെളിവല്ലേ. ‘ഓർമ്മകളുടെ നൈവേദ്യം’ എന്ന തൻ്റെ ആത്മകഥാകഥനത്തിൽ ഫാ.സാമുവേൽ തുണ്ടിയിൽ ഈ കാര്യം കൃത്യമായി വിവരിക്കണമെങ്കിൽ അന്ന് അവിടെ തടിച്ചുകൂടിയ ഓരോരുത്തരിലും ഈ കവിത ഒരോർമ്മയായി ഇന്നും നിലനിൽക്കുന്നു എന്നതല്ലേ. മാർ ഈവാനിയോസ് പിതാവിനോട് പിതൃതുല്യമായ സ്നേഹമുണ്ടായിരുന്ന ഉമ്മൻ അച്ചൻ പിതാവിന്റെ ജീവിത ദർശനങ്ങളെ ആധാരമാക്കി ഒരു ബാലെ രചിച്ചിട്ടുമുണ്ട്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നു ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ശേഷം അദ്ദേഹം തിരുവനന്തപുരം മാർ തേയോഫിലോസ് കോളേജിൽ നിന്നു ബി.എഡ് പഠനം പൂർത്തിയാക്കി.

അഞ്ചൽ, ഏരൂർ, ഏഴംകുളം, മീൻകുളം, മണ്ണൂർ, ആനക്കുളം, പുനലൂർ, കരവാളൂർ, കടക്കാമൺ, പിറവന്തൂർ, കറവൂർ, പത്തനാപുരം, കുമ്പഴ, വലഞ്ചുഴി, പൂങ്കാവ്, എരുത്താവൂർ, തൊഴുക്കൽ, പാമാംകോട്, ബാലരാമപുരം, ശാസ്തമംഗലം, തിരുമല, മുട്ടത്തറ, പോങ്ങുംമൂട് എന്നീ ഇടവകകളിൽ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൈലപ്ര സേക്രഡ് ഹാർട്ട്‌ സ്കൂളിൽ അദ്ധ്യാപകനായും അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1982ൽ അദ്ധ്യാപന ജീവിതത്തിൽ നിന്നു വിരമിച്ച അച്ചൻ ഇടവക വികാരി എന്ന നിലയിലുള്ള സേവനം തുടർന്നുകൊണ്ടും സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലേർപ്പെട്ടും ജീവിതം നയിച്ചു.

മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ലിറ്റർജി കമ്മിഷൻ അംഗം എന്ന നിലയിൽ ആരാധനാക്രമ പരിഷ്കരണത്തിലും ഭാഷാ ശുദ്ധീകരണത്തിലും അച്ചൻ സംഭാവനകൾ നൽകിയിട്ടുണ്ട്. വളരെവർഷക്കാലം തിരുവനന്തപുരം ആകാശവാണിയിൽ സുഭാഷിതങ്ങൾ എന്ന പേരിൽ ചിന്തോദീപകങ്ങളായ സന്ദേശങ്ങൾ എല്ലാ ദിവസവും നൽകിയിരുന്നു.

തിരുവനന്തപുരത്ത് കോട്ടൺ ഹില്ലിലുള്ള കാർമ്മൽ ഫിലോസഫി കോളേജിലും തിരുവനന്തപുരം ലത്തീൻ രൂപതയിലെ സെന്റ് വിൻസെന്റ് സെമിനാരിയിലും അദ്ധ്യാപകനായും അച്ചൻ ശുശ്രൂഷ ചെയ്തു. അഞ്ചൽ സെന്റ് ജോൺസ് കോളേജിന്റെയും അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയുടെയും പ്രാരംഭദശകളിൽ പ്രവർത്തിക്കുവാൻ അച്ചന് സാധിച്ചു.

1987 ഫെബ്രുവരി അവസാനം അച്ചന്റെ ഷഷ്ടിപൂർത്തി വി. ജെ. ടി ഹാളിൽ വച്ച് കൊണ്ടാടി. ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ്, പദ്മശ്രീ ഡോ. ശൂരനാട് പി. എൻ. കുഞ്ഞൻപിള്ള, ഗവണ്മെന്റ് സെക്രട്ടറി ശ്രീ. രാമചന്ദ്രൻ നായർ I.A.S അടക്കം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് അച്ചൻ തന്റെ ഷഷ്ടിപൂർത്തി ആഘോഷിച്ചത്.

ഗൾഫ് നാടുകളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യ പള്ളിയായ ഖത്തർ ദോഹ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ആരംഭകാലത്ത് 1999 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ മൂന്ന് മാസം ശുശ്രൂഷ ചെയ്ത് വിശ്വാസ സമൂഹത്തെ ഒരുമിച്ച് കൂട്ടാനുള്ള പരിശ്രമങ്ങൾ നടത്തി, അനാരോഗ്യം കാരണം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഏതാനം മാസങ്ങൾ മാത്രമെ അവിടെ ശുശ്രൂഷ ചെയ്തുള്ളുവെങ്കിലും പള്ളിയുടെ പ്രാരംഭ കാലം മുതൽ അവിടെയുള്ള ഷാജി വർഗീസിനെപോലെയുള്ള അനേകർ അച്ചനെ ഇന്നും അനുസ്മരിക്കുന്നു.

ശാരീരിക ക്ളേശങ്ങളാൽ ഔദ്യോഗിക ചുമതലകളെല്ലാം ഒഴിഞ്ഞ് കേശവദാസപുരത്തുള്ള ക്ലെർജിഹോമിൽ വിശ്രമ ജീവിതം നയിച്ചു. വിശിഷ്ട സേവനത്തിനുള്ള ദേശീയ രത്ന പുരസ്‌കാരം പ്രൊഫ.റവ. ഫാദർ ഉമ്മൻ അയ്യനേത്തിന് 2004ൽ ലഭിച്ചു.

2015 നവംബർ 18ന് ഉമ്മൻ അയ്യനേത്ത് അച്ചൻ നിര്യാതനായി. മാതൃ ദേവാലയമായ ചന്ദനപ്പള്ളിയിൽ നവംബർ 20ന് ബസേലിയോസ് ക്ളീമീസ് ബാവാ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ അച്ചന്റെ ഭൗതീക ശരീരം കബറടക്കി.

കടപ്പാട്
സി. റ്റി. കോശി
ഡോ. ജിബു തോമസ്
(അച്ചന്റെ സഹോദര പുത്രൻമാർ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements

One thought on “Fr Oommen Ayyaneth (1927-2015)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s