Rev. Fr Thomas Perumala (1898-1985)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Thomas Perumala (1898-1985)

പുനരൈക്യ പ്രസ്ഥാനത്തിന്റെ വളർച്ചക്കായി അക്ഷീണം അദ്ധ്വാനിച്ച തോമസ് പെരുമല അച്ചൻ…

1898 സെപ്റ്റംബർ 10ന് ചന്ദനപ്പള്ളി തെരുവിൽ പെരുമല വീട്ടിൽ ഓർത്തഡോക്സ് സഭാംഗമായിരുന്ന ചാണ്ടപ്പിള്ള ഗീവർഗ്ഗീസിന്റെയും മറിയാമ്മയുടെയും മകനായി തോമസ് ജനിച്ചു. ചെറുപ്പത്തിൽ തന്നെ ദൈവീക കാര്യങ്ങളോട് ആഭിമുഖ്യം ഉണ്ടായിരുന്ന അദ്ദേഹം ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ ശുശ്രൂഷകനായി സജീവമായി പ്രവർത്തിച്ചിരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ദൈവശുശ്രൂഷ എന്ന ലക്ഷ്യത്തോടെ കോട്ടയം പഴയ സെമിനാരിയിൽ ചേർന്നു വൈദിക പരിശീലനം ആരംഭിച്ചു.

കോട്ടയം എം.ഡി സെമിനാരിയിൽ നിന്നും 1922 ഏപ്രിൽ 22ന് ശെമ്മാശ പട്ടവും ജൂലൈ 3ന് വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായിൽ നിന്നു വൈദിക പട്ടവും സ്വീകരിച്ചു. ശേഷം ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ അച്ചൻ ആദ്യബലി അർപ്പിച്ചു. ഒപ്പം വലിയ പള്ളിയിൽ തന്നെ വികാരിയായി സേവനം അനുഷ്ഠിച്ചു.
തുടർന്ന് ഓർത്തഡോക്സ് വലിയ പള്ളിയിൽ രണ്ട് വൈദികർ കൂടി ഉണ്ടായി. മൂന്നുപേരുംകൂ‌ടെ ഇടവകയിൽ ദിവ്യബലി അർപ്പിച്ചു വരവെ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനെ സംബന്ധിച്ച് ചില അഭിപ്രായ ഭിന്നതകൾ ഉണ്ടായതിന്റെ ഫലമായി അച്ചനും പെരുമല കുടുംബാംഗങ്ങളും ചേർന്നു ചന്ദനപ്പള്ളി കുതിരപ്പുരയ്ക്ക് സമീപം കുടുംബവകയായി സെന്റ് തോമസ് ഓർത്തഡോക്സ് കൊച്ചുപള്ളി സ്ഥാപിച്ചു. അവിടെ ശുശ്രൂഷ ചെയ്യുന്ന സമയത്തു തന്നെ കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്സ്‌ പള്ളിയിലും വികാരിയായി സേവനമനുഷ്ഠിച്ചു.

ഇക്കാലയളവിലാണ് മലങ്കരയിലെ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം സഭൈക്യം എന്ന പരിശുദ്ധാത്മ പ്രചോദനത്താൽ 1930 സെപ്റ്റംബർ 20ന് ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടത്. പുനരൈക്യ പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ മാർ ഈവാനിയോസ് തിരുമേനിയെ കണ്ട് കത്തോലിക്ക സഭയോടുള്ള വിധേയത്വം പ്രഖ്യാപിക്കുകയും പിതാവിന്റെ പ്രത്യേക ക്ഷണപ്രകാരം 1931 ജനുവരി 2ന് തോമസ് പെരുമല അച്ചനും 38 വീട്ടുകാരും ആഗോള കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട് ചന്ദനപ്പള്ളി കത്തോലിക്ക കൂട്ടായ്മക്ക് രൂപം നൽകി.
പുനരൈക്യത്തിന്റെ ആദ്യനാളുകളിൽ തീക്ഷ്ണമായ പ്രവർത്തനത്തിന്റെ വക്താവായി ബഹുമാനപ്പെട്ട അച്ചൻ മാറുകയുണ്ടായി. ചെന്നീർക്കര രാജാവായിരുന്ന മഹാശക്തി ഭദ്രൻ രാജാവിന് അഭയ കേന്ദ്രമായി ചന്ദനപ്പള്ളിയിൽ നിർമ്മിച്ചിരുന്ന കോട്ട, ചന്ദനപ്പള്ളി കത്തോലിക്ക പള്ളിക്കായി വാങ്ങുകയും അവിടെ ഒരു ഷെഡ് ഉണ്ടാക്കി അതിൽ അച്ചന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്നു ഏകദേശം 40 വീട്ടുകാർ ആരാധന നടത്തുകയുണ്ടായി. അതാണ് ഇന്നത്തെ കോട്ടപ്പള്ളി എന്നറിയപ്പെടുന്ന ശവക്കോട്ടപ്പള്ളി.

1950ൽ ഇപ്പോൾ ചന്ദനപ്പള്ളി ബഥനി മഠം നിൽക്കുന്ന സ്ഥലത്ത് ഒരു ചെറിയ ചാപ്പൽ വയ്ക്കുകയുണ്ടായി, മാർ ഈവാനിയോസ് പിതാവാണ് അത് കൂദാശ ചെയ്തത്. മുകളിലത്തെ നില ചാപ്പലായും താഴത്തെ നില അച്ചൻമാർക്ക് താമസിക്കുവാനുമുളള ക്രമീകരണമായിരുന്നു. 1957ൽ ഇത് ബഥനി മഠമായി രൂപപ്പെട്ടു. പിന്നീടാണ് ഇന്നു ചന്ദനപ്പള്ളി പള്ളി നിൽക്കുന്ന സ്ഥലം വാങ്ങി അവിടെ ശുശ്രൂഷകൾ ആരംഭിക്കുന്നത്.

മലങ്കര കത്തോലിക്ക സഭയുടെ വളർച്ചയെ ലാക്കാക്കി കൈപ്പട്ടൂർ, തട്ട, അങ്ങാടിക്കൽ, ഓമല്ലൂർ, ആറ്റരികം, അടൂർ, മല്ലശ്ശേരി, ആനന്ദപ്പള്ളി, തുമ്പമൺ, ഏഴംകുളം, വി. കോട്ടയം, കൊടുമൺ എന്നിവിടങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾക്ക് അച്ചൻ നേതൃത്വം നൽകി. അവിടങ്ങളിൽ കൂട്ടായ്മകൾ രൂപീകരിക്കുകയും ദേവാലയം സ്ഥാപിക്കുകയും ഇടവക ശുശ്രൂഷകളിൽ ഏർപ്പെടുകയും ചെയ്തു. മലങ്കര ആരാധന ക്രമം അതിന്റെ തനിമയിലും ഭംഗിയിലും അനുഷ്ഠിക്കുവാൻ ശ്രദ്ധിച്ചിരുന്ന അച്ചന്റെ സുറിയാനി ആലാപനവും ഗാംഭീര്യമാർന്ന ശബ്ദവും വിശ്വാസികളെ ആരാധനയിലേക്ക് ചേർത്ത് നിർത്തിയിരുന്നു.

പുനരൈക്യ പ്രസ്ഥാനത്തിന്റെ അഭൂതപൂർണ്ണമായ വളർച്ചയിൽ അസൂയാലുക്കളായവർ, ഏറ്റവും പ്രിയപ്പെട്ടവർ തന്നെ, പല കള്ളക്കേസുകളും ചമച്ച് പലപ്പോഴും അച്ചനെ പീഡിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അച്ചന് ഒളിവിൽ കഴിയേണ്ടതായും വന്നിട്ടുണ്ട്.
പുനരൈക്യ പ്രസ്ഥാനത്തിന്റെ ശൈശവദിശയിൽ പരാധീനതയുടെ നടുവിൽ വിശപ്പിലും വിയർപ്പിലും തളരാതെ വിശ്രമരഹിതമായ ജീവിതത്തിലൂടെ ആയിരങ്ങളെ കത്തോലിക്ക സഭയിലേക്ക് ആകർഷിക്കുവാൻ ബഹുമാനപ്പെട്ട അച്ചന്റെ ആത്മാർത്ഥ സേവനം കാരണമായി.

വീടു സന്ദർശന വേളകളിൽ തുറന്ന ഹൃദയത്തോടെ അവരുമായി സന്തോഷവും സന്താപവും പങ്കുവെയ്ക്കുകയും അവരിൽ ഒരാളായി മാറുകയും ചെയ്യുന്ന അച്ചന്റെ വശ്യത നാനാജാതി മതസ്ഥരെയും ആകർഷിച്ചിരുന്നു. താൻ ശുശ്രൂഷ ചെയ്തിരുന്ന ദേവാലയ പ്രദേശങ്ങളിലെ സകലർക്കും സംലഭ്യനായിരുന്ന അച്ചൻ അവരുടെ സുഖദു:ഖ വേളകളിൽ അവരിലൊരാളായി മാറി അവരോടൊപ്പമായിരുന്നു. ലാളിത്യത്തിനൊപ്പം തീക്ഷ്ണതയും ഉൾക്കൊള്ളുന്ന ആ കർമ്മയോഗി ഏറ്റം അനുകരണീയനാണ്.

കൊടുമൺ സെന്റ് ബഹനാൻസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ ചരിത്രത്തിൽ ബഹുമാനപ്പെട്ട തോമസ് അച്ചന്റെ സേവനം സ്തുത്യർഹമാണ്. ഓർത്തഡോക്സ് പള്ളിയിൽ നിന്നും കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വന്ന 50ൽ പരം കുടുംബങ്ങൾക്ക് നേതൃത്വം കൊടുത്തതും ആദ്യകാലങ്ങളിൽ അവരെ നയിച്ചതും അച്ചനാണ്. പുനരൈക്യത്തിന് മുമ്പ് സെന്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്നതിനാൽ, പുനരൈക്യപ്പെട്ട വിശ്വാസികൾക്ക് അവരിലൊരുവനായി ചേർന്നു നേതൃത്വം നൽകാനും അച്ചന് സാധിച്ചു. കൊടുമൺ പള്ളിക്കു ഇന്ന് തെക്കും കിഴക്കുമായുള്ള രണ്ട് സെമിത്തേരികൾക്കുള്ള സ്ഥലം വാങ്ങിയത് തോമസ് അച്ചനാണ്. കിഴക്കേ സെമിത്തേരിക്കുള്ള വസ്തു ശ്രീ. സാമുവേൽ പള്ളിതെക്കേതിലിന്റെ പക്കൽ നിന്നും, തെക്കേ സെമിത്തേരിക്കുള്ള വസ്തു ശ്രീ.നാരായണക്കുറുപ്പ് കോട്ടൂർ തെക്കേതിലിൽ നിന്നുമാണ് വാങ്ങിയത്. ഇന്ന് കൊടുമൺ സെന്റ് പീറ്റേഴ്സ് സ്കൂൾ നിൽക്കുന്ന സ്ഥലത്താണ് ആദ്യത്തെ ചെറിയ പള്ളി സ്ഥാപിതമായത്. അന്ന് പരിമിതമായ സൗകര്യത്തിൽ ഓലഷെഡ് മേയുന്നതിനും മറ്റ് കാര്യങ്ങൾക്കുമെല്ലാം അച്ചൻ നേതൃത്വം നൽകി. പിന്നീട് അവിടെ സ്കൂൾ ആരംഭിച്ചപ്പോൾ പ്രധാന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും പെരുമലയച്ചനായിരുന്നു. 1946 മുതൽ 1955 വരെ വികാരിയായി അച്ചൻ അവിടെ സേവനമനുഷ്ഠിച്ചു.

പൗരോഹിത്യ ജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ 1972 മെയ്‌ 7ന് ചന്ദനപ്പള്ളി മലങ്കര കത്തോലിക്ക പള്ളിയിൽ വച്ച് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി.
1985 സെപ്റ്റംബർ 14ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്നും കന്തീലാ ശുശ്രൂഷ സ്വീകരിക്കുകയും 1985 ഡിസംബർ 1ന് തന്റെ എൺപത്തിയേഴാം വയസ്സിൽ തോമസ് പെരുമല അച്ചൻ കർത്താവിൽ നിദ്ര പ്രാപിക്കുകയും ചെയ്തു. സംസ്കാര ശുശ്രൂഷകൾക്ക് ലോറൻസ് മാർ അപ്രേം തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു.

ശാന്തശീലനും ഏവർക്കും പ്രിയങ്കരനുമായിരുന്ന അച്ചന്റെ എല്ലാ ശുശ്രൂഷകൾക്കും സഹധർമ്മിണി ശോശാമ്മയുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമുണ്ടായിരുന്നു. ഏഴ് മക്കളെ നൽകി ദൈവം ഈ ദമ്പതികളെ അനുഗ്രഹിച്ചു , 6 പെൺമക്കളും ഒരു മകനും. അച്ചന്റെ അനുഗ്രഹീത ജീവിത മാതൃകയുടെ നിദർശനമെന്നോണം അഞ്ചാമത്തെ മകൾ സിസ്റ്റർ മേരി പ്രതിമ, പാറ്റ്ന നോർട്ടഡാം കോൺവെന്റിൽ ചേർന്നു സന്യാസിനിയാവുകയും ബീഹാർ, ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചശേഷം ഇപ്പോൾ ബാംഗ്ലൂർ നോർട്ടഡാം കോൺവെന്റിൽ വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു. അച്ചന്റെ ശുശ്രൂഷയുടെ പിന്തുടർച്ചയെന്നോണം നിരവധി ദൈവവിളികൾ കുടുംബത്തിലുണ്ടായി. അച്ചന്റെ രണ്ടു സഹോദരന്മാരുടെ പുത്രന്മാർ വൈദികരാണ്. പരേതനായ ഫാ.ഗീവർഗ്ഗീസ് പെരുമലയും, ഇപ്പോൾ ജർമ്മനിയിൽ ശുശ്രൂഷ ചെയ്യുന്ന ഫാ.ജോൺ ഇലവിനാകുഴിയിൽ ഒ.ഐ.സി യും. ഒപ്പം ഒരു സഹോദരന്റെ കൊച്ചുമകൾ, നോട്ടർഡാം സമൂഹാംഗമായ സിസ്റ്റർ മരീന ഇപ്പോൾ റോമിൽ ആ സമൂഹത്തിന്റെ ജനറൽ പ്രൊക്കുറേറ്റർ ആയി സേവനം അനുഷ്ഠിക്കുന്നു. കുടുംബാംഗമായ സിസ്റ്റർ അമല ബഥനി സന്യാസിനി സമൂഹാംഗമാണ്.

പെരുമല അച്ചൻ തന്റെ ഭൗമീകശുശ്രൂഷകൾ അവസാനിപ്പിച്ച് സ്വർഗ്ഗീയ ഗേഹത്തിൽ വാസമുറപ്പിച്ചിട്ട് ദീർഘ നാളുകൾ പിന്നിട്ടെങ്കിലും അച്ചന്റെ ശുശ്രൂഷയുടെ നന്മകളനുഭവിച്ച അനേകരിൽ ഇന്നും ജ്വലിക്കുന്ന ഓർമ്മയായി അച്ചൻ മാറുന്നു.

കടപ്പാട്: കെ.റ്റി.സേവ്യർ പെരുമല (മകൻ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements
Advertisements

Leave a comment