ഒക്ടോബർ 16 ന് കത്തോലിക്കസഭ തിരുന്നാൾ ആഘോഷിക്കുന്ന ഒരു വിശുദ്ധൻ കൂടിയുണ്ട്, വിശുദ്ധ ജെറാർഡ് മജെല്ല. ‘അമ്മമാരുടെ വിശുദ്ധൻ’ എന്നുകൂടി ജെറാർഡ് അറിയപ്പെടുന്നു. ഗർഭിണികൾ സുഖപ്രസവത്തിനായും അമ്മമാർ അവരുടെയും മക്കളുടെയും നല്ല ആരോഗ്യത്തിനു വേണ്ടിയും ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നുണ്ട്.

എന്തായിരിക്കും ഒരു സ്ത്രീ അല്ലാത്ത, റിഡംറ്ററിസ്റ്റ് സഭയിലെ ഒരു തുണസഹോദരനായിരുന്ന ജെറാർഡ് മജെല്ലയോട് ഇത്രയും അമ്മമാർ പ്രാർത്ഥിക്കാനുള്ള കാരണം? എണ്ണമില്ലാത്തത്ര അനുഗ്രഹങ്ങളും കൃപകളും ഈ വിശുദ്ധനോട് മാധ്യസ്ഥം യാചിച്ചതിന്റെ ഫലമായി അമ്മമാർക്ക് ലഭിക്കുന്നുണ്ട് എന്നത് തന്നെയാണ് കാരണം. ജീവിച്ചിരുന്നപ്പോഴും വിശുദ്ധൻ അമ്മമാർക്ക് അവരുടെ പ്രതിസന്ധികളിലും മറ്റും സഹായമായിരുന്നു. അതേപോലെ തന്നെ മരണത്തിനുശേഷവും.

സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിശുദ്ധരായി നാമകരണം ചെയ്യപ്പെടുന്നു എന്നുള്ളത് എത്ര നല്ല കാര്യമാണ് അല്ലെ? എല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ് എന്ന സത്യത്തെയാണ് അതെപ്പോഴും ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശുദ്ധ ജെറാർഡ് മജെല്ലയുടെ കാര്യത്തിൽ അദ്ദേഹം ഇറ്റലിയിലെ നേപ്പിൾസിന് അടുത്തുള്ള മൂറോ എന്ന പട്ടണത്തിൽ പാവപ്പെട്ട കൃഷിക്കാരുടെ ഇടയിൽ ജനിച്ചവനാണ്.

1726 ഏപ്രിൽ 13ന് ഡോമിനിക്കിന്റെയും ബെനെദീത്തയുടെയും അഞ്ചുമക്കളിൽ ഇളയവനായായിരുന്നു ജനനം. ഒട്ടും ആരോഗ്യമില്ലാത്തവനായി ജനിച്ചത് കൊണ്ട് ഒരു വയസ്സ് വരെയെങ്കിലും അവൻ ജീവിച്ചിരിക്കുമെന്ന് അവന്റെ മാതാപിതാക്കൾ വിചാരിച്ചില്ലെങ്കിലും ഭയപ്പെട്ട പോലെ കുഴപ്പമൊന്നുമുണ്ടായില്ല.

അമ്മ അവനെ പള്ളിയിൽ കൊണ്ടുപോകാൻ തുടങ്ങിയത് മുതൽ വിശുദ്ധ കുർബ്ബാന അവന്റെ പ്രധാന ആകർഷണം ആയി. വീട്ടിൽ അൾത്താര പോലെ ഉണ്ടാക്കിയെടുത്ത് കൂട്ടുകാരെ വിളിച്ച് പള്ളിയിലെ ‘ചടങ്ങുകൾ’ അവൻ വീണ്ടും നടത്തി, പ്രദക്ഷിണമായി പള്ളിയിലേക്ക് പോവും. അവിടെയെത്തുമ്പോൾ അവരോട് സക്രാരിയെ ചൂണ്ടികാണിച്ച് പറയും, “വരൂ നമുക്ക് തടവിൽ കഴിയുന്ന ദൈവത്തെ കാണാം “. എന്നിട്ട് എല്ലാവരും കൂടി മുട്ടുകുത്തി ആരാധിക്കും.

ജെറാർഡിന്റെ അപ്പൻ ഒരു തയ്യൽക്കാരനായിരുന്നു. അവന് 12 വയസുള്ളപ്പോൾ പിതാവ് മരിച്ചു. പഠിപ്പ് നിർത്തേണ്ടി വന്ന അവൻ നിത്യവൃത്തിക്കായി അതേ തൊഴിൽ തന്നെ ശീലിച്ചു. ഒരു തയ്യൽക്കാരന്റെ സഹായി ആയി നിന്നെങ്കിലും അയാൾക്കും വരുമാനം തീരെ കുറവായതിനാൽ ജോലി പോയി. പിന്നീട് കിട്ടിയ യജമാനൻ ക്ഷിപ്രകോപിയായിരുന്നു. ബാക്കി പണിക്കാർ എല്ലാം ജോലി ഇട്ടെറിഞ്ഞു പോകുമ്പോഴും അങ്ങേയറ്റത്തെ ക്ഷമ ഉണ്ടായിരുന്നതിനാൽ ജെറാർഡ് പിടിച്ചു നിന്നു.

ഒരിക്കൽ വീടിന്റെ താക്കോൽ അവന് കൊടുത്ത്, വീട് നോക്കാൻ ഏൽപ്പിച്ച് അവന്റെ യജമാനൻ ഒരു യാത്ര പോയി. അബദ്ധവശാൽ താക്കോൽ കിണറ്റിൽ വീണു. യജമാനൻ വഴക്ക് പറയുമല്ലോ എന്നോർത്ത് പേടിച്ചു വിറച്ച അവൻ പള്ളിയിലേക്കോടി. ‘ഈശോയെ, എന്തെങ്കിലും മാർഗ്ഗം കാണിച്ച് തരണേ’ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്ന അവൻ ഉണ്ണീശോയുടെ ചെറിയ ഒരു രൂപം അവിടെ കണ്ടു. അതെടുത്തു ശരവേഗത്തിൽ ഓടി കിണറ്റിൻ കരയിൽ എത്തിയ ജെറാർഡ് ഉണ്ണീശോയെ ഒരു ചരടിൽ കെട്ടി കിണറ്റിലേക്ക് ഇറക്കി. കണ്ടവരൊക്കെ അവന് വട്ടാണെന്ന് വിചാരിച്ചു. പക്ഷെ തിരിച്ചു് കയറ്റിയപ്പോൾ ഉണ്ണീശോയുടെ കൂടെ താക്കോലും ഉണ്ടായിരുന്നു. വാർത്ത കാട്ടുതീ പോലെ പടർന്നു. നാട്ടുകാരെല്ലാം കിണർ കാണാൻ ഓടിയെത്തി. ഇന്നും ആ കിണർ അറിയപ്പെടുന്നത് ‘ജെറാർഡിന്റെ കിണർ’ എന്നാണ്.

യജനമാനന്റെ മരണശേഷം വീണ്ടും തയ്യൽപ്പണി തുടർന്ന ജെറാർഡ് കുറഞ്ഞ വരുമാനത്തിൽ നിന്നും ഒരു ഭാഗം അമ്മക്ക് വീട്ടുചിലവിനും ഒരുഭാഗം അഗതികൾക്കായും ബാക്കിയുള്ള ഒരു ഭാഗം ശുദ്ധീകരണാത്മാക്കൾക്ക് കുർബ്ബാന ചൊല്ലിക്കുന്നതിനായും നീക്കി വെച്ചു.

ഇതിനിടയിൽ പതിനേഴാം വയസ്സിൽ കപ്പുച്ചിൻ ആശ്രമത്തിൽ ചേരാൻ പോയെങ്കിലും അവർ അവനെ സ്വീകരിച്ചില്ല. പിന്നീട് റിഡംറ്ററിസ്റ്റുകളുടെ സഭയിൽ ( വിശുദ്ധ അൽഫോൻസ് ലിഗോരി സ്ഥാപിച്ചത് ) ചേരാൻ ശ്രമിച്ചു. അവർ പറഞ്ഞു, ” വളരെ കഠിനമായ ജീവിതമാണ് ഞങ്ങളുടേത്. ജോലിയും പ്രാർത്ഥനയും ഇടകലർന്നത്. വലിയ ദാരിദ്ര്യത്തിൽ ജീവിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ലളിതമായ ഭക്ഷണമാണെങ്കിലും ഉപവാസത്തിന് ഒട്ടും കുറവുണ്ടാവുകയുമില്ല”.

“അത് തന്നെയാണ് എനിക്ക് വേണ്ടതും” അവൻ പറഞ്ഞു. എങ്കിലും അവൻ അപ്പോൾ അവിടെ സ്വീകരിക്കപ്പെട്ടില്ല.

അവന് 19 വയസുള്ളപ്പോൾ ഫാദർ പോൾ കഫേരോയുടെ നേതൃത്വത്തിൽ 15 റിഡംറ്ററിസ്റ്റുകൾ മൂറോയിലേക്ക് വന്നു. ജെറാർഡ് അവരുടെ കൂട്ടത്തിൽ ചേരാൻ നോക്കും എന്ന് മനസ്സിലായ ഫാദർ പോൾ, ജെറാർഡിന്റെ അമ്മയോട്, അവർക്ക് പോവാനുള്ള സമയമാവുമ്പോൾ അവനെ പൂട്ടിയിടാൻ പറഞ്ഞു. അമ്മ അതുപോലെ തന്നെ ചെയ്യുകയും ചെയ്തു. എങ്കിലും ജെറാർഡ് പുതപ്പ് പിരിച്ചു കയറ് പോലെ ആക്കി ജനലിൽ നിന്ന് താഴേക്ക് കെട്ടി അതിലൂടെ രക്ഷപ്പെട്ടു. അമ്മക്ക് ഒരു കുറിപ്പെഴുതി വെക്കാൻ മറന്നില്ല, “ഞാൻ വിശുദ്ധൻ ആവാനായി പോവുകയാണ് “

കുറച്ചു ഗ്രാമങ്ങൾക്കപ്പുറം ജെറാർഡ് റിഡംപ്റ്ററിസ്റ്റുകളെ കണ്ടെത്തി. നിവൃത്തിയില്ലാതെ, നല്ല ദേഷ്യത്തോടെ, ഫാദർ പോൾ ഏറ്റവും അടുത്തുള്ള റിഡംപ്റ്ററിസ്റ്റുകളുടെ ആശ്രമത്തിലേക്ക് അവന്റെ കൈവശം ഒരു എഴുത്ത് കൊടുത്തയച്ചു. “നിങ്ങളുടെ അടുത്തേക്ക് ഒരുപകാരവുമില്ലാത്ത ഒരു സഹോദരനെ ( useless brother )ഞാൻ അയക്കുന്നു “. എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്!

ആ ‘useless brother’ ആറ് വർഷത്തെ ആശ്രമജീവിതം കഴിയുമ്പോഴേക്ക് വിശുദ്ധിയുടെ അനേകപടികളാണ് ചവിട്ടികയറിയത്. അനേകം അത്ഭുതങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ജെറാർഡിന്റെ പ്രാർത്ഥന വഴി നടന്നത് കൊണ്ട് ‘അത്ഭുതപ്രവർത്തകൻ ‘എന്ന് ജീവിച്ചിരിക്കുമ്പോഴേ പേര് കിട്ടി. തലയിൽ കൈവെച്ചു പ്രാർത്ഥിക്കുമ്പോൾ ആളുകളുടെ രോഗങ്ങൾ വിട്ടകന്നു. ക്ഷാമകാലത്ത് ധാരാളം ആളുകൾ ആശ്രമത്തിൽ അപ്പത്തിനായി വന്നിരുന്നു. ഒരു ദിവസം കുശിനിക്കാരൻ ജെറാർഡിനോട് വന്നു പറഞ്ഞു, ആശ്രമത്തിലെ അപ്പം കഴിഞ്ഞു, ആളുകളെ പറഞ്ഞുവിടാൻ. ‘വിഷമിക്കേണ്ട, കലവറയിൽ ചെന്ന് നോക്ക് ‘ എന്ന് അവൻ പറഞ്ഞു. ഞാൻ ഇപ്പൊ നോക്കിയിട്ടല്ലേ വന്നത് എന്ന് പറഞ്ഞ് അയാൾ പോകാൻ കൂട്ടാക്കിയില്ലെങ്കിലും അവസാനം ഒന്നുകൂടി പോയി നോക്കി. അപ്പവും അവശ്യസാധനങ്ങളും നിറഞ്ഞിരിക്കുന്ന അത്ഭുതകാഴ്ചയാണ് കലവറയിൽ കണ്ടത്.

പക്ഷേ തന്റെ ദൈനംദിനജോലികളിലാണ് വലിയ അത്ഭുതങ്ങൾ അദ്ദേഹം കാണിച്ചത്. തയ്യൽക്കാരനായും പാചകക്കാരനായും തോട്ടക്കാരനായും സാക്രിസ്റ്റ്യനായും അസുഖക്കാരെ പരിചരിക്കുന്നവൻ ആയും ഒക്കെ ജെറാർഡ് ജോലി ചെയ്തു. കൊത്തുപണികളും പാട്ടും കവിതയും പ്രകൃതിയും എല്ലാം അവൻ ഇഷ്ടപ്പെട്ടു. എത് കഠിനജോലിയും പുഞ്ചിരിയോടെ ചെയ്തിരുന്ന അവൻ അധികാരികൾ എന്തുപറഞ്ഞാലും ഉടനടി അനുസരിക്കുമായിരുന്നു.

അതിന്റെ കൂടെ അവനിൽ, വറ്റാത്ത ജലധാര പോലെ ഉയർന്നുകൊണ്ടിരുന്ന പ്രാർത്ഥന, പട്ടാളചിട്ടയോടെ സ്വശരീരത്തെ മെരുക്കിയ പ്രായശ്ചിത്തം, പാവങ്ങളെ ഏറെ സ്നേഹിച്ച ഉപവി, ഇതെല്ലാം ധാരാളമായി ഉണ്ടായിരുന്നു.

ഒരു വീട്ടിൽ നിന്ന് അവൻ ഇറങ്ങുമ്പോൾ തൂവാല മറന്നുവെച്ചു. അതുമായി ആ വീട്ടിലെ പെൺകുട്ടി ഓടിവന്നപ്പോൾ ജെറാർഡ് പറഞ്ഞു, ‘കയ്യിൽ വെച്ചോളൂ എന്നെങ്കിലും നിനക്കിത് പ്രയോജനപ്പെടും’. വർഷങ്ങൾക്ക് ശേഷം അവളുടെ പ്രസവസമയത്ത് ആ കുടുംബം കണ്ണീരിൽ ആയിരുന്നു. അമ്മയുടെയും കുഞ്ഞിനേയും ജീവൻ അപകടത്തിലാണെന്ന് ഡോക്ടർ പറഞ്ഞു. അപ്പോഴാണ് അവൾക്ക് ജെറാർഡിന്റെ തൂവാലയുടെ കാര്യം ഓർമ്മ വന്നത്, അത് ഭർത്താവിനെക്കൊണ്ട് എടുപ്പിച്ച് അവൾ വയറിനോട് ചേർത്തുവെച്ച് പ്രാർത്ഥിച്ചു, അത്ഭുതകരമായി അവളും കുഞ്ഞും രക്ഷപ്പെട്ടു. ഈ സംഭവം കാരണമാണ് ജെറാർഡ് ഗർഭിണികളുടെ മധ്യസ്ഥനായി അറിയപ്പെടുന്നത്.

ജെറാർഡിന് ഒരു അവിഹിതബന്ധമുണ്ടെന്ന് ഒരു സ്ത്രീ നുണക്കഥ പ്രചരിപ്പിച്ചു. സംഭവം സഭാസ്ഥാപകനായ അൽഫോൺസ് ലിഗോരിയുടെ ചെവിയിലെത്തി. തന്റെ നിരപരാധിത്വം അവൻ വെളിപ്പെടുത്തുമെന്ന് കരുതി അവനെ വിളിച്ചു ചോദിച്ചു. പക്ഷേ ജെറാർഡ് മൗനം പാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അൽഫോൺസ് ലിഗോരി അവനെ വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നതിൽ നിന്ന് വിലക്കി. ജെറാർഡിന് അത് മരണതുല്യമായിരുന്നു. എങ്കിലും അവൻ ഇങ്ങനെ ചിന്തിച്ചു. ‘ഈശോ ഒരുപക്ഷേ എന്നിൽ എഴുന്നേള്ളിവരാൻ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കിൽ എന്റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവൻ എന്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടല്ലോ’.

നാളുകൾ പിന്നിട്ടപ്പോൾ അവനിൽ കുറ്റം വ്യാജമായി ആരോപിച്ച സ്ത്രീക്ക് മരണകാരണമായ രോഗം പിടിപെട്ടു. തന്റെ പാപത്തിന്റെ ഫലമാണ് അതെന്ന് ചിന്തിച്ച അവൾ ഉടൻ തന്നെ അൽഫോൺസ് ലിഗോരിക്ക് സത്യം പറഞ്ഞു കത്തെഴുതി. എന്തുകൊണ്ട് സത്യം പറഞ്ഞില്ലെന്ന് അദ്ദേഹം ജെറാർഡിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, ‘ഒരു വിശുദ്ധനാവാൻ പറ്റിയ പറ്റിയ സന്ദർഭമായിരുന്നു അത്. അത് വഴുതി പോകാൻ ഞാൻ ഇഷ്ടപ്പെട്ടില്ല ‘. അതിന് വലിയ സമ്മാനം സ്വർഗ്ഗത്തിൽ ഉണ്ടാകുമെന്ന് വിശുദ്ധ അൽഫോൺസ് ലിഗോരി അവനോട് പറഞ്ഞു.

ജെറാർഡിനെ വിട്ടുമാറാത്ത ചുമ കുറെയേറെ ശല്യപ്പെടുത്തിയിരുന്നു. പിന്നീട് അത് ക്ഷയമായി രൂപാന്തരം പ്രാപിച്ച് അവന്റെ ജീവിതത്തെ ഇരുപത്തൊൻപതാം വയസ്സിലേക്ക് ചുരുക്കി. ഒക്ടോബർ 15, 1755ന് തന്റെ ആത്മാവിനെ ഇങ്ങനെ പറഞ്ഞുകൊണ്ട് ജെറാർഡ് മജെല്ല തന്റെ സൃഷ്ടാവിന് ഏൽപ്പിച്ചു, “എന്നോടുള്ള സ്നേഹത്തെ പ്രതി ദൈവപുത്രൻ എനിക്കായി മരിച്ചു, അവന് തീരുമനസ്സാണെങ്കിൽ അവനോടുള്ള സ്നേഹത്തെ പ്രതി ഞാനും മരിക്കാൻ ആഗ്രഹിക്കുന്നു”.

ലിയോ പതിമൂന്നാമൻ പാപ്പ ജെറാർഡിനെ പ്പറ്റി ഇങ്ങനെ പറഞ്ഞു, “ദൈവം മാതൃകയായി ലോകത്തിന് തന്ന മാലാഖയെപോലുള്ള യുവാക്കളിൽ ഒരാൾ”. അദ്ദേഹത്തെ പിന്തുടർന്ന് വന്ന പത്താം പീയൂസ് പാപ്പ ഡിസംബർ 11, 1904 ന് ജെറാർഡ് മജെല്ലയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

മരണത്തിനായി ഒരുങ്ങിക്കൊണ്ടിരുന്ന വിശുദ്ധ ജെറാർഡ് മജെല്ല, താൻ അസുഖമായി കിടക്കുന്ന മുറിയുടെ വാതിലിൽ ആണിയടിച്ചു വെച്ച കുറിപ്പിൽ അദ്ദേഹത്തിന്റെ ജീവിതസംഗ്രഹം ഉണ്ടായിരുന്നു,

“ദൈവം ആഗ്രഹിക്കുന്നതെന്തോ, അവൻ ആഗ്രഹിക്കുന്ന പോലെ, അവൻ ആഗ്രഹിക്കുന്ന അത്രയും കാലം ഇവിടെ നിർവ്വഹിക്കപ്പെടുന്നു”

Happy Feast of St. Gerard Majella

ജിൽസ ജോയ് ✍️

Advertisements
Mosaico da Pároquia São Geraldo Majela, Fort Oglethorpe (Estados Unidos) – Foto: Nheyob (CC-3.0)
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading