🍓 *സന്ധ്യാമധുരം* 🍓 2020 ഫെബ്രുവരി 2⃣3⃣

✝️ *കുരിശിന്റെ വഴിയിൽ ഇത്തിരിനേരം*✝️ എന്ന പേരിൽ ഇന്നു മുതൽ *നോമ്പുകാല വിചാരങ്ങൾ* ആരംഭിക്കുന്നു.

ഇന്ന് പങ്കുവയ്ക്കുന്നത്, സത്യദീപത്തിൽ കഴിഞ്ഞ നോമ്പിലെഴുതിയ ഒരു കുറിപ്പാണ്.
————————————————–

0⃣1⃣🦋

*നോമ്പ് എന്ന നോവുകാലം*

ദിവസവും നമ്മുടെയൊക്കെ ജീവിതങ്ങളെ മുന്നോട്ട് തള്ളിനീക്കുന്നത് എന്താണ്? ജീവിതം വച്ചുനീട്ടുന്ന കുറെ അധികം രുചികൾ തന്നെ. രുചിയുള്ള ടൂത്ത്പേസ്റ്റ് വാങ്ങിക്കൊടുത്തപ്പോൾ മുതൽ KG യിൽ പഠിക്കുന്ന മകൻ നേരത്തെ ഉണരാൻ തുടങ്ങി എന്നൊരാൾ പറഞ്ഞതോർക്കുന്നു. പ്രഭാതത്തിൽ കണ്ണുതുറക്കുന്നതു മുതൽ അന്തിയിൽ തലചായ്ക്കുമ്പോൾ വരെ എന്തോരം രുചികൾ. നോമ്പുകാലം അടുക്കുമ്പോൾ ചിലരൊക്കെ അസ്വസ്ഥരാകുന്നതിൻ്റെ കാരണവും ഇതുതന്നെയാണ്..
നോമ്പുകാലം രുചിഭേദങ്ങളുടെ കാലം എന്നത് തന്നെ !

*നോമ്പ് ആവശ്യമുണ്ടോ?*

നോമ്പ് എടുക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം പലയിടത്തും നിന്ന് ഉയർന്ന കേട്ടിട്ടുണ്ട്. “ഞങ്ങളൊക്കെ നല്ല കുടുംബ പാരമ്പര്യത്തിൽ ജീവിക്കുന്നവരാണ്”, “ദിവസവും മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുക്കുന്നവരാണ്”, “സഭയുടെ നിയമങ്ങളും ചട്ടങ്ങളും സൂക്ഷിക്കുന്നവരാണ്.”, “എടുത്ത് പറയാൻ തക്കവണ്ണം ഒരു തിന്മയിലും പെടാതെ ജീവിക്കുന്നവരാണ് ഞങ്ങൾ.”, “ഈ ഭക്ഷണത്തിൽ അല്പം വ്യത്യാസം വരുത്തുന്നതിൽ പ്രത്യേകിച്ച് വല്ല കാര്യവുമുണ്ടോ?”, “കഷ്ടപ്പെട്ട് കുരിശുമലകളൊക്കെ വലിഞ്ഞു കേറേണ്ട കാര്യമുണ്ടോ?”, “അല്ലെങ്കിലും എല്ലാവരും ഒന്നും നോമ്പു നോക്കുന്ന ഇല്ലല്ലോ..” അങ്ങനെ കുറെ ചോദ്യങ്ങൾ !
ഈ പ്രാവശ്യത്തെ നോമ്പ് തുടങ്ങുന്നതിനു മുൻപ് ഇത്തരം ചോദ്യങ്ങൾക്ക് ഒരു ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് തോന്നി. ത്യാഗം നിറഞ്ഞ ഒരു ജീവിതം, ശരീരത്തിലെ ഇച്ഛകൾക്ക് ഒക്കെയും ഒരു നിയന്ത്രണം.. എവിടെയാണ് അടിസ്ഥാനം ?
വളരെ പെട്ടെന്ന് ഉത്തരമായി, ക്രിസ്ത്യാനി – ക്രിസ്തുവിന്റെ അനുയായി – വേറെ ആരിൽ നോക്കണം, ക്രിസ്തുവിൽ അല്ലാതെ? പരസ്യജീവിതത്തിന് മുന്നോടിയായി അവന്റെ മരുഭൂമിവാസവും നാൽപത് ദിവസത്തെ കഠിനമായ ഉപവാസവും നമ്മളെ ചിലതൊക്കെ ഓർമപ്പെടുത്തുന്നു ..
ഒന്ന്, ദൈവകൃപയിൽ വേരുറയ്ക്കാനും, പരി. ആത്മാവിനാൽ നിറയാനും.
രണ്ട്, ജീവിതം വച്ചു നീട്ടുന്ന പരീക്ഷണങ്ങളിൽ ഇടറിപ്പോകാതിരിക്കാൻ.
മൂന്ന്, നമ്മിലൂടെ സംഭവിക്കേണ്ട ദൈവികപദ്ധതികൾ മടുപ്പില്ലാതെ പൂർത്തീകരിക്കാൻ..
സാക്ഷാൽ ദൈവപുത്രൻ പരിത്യാഗത്തിന്റെ മാർഗം തെരഞ്ഞെടുത്തെങ്കിൽ .. സത്യമാണ് സുഹൃത്തേ, നോമ്പ് പരാജിതന്റെയല്ല, സ്വർഗം വെട്ടിപ്പിടിക്കാൻ പോകുന്നവന്റെ ജീവിത ശൈലിയാണ്.

*നോമ്പ് നോവാണ്.*

നോമ്പുകാലത്തെ നോവുകാലം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.
ഇഷ്ടപെട്ട രുചികൾ – അത് എന്തുമാകട്ടെ – വേണ്ടാന്നു വയ്ക്കുന്നിടത്ത് അല്പം പ്രായോഗിക ബുദ്ധിമുട്ടുകൾ ഇല്ലാതില്ല. ചില നേരങ്ങളിൽ വലിയ പ്രതിസന്ധികൾ തന്നെയാവും അവ സൃഷ്ടിക്കുക. എങ്കിലും, എന്റെയോ എന്റെ പ്രിയപ്പെട്ടവരുടെയോ ആത്മീയവളർച്ചക്ക് വേണ്ടി ആവുമ്പോൾ ഇൗ അസ്വസ്ഥതകളൊക്കെ സുഖമുള്ള അനുഭവങ്ങളായി മാറുകയാണ്. എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ചില മനുഷ്യരുണ്ട്. നോമ്പും ഉപവാസവും പരിത്യാഗവും ഒക്കെ അവർക്ക് ഒരു ലഹരി തന്നെയാണ്. മകൻ സെമിനാരിയിൽ ചേർന്ന അന്നുമുതൽ മദ്യപാനവും പുകവലിയും പരിപൂർണമായ ഉപേക്ഷിച്ച അപ്പനെ എനിക്കറിയാം. മകൻ പട്ട മേൽക്കുവോളം മധുരമേ വേണ്ടെന്ന് വെച്ച അമ്മമാർ പലരുണ്ട്. എല്ലാ 25 നോമ്പും 50 നോമ്പും ചെരിപ്പില്ലാതെ ജീവിക്കുന്ന അപ്പൻ, ദിവസവും മൂന്നുമണിക്കൂർ മക്കൾക്കുവേണ്ടി കരിങ്കല്ലിൽ മുട്ടുകുത്തി കുരിശിൻറെ വഴിയും ജപമാലയും ചൊല്ലുന്ന അമ്മമാർ, 50 നോമ്പ് മുഴുവനും പകൽ ഉപവാസം എടുത്തു ജീവിക്കുന്ന ഒരു യുവസുഹൃത്ത്. ദിവസവും മുട്ടിന്മേൽ നിന്ന് കുരിശിന്റെ വഴി ചൊല്ലുന്നവർ, ചെരിപ്പില്ലാതെ സ്ലീവാ പ്പാത ചവിട്ടുന്നവർ..
ചില മനുഷ്യർക്ക് നോമ്പ് കാലം ഉത്സവ കാലമാണ്. പുണ്യം പൂത്തുവിളയുന്ന ഉത്സവ കാലം. അരുചികളെ സുഖമുള്ള അനുഭവങ്ങൾ ആക്കുന്ന മാന്ത്രികർ നിങ്ങൾ, നമോവാകം.

*നോമ്പിന്റെ രുചിഭേദങ്ങൾ*

നോമ്പ് ഒരു സമസ്യ തന്നെയാണ്. ഇന്നോളം രുചി ആയിരുന്നത് ഒക്കെയും 50 ദിവസത്തേക്ക് എനിക്ക് രുചികൾ അല്ലാതാകുന്നു. ഇന്നോളം അരുചികൾ ആയിരുന്ന പലതും കുറേ ദിവസങ്ങളിൽ എൻ്റെ ഇഷ്ടങ്ങൾ ആയി മാറുകയാണ്. പ്രഭാതത്തിലെ മഞ്ഞും, മീനത്തിന്റെ കൊടും ചൂടും, കറികളില്ലാത്ത ഊണും, കൂട്ടില്ലാത്ത കിടക്കയും.. എല്ലാം ലോകത്തിന്റെ പോക്കിൽ നിന്നൊരു ചുവടു മാറ്റം. ഒന്നുണ്ട്, ഇതൊക്കെ ആത്മീയ തലത്തിൽ നിന്ന് ചിന്തിക്കൂമ്പൊഴെ അർഥമുള്ളവയായി മാറുന്നുള്ളൂ..
അല്ലെങ്കിൽ നഷ്ടങ്ങൾ തന്നെ, സംശയമില്ല. “ലോകസുഖങ്ങളൊക്കെ എനിക്ക് കയ്പ്പായി പകർത്തണേ” എന്ന് അൽഫോൻസാമ്മ പ്രാർത്ഥിച്ചത് ഇൗ കണ്ണിൽ നിന്ന് നോക്കിയാലേ മനസ്സിലാവൂ !

*നോമ്പും സേഫ് സോണും*

ഒന്ന് മാറി ചിന്തിക്കുകയാണ്.
നോമ്പും ഉപവാസവും ഒക്കെ സാധ്യമാണ്, ആർക്കാണെന്നോ ? ജീവിതം ഭദ്രമായിരിക്കുന്നവർക്ക്. കാര്യമായ ദുരിതങ്ങൾ ഒന്നുമില്ലാതെ ജീവിക്കുന്നവർക്ക്‌. അത്യാവശ്യം നല്ലൊരു വീടും, വാഹനവും, ആവശ്യത്തിന് പണവും, സമാധാനമുള്ള കുടുംബാന്തരീക്ഷവും ഉള്ളപ്പോൾ രാവിലെ കുർബാനയ്ക്ക് പോകുന്നതും മാംസഭക്ഷണം വേണ്ടെന്നുവയ്ക്കുന്നതും മല ചവിട്ടുന്നതും ഒക്കെ എളുപ്പം തന്നെയാണ്‌.

എന്നാൽ, ഇൗ സേഫ് സോണിന് പുറത്ത് ജീവിക്കുന്നവരുണ്ട്. വർഷങ്ങളായി രോഗ കിടക്കയിൽ കിടക്കുന്നവർ, കഠിനമായ സാമ്പത്തികപ്രതിസന്ധിയിൽ ജീവിക്കുന്നവർ, സ്വന്തമായി ഒരു കൂര ഇല്ലാത്തവർ, ആരും കരുതാനോ ആരും കേൾക്കാനോ ഇല്ലാത്തവർ.. നോമ്പിനെക്കാലും വലിയ നോമ്പിൽ ജീവിക്കുന്നവർ .. !

അത്തരം ചില പ്രതിസന്ധികളുടെ നടുവിൽ നിനക്ക് ദൈവത്തെ സ്നേഹിക്കാൻ ആവുന്നുണ്ടോ? ദാനിയേലിനെപോലെ സിംഹക്കുഴിയിൽ കിടക്കുമ്പോഴും നിന്റെ ത്യാഗങ്ങളെ പ്രാർത്ഥനയുടെ ഭാഗമാക്കി മാറ്റുന്നുണ്ടോ? അങ്ങനെ ചിലരുണ്ട്. ജീവിതം കയ്പ് മാത്രം സമ്മാനിക്കുമ്പോഴും പരാതി ഇല്ലാതെ ക്രിസ്തുവിനെ സ്നേഹിക്കുന്നവർ.. അവർക്ക് ക്രൂശിൻ ചോട്ടിൽ നിൽക്കുന്ന അമ്മ മേരിയുടെ സ്ഥാനമാണ്.
അവരുടെ നോമ്പിന് വല്ലാത്ത ശോഭയുണ്ടാകും. അവരുടെ ത്യാഗങ്ങൾക്ക്‌ പൊന്നിന്റെ തിലക്കമുണ്ടാകും.

അതുകൊണ്ട് പ്രിയ സുഹൃത്തേ, നോമ്പിന് ഒരു പുതിയ മാനം ഉണ്ടാകട്ടെ, സേഫ് സോണുകളിൽ നിന്ന് പുറത്ത് കടന്ന് ഞാൻ ഇടറാൻ ഇടയുള്ള, മേഖലകളിൽ നോമ്പ് എടുത്ത് തുടങ്ങുക. പരാജയങ്ങളുടെ തീരത്ത് നിന്ന്, എൻ്റെ ബലഹീനതകളുടെ നടുവിൽ നിന്ന് ഞാൻ തുടങ്ങുന്ന ആത്മീയ മുന്നേറ്റങ്ങൾക്ക് AC റൂമിലെ ഉപവാസ പ്രാർത്ഥനകളേക്കാൾ കൃപ നൽകാനാവും.

അനുഗ്രഹം നിറഞ്ഞ നോമ്പുകാലം സ്നേഹപൂർവം ..

✍ ഫാ. അജോ രാമച്ചനാട്ട്

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading