സി. റോസ്ലിന്‍ അറവാക്കല്‍ MTS
ബേസ് തോമാ ദയ്റാ, പാലമറ്റം

✳️✳️✳️✳️✳️✳️

പൗരസ്ത്യ സുറിയാനി ആരാധനാവത്സര കലണ്ടറില്‍ ഖൈത്താക്കാലം അവസാന വെള്ളി മാര്‍ കര്‍ദാഗ് സഹദായുടെ ദുക്റാനയാണ് നാം ആഘോഷിക്കുക. സീറോ മലബാര്‍ സഭയുടെ കലണ്ടറില്‍ നിന്ന് സമീപകാലത്ത് ഈ അത്മായ സഹദായുടെ ദുക്റാന അപ്രത്യക്ഷമായത് തികച്ചും ഖേദകരമാണ്. നമ്മുടെ സഭാമക്കള്‍ക്കിടയില്‍ ഈ വിശ്രുത സഹദാ അരാണ് എന്നറിയുന്നവര്‍ ചുരുക്കവും!!!

♦️ 1. സുവിശേഷത്തിനു ജീവിത ഭാഷ്യം രചിച്ചവന്‍
പ്രതാപങ്ങളെയും സൈനിക അധികാരങ്ങളെയും മ്ശിഹായോടുള്ള സ്നേഹത്തിനായി പൂര്‍ണ്ണമായി ത്യജിച്ച രക്തസാക്ഷിയാണ് (സഹദാ) മാര്‍ കര്‍ദാഗ്. നാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ (സസ്സാനിയന്‍) സാമ്രാജ്യത്തില്‍ ജീവിച്ചിരുന്ന അദ്ദേഹം, പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിപ്പെട്ട എല്ലാ സഭകളിലും ആദരപൂര്‍വം വണങ്ങപ്പെടുന്ന അത്മായ സഹദായാണ്. അസീറിയന്‍ രാജകീയ പൈതൃകവും, പേര്‍ഷ്യന്‍ ആഢ്യത്വവും, മെശയാനിക ആത്മീയതയും ഒത്തുചേരുന്ന ഒരു അപൂര്‍വ വ്യക്തിത്വമാണ് മാര്‍ കര്‍ദാഗിന്‍റേത്.

♦️ 2. ഉന്നതകുല ജാതന്‍

രാജകീയ പാരമ്പര്യവും ഗവര്‍ണര്‍ പദവിയും പുരാതന അസീറിയന്‍ രാജാക്കന്മാരുടെ വംശാവലിയും അവകാശപ്പെടുന്ന ഒരു ഉന്നത സൊരാസ്ടിയൻ പ്രഭു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പേർഷ്യൻ ചക്രവർത്തിയായ ഷാപ്പൂർ രണ്ടാമൻ അദ്ദേഹത്തിന്‍റെ അസാധാരണമായ യുദ്ധനൈപുണ്യത്തിലും കായികക്ഷമതയിലും ആകൃഷ്ടനായി. തുടര്‍ന്ന്, സസ്സാനിയന്‍ സാമ്രാജ്യത്തിലെ ഏറ്റവും തന്ത്രപ്രധാനമായ അര്‍ബില്‍ (Arbil Adiabene/ – ഇന്നത്തെ വടക്കന്‍ ഇറാഖ് പ്രദേശം) മേഖലയുടെ സൈനിക ഗവര്‍ണറായി കര്‍ദാഗിനെ ചക്രവര്‍ത്തി നിയമിച്ചു.

♦️ 3. മനംമാറ്റത്തിന്‍റെ വഴി
കൊട്ടാര സദസ്സുകളിലും നായാട്ടുകളിലും മുഴുകി ജീവിച്ചിരുന്ന കര്‍ദാഗിന്‍റെ ജീവിതം മാറിമറിഞ്ഞത് അബ്ദീശോ എന്ന ക്രൈസ്തവ സന്യാസിയുമായുള്ള കൂടിക്കാഴ്ചയോടെയാണ്. അബ്ദീശോയുടെ ആത്മീയ ജ്ഞാനവും അത്ഭുതപ്രവര്‍ത്തികളും കണ്ട കര്‍ദാഗ്, മ്ശീഹായാണ് ഏക സത്യദൈവമെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം തന്‍റെ സര്‍വസമ്പത്തും പദവികളും ഉപേക്ഷിച്ചുകൊണ്ട് മാമോദീസാ സ്വീകരിച്ചു. തന്‍റെ കൊട്ടാരത്തോടു ചേര്‍ന്ന് അദ്ദേഹം ഒരു പള്ളിയും ദരിദ്രര്‍ക്കായി ഒരു സങ്കേതവും നിര്‍മ്മിച്ചു.
♦️ 4. പീഡനങ്ങളും ധീരമായ പ്രതിരോധവും

മെശയാനികര്‍ക്ക് എതിരായി കടുത്ത പീഡനങ്ങള്‍ അഴിച്ചുവിട്ടിരുന്ന ഷാപ്പൂര്‍ രണ്ടാമന്‍ ചക്രവര്‍ത്തി, തന്‍റെ പ്രിയപ്പെട്ട ഗവര്‍ണര്‍ മാമോദീസാ സ്വീകരിച്ച വാര്‍ത്തയറിഞ്ഞു ക്രുദ്ധനായി. മ്ശീഹായെ തള്ളിപ്പറഞ്ഞ് വീണ്ടും സൂര്യദേവനെ വണങ്ങാന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടെങ്കിലും കര്‍ദാഗ് അതിനു വിസമ്മതിച്ചു. തുടര്‍ന്നു പേര്‍ഷ്യന്‍ സൈന്യത്തിനെതിരെ മലനിരകളില്‍ കേന്ദ്രീകരിച്ചു തന്‍റെ ചെറിയ ആത്മരക്ഷാ സൈന്യത്തെ സംഘടിപ്പിച്ച് അദ്ദേഹം മാസങ്ങളോളം വീരോചിതമായി പോരാടുകയും ശത്രുക്കളെ പ്രതിരോധിക്കുകയും ചെയ്തു.

♦️ 5. ദിവ്യദര്‍ശനവും ആത്മസമര്‍പ്പണവും

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, പ്രഥമ സഹദായായ മാര്‍ എസ്തപ്പാനോസ് കര്‍ദാഗിനു പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു: ‘ലൗകിക ആയുധങ്ങള്‍ താഴെവെക്കുക, മ്ശീഹായ്ക്കായി ജീവന്‍ ബലിനല്‍കി യഥാര്‍ത്ഥ വിജയം വരിക്കുക. ‘ഈ ആത്മീയ ദര്‍ശനത്താല്‍ പ്രചോദിതനായ അദ്ദേഹം ആയുധം വെച്ചു കീഴടങ്ങി. എ.ഡി. 358-ല്‍ ചക്രവര്‍ത്തിയുടെ കല്‍പ്പനപ്രകാരം അദ്ദേഹത്തെ വധിക്കാന്‍ വിധിച്ചു. വിശ്വസ്തതയുടെ ആത്യന്തിക പരീക്ഷണമായി, അദ്ദേഹത്തിന്‍റെ സ്വന്തം പിതാവ് തന്നെയാണ് വധശിക്ഷാ വേളയില്‍ ആദ്യത്തെ കല്ലെറിഞ്ഞത്.

കല്ലേറ്റും വാളാലുമുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങി മാര്‍ കര്‍ദാഗ് സഹദായായി നിണമണിമകുടം ചൂടി.

മാര്‍ കര്‍ദാഗിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് മെശയാനിക ആത്മീയതയുടെ കാതലായ ‘കെനോസിസ്’ (സ്വയം ശൂന്യനാക്കല്‍) എന്ന ആശയമാണ്. ലൗകിക യുദ്ധങ്ങളിലെ വിജയമല്ല, മറിച്ച് ദൈവഹിതത്തിനു മുന്നില്‍ ആയുധം താഴെവെച്ചു സ്വയം സമര്‍പ്പിക്കുന്നതിലാണ് യഥാര്‍ത്ഥ ആത്മീയ വിജയം എന്ന് അദ്ദേഹം തെളിയിച്ചു. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട മാര്‍ കര്‍ദാഗിന്‍റെ ചരിത്രം എന്ന സുറിയാനി ഗ്രന്ഥത്തില്‍, ചരിത്രകാരനായ ജോയല്‍ വാക്കര്‍ നിരീക്ഷിക്കുന്നത് പോലെ, അദ്ദേഹം ഒരേസമയം ഒരു പേര്‍ഷ്യന്‍ വീരനായും, ഗ്രീക്ക് തത്വശാസ്ത്രം സംസാരിക്കുന്ന ജ്ഞാനിയായും, ലോകം വെടിഞ്ഞ സന്യാസിയായും ശോഭിക്കുന്നു.

♦️ 6. പൗരസ്ത്യ സുറിയാനി ആരാധനാക്രമ പാരമ്പര്യം

പൗരസ്ത്യ സുറിയാനി ലിറ്റര്‍ജിയില്‍ മാര്‍ എസ്തപ്പാനോസ്, മാര്‍ ശെമയോന്‍ ബര്‍ സാബെ എന്നിവര്‍ക്കൊപ്പം മാര്‍ കര്‍ദാഗിനും വലിയ സ്ഥാനമുണ്ട്. പൗരസ്ത്യ സുറിയാനി സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥന സമാഹാരമായ ഹുദ്രായില്‍ മാര്‍ കര്‍ദാഗിന്‍റെ ദുക്റാനയോട് അനുബന്ധിച്ചു പ്രത്യേക ഗീതങ്ങളും പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തെ ‘ മ്ശീഹായുടെ സുഗന്ധമുള്ള ബലിപുഷ്പം ‘ എന്നാണ് വിശേഷിപ്പിക്കുന്നത്.
പൗരസ്ത്യ സഭയിലെ സന്യാസികള്‍ തങ്ങളുടെ ആത്മീയ പോരാട്ടങ്ങള്‍ക്ക് മധ്യസ്ഥനായി കണ്ടിരുന്നത് ഈ വിശ്രുത സഹദായെയായിരുന്നു. ഭാരതത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയായ സീറോ-മലബാര്‍ സഭയ്ക്ക് അതിന്‍റെ പേര്‍ഷ്യന്‍ (കല്‍ദായ) പൈതൃകത്തിലൂടെ മാര്‍ കര്‍ദാഗിനോട് ആഴമേറിയ ആത്മീയ ബന്ധമുണ്ട്. സീറോ-മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ അനുസരിച്ച്, ഖൈത്താക്കാലത്താണ് സഹദാമാരുടെ ഓര്‍മ്മകള്‍ സഭ പുതുക്കുന്നത്. ഈ കാലത്തിലെ അവസാന വെള്ളിയാഴ്ചയാണ് മാര്‍ കര്‍ദാഗിന്‍റെ ഓര്‍മ്മദിനമായി സഭ ആചരിക്കുന്നത്. എന്നാല്‍ നമ്മുടെ സഭയിലെ സമീപകാലത്തെ ദൈവാരാധന പരിഷ്ക്കരണത്തില്‍ മാര്‍ കര്‍ദാഗിന്‍റെ ദുക്റാന നീക്കം ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
കേരളത്തിലെ മാര്‍തോമാ നസ്രാണികള്‍ ഒരേസമയം തനത് സൈനിക/ഭരണ പാരമ്പര്യത്തിലും മെശയാനിക വിശ്വാസത്തിലും ജീവിച്ചവരാണ് (ഉദാഹരണത്തിന്: ജാതിക്കു കര്‍ത്തന്‍ പദവികള്‍). ഇതുപോലെ തന്നെ, പേര്‍ഷ്യന്‍ രാജകീയ സംസ്കാരത്തില്‍ ജീവിച്ച്, പിന്നീട് മ്ശീഹായ്ക്കായി സ്വയം സമര്‍പ്പിച്ച അത്മായ വിശുദ്ധനായ മാര്‍ കര്‍ദാഗിന്‍റെ ജീവിതശൈലി നസ്രാണികളുടെ ചരിത്ര പശ്ചാത്തലത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നു.

ഇറാഖിലെ അര്‍ബിലിലുള്ള അദ്ദേഹത്തിന്‍റെ കബറിടം നൂറ്റാണ്ടുകളായി വിശ്വാസികളുടെ വലിയൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. ലൗകികമായ പദവികളും സുഖസൗകര്യങ്ങളും നമ്മെ പ്രലോഭിപ്പിക്കുന്ന ആധുനിക യുഗത്തില്‍, ദൈവവിശ്വാസത്തിനുവേണ്ടി നിലകൊള്ളാനും പ്രതിസന്ധികളില്‍ ആത്മീയ ആയുധങ്ങള്‍ ധരിക്കാനും മാര്‍ കര്‍ദാഗിന്‍റെ പാവനസ്മരണ നമ്മെ പ്രചോദിപ്പിക്കട്ടെ

♦️♦️♦️♦️♦️♦️

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading