ദനഹാ ഏഴാം ഞായര്‍: വചനഭാഷ്യം അല്‍മായ വീക്ഷണത്തില്‍

— വചനഭാഷ്യം
അല്‍മായ വീക്ഷണത്തില്‍

Laymen Reflect on
Syro-Malabar Sunday Mass
Scripture Readings

2020 ഫെബ്രുവരി 16

ദനഹാ ഏഴാം ഞായര്‍

മത്തായി 8:5-13, 1 തിമോ 6:17-21
ഏശ. 42:5-9, നിയ. 14:22, 15:4

അധികാരം മുതല്‍
വിനയം വരെ
🌼🌼🌼🌼🌼🌼

സിജോ പൈനാടത്ത്
🌸🌸🌸🌸🌸🌸

2020 ജനുവരി 26നു ലോകം നടുക്കത്തോടെ കേട്ട ഒരു വാര്‍ത്തയാണ് അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ഇതിഹാസം കോബ് ബ്രയന്‍റെയും മകളുടെ യും അപകടമരണം. ഇവരുള്‍പ്പടെ ഒമ്പതു പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തെക്കന്‍ കാലിഫോര്‍ണിയയിലെ കലാബസ് ഹില്‍സില്‍ തീപിടിച്ചു പൊട്ടിത്തെറി ക്കുകയായിരുന്നു.

ലോകമറിയുന്ന മികച്ച ബാസ്കറ്റ്ബോള്‍ കളിക്കാരന്‍ ജീവിതത്തില്‍ നിരന്തരം ദൈവത്തെ അറിയാന്‍ ശ്രമിച്ച ഉറച്ച ക്രിസ്തുവിശ്വാസി കൂടിയായിരുന്നു. കാലിഫോര്‍ണിയയിലെ ഓ റഞ്ച് കൗണ്ടി ദേവാലയത്തില്‍ ബ്രയ ന്‍റും ഭാര്യയും ദിവ്യബലിയില്‍ പങ്കെടുക്കുന്നതു പതിവായിരുന്നു. മരണത്തിലേക്കു നയിച്ച ഹെലികോപ്ടര്‍ യാത്രക്കു തൊട്ടുമുന്‍പും അദ്ദേഹം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചി രുന്നതായി ചിലര്‍ സമൂഹമാധ്യമങ്ങ ളില്‍ വെളിപ്പെടുത്തി. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ കരു ത്തായതു വിശ്വാസമാണെന്ന് അദ്ദേഹം പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്….

താരത്തിളക്കം ജീവിതത്തിനു പകിട്ടേകിയപ്പോഴും, നേട്ടങ്ങളേറെ സ്വന്ത മാക്കിയപ്പോഴും വിശ്വാസം ഏറ്റുപറയാനും വിശ്വാസിയാണെന്നു വിളിച്ചുപറയാനും മടിക്കാതിരുന്ന കോബ് ബ്രയന്‍റ് പുതിയ കാലത്തിനു മുമ്പില്‍ ഒരു കാറ്റക്കിസം ക്ലാസ് ബാക്കിവച്ചാണു മടങ്ങിയത്. വിശ്വാസം ജീവിച്ചു പഠിക്കേണ്ട കാറ്റക്കിസം ക്ലാസ്.

ആധിപത്യം, വിധേയത്വം

അധികാരത്തിന്‍റെ ഉയരങ്ങളിലായിരിക്കുമ്പോഴും ഉള്ളിലുള്ള വിശ്വാസത്തിന്‍റെ ബോധ്യം ക്രിസ്തുവിനു മുമ്പില്‍ അര്‍ഥനയുമായി എത്താന്‍ പ്രചോദനമായ ശതാധിപനാണ് ഇന്നത്തെ സുവിശേഷത്തിലെ ഫോക്കസ്. പോകുക എന്നു പറയുമ്പോള്‍ പോകാ നും വരിക എന്നു പറയുമ്പോള്‍ വരാനും (8.9) പാകപ്പെട്ട പട്ടാളപ്പടയുടെ അധിപനു, ക്രിസ്തുവിന്‍റെ മുമ്പില്‍ വിനയാന്വിതനാവാനും വിശ്വാസം ഏറ്റുപറയാനും മടിയില്ല. തെരഞ്ഞെടുക്കപ്പെട്ട ജനത്തിനപ്പുറത്തും ക്രിസ്തുവിനെ തെരഞ്ഞെടുത്തവരും അവനെയറി ഞ്ഞു വിശ്വസിച്ചവരും ഉണ്ടെന്നുള്ള സുവിശേഷത്തിലെ ഓര്‍മപ്പെടുത്തല്‍ കൂടിയാണു ശതാധിപന്‍റെ ഭൃത്യനെ സുഖപ്പെടുത്തുന്ന ഭാഗം. ഇസ്രായേലില്‍ ഒരുവനില്‍ പോലും കാണാത്തത്ര ആഴമേറിയ വിശ്വാസമെന്നു (8.10) ശതാധിപനെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുന്നു ണ്ട് ക്രിസ്തു.

വിശ്വസിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നതിനു സുവിശേഷഭാഗം അടിവരയിടുന്നു. ശതാധിപന്‍ വിശ്വസിച്ചു, തന്‍റെ ഭൃത്യന്‍ സുഖം പ്രാപിച്ചു.(8.13) മലയിറക്കത്തില്‍ അനുഗമിച്ചവരിലെ കുഷ്ഠരോഗിയും പത്രോസിന്‍റെ അമ്മായിയമ്മയും ക്രിസ്തുവിന്‍റെ സ്പര്‍ശനവും അത്ഭുതവും അറിഞ്ഞവരാണ്. ഈ രണ്ടു സംഭവങ്ങള്‍ക്കിടയില്‍ കഫര്‍ണാമിലാണു ശതാധിപന്‍റെ ഭൃത്യനെ യേശു സുഖപ്പെടുത്തുന്ന അത്ഭുതം നടക്കുന്നത്.

ഉറപ്പ്, ബോധ്യം

പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യവുമാണു വിശ്വാസമെന്ന ലളിതപാഠം ആദ്യകുര്‍ബാന സ്വീകരണ സമയത്തേ തലയില്‍ കയറിയതാണ്. വിശ്വാസമെന്തെന്ന പല കോണുകളില്‍ നിന്നുള്ള ചോദ്യത്തിനു ഈ റെഡിമേഡ് ഉത്തരം തട്ടിവിട്ടു തടിയൂരിയതെ ത്രയോ തവണ! ഉറപ്പും ബോധ്യവുമൊക്കെ എന്നിലെത്രമേലുണ്ടെന്ന സംശയം തന്നെയാണു വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ തടിയൂരിപ്പോരാന്‍ പ്രേരണയായത്.

സ്വയം വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള മനുഷ്യന്‍റെ പ്രത്യുത്തരമെന്നു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ 142-ാം ഖണ്ഡി കയില്‍ വിശ്വാസത്തിനു നിര്‍വചനം നല്‍കിയിട്ടുണ്ട്. മനുഷ്യനു ദൈവത്തോടുള്ള വ്യക്തിപരമായ അടുപ്പമാണു വിശ്വാസമെന്നു 150-ാം ഖണ്ഡിക കൂട്ടിച്ചേര്‍ക്കുന്നു.

വിശ്വാസമുള്ള മാതാപിതാക്കളില്‍ നിന്നു പിറക്കാനും കുഞ്ഞുനാള്‍ മുതല്‍ വിശ്വാസം പരിശീലിക്കാനും അവസരമുണ്ടായതിന്‍റെ നന്മകള്‍ അതിനാല്‍തന്നെ അളവില്ലാതെ നല്‍കിയ തമ്പുരാനോട് എന്‍റെ പ്രത്യുത്തരമെന്തായിരുന്നു? ഞാനും ദൈവവും തമ്മി ലുള്ള വ്യക്തിപരമായ അടുപ്പം എത്രമാത്രം ഉണ്ട്? നീ എന്‍റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല (8.8) എന്ന ശതാധിപന്‍റെ (എളിമപ്പെടാ വുന്ന) ബോധ്യത്തോളം എന്‍റെ വിശ്വാസം വളര്‍ന്നോ?

കരുതല്‍, ശുശ്രൂഷ

തളര്‍വാതം പിടിപെട്ടു കഠിനവേദന അനുഭവിക്കുന്ന ഭൃത്യന്‍റെ ജീവിതാവസ്ഥയോടുള്ള തന്‍റെ കരുണാര്‍ദ്രമായ സമീപനത്തില്‍ നിന്നാണു സുവിശേഷത്തില്‍ ശതാധിപന്‍റെ ക്രിസ്തു വിലേക്കുള്ള സഞ്ചാരം തുടങ്ങുന്നത്. തന്‍റെ കീഴിലുള്ളവന്‍റെ ആവശ്യങ്ങളില്‍ കരുതലോടെ ഇടപെടുന്ന ശതാധിപന്‍. തന്നെ ശുശ്രൂഷിക്കുന്നവനെ താനും ശുശ്രൂഷിക്കേണ്ടതുണ്ടെന്ന ക്രിസ്തീയശൈലിയുടെ വിചാരവും പ്രായോഗികതയുമാണത്; അപരന്‍റെ വേദന എന്‍റെയും വേദനയാണെന്ന തിരിച്ചറിവ്.

കീഴുദ്യോഗസ്ഥരെക്കൊണ്ടും കീഴിലുള്ളവരെക്കൊണ്ടും എന്തു പണിയുമെടുപ്പിക്കാമെന്നു രാഷ്ട്രീയ, ഭരണരംഗത്തെ അധികാര കസേരകളിലിരിക്കുന്ന പലരും ഇന്നും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയവും രാജ്യഭരണവും അവിടെ നില്‍ക്കട്ടെ; സഭയിലെ അധികാരങ്ങള്‍ ശുശ്രൂഷയ്ക്കുള്ള അവസരമാകണമെന്ന് അള്‍ത്താരയിലെ മൈക്കിനു മുമ്പില്‍ പ്രസംഗിക്കുന്നവര്‍ക്കുപോലും, പ്രസംഗങ്ങളെല്ലാം അച്ചടക്കത്തോടെ കേട്ടുകൊണ്ടു താഴെയിരിക്കുന്നവരുടെ ആകുലതകളിലും ആശങ്കകളിലും ആവശ്യങ്ങളിലും തൃപ്തികരമായ ഇടപെടല്‍ നടത്താനാവുന്നുണ്ടോ?

ആവലാതികളുമായെത്തുന്നവരെ കേള്‍ക്കുന്ന കാര്യത്തില്‍ പോലും പരാജയപ്പെടുന്നുവെന്നതിനു ചുറ്റിലുമുണ്ട് ഉദാഹരണങ്ങള്‍. അള്‍ത്താരയിലെ അജപാലകന്‍ ആള്‍ക്കൂട്ടത്തില്‍ അഡ്മിനിസ്ട്രേറ്ററായി മാറുന്നതു ക്രിസ്തീയമോ? അള്‍ത്താരയില്‍ നിന്നു കേട്ടവയെ ജീവിതത്തില്‍ പ്രയോഗിക്കുന്നതില്‍ അല്മായരും തോറ്റുപോകുന്നുണ്ട്.

വിരുന്ന്, അന്ധകാരം

‘വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറു നിന്നും നിരവധിയാളുകള്‍ വന്ന് അബ്രാ ഹത്തോടും ഇസഹാക്കിനോടും യാ ക്കോബിനോടും കൂടെ സ്വര്‍ഗരാജ്യ ത്തില്‍ വിരുന്നിനിരിക്കും. രാജ്യത്തിന്‍റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാര ത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.’ (8.11,12)

ദൈവരാജ്യം ആരും നേടും, ആരു നഷ്ടപ്പെടുത്തും എന്നു പഠിപ്പിക്കുന്ന പ്രസക്തമായ ഭാഗം. തെരഞ്ഞെടുക്കപ്പെട്ട ജനത ദൈവരാജ്യത്തിന്‍റെ വിരുന്നിലേക്കു ക്ഷണിക്കപ്പെട്ടിട്ടും, അതിനോടു മുഖംതിരിക്കുന്നവര്‍ക്കു മറുപടി അന്ധകാരമാണ്. ദൈവാനുഭവത്തിന്‍റെ സാധ്യതകള്‍ ഏറെയുണ്ടായിട്ടും അതിനോടു നിരാസവും നിഷേധവും സമീപനമാക്കുന്നവരോടാണു ക്രിസ്തുവിന്‍റെ ഓര്‍മപ്പെടുത്തല്‍. മനോഹരമായ ദേവാലയവും അനുദിന ദിവ്യബലിയും അജപാലകരും വിശ്വാസ പരിശീലന ക്ലാസുകളും കുടുംബകൂട്ടായ്മകളും തിരുനാളുകളുമെല്ലാമുണ്ടായിട്ടും ദൈവോന്മുഖമായ ഹൃദയത്തോടെ ദൈവ രാജ്യാനുഭവത്തിലേക്കു പ്രവേശിക്കാനാകുന്നില്ലെങ്കില്‍, എന്‍റെ ക്രൈസ്തവ ജീവിതം തികഞ്ഞ തോല്‍വിയാണ്.

തെരഞ്ഞെടുക്കപ്പെട്ടു ‘പള്ളിയുടെ’ അകത്തുള്ളവര്‍ നിഷേധികളാകുമ്പോള്‍, വിശ്വാസത്തിലുറച്ച ബോധ്യങ്ങളോടെ എത്തുന്നവര്‍ ക്രിസ്തുവിനെ സ്വന്തമാക്കും. ക്രൈസ്തവ ജീവിത പ്രയാണത്തില്‍ ക്രിസ്തുവിനെ നേടുന്നവനാണു വിജയി. ക്രിസ്തുവിനെ നഷ്ടപ്പെടുത്തുന്നവന്‍ തോറ്റവരുടെ ഗണത്തിലാണ്.

വിലാപവും പല്ലുകടിയും അകമ്പടിയാകുന്ന പുറത്തെ ഇരുട്ടില്‍ ഒരു പരാജിതനായ ക്രിസ്ത്യാനിയാകാനല്ല, അകത്തെ ദൈവരാജ്യപ്രകാശത്തില്‍ തിളങ്ങി ജയഭേരി മുഴക്കേണ്ട നല്ല ക്രിസ്ത്യാനിയാകാനാണു വിളി.

Publisher : Rev. Paul Kottackal (Sr.) email: frpaulkottackal@gmail.com
Malayalam – http://homilieslaity.com | English (for Children) – http://gospelreflectionsforkids.com

Leave a comment