ആദ്യകുര്‍ബാന സ്വീകരണം

ആദ്യകുര്‍ബാന സ്വീകരണം

ഓര്‍മ്മവെച്ച നാള്‍ മുതല്‍

ഓസ്തിയില്‍ നിന്നെ കാണുന്നു, വാഴ്ത്തുന്നു.”

     കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിന് തുടക്കം കുറിച്ചത് വി. പത്താം പീയൂസ് മാര്‍പാപ്പയാണ്. വി. പത്താം പീയൂസ് മാര്‍പാപ്പ,  പത്താം പീയൂസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞ് എത്തിയ പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു.

      പരിശുദ്ധ പിതാവേ, അങ്ങയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണിയമായ ദിവസം ഏതാണ്?

പത്രപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത് മാര്‍പാപ്പയായി തിരഞ്ഞെടുത്ത ഈ ദിവസം ആയിരിക്കും അല്ലെങ്കില്‍ ഒരുപക്ഷേ, കര്‍ദ്ദിനാളായ ദിവസമായിരിക്കും അതുമല്ലെങ്കില്‍ ആദ്യമായി ബലിയര്‍പ്പിച്ച ദിവസമായിരിക്കും എന്നൊക്കെയാണ്. എന്നാല്‍ വളരെ വിഭിന്നമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

    “എന്‍റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത,  സുന്ദരമായ ദിവസം ഞാന്‍ ആദ്യകുര്‍ബാന സ്വീകരിച്ച ദിവസമാണ്.”

നാളുകളായി പ്രാര്‍ത്ഥിച്ചോരുങ്ങി വളരെ ആഗ്രഹത്തോടെ, ആവേശത്തോടെ, തീവ്രതയോടെ ഈശോയെ നമ്മുടെ കുഞ്ഞുഹ്യദയത്തില്‍ സ്വീകരിച്ച ആ ദിവസം മറ്റ് സുവര്‍ണ്ണ നിമിഷങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു.

ജീവിതത്തില്‍ അവിസ്മരണീയമായ പല സുപ്രധാന നിമിഷങ്ങള്‍ക്കും നമ്മള്‍സാക്ഷ്യം വഹിച്ചിട്ടുണ്ടാവാം. പക്ഷേ, നിര്‍മ്മലതയുടെ, നിഷ്കളങ്കതയുടെ ആ കുഞ്ഞ് ഹ്യദയത്തില്‍ വളരെ ആഗ്രഹത്തോടെ ഈശോയെ സ്വീകരിച്ച ആ നിമിഷങ്ങള്‍ക്കപ്പുറം മറ്റൊരു സുവര്‍ണ്ണ നിമിഷങ്ങളും നമ്മെ തേടി വരാറില്ല.

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം ദിവ്യകാരുണ്യമാണ്. ആ ദിവ്യകാരുണ്യത്തെ സ്വന്തംമാക്കുന്ന ആ നിമിഷങ്ങള്‍ പീന്നീടുള്ള ജിവിതത്തിന്‍റെ മുതല്‍ക്കൂട്ടാണ്. ഒരുപാട് ആഗ്രഹിച്ച് ഒരു കാര്യം നേടികഴിയുമ്പോഴുള്ള മാനസിക സന്തോഷവും, സംത്യപ്തിയും വാക്കുകളില്‍ ഒതുക്കാവുന്നതല്ല.  അതുതന്നെയല്ലായിരുന്നോ നമ്മുടെ ആദ്യകുര്‍ബാന സ്വീകരണവും തെളിയിക്കുന്നത്.

 ആദ്യകുര്‍ബാന സ്വീകരണ നിമിഷങ്ങള്‍ ആഘോഷത്തിന്‍റെ നിമിഷങ്ങളാണ്. ജീവിതത്തിന്‍റെ മറ്റ് തലങ്ങളെക്കാള്‍ ഉപരിയായി ആദ്യമായി ഈശോ കടന്നുവരുന്ന നിമിഷം ഏറ്റവും ഭംഗിയായി ആഘോഷിക്കണം. എന്നാല്‍, ആഘോഷങ്ങള്‍ക്കപ്പുറം ആ കുഞ്ഞിന് ഈശോയെ അപരനില്‍ കാണിച്ചുകൊടുക്കുക, ഈശോയുമായി ആഴമായ ഒരു ബന്ധം അവരില്‍ വളര്‍ത്തുക. ഇത്തരത്തിലുള്ള ഒരു ആദ്യകുര്‍ബാന സ്വീകരണത്തിലേക്കാണ് നാം’ പോകേണ്ടത്.

 ആദ്യകുര്‍ബാന സ്വീകരണത്തിന്‍റെ സുരഭില നിമിഷങ്ങള്‍ ഏതൊരു വ്യക്തിക്കും പ്രചോദനത്തിന്‍റെ, മാനസാന്തരത്തിന്‍റെ പ്രഭാകിരണങ്ങള്‍ ചൊരിയുന്ന ധന്യനിമിഷങ്ങള്‍ ആയിരിക്കണം. കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന മാനസാന്തരത്തോടൊപ്പം ക്രൈസ്തവ മക്കളിലും അത് പ്രതിജ്വലിക്കുമ്പോഴാണ് ആദ്യകുര്‍ബാന സ്വീകരണം പൂര്‍ണ്ണമാകുന്നത്.

Advertisements

Leave a comment