പുലർവെട്ടം 366

{പുലർവെട്ടം 366}
 
ഇങ്ങനെ പറഞ്ഞാണ് അവിടുന്ന് വാനമേഘങ്ങളിലേക്കു മാഞ്ഞുപോയത്, “ഭൂമിയുടെ അതിരോളം നിങ്ങളെന്റെ സാക്ഷികളായിരിക്കും.” കാണികൾ പെരുകുകയാണ്; സാക്ഷികൾ തീരെ ഇല്ലാതാവുകയും.
രാമകൃഷ്ണപരമഹംസന്റെ കഥയെന്നുതന്നെയാണ് വിശ്വാസം. ഒരു തെരുവിൽ പാതിരാവിൽ ഒരു നായ കുരച്ചു. സ്വാഭാവികമായി എല്ലാ നായ്ക്കളും അത് ഏറ്റുപിടിച്ചു. കുറേക്കഴിഞ്ഞ് ഓരോന്നായി തളർന്നുറങ്ങി. ആദ്യത്തെ നായ മാത്രം അപ്പോഴും കുരച്ചുകൊണ്ടേയിരുന്നു. കാരണം, അതു മാത്രമാണ് അപരിചിതനെ കണ്ടതും ശ്വസിച്ചതും. കാണികളേയും സാക്ഷികളേയും വേർതിരിക്കാൻ ഈ കഥ മതിയാവും.
അനുഭവമാണ് അയാളുടെ മൂലധനം. കള്ളുകുടിയേക്കുറിച്ച് ആയിരം പേജു വരുന്ന പുസ്തകം വായിച്ചിട്ട് ലിവർ സിറോസിസ് വന്ന ആരേയും ഇതുവരെ കേട്ടിട്ടില്ല. അനുഭവങ്ങളില്ലാത്തതുകൊണ്ട് കാണിക്ക് അവസാനത്തോളം ഒന്നിനുവേണ്ടിയും നിലനിൽക്കേണ്ട ബാധ്യതയില്ല. എന്നാൽ നിരന്തരം കപ്പം കൊടുക്കേണ്ട ജീവിതമാണ് സാക്ഷിയുടേത്. കോടതിമുറിയിലെ സാക്ഷിയുടെ ഉത്തരവാദിത്വം ആ മരക്കൂട്ടിൽ നിന്ന് ഇറങ്ങുന്നതോടെ തീരുന്നുണ്ടാവും. എന്നലൊരു ഗുരുബോധത്തിന്റെ സാക്ഷി എന്തുചെയ്യും? ആചാര്യന്റെ മൊഴിയും ജീവിതവും നിരന്തരം മനുഷ്യരുടെ പ്രായോഗികജീവിതത്തിന്റെ വിചാരണയ്ക്ക് വിധേയമാകുന്നതുകൊണ്ട് ഒടുവിലത്തെ സ്പന്ദനത്തോളം അയാൾക്ക് അങ്ങനെ നിൽക്കുകയേ തരമുള്ളു എന്ന് മാക്സ് ലുക്കാദോയുടെ നിരീക്ഷണം. ‘Martus’ എന്നാണ് യവനഭാഷയിൽ സാക്ഷിക്കുള്ള പദം. അതിൽ martyr എന്ന പദത്തിന്റെ ധ്വനികളുണ്ട്- രക്തസാക്ഷി.
നിരന്തരം സത്യത്തിലായിരിക്കുക എന്നതാണ് സാക്ഷിയുടെ ധർമ്മം. ദൈവം സത്യമാണെന്നല്ല, സത്യം ദൈവമാണെന്ന് വിശ്വസിച്ചിരുന്ന ഒരാൾ വടിയും കുത്തി ഈ ദേശത്തുനിന്ന് വേഗത്തിൽ നടന്നുപോയി. ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ’ എന്ന ആത്മകഥയുടെ ശീർഷകത്തെ ‘എന്റെ ദൈവാന്വേഷണപരീക്ഷണങ്ങൾ’ എന്നു തിരുത്തിവായിച്ചാൽ കാര്യമായ വ്യത്യാസമുണ്ടാവില്ലെന്നു ശ്രദ്ധിച്ചിട്ടുണ്ടോ?
എന്നിട്ടും എന്തുകൊണ്ടാണ് സത്യത്തിൽനിന്നു ഞാൻ മാറി നടക്കുന്നത്? Face the music എന്നൊരു ഇംഗ്ലിഷ് ശൈലിയുണ്ട്. അതൊരു നാടോടിക്കഥയിൽ നിന്നു രൂപപ്പെട്ടതാണ്. കൊട്ടാരത്തിൽ വലിയൊരു വാദ്യസംഘമുണ്ടായിരുന്നു. കൂട്ടത്തിലൊരു വിരുതനുണ്ട്. സംഗീതം തീരെ വശമില്ലാത്ത അയാൾ പുല്ലാങ്കുഴൽ വായിക്കുന്ന മട്ടിൽ കൂട്ടത്തിലങ്ങിരിക്കും. വലിയ കുഴപ്പമില്ലാതെ കാര്യം മുന്നോട്ടുപോകുമ്പോഴാണ് രാജാവിന് ഓരോരുത്തരുടെയും സംഗീതം വേറിട്ടുകേൾക്കാൻ ആഗ്രഹം. അവന്റെ ഊഴമെത്തിയപ്പോൾ രോഗിയായി പുതപ്പും മൂടി കിടന്നു. കൊട്ടാരംവൈദ്യൻ ആ നുണയും പൊളിച്ചു. സ്വയം കഥയവസാനിപ്പിക്കുകയല്ലാതെ അയാളുടെ മുൻപിൽ വേറെ വഴികളില്ല. സത്യത്തിന്റെ സംഗീതം ഒരാൾക്ക് എന്നെങ്കിലും അഭിമുഖീകരിച്ചേ പറ്റൂ.
സ്ഥൈര്യമാണ് അയാൾ പുലർത്തുന്ന മറ്റൊരു ശ്രേഷ്ഠത. അനുഭവം, സത്യം, സ്ഥൈര്യം – ഈ സഞ്ചിതഭാവത്തെ വിളിക്കേണ്ട പേരാണ് സാക്ഷി എന്നു തോന്നുന്നു. അങ്ങനെ അയാൾക്ക് അസാധാരണമായ രീതിയിൽ വിശ്വാസ്യത ഉണ്ടാവുന്നു. നാട്ടിൻപുറത്തെ ചില പ്രൈമറി സ്കൂൾ അധ്യാപകരേപ്പോലെ അവരിൽ ചിലർ ഇപ്പോഴും എല്ലായിടത്തുമുണ്ട്. എന്നിട്ടും അവരൊക്കെ പതുക്കെപ്പതുക്കെ അപ്രസക്തരാവുന്നു എന്നതാണ് ദൈവത്തിന് നമ്മുടെ കാലത്തേക്കുറിച്ച് പറയാനുള്ള എതിർസാക്ഷ്യം!
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.

Leave a comment