പുലർവെട്ടം 364

{പുലർവെട്ടം 364}

വല്ലാത്തൊരു കുമ്പസാരമായിരുന്നു അത്; മൈക്കിളിനെ ആശ്വസിപ്പിക്കാനാണ് കാർഡിനൽ ലമ്പേർത്തോ അതു പറഞ്ഞതെങ്കിൽപ്പോലും. നടുമുറ്റത്തുള്ള ജലധാരയിൽ നിന്ന് ഒരു വെള്ളാരങ്കല്ലെടുത്തുപൊട്ടിച്ച് അയാളോടു പറഞ്ഞത് ഇങ്ങനെയാണ്: “Look at this stone. It has been in the water for a very long time, but the water has not penetrated it. Look… Perfectly dry. The same thing has happened to men in Europe. For centuries they have been surrounded by Christianity, but Christ has not penetrated. Christ doesn’t live within them.” ഗോഡ്‌ഫാദറിൽ നിന്നാണ്.

യേശു ഒരു കർക്കിടകപ്പെയ്ത്തായി രണ്ടു സഹസ്രാബ്ദങ്ങൾ ഉണ്ടായിരുന്നിട്ടും നനയാതെ കുട ചൂടി നിന്ന ക്രിസ്തീയദുര്യോഗത്തേക്കുറിച്ചാണ് അയാൾ പരാമർശിക്കുന്നത്. യേശു എന്ന പരിസരം ഭേദപ്പെട്ട ആന്തരികജീവിതത്തെ സൃഷ്ടിക്കാതെ കുഴഞ്ഞുപോകുന്നു എന്നൊരു നിശ്വാസമുണ്ട് ആ വാക്കിൽ. തീർത്ഥാടനത്തിനു പുറപ്പെടുന്ന അഗ്നിഹോത്രിയുടെ പക്കൽ കയ്പ്പക്ക കൊടുത്ത് ഗംഗയിൽ കുളിപ്പിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പാക്കനാരെയും ഇവിടെ ഓർക്കാവുന്നതാണ്. മടങ്ങിയെത്തിയപ്പോൾ, ‘അതു മധുരിക്കുന്നില്ലല്ലോ’ എന്നതായിരുന്നു അയാളുടെ പരിഹാസം.

രണ്ടു തരത്തിൽ ഈയൊരു വിചാരത്തെ സമീപിക്കാവുന്നതാണ്. ഒന്ന്, മനസു മടുത്ത് മോരും മുതിരയുമായി ക്രിസ്തുബോധവും അതിന്റെ ആചാരങ്ങളിൽ പെട്ടു പോയവരും ഒരു കാലത്തും സന്ധിക്കാതെ കടന്നുപോകുമെന്ന്. രണ്ട്, നിരന്തരം ചില ജലധാരകൾക്ക് വിധേയപ്പെട്ടു ജീവിക്കുക വഴി ഇന്നല്ലെങ്കിൽ നാളെ കല്ലിനും പരിവർത്തനം ഉണ്ടാകുമെന്ന്. രണ്ടാമത്തേതാണ് നാളെയെ അഭിമുഖീകരിക്കുവാൻ മനസ്സിനെ പ്രകാശിപ്പിക്കുന്ന പാഠം.

ജലം നമ്മൾ വിചാരിക്കുന്നകണക്ക് അത്ര സാധുവൊന്നുമല്ല. കടൽത്തിരകൾ നിരന്തരം അലച്ചലച്ചാണ് തീരങ്ങളിലെ ക്ലിഫുകൾ രൂപപ്പെട്ടത്. തടാകത്തിലെ അലകൾ പോലും അതിനെ വലം ചുറ്റുന്ന പാറക്കെട്ടിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. “വെൺനുര വന്നു തലോടുമ്പോൾ തടശില അലിയുകയായിരുന്നോ…” എന്ന ‘അമര’ത്തിലെ ഗാനം ചിത്രത്തിന്റെ തന്നെ രണ്ടുവരിസംഗ്രഹമായി മാറുന്നു.

മനുഷ്യരിലുള്ള വിശ്വാസം മാത്രമാണ് ഗുരുക്കന്മാരുടെ മൂലധനം. അതങ്ങനെയല്ലെന്ന് അനുഭവങ്ങൾ കാട്ടിയും യുക്തിപൂർവം ശഠിച്ചുമൊക്കെ അവരെ തിരുത്താൻ ശ്രമിക്കുമ്പോഴും അവരതിൽ പെട്ടുപോകുന്നില്ല. നല്ലതാകുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് നാളെ? നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന എന്തും – മിഴികൾക്ക് ഗോചരമല്ലെങ്കിൽപ്പോലും – ചില സുകൃതങ്ങളുടെ വ്യതിയാനങ്ങൾ ഏതു കഠിനപ്രതലത്തിനും സമ്മാനിക്കുന്നുണ്ട്. രാമായണമാസമാണ്. ആദികവി നിഷാദനായിരുന്നു എന്നൊരു ഓർമപ്പെടുത്തൽ മതി അതിന്റെ പാരായണത്തെ സാധൂകരിക്കാൻ.

യേശു മരിച്ചപ്പോൾ പാറകൾ പിളർന്നുവെന്ന് ഒരു ചെറുവാക്ക് സുവിശേഷകർ രേഖപ്പെടുത്തിയെന്ന് ഓർമിക്കണം. നിഷ്കളങ്കതയേയും കാരുണ്യത്തേയും എന്നേക്കുമായി പ്രതിരോധിക്കാനാവാത്ത വിധത്തിൽ എവിടെയോ ഒരിത്തിരി വൾനറബിലിറ്റിയിലാണ് മനുഷ്യരെന്ന പടപ്പ് രൂപപ്പെട്ടത്. വെളിച്ചത്തിന് ആ ഇടത്തിലൂടെ ഇന്നല്ലെങ്കിൽ നാളെ അരിച്ചിറങ്ങാനാവും. അവന്റെ കൊലയ്ക്ക് കാർമികത്വം വഹിച്ചൊരാൾ നെഞ്ചത്തടിച്ച് നിലവിളിച്ച്, ‘സത്യമായും ഇവൻ ഈശ്വരചൈതന്യമായിരുന്നു’ എന്നു വിലപിക്കുമ്പോൾ നേരത്തെ പറഞ്ഞ പാറ ഭൂപഠനത്തിന്റെ ഭാഗമല്ലെന്നുവരുന്നു.

നെരൂദയുടെ അവസാനകാലത്തെ കവിതകളിലൊന്ന് – Oh Earth, Wait for Me – ഓർമിക്കുന്നു; അതൊരു പുലരിപ്രാർത്ഥനയാവട്ടെ.

‘to be one stone more, the dark stone,

the pure stone that is carried by the river.’

എനിക്കൊരു കല്ലായാൽ മതി, നദി വീണ്ടെടുത്ത ശുദ്ധമായ ഒരു ഇരുളൻകല്ല്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment