പുലർവെട്ടം 365

{പുലർവെട്ടം 365}

അന്നുമിന്നും പറഞ്ഞാൽ പിടുത്തം കിട്ടുന്ന സൗന്ദര്യലേപനം ഫെയർ ആൻഡ് ലവ്‌ലി മാത്രമാണ്. ഞങ്ങളുടെ കുട്ടിക്കാലത്താണ് നാട്ടിൻപുറത്തെ മാടക്കടകളിൽപ്പോലും അവ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കാര്യങ്ങൾ ഒരു പത്തുമുപ്പതു വർഷത്തെ ഇടവേളയിൽ കുറേക്കൂടി വില കൂടിയതും സോഫിസ്റ്റിക്കേറ്റഡുമായ ലേബലുകളിലേക്ക് മാറിയിട്ടുണ്ടാവാം. അത്രയും അപ്‌ഡേറ്റഡല്ല. എന്നാലും ഇന്ത്യയിൽ ഇപ്പോഴും അതിന് 500 മില്യൻ ഡോളറിന്റെ കച്ചവടമുണ്ട്. പറയാൻ പോകുന്ന സന്തോഷവർത്തമാനം ഇതാണ്- അവരതിന്റെ പേരുമാറ്റത്തിനു തയാറാവുന്നു! ആ പേരിൽ വലിയൊരളവിൽ ബോഡി ഷേമിങ്ങിന്റെ അംശമുണ്ടെന്ന വീണ്ടുവിചാരത്തിൽ നിന്നായിരിക്കാം അത്.

ഏതെങ്കിലുമൊക്കെ അനുപാതത്തിൽ ബോഡി ഷേമിങ്ങിലൂടെ കടന്നുപോകാത്ത ആരുമില്ലെന്നു തോന്നുന്നു. പൊതുവേ ശരീരത്തിന്റെ മേദസിനേക്കുറിച്ചാണ് ആ പദം ഉപയോഗിക്കപ്പെടുന്നതെങ്കിൽപ്പോലും അതിന്റെ കീഴിൽ വരുന്ന പരാമർശങ്ങൾ വാല്യങ്ങളിൽ തീരുന്നതല്ല. വായനയുടെ ഒരു പരിമിതിയിൽ നിന്നു തോന്നുന്നത് അഷ്ടാവക്രനായിരിക്കണം അതിന്റെ ചരിത്രത്തിലെ പഴക്കമുള്ള പരാമർശങ്ങളിലൊന്ന്. എട്ട് വളവുള്ള ഒരാൾ. ബുദ്ധിമാനായിരുന്നു. ആ വളവുണ്ടായതുതന്നെ കുഞ്ഞ് അമ്മ സുജാതയുടെ ഉദരത്തിലായിരിക്കുമ്പോൾ അച്ഛനുരുവിട്ട വേദമന്ത്രണങ്ങളിലെ ഉച്ചാരണപ്പിശകു കേട്ട് ഞെട്ടി ഞെട്ടിയാണ്! തന്റെ ആകാരത്തിന്റെ പേരിൽ സ്വാഭാവികമായും അപഹസിക്കപ്പെട്ടുതന്നെ ആയിരുന്നിരിക്കണം അയാളുടെ ജീവിതം. മിഥിലാരാജ്യത്തെ ജനകരാജാവിന് ആത്മസത്തയേക്കുറിച്ചുള്ള അന്വേഷണങ്ങളിൽ താല്പര്യമുണ്ടെന്നു മനസ്സിലാക്കി അയാൾ രാജസദസ്സിലേക്കു പോവുകയാണ്. എട്ട് ഒടിവുള്ള ഒരാളുടെ വരവുണ്ടാക്കുന്ന പരിഹാസച്ചിരിയുണ്ട്. അയാൾ ആ പണ്ഡിതരെ നോക്കി ഇങ്ങനെ പറഞ്ഞു: “കേട്ടത് ജ്ഞാനികളുടെ സദസ്സാണെന്നാണ്. എന്നാലിപ്പോൾ മനസ്സിലായി നിങ്ങൾ ചമാറുകൾ മാത്രമാണെന്ന്.” തുകൽക്കച്ചവടക്കാരാണ് ചമാറുകൾ. സാരം വ്യക്തമാണ്; നിങ്ങൾ വിലയിടുന്നത് എന്റെ ആന്തരികമൂല്യത്തിനല്ല. ആ നിമിഷം സദസ് നിശ്ശബ്ദമാവുകയും ജനകൻ തന്റെ ആചാര്യനെ തിരിച്ചറിയുകയും ചെയ്തു. അവർക്കിടയിൽ നടന്ന സംവാദങ്ങളും ഭാഷണങ്ങളുമാണ് ‘അഷ്ടാവക്രഗീത’യേന്നോ ‘അഷ്ടാവക്രസംഹിത’യെന്നോ ഇന്നറിയപ്പെടുന്നത്.

Skin deep എന്ന ശൈലി പോലും രൂപപ്പെട്ടത് ബൈപാസ് ചെയ്യേണ്ട ഒന്നാണ് ശരീരത്തിന്റെ കെട്ടുകാഴ്ച എന്ന നിലയിലാണ്. എന്നിട്ടും അതേ ചർമ്മത്തേക്കുറിച്ചുള്ള ആകുലതകൾ നമ്മളിൽ ഏൽപ്പിച്ച പരിക്കുകളെത്ര! താരതമ്യങ്ങളിൽ ശിരസു കുനിഞ്ഞ് നിലക്കണ്ണാടിയെ അഭിമുഖീകരിക്കാനാകാതെ നിന്ന എത്രയോ സഹസ്രം മനുഷ്യർ! ഡയറ്റിങ് എന്ന പദം ന്യൂട്രീഷനെ പിന്നിലാക്കിയതും അങ്ങനെയാണ്. ശരീരം എങ്ങനെ കാണപ്പെടുന്നു എന്നതാണ് ഡയറ്റിങ്ങിന്റെ മാനദണ്ഡം. മാധ്യമങ്ങൾ സൃഷ്ടിച്ച ശരീരമാതൃകകളുണ്ട്. അതിലേക്കെത്തുകയാണ് അഴകിന്റെ പന്ഥാവെന്ന് തെറ്റിദ്ധരിച്ചു. ദിശ തെറ്റിയ കണ്ണും ഉയർന്ന പല്ലും സംഭാഷണത്തിലെ ഇടർച്ചയുമൊക്കെ പരിഹാസപ്പേരുകളായി. ചില വസ്ത്രങ്ങൾ ചില ശരീരക്കാർക്കുവേണ്ടി മാത്രമാണെന്ന് സങ്കല്പങ്ങളുണ്ടായി. അതിനെ കുറുകെ കടക്കാൻ തുനിഞ്ഞവരെല്ലാം പരിഹസിക്കപ്പെട്ടു. മഹത്വവും ആകാരവും തമ്മിൽ വേർപിരിയാനാവാത്ത ബന്ധമുണ്ടെന്നു തെറ്റിദ്ധരിക്കപ്പെട്ടു. യേശുവിന്റെ ചിത്രങ്ങൾ രൂപപ്പെട്ടതിൽപ്പോലും ഈ അപമാനവീകരണത്തിന്റെ ധാര ഒഴുകുന്നുണ്ട്. ‘അവനിൽ അഴകോ ഐശ്വര്യമോ ഇല്ല’ എന്ന പ്രവാചകമൊഴികൾ അവന്റെ ദൗർഭാഗ്യങ്ങളേക്കുറിച്ചുള്ള കവിത മാത്രമായി എണ്ണപ്പെട്ടു. കൂട്ടത്തിൽ നിന്ന് എറുത്തുനിൽക്കുന്ന പ്രത്യേകതകളൊന്നുമില്ലാത്തതുകൊണ്ടാവണം ഒരു ഒറ്റുകാരനെ ആവശ്യമായി നിന്നത്. അങ്ങനെ പറഞ്ഞുതീരാവുന്നതല്ല ഉടൽനിന്ദയുടെ ചരിത്രവും കഥകളും.

ശരീരം ക്ഷേത്രമാണെന്ന് പോൾ പറയുമ്പോൾ ആർക്കാണറിയാത്തത് എടുപ്പുകളും കമാനങ്ങളുമല്ല, മറിച്ച് അതിലെ പ്രതിഷ്ഠയുടെ തേജസാണ് ആലയത്തിന് മഹത്വം കൊടുക്കുന്നതെന്ന്. ആ അകപ്പൊരുൾ ഇല്ലാതെപോകുന്ന മനുഷ്യർ- സ്ത്രീയും പുരുഷനും – എത്ര പെട്ടെന്നാണ് നമ്മളെ മടുപ്പിച്ചത്.

വെർജി റ്റോവറിന്റെ പുസ്തകശീർഷകം പോലെ, You Have the Right to Remain Fat.

– ബോബി ജോസ് കട്ടികാട്

 

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment